കല്ലോടിപ്പോയ്, രണ്ടുവെട്ടിന്നു വെള്ളം
കില്ലോതാനില്ലിങ്ങു കാണുമാറായി 33
ഇപ്പോൾത്തുമ്പയ്ക്കാരു താരാട്ടുപാടാൻ
നില്പോൻ? നൂലിൽക്കോർത്ത പത്താക്കുരുക്കി-
വയ്പോളുണ്ടോ ഭൂഷ മറ്റൊന്നു തീർക്കാ-
തെപ്പോഴും മാൽ മദ്ധ്യവർത്തിക്കു സിദ്ധം 34
വെങ്ങാനൂരിൽപ്പിള്ളയപ്പോൾ കഥിച്ചാൻ
ചങ്ങാതിക്കുള്ളോരു സത്താം നിദേശം
ഇങ്ങാധാരം കൃത്യമേതിന്നുമോർത്താൽ
മങ്ങാതെന്നും ഭൂതമീശാജ്ഞകേൾപ്പു 35
ഊനം കൈവിട്ടേറെനാൾ വഞ്ചിരാജ്യ-
ശ്രീ നമ്മെത്താൻ വേൾക്കുവാൻ വന്നിരന്നും
മൗനം മെന്മേൽപ്പൂണ്ടു നാം വാഴ്വതെന്തേ?
ദീനത്രാണം ദൈവവും സമ്മതിക്കും 36
കേമന്മാർ തൻപൂർവരാഗന്മാരതിന്നെ-
ന്തീമന്നന്നീനാടു യോജിപ്പതില്ല
കാമം ജന്മം മാത്രമോർത്താദരിപ്പാൻ
നാമജ്ഞന്മാരല്ല; കൈയൂക്കുകാര്യം 37
ആരാൽക്കാർന്നോർതന്റെ ചൊൽകേട്ടു വസ്ത്രം
നേരായ്‌വാങ്ങിപ്പോകി,ലെന്താണു പോട്ടേ
ചേരാതുള്ളോൻ നായരായാലുപേക്ഷി-
പ്പോരാരോമൽത്തയ്യലാൾക്കെന്തു കുറ്റം? 38
നാമല്ലാതീ വഞ്ചിരാജ്യം ഭരിപ്പാ-
നീ മണ്ണിൽപ്പറ്റില്ല മറ്റാരുമിപ്പോൾ;
ക്ഷേമം കാഷ്ഠാമണ്ഡലത്തിന്നു നൽകാൻ
സാമർത്ഥ്യം ദിക്പാലകർക്കെന്നു സിദ്ധം 39
വേഗം ചെന്നാ വൃദ്ധനെക്കൊന്നു പൃത്ഥ്വീ-
ഭാഗം കാക്കാം; വാക്കുകൊണ്ടെന്തുകിട്ടും?
രാഗം കേട്ടാലാതുരന്നെന്തു ലാഭം?
രോഗം മാറാനൗഷധംതന്നെ വേണം 40
അപ്പോൾ ചൊന്നാനക്കുളത്തുർഗ്യഹേശൻ;
'കെല്പോലും നാം മന്നനെ ഖഡ്ഗമേന്തി
ഇപ്പോൾക്കൊന്നാൽ പന്തിയാവില്ല; സൂത്രം
വയ്പോളം നന്നല്ല നേരായ മാർഗ്ഗം 41
ആപത്തീ നാം മന്ത്രിമുഖ്യന്നു നൽകി-
ബ്ഭൂപശ്രേഷ്ഠന്നന്തവും ചേർത്തുവെന്നാൽ
തീപറ്റുംപോൽ കാട്ടിൽനി,ന്നറ്റമെന്യേ
കോപംപൊങ്ങും പൗരവർഗ്ഗത്തിൽനിന്നും 42
താൾ:ഉമാകേരളം.djvu/41
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല