Jump to content

താൾ:അമൃതവീചി.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പിശാചിന്റെ ഭക്തൻ


രു നീ ഭയാനകേ, മാനവോൽക്കർഷത്തിന്റെ
ചോരയാലന്തർദ്ദാഹം കെടുത്തും പിശാചികേ?
ചിതറിക്കിടക്കുന്നു നിൻ ചുറ്റും ചിതൽമുറ്റും
ഹതജീവിതങ്ങൾതൻ ജീർണ്ണിച്ച കങ്കാളങ്ങൾ!
പൊള്ളിക്കും നിന്നായസമുഷ്ടികൾക്കുള്ളിൽ പെട്ടു
വിള്ളുന്നു ഞെരങ്ങിക്കൊണ്ടായിരം ഹൃദയങ്ങൾ
ശാന്തിതൻ പൂന്തോപ്പു, നീയൊറ്റമാത്രയിലാത്മ-
ക്ലാന്തിതൻ കൊടുംചുടുകാടാക്കി മാറ്റുന്നല്ലോ!
മർത്ത്യനെച്ചെന്നായാക്കി മർത്ത്യനെക്കൊല്ലിക്കുന്ന
മദ്യമാരണരക്തരക്ഷസ്സേ, മാറിപ്പോ നീ!....

ഒരുകാൽ മുന്നോട്ടൂന്നീവെയ്ക്കുവാൻപോലും വയ്യാ-
തിരുളിൽ തപ്പിത്തപ്പി വേച്ചുവേച്ചുന്മത്തനായ്
ദുർഗ്ഗന്ധം വമിച്ചീടും നുരയാ വായിൽക്കൂടി
നിർഗ്ഗളിച്ചോരോ പിച്ചു പുലമ്പിപ്പോയിപ്പോയി
ഹാ, കഷ്ടം, ബോധംകെട്ടു വീഴുന്നു വഴിവക്കി-
ലേകനപ്പിശാചിന്റെ മാറാത്തോരുപാസകൻ!
കീറിയ പഴന്തുണിത്തുമ്പിലുള്ളരിക്കിഴി-
നാരുവി,ട്ടരിയെല്ലാം ചിതറിപ്പോയീ മണ്ണിൽ!
ദാരിദ്ര്യം ചവച്ചിട്ട കരിമ്പിൻതുണ്ടേ, നീ, യീ
നാറിയ മദ്യക്കുണ്ടിലഭയം തേടുന്നല്ലോ!...

അടുപ്പിൽ തീപൂട്ടിയിട്ടില്ലെന്നു, കൊടുംവിശ-
പ്പടക്കാൻ കഴിയാതെ കൈകാലിട്ടടി,ച്ചതാ
നെഞ്ചിൻകൂടുന്തി,ച്ചൊറി പിടിച്ചു, വയറൊട്ടി-
യഞ്ചാറു പൈതങ്ങളുണ്ടാർത്തരായ് വിലപിപ്പൂ!
അപ്പൊട്ടക്കുടിലിന്റെ വാതില്ക്ക,ലനങ്ങാതൊ-
രസ്ഥിപഞ്ചരം നാരീരൂപത്തി,ലതാ നില്പൂ!
സമയം വൈകുന്തോറുമവൾതൻ ഹൃത്തിൽ, തപ്ത-
ഭ്രമണംചെയ്യുന്നുണ്ടൊരായിരമാശങ്കകൾ!
വേലയ്ക്കു പോയതാണു കുട്ടികളുടെയച്ഛൻ
കാലത്തു-വെറും 'ശുദ്ധോപാസ' മാണിന്നെല്ലാർക്കും!
വരണം ഗൃഹനാഥൻ വല്ലതും കൊ,ണ്ടെന്നാലേ
വരളും തൊണ്ടയൊന്നു നനയ്ക്കാൻ കഴിഞ്ഞീടു!
സാരമില്ലവളുടെ വിശപ്പു തലതല്ലും
സാധുക്കളഞ്ചാറിളംപൈതങ്ങളയ്യോ, പാവം!

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/13&oldid=216598" എന്ന താളിൽനിന്ന് ശേഖരിച്ചത്