താൾ:അമൃതവീചി.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തരുണിതൻ നെടുവീർപ്പിലാ മധുരസംഗീതത്തിൻ
ചെറുതുള്ളികളോരോന്നായലിഞ്ഞുചേർന്നു.
പുകഞ്ഞുകൊണ്ടിരിക്കും തൻ ചിത്തഭാരമക്ഷമയായ്
തകർക്കാനെന്നപോലവളുടനെണീറ്റാൾ
ഒച്ചകേട്ടവൻ തിരിഞ്ഞാനവയുടെ ജീവിതത്തിൻ
സ്വച്ഛമാകും വെളിച്ചത്തിൽ തെളിഞ്ഞുകണ്ടാൻ.
മരുത്തേറ്റേറ്റുലഞ്ഞിടുമാവരണത്തിന്നടിയിൽ
സ്ഫുരിച്ചിതാമവളുടെ പാദപാണികൾ.
മുന്നിലേക്കു നീട്ടിയതാമവളുടെ മനോജ്ഞമാം
പൊന്നുകൈത്തണ്ടുകളിലായ് കണ്ടാൻ നഗ്നമായ് !
നിശയുടെ നിശ്വാസത്തിൽ പാറിക്കളിച്ചിതു പാരം
സുശോഭനയാമവൾതൻ സുഗന്ധികേശം.
കതിർചിന്നുമവളുടെ കമനീയനയനങ്ങൾ
മതിയിങ്കലെഴും താപം വെളിപ്പെടുത്തി,
അവളുടെ തളിരൊക്കുമധരങ്ങളവയ്ക്കുള്ളോ-
രവശത വിറക്കൊണ്ടു വിളിച്ചുചൊല്ലി !
അതിരറ്റൊരനുരാഗസമൃദ്ധിയാലാ യുവാവിൻ
ദൃഢചിത്തം ദീനദീനമലിഞ്ഞുപോയി !
പാദയുഗ്മം വിറപൂണ്ടും പാരവശ്യഭാരത്തിനാൽ
ഖേദനിശ്വാസമടക്കാൻ ശ്രമിച്ചുകൊണ്ടും
വീർപ്പുമുട്ടിത്തുളുമ്പുമാ മാർത്തടത്തെത്തന്നിലേക്കു
ചേർപ്പതിന്നായവൻ നിജ കരങ്ങൾ നീട്ടി.
അല്പമവൾ പിന്നിലേക്കു വലിഞ്ഞനന്തരം തന്നി-
ലുൾപ്പൊങ്ങീടുമാനന്ദത്തിന്നടിമയായി,
ഒരുകൊച്ചു ദീനരോദനത്തോടുടൻ കരങ്ങളിൽ
തരുണനെപ്പൊതിഞ്ഞവളണച്ചു പുല്കി....
ഭാരമേറുമവനുടെ ലോചനയുഗങ്ങളപ്പോൾ
കൂരിരുളാമവാരണം മറച്ചിരുന്നു.
അതിസുഖമയമാമക്കിനാവിനെപ്പൊതിഞ്ഞെടു-
ത്തഖിലവും വിഴുങ്ങിനാൾ നിശീഥിനിയാൾ!
പ്രതിബന്ധമിടയ്ക്കു സംഭവിച്ചുള്ളോരിരുളൊഴു-
ക്കതിവേഗമലർച്ചാർത്തു പിന്മടങ്ങുംപോൽ,
അവനുടെ പൊള്ളയാകും തലയോട്ടിൽ തിരിച്ചുവ-
ന്നലയേറ്റി സ്വപ്നഭാരം ഹതയാം നിദ്ര.
വികാരാവേശിതചിത്തനവൻ ഞെട്ടിയുണർന്നു, ഹാ!
പകൽ പാതിക്കൺതുറന്നു മിഴിച്ചുനില്പൂ!
കിഴക്കുഷസ്സിൻ തണുത്ത വെളിച്ചവും പടിഞ്ഞാറു
മുഴുതിങ്കളിൻ മങ്ങലും, തെളിഞ്ഞു കാണ്മൂ!
ശൂന്യവനവീഥി മലഞ്ചെരുവിവ ചെറ്റുപോലു-
മനങ്ങാതെ പരന്നെങ്ങും കിടന്നിടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/24&oldid=216692" എന്ന താളിൽനിന്ന് ശേഖരിച്ചത്