താൾ:ഉമാകേരളം.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹാ! വിരോധമൊടു ദേഹി മേനി വി-
ട്ടാവിരാമയമകന്നു പോയിതോ?       99

ഹന്ത! വിഷ്ണുപദയോഗമെത്തുവാ-
നന്തരംഗമതിലാശ മുറ്റിയോ
അന്തരായമിയലാതെ ഭൂമിപൻ
തൻ തനുസ്ഥിതിയസുക്കൾ വിട്ടുപോയ്?       100

ആക്കുബുദ്ധി കലരുന്ന പോറ്റിമാർ
ചാക്കു നൽകി നൃവരന്നു നഞ്ഞിനാൽ
ലാക്കു വച്ചപടി പറ്റി,യാർക്കുമേ
നീക്കുവാനരുതു ദൈവകല്പിതം.       101

സോദരീദുഹിത്യഭാഗിനേയരാൽ
സാദരം നൃപതി ദുഷ്ടനെങ്കിലും
വേദവിത്തു ഹരിയെ സ്മരിക്കയാൽ
ഖേദമുറ്റുലകു വിട്ടു മൗനിയായ്       102

എട്ടു ഗേഹമെഴുവോരുമർദ്ധമോ-
ടെട്ടു യോഗമതിലുള്ള വിപ്രരും
പെട്ടു മൂത്തു ഹൃദി, മറ്റുപേർക്കകം
ചുട്ടു ഭൂപമൃതിവാർത്ത കേൾക്കവേ       103

എന്തുചെയ്‌വതിനിയെന്ന ചിന്തയാൽ
വെന്തുവെന്തുരുകുമുള്ളൊടേറ്റവും
ജന്തുവൃന്ദമിഴി തൂകു ബാഷ്പമാ-
വൻ തുഷാരഗിരി ഗംഗയെന്നപോൽ       104

കൈകൾ മാറു തലയെന്നിവറ്റില്വ-
ച്ചാകവേ തനുവിലശ്രു വാർത്തുടൻ
ഭീകരാർത്തനിനദം പുരന്ധ്രിമാർ
ശോകവിഹ്വലകളായ് മുഴക്കിനാർ       105

"ഹാ! രസാഭിധവധൂഗളോല്ലസ-
ദ്ധാര! സാരസദലാക്ഷസേവക!
ഹാ! രസാധിപഗഭീര! ദുഷ്ടസം-
ഹാര സാംബസര! സൽഗുണാംബുധേ!"       106

ആർത്തനാദമിതുപോൽ വളർത്തി നീർ-
വാർത്തനല്പമലസേക്ഷണങ്ങളാൽ
മൂർത്തമായ പരിതാപമെന്നപോൽ
പ്പാർത്ത നാരികളുരുക്കി പാറയും (യുഗ്മകം)       107

ക്രൂരനാം വിധി ചതിച്ചു കൊന്നൊര-
ദ്ധീരനാം നിജ സഹോദരന്നുടൻ
സാരസാക്ഷിയുമമ്മറാണി സം-
സ്കാരമാം ക്രിയ നടത്തി വിപ്രരാൽ       108

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/58&oldid=172906" എന്ന താളിൽനിന്ന് ശേഖരിച്ചത്