ബാധാലവം നീങ്ങിയൊഴിച്ചരച്ചുതേ
സാധാരണാന്യം മൃഗനാഭികർദ്ദമം 60
പഞ്ചാരവാണിക്കളികത്തിലിട്ടുതേ
വഞ്ചാരു കസ്തൂരിവിശേഷകം സഖീ,
അഞ്ചാം പിറത്തിങ്കളതേവരെ ഗ്രഹി-
ച്ചഞ്ചാതെ സൂക്ഷിച്ച തമിസ്രമെന്നപോൽ 61
കണ്ടിക്കരിങ്കാർകുഴലാളൊരാളിയെ-
ക്കൊണ്ടിച്ഛപോൽക്കണ്ണെഴുതിച്ചു കമ്രമായ്;
തൊണ്ടിപ്പുതുത്തേൻ, മുകൾ കീഴുമൊപ്പമായ്,
വണ്ടിണ്ട പൊൽത്താരിതളിൽപ്പെടുന്നപോൽ. 62
തങ്കക്കവിൾതട്ടു തുടയ്ക്കുമന്യയാം
മങ്കയ്ക്കതിൽത്തൻ വദനേന്ദു കാണവേ
തങ്കയ്യിളങ്കാറ്റിലുലഞ്ഞ തങ്കച-
ത്തിങ്കൽ പ്രവേശിക്കുകയായൊതുക്കുവാൻ. 63
ലോലാക്ഷിതൻ ചെഞ്ചൊടി വീടിതൻ രസം
മേലാർന്നു ശോണച്ഛവി പൂണ്ടു വീണ്ടുമേ,
ചേലാണ്ടിടും കോകനദച്ഛദം നറും-
ബാലാർക്കഭാസ്സേറ്റുദയത്തിലെന്നപോൽ. 64
താടങ്കഹാരാദി വിഭൂഷണങ്ങളാൽ
കോടക്കരിങ്കാർക്കുഴലാൾ വിളങ്ങിനാൾ,
ജാടയ്ക്കു കത്തും മണിദീപപങ് ക്തിയിൽ-
ക്കേടറ്റ വേളിക്കതിർമണ്ഡപോപമം. 65
കൈ, നാസ, മദ്ധ്യം, വിരൽ, കാൽ, ഗളം, ശ്രവ-
സ്സാനാരിയേഴംഗവു, മേന്തി മിന്നിനാൾ,
ആനാൾ നവാശ്മങ്ങളെ, യങ്കമേഴെഴും
ശ്രീനാടകം സദ്രസമൊൻപതും വിധം. 66
മാരന്റെ പൊൽചെപ്പെതിർകൊങ്കകൾക്കുമേ-
ലാരമ്യ വെൺപട്ടിണിറൗക്കി ചാർത്തിനാൾ,
ആരഗ്വധം പൂത്തൊരു കുന്നുകൾക്കുമേൽ-
പ്പാരം വിളങ്ങും ശരഭദ്രമെന്നപോൽ. 67
ആമങ്കമാർമൗലിയരയ്ക്കു കോമള-
ക്ഷൗമം ധരിച്ചങ്ങു വിളങ്ങി ഭംഗിയിൽ,
തൂമഞ്ഞു ചുറ്റും ഹിമവാനിലാളുവോ-
രാ മഞ്ജുദിവ്യൗഷധിയെന്നപോലവേ. 68
'ആ വശ്യവാക്കാം കവിതൻ വചസ്സിനും
ലാവണ്യമേറും വധുവിൻ വപുസ്സിനും
ദൈവം തുണയ്ക്കും കൃഷിഭൂവിനെന്നപോ-
ലാവശ്യമോ ദോഹദമമലംകൃതി?' 69
താൾ:ഉമാകേരളം.djvu/203
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല