Jump to content

താൾ:അമൃതവീചി.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പറവകൾ പരിതോഷാൽ പറന്നുപാടിടും പല
തരുനിര വിരിച്ചിടും തണൽപ്പരപ്പും!
നിറഞ്ഞിടുമവിടത്തിൽ പരുത്ത പാറപ്പിളർപ്പിൽ
തിരതല്ലത്തിരളൊളിപ്പളുങ്കു ചിന്നി!
അലസമായൊഴുകുമൊരരുവിതൻ കരതന്നിൽ
തലചാച്ചാൻ തളർച്ച വാച്ചൊരത്തരുണൻ.
ഒരു കിനാവവനുടെ കവിൾത്തടമിതുവരെ-
ക്കൊരിക്കലും വിവർണ്ണമായ് മാറിടാത്തതാം
ഒരു കിനാവവനുടെ സുഖസുഷുപ്തിയിൽ മന്ദം
വരികയായ് അതിലെങ്ങും വെളിച്ചം ചിന്നി.
സ്വപ്നം കണ്ടാനവനൊടു മുഖപടം ധരിച്ചതാ
സുപ്രഭാവതിയാകുമൊരംഗനാരത്നം!
അവനുടെ അരികിൽ വന്നിരുന്നു മന്ദസ്മിതത്തി-
ലവനോടു ചിലതെല്ലാം മന്ത്രിപ്പതായി!
ചിന്തയുടെ ശാന്തതയിൽ കേൾക്കപ്പെടുമവനുടെ
സ്വന്താത്മാവിൻ സ്വരംപോലാണവൾതൻ ശബ്ദം.
കുളുർപൂഞ്ചോലകളുടെ മധുരമന്താരരവു-
മിളങ്കാറ്റിൽ കോമളമാം തെളിനാദവും
തമ്മിൽ തമ്മിലിടചേർത്താലെന്നതുപോലത്രമാത്രം
സമ്മോഹനം സുന്ദരിതൻ സൗമ്യസംഗീതം.
അതിൻ നാനാവർണ്ണാഞ്ചിതമാകും വലയ്ക്കുള്ളിൽപ്പെട്ടാൻ
മതിമാന്റെ മഹനീയഹൃദയനാളം.
ജ്ഞാനം സത്യം നന്മ ദിവ്യസ്വാതന്ത്ര്യോൽകൃഷ്ടാഭിലാഷ-
മാ നതാംഗിക്കിവയത്രേ ജീവിതലക്ഷ്യം.
അവനേറ്റമിഷ്ടപ്പെടും ചിന്തകളാണവ-പിന്നെ-
ക്കവയിത്രികൂടിയാണക്കനകവല്ലി.
ഉടനവൾതൻ വിശുദ്ധഹൃദയത്തിൻ ദിവ്യദീപ്തി-
യുടലിങ്കലൊരു കാന്തിപ്രസരം വീശി.
അനന്തരമവളിൽനിന്നങ്കുരിച്ചാനടിക്കടി-
യനുകമ്പാർഹയാം പല ദീർഘനിശ്വാസം.
തേങ്ങിത്തേങ്ങിക്കരകയായ്ക്കളരിങ്കലെങ്ങും തിങ്ങി-
വിങ്ങിടുന്ന വികാരത്താൽ വിവശയായി
വിശേഷരീതിലേതോ വീണക്കമ്പികളിൽനിന്നും
സുശോഭനാസൽസംഗീതം വടിച്ചെടുക്കും
മൃദുലമാമവളുടെ നഗ്നകരതലയുഗ-
മതിങ്കൽ പിണഞ്ഞ ചെറുഞരമ്പുകളിൽ
പ്രവഹിക്കും വാചാലമാം ചുടുചോരപോലുമങ്ങൊ-
രവർണ്ണനീയമാം കഥ വെളിപ്പെടുത്തി.
അവളുടെ ഹൃദയത്തിൻതുടിപ്പുകൾ തിങ്ങിച്ചേർന്നി-
തവളുടെ സംഗീതത്തിൻ വിരാമങ്ങളിൽ.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/23&oldid=216684" എന്ന താളിൽനിന്ന് ശേഖരിച്ചത്