താൾ:അരുണോദയം.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടെയുഷസി നിത്യം മജ്ജനംചെയ്തിടുന്നോ- രണികഴൽമണിമാർതന്നംഗസംഗം നിമിത്തം കലിതരുചി കളിന്ദപ്പൈതലേന്തുന്ന വെള്ളം സുരഭിമൃഗമദപ്പൂന്തൈലമായ് മാറിടുന്നു.

അവിടെ നൃപയശസ്സാം രാജതക്കോട്ട മാറ്റാ- രുടെ ചുടുമിഴിനീരാം വൻകിടങ്ങൊത്തു ചുറ്റും വിലസുമളവിൽ, വേറേ സാലഖേയങ്ങൾ വായ്ക്കു- ന്നവ, വെറുമഴകിന്നായപ്പുരത്തിന്നു തീർന്നു.

പുതിയൊരു പുകൾവായ്പാൽ പൂർവികോർവീശരെക്കാ- ളുലകു ധവളമാക്കി 'ശ്ശന്തനു' ക്ഷ്മാമണാളൻ അലകടലണികാഞ്ചിത്തയ്യലെപ്പുൽകിനാൻ തൽ- കുലപതി മുഴുചന്ദ്രൻ ശാരദജ്യൗത്സ്നിയെപ്പോൽ.

പ്രതിഭടപടിക്കും ശന്തനുത്വം നിജാഖ്യ- പ്പടി കലരണമെന്നോർത്തുഴി കാക്കും യശസ്സാൽ നിജഹൃദയകളങ്കത്തിങ്കലും വെള്ള തേയ്ക്കും കലമണിയെ നിരീക്ഷിച്ചിന്ദു ധന്യത്വമാർന്നാൻ.

നിഖിലഭുവനജൈത്രം തൽപ്രതാപം ജ്വലിക്കു- ന്നളവു പകൽവിളക്കായ് ത്തീർന്നു നാണിച്ച സൂര്യ്യൻ ക്ഷിതിധവനു മഴക്കാർവേണിയാം പൈതലാളെ- ക്കഴലിണമലരിങ്കൽ കാഴ്ചവച്ചെന്നു തോന്നും.

സഖി യമുന, നൃപൻതന്നംഗസംഗം ദിനംപൂ- ണ്ടിടുവതറികകൊണ്ടാട്ടീർഷ്യയുള്ളത്തിൽ വാച്ചോ സുകൃതിസുലഭയാകും ഗംഗ, വെളിപ്പുതപ്പു- ഞ്ചിരിയിലകമിളക്കിത്തദ്വധൂരത്നമായാൾ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/50&oldid=210884" എന്ന താളിൽനിന്ന് ശേഖരിച്ചത്