താൾ:ഉമാകേരളം.djvu/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിചിലദിനവാഗാരോല്പസൽകാന്തി സിന്ധു-
പരി പല പലമട്ടിൽ ക്രീഡചെയ്തിടുവാനായ്
പരിസരമണയുമ്പോൾ പന്ഥർ തന്നക്ഷി മീന-
പ്പരിഷ പലവഴിക്കും പാഞ്ഞു സഞ്ജാതഹർഷം.        31

തലയിളകുമനല്പം മേലുകീഴ്, മുൻപു പിൻപും,
വലമിടവു,മെവന്നും കണ്ഠപര്യന്ത,മെന്നാൽ
ശിലപടിയുടൽ നിൽക്കും ബാക്കി നിൽക്കും നിലയ്ക്കു
ന്നുലകിൽ നിലയജാലം പാരമേവം ലസിച്ചു.        32

പരിചിൽ നിഴലെടുപ്പോരങ്കണത്തിങ്കലോമൽ-
ക്കരികുഴലികൾ കാമം സഞ്ചരിക്കുന്ന നേരം
ഹരിവധുവിനെയാ സ്ത്രീപങ്ക്തി കാൽക്കീഴമർപ്പാ-
നരിമയൊടു തുടങ്ങും പോലെ തോന്നീടുമാർക്കും.        33

മണിയറയിൽ നടുക്കും നാലു കുഡ്യത്തിലും തൻ
കണിമലരണിമെയ് കണ്ടാതിമകാന്താശയത്തിൽ
ക്ഷണികനിലയിലുണ്ടാം സംഭ്രമം മഞ്ജുളശ്രീ-
ഭണിതിവഴി പതുക്കെക്കാന്തന്മാർ ഹന്ത ! തീർത്തു.       34

അളികളിളകിയോമൽത്താരണിത്തേൻ നുകർന്നും
കിളികൾ കളകളം പൂണ്ടങ്ങുമിങ്ങും പറന്നും
കുളിർ വിളയുമിളങ്കാറ്റുല്ലസിച്ചും മലർപ്പെൺ
കളികൾ തുടരുമോരോ വാടി വീടോടിണങ്ങി.        35

ധനമനവധി മേന്മേൽ വാച്ചു സന്തുഷ്ടി പാരം
ജനതയിൽ വിളയാടിത്തത്ര നിസ്തർക്കമെങ്ങും
വിനയൊരുവകയെന്യേ ഭൂപദണ്ഡാധികാരം
ദിനമനു നിജചാപം പോലെ വിശ്രാന്തിയേന്തി.       36

പൊരുൾ വരുവതു വയ്പാൻ വീടു പോരാതെയോരോ
പുരുഷരു,മവർ നൽകും ഭൂഷണം ഹന്ത ! ചാർത്താൻ
ഒരു ലവമുടലെങ്ങും കോണു കാണാതെ മേന്മേൽ-
ത്തരുണികളു,മനല്പം പൂണ്ടു ദാരിദ്ര്യദു:ഖം.        37

ഇവരുടെയൊളി കാണ്മാൻ കണ്ണുപോരാതെ മേന്മേ-
ലവരു,മവരെയെങ്ങും പുൽകുവാൻ കൈകളെന്യേ
ഇവരു,മിരുവരേയും വാഴ്ത്തുവാൻ ത്രാണിയെന്യേ
കവനകുശലരും കൈക്കൊണ്ടു ദാരിദ്യദു:ഖം        38

ധനികൾ പുരുഷന്മാരെല്ലാം നിർമ്മദന്മാ,രഭിഖ്യാ-
ഖനികൾ വനിതമാരോ സാധ്വിമാർ, തന്നിമിത്തം
അനിശമുലകിതപ്പോൾ റോസ നിഷ്കണ്ടകം, നൽ-
പ്പനിമതിയകളങ്കം, രണ്ടിനും തുല്യമായി.        39

ഇരുവിധമതുകാലത്തർത്ഥവത്തായ് ലസിച്ചു-
ള്ളൊരു വസുമതിയെക്കൈവിട്ടു പെട്ടെന്നനർത്ഥം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/191&oldid=172844" എന്ന താളിൽനിന്ന് ശേഖരിച്ചത്