താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തെല്ലിട ഞങ്ങളറിയാതെ കണ്മുന-
ത്തെല്ലുകളന്യോന്യം കൂട്ടിമുട്ടും;
അമ്മുഖത്തല്പനിമിഷത്തിലായിരം
ചെമ്പനീർത്താരുകളങ്കുരിക്കും;
അന്തമറ്റുള്ളതാം ചിത്തത്തുടിപ്പാൽ ഞാ-
'നെന്തിനു' വന്ന തെന്നാരായുമ്പോൾ
'ഒന്നുമില്ലെ' ന്നുള്ളൊരുത്തരാലോമലാൾ
വന്നവഴിക്കു തിരിച്ചുപോകും;
'ഒന്നുമില്ലെ' ന്നുള്ള വാക്കിന്റെയർത്ഥങ്ങ-
ളൊന്നുരണ്ടല്ലെന്നന്നോർത്തില്ല ഞാൻ!
ഓർപ്പു ഞാനോമലാളന്ത്യമായ് ദൻ ദീർഘ-
വീർപ്പു വലിക്കുമാ രോഗതല്പം!
കാലചക്രത്തിൽ കുടുങ്ങി വിദൂരത്തിൽ
താതനായ്ജ്ജവീതം പോക്കിടും ഞാൻ.
രോഗിണിയായിക്കിടന്നിടുമദ്ദിവ്യ-
രാഗിണിതന്മുന്നിൽ ചെന്ന നേരം
പാരം വിളറി മയങ്ങും വദനമാം
പാർവണചന്ദ്രൻതൻ പാർശ്വഭാഗേ
ശാന്തിതൻ പൊൻകതിർ വീശിപ്പുലരുമ-
സ്സാന്ധ്യതാരാഭമാം ലോചനങ്ങൾ
ഒന്നു തരളിതമായെന്നെ നോക്കിക്കൊ-
ണ്ടന്നു ചൊരിഞ്ഞതാം കണ്ണുനീരിൽ
വ്യക്തമാണോർക്കേണ്ടതൊക്കെയും, നില്ക്കാതെൻ
ചിത്തമേ, നീയെന്നും പാടിക്കൊൾക!.....