ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദൃശ്യബാഷ്പം
കാന്താരമധ്യം പലവിധത്തിൽ
കാന്താഭം, ലോകത്തിനന്ധകാരം!
എന്മനം പ്രേമസമ്പൂർണ്ണം, ഞാനൊ-
രുന്മാദി ലോകത്തിനെന്തു ചെയ്യും?
കാമുകൻ, കാമുകൻ രാഗമൂകൻ
കാണുന്നവർക്കൊക്കെ വാവദൂകൻ
താരുണ്യം, താരുണ്യമയ്യോ കഷ്ടം!
കാരുണ്യം കാണുകിൽ കല്ലെറിയും!
ബാല്യത്തിൻ മഞ്ഞുകണികയെ ഞാൻ
കാല്യത്തിൻകൈയിൽ പണയമാക്കി,
എന്തിനിക്കൈതവഹേതുവാകും
ബന്ധുരരത്നം കരസ്ഥമാക്കി?
മൊട്ടിട്ട വല്ലരിയെന്തിനാവോ
പൊട്ടിച്ചിരിച്ചു പുലരിതന്നിൽ?
കാണുന്നവർക്കു ഹസിക്കാൻ മാത്രം;
കാണാത്ത കണ്ണീർ ചൊരിയാൻമാത്രം!