Jump to content

താൾ:ഉമാകേരളം.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്പാർന്നൊരവളൊടു താനമാത്യനാകും
'തമ്പാ'നെന്നരുളി മഹീശ്വരിക്കുമുന്നിൽ
വമ്പാളും വരഭടനെത്തി വൃത്തമന്നാ-
ളെമ്പാടും പുരുതരശോകമോടുണർത്തി.        102

ഭ്രാതാവിൻ സുതതന്റെയാഹരണവും
തൽ പ്രാണസർവസ്വമാം
ശ്രീതാവും സചിവന്റെയാഗമനവും
യോജിച്ചു കേട്ടിടവേ
ജാതതങ്കസുഖം ഭവിച്ച സതിയാൾ
തന്മാനസം വേനലോ
ടേതാനും മഴയൊത്തുചേർന്നൊരു നിദാ-
ഘാഹം കണക്കായിതേ.        103

പത്താം സർഗ്ഗം സമാപ്തം


പതിനൊന്നാം സർഗ്ഗം

ചേലഞ്ചും തൻ മരുകകളൊടും നാടു മാറ്റാർക്കു കീഴായ്
ബാലന്മാരും ബത! ദയിതനും ബാന്ധവന്മാരുമെന്യേ
മാലത്യന്തം മനസി മധുനേർവാണിയാം റാണി പൂണ്ടാൾ;
കാലക്കേടിൻ കടുതയിൽ നരൻ കാറ്റിലെപ്പഞ്ഞിതന്നെ.        1

വിശ്വസ്തത്വം പെടുമൊരു സഗർഭ്യാത്മജയ്ക്കാർന്ന താപം
വിശ്വസ്തത്വം തടവിന വിശാലാക്ഷി വീണ്ടും നിനയ്ക്കെ
അശ്വസ്ത്രീ തൽ പ്രഥമപൃഥുകാന്തട്ട്ഹിലാംപോലെ തീർന്നാൾ;
വിശ്വം നൂനം വിപദി നരകം; വിഘ്നമില്ലെങ്കിൽ നാകം.        2

ദൈവത്തിനും ദയ മനുജനും തീരെ വേരറ്റു പാതി-
ജ്ജീവൻ വേറായ് ഭൃശമബലയായ് ഭീരുവായേകയായി
ഹാ! വർത്തിച്ചും ഹരിണസദൃശാക്ഷിക്കു നൈരാശ്യമേതും
കൈവന്നീ, ലാക്കമനിമണിയും ക്ഷത്രഗോത്രോത്ഥയല്ലേ?        3

പാരാവാരപ്പടി പെരുകിടും പീഡയിൽപ്പെട്ടിരിക്കെ-
സ്സാരാധിക്യക്കളരി സചിവൻതന്റെ സാന്നിദ്ധ്യമന്നാൾ
ആ രാജസ്ത്രീക്കലിവൊടരികിൽച്ചെന്നു ബന്ദിക്കു ദൈവം
കാരാഗാരക്കതകുകൾ തുറന്നിട്ടിടും മട്ടു തോന്നി.        4

പാരം ശുദ്ധപ്രകൃതിയൊടു നൽപ്രത്യയം ചേർന്നൊരർത്ഥ-
ശ്രീ രഞ്ജിക്കും പെരിയ പദമാർന്നുള്ളൊരാ നല്ല രാജ്ഞി
സാരൻ മന്ത്രീശ്വരനൊടൊരുനാൾ സൽക്രിയാപൂർവമിത്ഥം-
കാരം ചൊന്നാൾ കരളലിവിയറ്റുന്ന സന്ദേശവാക്യം;        5

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/115&oldid=172760" എന്ന താളിൽനിന്ന് ശേഖരിച്ചത്