താൾ:ഉമാകേരളം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഗുണങ്ങളേറെപ്പെടുവോനിൽ നന്ദിപൂ -
ണ്ടിണങ്ങമല്ലോ ജനമേതു കാലവും.        13

പഴിച്ചു ദുഷ്ടൻ ഹരിദശ്വനെജ്ജനം;
പൊഴിച്ചു ബാഷ്‌പം പ്രതിരോമകൂപകം;
മിഴിച്ചുനോക്കിത്തരുണീകുചങ്ങളിൽ-
ക്കഴിച്ചു കണ്ടീലൊരു ശൈത്യമെങ്ങുമേ.        14

പരം ഗവാക്ഷാദിസമീപമെത്തിയാ
നരവ്രജം ലങ്കയിൽ വാനരങ്ങൾപോൽ
നിരന്തരം മാരുതപോതമാശ്രയി-
ച്ചൊരൽപമാശ്വാസമിയന്നിരുന്നുതേ.        15

തരംഗിണീവാരി വിയൽ പ്രസൂനമായ്;
സരസ്സയസ്‌കാരകുടീരഭസ്ത്രയായ്;
വരണ്ടു കൂപം പരിതാപമേറ്റവും
തിരണ്ടിടും ചാതകകണ്‌ഠമെന്നപോൽ.        16

ഒരേതരത്തിൽപ്പനിനീരുമത്തറും
സരോഗനും നിർഗ്ഗദനും തനിക്കുമേൽ
വിരോധമില്ലാതെയണിഞ്ഞു; ഭാനുമൽ-
കരോൽകരത്തിൻ സമബുദ്ധി നോക്കുവിൻ.        17

ഒരാതപത്രത്തിനടിക്കു സൂരനി-
ദ്ധരാതലം വെന്നു നിറുത്തിടുന്നതായ്
നിരാമയം ചൊൽവതുപോലെ പാന്ഥർ തൻ
കരാഗ്രമോരോ കുടയേന്തി നിന്നുതേ.        18

നിദാനമീമട്ടു നിദാന്തതീവ്രമാം
നിദാഘകാലം പ്രചരിച്ചുകൊള്ളവേ
മുദാ രവിക്കെത്തുമപായമന്തിയിൽ
സദാരരായ് നോക്കി രസിച്ചു മാനുഷർ.       19

ഒടുക്കമെല്ലാം സുഖമാകുകിൽജ്ജനം
നടുക്കെഴുംമാൽ വകവയ്ക്കയില്ലപോൽ;
അടുക്കുവോരന്തി യുവാക്കളോർക്കവേ
കടുക്കുമുച്ചക്കതിർ ചെറ്റു ശീതമായ്.        20

വരോരുമാർ വല്ലഭരൊത്തു നിത്യവും
തിരോഹിതോഷ്ണദ്യുതിയായ വേളയിൽ
പ്രരോഹദാഹ്ലാദരസം നടത്തിനാർ
സരോജലക്രീഡനസന്മഹോത്സവം.        21

നിസ്സർഗ്ഗരമ്യാകൃതികൾക്കലംകൃതി-
പ്രസംഗമാവശ്യകമല്ലയെന്നതിൽ
അസംശയം നീറ്റിലിറങ്ങി നിന്നൊരാ
വിസപ്രസൂനാക്ഷികൾ താൻ നിദർശനം.        22

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/15&oldid=203146" എന്ന താളിൽനിന്ന് ശേഖരിച്ചത്