കൊള്ളില്ലെന്നോ ദുഷ്ടരോർത്താശുഗത്തെ-
ത്തള്ളിക്ഷിപ്രം വാതിലൂക്കോടടച്ചു? 14
കീലാലത്തിൽ പ്രത്യഹം മുങ്ങിയാലും
വേലാതീതം പങ്കമാളും കൃപാണം
കാലാഹീന്ദ്രക്രൂരമശ്ശൗര്യവാന്മാർ
സ്ഥൂലാഹ്ലാദം കൈയിൽ മിന്നിച്ചിരുന്നു 15
കല്ലാം മാറിൽക്കല്ലനേകം ധരിച്ചാ
വല്ലായ്മക്കാർ യുദ്ധസന്നദ്ധരായി
പുല്ലായ്മന്നിൽ ജീവനെക്കണ്ടു മേന്മേ-
ലുല്ലാസംപൂണ്ടസ്സമാജത്തിൽ വാണു 16
ധീരന്മാർക്കന്നക്കഴയ്ക്കൂട്ടമാളും
വീരൻ നേതാവെത്തിയദ്ധ്യക്ഷനായി
ഘോരം കല്പാന്താബ്ദനിർഘോഷമിത്ഥം-
കാരം വാക്യം സ്നിഗ്ദ്ധഗംഭീരമോതി 17
"കേട്ടാലും ഞാൻ ചൊൽവ, താരെ ക്ഷണം നാം
കൂട്ടാക്കേണം? ദൈവവും സാരമില്ല;
നാട്ടാരെന്തും കാട്ടിനോക്കട്ടെ; കാട്ടിൻ
പാട്ടാളിക്കോ ജംബുകത്രാസമുള്ളൂ? 18
പൊയ്പോയല്ലോ ഹന്ത മെയ്ക്കും മതിക്കും
കെല്പോലും ദുർമ്മന്ത്രി; മറ്റെന്തുവേണം?
ഇപ്പോഴെന്തും നോക്കു കാട്ടാം; വിരിഞ്ചൻ
വായ്പോന്നായുസ്സെന്നമട്ടാരെതിർക്കും? 19
കാറോടൊക്കും ഘോരസൈന്യങ്ങൾ പത്തോ
നൂറോ കൂടിക്കൊൾകിലും പുല്ലുപോലെ
വീറോടെല്ലാം വെന്നിടും വീരനീയെൻ
വാറോലക്കീറിന്നു തീനായതില്ലേ? 20
രാമാസ്ത്രത്താൽ വാനിൽനിന്നാർത്തിപൂണ്ടോ-
രാ മാരീചൻ വാർദ്ധിമേൽ വീണപോലെ
ധീമാനാമെൻ കൗശലത്താലമാത്യൻ
ഭൂമാവെന്യേ പാണ്ടിപോയ്പ്പറ്റിയില്ലേ? 21
ചൊല്ലേറും മൽസൂത്രമേകം നിമിത്തം
കല്ലേറൊന്നാൽ മാങ്ങ രണ്ടെന്നപോലെ
കില്ലേശീടാതുർവരേശന്നു പൊയ്പോ-
യില്ലേ ഹർമ്മ്യോത്തംസവും മന്ത്രിമുത്തും? 22
പേർത്തമ്പമ്പോ! പാർത്ഥരെക്കാട്ടിലാക്കാ-
നോർത്തദ്യൂതം സൗബലൻ ചെയ്തപോലെ
മൂർത്തം ശൗര്യമ്പോലെഴും മന്ത്രിതന്നെ-
ദ്ധൂർത്തല്ലീ ഞാൻ കൗശലം ചെയ്തകറ്റി 23
താൾ:ഉമാകേരളം.djvu/39
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല