താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുബന്ധം 2

ഇടപ്പള്ളിരാഘവൻ പിള്ള തൂങ്ങിമരിച്ചു

ഒരു യുവകവിയുടെ അവസാനം

കൊല്ലം
മിഥുനം 22

'തുഷാരഹാരം' 'ഹൃദയസ്മിതം' മുതലായ പല നല്ല കവിതാഗ്രന്ഥങ്ങളുടെ കർത്താവും ഒരു യുവകവിയെന്നു പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളയാളുമായ മി. ഇടപ്പള്ളി രാഘവൻപിള്ള, സ്ഥലം ഗൗഡസാരസ്വത ബ്രാഹ്മണക്ഷേത്രത്തിനു സമീപമുള്ള വക്കീൽ മി.വൈക്കം വി.എൻ. നാരായണപിള്ള ബി.എ. ബി.എൽ.-ന്റെ വസതിയിലുള്ള വക്കീലാഫീസ്സിൽ തൂങ്ങിച്ചത്തുനിൽക്കുന്നതായി ഇന്നു രാവിലെ കാണപ്പെട്ടിരിക്കുന്നു. മി. രാഘവൻപിള്ള മി.നാരായണപിള്ളയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കുകയായിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായിട്ടുള്ള മി. രാഘവൻപിള്ള കഴിഞ്ഞ പ്രാവശ്യം നടന്ന വിദ്വാൻ പരീക്ഷയ്ക്കു ചേർന്നിരുന്നതായും അതിൽ തോൽവി ഭവിച്ചതായുമറിയുന്നു. പരേതൻ മരിക്കുന്നതിനു മുമ്പായി ഒരു ഒടുക്കത്തെ കത്ത് എഴുതിവെച്ചിരുന്നതായും തന്റെ ആശകളൊന്നും സാധ്യമാകാതിരിക്കുന്നതുനിമിത്തം താൻ ജീവിതം അവസാനിപ്പിക്കുന്നുവെന്നും, ഇതിൽ മറ്റാരും കുറ്റക്കാരനല്ലെന്നും, അതിൽ എഴുതിയിട്ടുള്ളതായും കേൾക്കുന്നു. പ്രേതത്തിന്റെ കാലുകളുടെ തള്ളവിരലുകൾ തറയിൽ തൊട്ടിരുന്നുവത്രേ. പരേതന്റെ കഴുത്തിൽ ഒരു പൂമാലയുമണിഞ്ഞിരുന്നു. 'പ്രണയനൈരാശ്യ'മായിരിക്കണം മരണഹേതുവെന്നനുമാനിക്കപ്പെടുന്നു.

'To my friends and foes' എന്നായിരുന്നുവത്രെ ഒടുക്കത്തെ കത്തിൽ മേൽവിലാസം കുറിച്ചിരുന്നതു്. മരണത്തെപ്പറ്റിയും മറ്റും പ്രസ്താവിക്കുന്ന ഏതാനും ഇംഗ്ലീഷ് പുസ്തകങ്ങളും സമീപത്തു വെച്ചിട്ടുണ്ടായിരുന്നു. പോലീസുകാർ എത്തി മഹസ്സർ മുതലായവ തയ്യാറാക്കിയ ശേഷം പ്രേതം പോസ്റ്റുമാർട്ടത്തിനയച്ചിരിക്കുന്നു.

1936 ജൂലായ് 6
(പത്രവാർത്ത)