താൾ:ഉമാകേരളം.djvu/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഈമട്ടെഴും മോടികളംബരത്തിലും
കാമം വളർത്തും കമനീയരാത്രിയിൽ
ഓമൽക്ഷിതീശാത്മജയുല്ലസിക്കുവോ-
രാ മന്ദിരത്തിൽ കഥയോതിടേണമോ?        51

കോലാഹലപ്പോരൊടു കോളുകോണ്ടതിൽ-
പ്പാലാഴി വായ്പ്പാർന്നതു പാടി വാഴ്ത്തുവാൻ
നാലാനനൻ നാവിവനായിരത്തിലും
മേലായ്ത്തരുന്നാളൊരുമട്ടിൽ നോക്കുവൻ.        52

ധാരാളമുത്സാഹവുമാളുമർത്ഥവും
ചേരാൻ കഴിഞ്ഞാലതിൽനിന്നെഴും ഫലം
നേരായ് ദൃഗാസേചനകത്വമാർന്നുകൊ-
ണ്ടാ രാവിലാ വാസ്തുവിലുല്ലസിച്ചുതേ.        53

കല്യാണശൈലസ്തനിയാകുമോമന-
ക്കല്യാണിയെത്തൽ കരകൗശലോചിതം
കല്യാഗ്രിമത്വം കലരുന്ന തോഴിമാർ
കല്യാണവേഷം ചമയിച്ചു കമ്രമായ്.        54

ബാലയ്ക്കെഴും വാർകുഴൽ ചിക്കുമാളിതൻ
ലോലങ്ങളാം പാണിനഖങ്ങളദ്ദിനം
നീലക്കൊടുംകാറിനുമേൽക്കളിച്ചിടും
നാലഞ്ചു വെള്ളിൽപ്പറവയ്ക്കു തുല്യമായ്.        55

പൊന്നോമനക്കാർകുഴൽ ചീകിയാളിമാർ
മുന്നോട്ടു ചാച്ചൻപൊടു കെട്ടിവച്ചുതേ,
ഒന്നോടെയാസ്യേന്ദുവിനെ ഗ്രസിച്ചിടാ-
മെന്നോർത്തു മേല്പെട്ട തമസ്സുപോലവേ.        56

ആളിവ്രജത്തിങ്കലൊരുത്തി തൽക്ഷണം
ചൂളിക്കുമേൽ പിച്ചകമാല ചുറ്റിനാൾ,
കാളിന്ദിതൻ നീരിനു സൈകതത്തെയു-
ല്ലാളിത്യയാം ശാരദവേലപോലവേ.        57

വേണിക്കുമേലന്യവയസ്യയപ്പൃഥു-
ശ്രോണിക്കു ചൂടിച്ച ചുവന്ന റോസകൾ
ചേണിൽ സ്മരൻതൻ തഴമേൽ പതിച്ചതാം
മാണിക്യരത്നപ്പടി ലാലസിച്ചുതേ.        58

ഓമന്മലർക്കൂന്തലഴിച്ചൊരാളിതൻ
കൈ മഗ്നമാകുന്നൊരു പാത്രവാരിയും
ആ മങ്ക കസ്തൂരിയരച്ചിടുന്നതാം
ശ്രീമത്വമേറും പനിനീരുമൊപ്പമായ്.        59

ആധാരമാധേയവിശേഷമോതവേ
ബോധാപ്തി വന്നസ്സഖിയാൾ ഹിമോദകം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/202&oldid=172855" എന്ന താളിൽനിന്ന് ശേഖരിച്ചത്