ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹൃദയസ്മിതം
കാളമേഘാളികൾ കാലപ്പകർച്ചയാൽ
നീലാംബരത്തിൽ നിരന്നെന്നാലും
വാർമഴവില്ലൊളി സ്വപ്നംകണ്ടംബരം
തൂമിന്നൽക്കോൾമയിർക്കൊണ്ടിടുന്നൂ!
കൂരിരുൾക്കൂട്ടങ്ങൾ കൂത്തടിച്ചെമ്പാടും
പാരം ഭയാനകമാക്കിയാലും
താരകഹീരങ്ങൾ നിശ്ശബ്ദസംഗീത-
ധാരയൊഴുക്കിച്ചിരിച്ചിടുന്നൂ!
വേനലിൻ കാഠിന്യാൽ സന്തപ്തരായാലും
കാനനച്ചോലകൾ പുഞ്ചിരിയാൽ
ആത്മസംഗീതം പൊഴിച്ചുകൊണ്ടെപ്പോഴു-
മാത്മനാഥാന്തികം തേടിടുന്നൂ!
ഏകാന്തജിവിയാ,യേറ്റം ചവർപ്പേറും
മാകന്ദപല്ലവമാസ്വദിച്ചും
പൂങ്കുയിലാനന്ദമഗ്നനായെപ്പോഴും
തേങ്കുളിർസംഗീതം പെയ്തിടുന്നൂ!
മോഹനമാകുന്ന ദീപകലികയിൽ
സ്നേഹപ്രവാഹം നശിച്ചെന്നാലും
അസ്തമിച്ചീടാൻ തുടങ്ങുന്ന നേരത്തും
നിസ്തുലകാന്തി ചൊരിഞ്ഞിടുന്നു!
അല്ലലിന്നന്ത്യത്തിലാനന്ദമാണെന്ന-
തല്ലാതെയെന്തിവയ്ക്കാന്തരാർത്ഥം?
സത്യമതിങ്ങനെയാണെങ്കിലെന്നുടെ
ദഗ്ധഹൃദയമേ! നീ ചിരിക്കൂ!....