താൾ:അരുണോദയം.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"സാരങ്ഗശാബമിഴി ! നിൻ ചൊടി,യെൻരസജ്ഞ- യീരണ്ടിനും നടുവിൽ വീണൊരു ദർപ്പണത്തെ പാരം വെളിപ്പൊളിയുമുള്ളിനു കട്ടിയും നിൻ- ചാരത്തുനിന്നു വശമാക്കിയപോലെ കണ്ടൻ,

ചേണാർന്ന നിൻറെ പുതുമെയ്യൊളികണ്ടിടുമ്പോ- ളേണാക്ഷിമാർ തരുണരാവതിനായ് കൊതിക്കെ ആണാകുവോർ പൊറുതികെട്ടു നപുംസകത്വ- മാണാഗ്രഹിപ്പതലരമ്പനെഴുന്ന വമ്പേ !

പാരായതിൽപ്പരമദുർല്ലഭമാം പദാർത്ഥ- മാരാൽ തനിച്ചനുഭവിച്ചൊരഘംനിമിത്തം കാരാഗൃഹാന്ധതമസത്തിൽ വസിച്ചിടുന്നു പേരാർന്ന നിൻ പ്രിയ,നതിന്നിവനെന്തു വേണം?

ആ വങ്കനുള്ള കഥ തീർക്കുകിലെന്തു ലാഭം? നീ വൻപുവിട്ടുടനുടന്തടിയേറിയാലും ഈ വന്ന മാലിവനണച്ചൊരനംഗനായ പൂവമ്പനെപ്പിടികിടയ്ക്കുകയില്ലയല്ലോ !

സത്യത്തിലർത്ഥമിയലാപ്പദമായ പാതി- വ്രത്യം നിനക്കൊരൊളിപൂണ്ട യുവാവിനെക്കാൾ രത്യർത്ഥമൊത്തിടുകിലൊത്തുവരട്ടെ; നിൻറെ- യത്യന്തമുഗ്ദ്ധതയിലത്ഭുതമാർന്നിടുന്നേൻ.

മക്കത്തുപോകുമൊരു 'ഹാജി'യെയും മയക്കും മൈക്കണ്ണി ! യിത്തരുണപാർത്ഥിവരത്നഹാരി അക്കണ്ണടിയ്ക്കടിമയായതിലെന്തുചിത്രം? ചക്കപ്പഴക്കൊതിയെ വിട്ടിടുമീച്ചയുണ്ടാ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/41&oldid=210867" എന്ന താളിൽനിന്ന് ശേഖരിച്ചത്