താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സമ്പൂർണ്ണരൂപം നുകരുവാനായ്
എങ്ങും തിരിഞ്ഞു തളർന്നൊടുവിൽ
തിങ്ങും നിരാശയ്ക്കടിമയായി
അന്ധകാരത്തിന്നടിയിലെങ്ങാ-
നെൻ തപ്തചിത്തമുറങ്ങിടുമ്പോൾ
വ്യക്തമല്ലാതൊരു രൂപമായെൻ
നിദ്രയുമായി നീ സല്ലപിക്കും!
ഞെട്ടിയുണർന്നതിതുഷ്ടനായ് കൈ-
വിട്ടതാമെന്തോ പിടിച്ചെടുപ്പാൻ
കൂരിരുളായി ഞാൻ കൂട്ടിമുട്ടും
താരങ്ങൾ നോക്കിപ്പരിഹസിക്കും!

കോരിത്തരിക്കുമെൻ മേനിയേതോ
കോമളകാന്തിക്കടലിൽ മുങ്ങും;
വൃന്ദാരാരാമസൗരഭമാ
മന്ദാനിലനിലലിഞ്ഞൊഴുകും
പാതിയും പാടിയ ഗാനമൊന്നാ-
പ്പാതിരാപ്പക്ഷിയുമേറ്റുപാടും
തമ്മിലന്യോന്യമറിഞ്ഞിടാതീ
നർമ്മസല്ലാപം കൊണ്ടെന്തു കാര്യം?....