Jump to content

ഞങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഞങ്ങൾ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 75 ]
ഞങ്ങൾമനുജരിനിയെന്തൊക്കെയോതിയെന്നാലുമെൻ—
'വനജ'യെ മറക്കുവാനാളല്ല ഞാൻ ദൃഢം.
ചലിതജലഭിംബിതമായ നേർ ശാഖിയിൽ
വളവധികമുണ്ടെന്നു തോന്നുന്നപോലവേ
കൂലടയവളെന്നുള്ള കാഹളമൂതുന്ന
കുടിലഹൃദയങ്ങളേ, നിങ്ങൾക്കു മംഗളം!
കദനപരിപൂർണമെൻ ജീവിതവീഥിയിൽ
കതിരൊളി വിരിക്കുമക്കമ്രദീപത്തിനെ
-വ്രണിത ഹൃദയത്തിന്റെ ദുർബലതന്തുവിൽ
പ്രണയസുധ പൂശുമെൻ പുണ്യത്തിടമ്പിനെ—
അരുതരുതു വിസ്മരിച്ചീടുവാൻ, ജീവിത—
മതിരുചിരമാക്കുന്നതൊന്നിസ്മരണതാൻ!
വിധിയൊടൊരുമട്ടൊക്കെ മല്ലടിച്ചീവിധം
വിജനതയിലേകനായ് ഞാനിരുന്നീടവേ,
മധുരഹസിതാർദ്രമാമാനം ചെല്ലു ചാ—
ച്ചമൃതരസമൂറിടും നർമ്മസംഭാഷണാൽ
കരളുരുകിയെത്തുമെൻ കണ്ണീർക്കണം തുട—
ച്ചവളരികിൽ നില്പതായ്തോന്നുന്നിതിപ്പൊഴും!
സതിമണികൾ കേവലം സങ്കല്പരൂപരെ—
ന്നതികഠിനമോതുന്ന നിർല്ലജ്ജലോകമേ,
ഒരു നിമമഷമെങ്കിലുമോമലിൻ സന്തപ്ത—
ഹൃദയപരിശുദ്ധിയെക്കണ്ടു തൃപ്തിപ്പെടിൻ!

[ 76 ]

കുലതരുണിമാരണിമാണിക്യമാമവ
ളലമിവനെയോർത്തു കരകയാണിപ്പോഴും!
ഹൃദയയുഗളത്തിന്റെ സംഘട്ടനത്തിനാ-
ലുദിതമൊരു രാഗസ്ഫുലിഗമൊന്നിത്രമേൽ
വളരൊളി പരത്തുമാ വെള്ളിനക്ഷത്രമായ്
വളരുവതു കേവലം കേഴുവാൻ മാത്രമോ?
പിഴുതുകളയുന്നതിന്നാകാത്തൊരുപ്രേമ-
ലതികയുടെ പത്രങ്ങൾ - പൊയ്‌പോയ നാളുകൾ
മരവിയുടെ പിന്നിൽനിന്നെത്തിയെന്നോർമ്മയിൽ
മധുതരചിത്രശതങ്ങൽ വരയ്ക്കയാം!

കനകമഴപൊഴിയുമൊരു കാല്യസൂര്യോജ്ജ്വലൽ-
ക്കിരണപരിരംഭണാലുൾപ്പുളകാംഗിയായ്
കുളി പതിവുപോൽക്കഴിഞ്ഞീറനുടുത്തു തൻ-
പുരികുഴലൊരശ്രദ്ധമട്ടിൽത്തിരുകിയും
ഇടതുകരവല്ലൊയിൽ നാനാകുസുമങ്ങ-
ളിടകലരുമക്കൊച്ചു പൂത്തട്ടമേന്തിയും,
അപരകരമാമന്ദമാട്ടി, യറിഞ്ഞിടാ-
തുടുപുടവതൻ തുമ്പിടയ്ക്കിടെത്തട്ടിയും
അലയിളകി നാണംകുണുങ്ങിച്ചിരിചൊരി-
ഞ്ഞൊഴുകുമൊരു കാനനപ്പൂഞ്ചോലപോലവേ
'വനജ'വരവെണിയാളമ്പത്തിങ്കലേ-
യ്ക്കനുജനോടുകൂടിത്തൊഴാൻ മിക്കുന്നതും;
വഴിയരികിലെന്തിനോ വന്നുനിന്നീടുമെൻ-
മിഴിയിണകളാനന്ദസമ്പൂർണ്ണമാവതും;
അരുകിരണാളികളുമ്മവെച്ചിടുന്നൊ-
രരിയമൃദുചെമ്പനീർപ്പൂവുപോലാമലിൻ
തുടുതുടെ ലസിക്കുന്ന പൊങ്കവിൾക്കുമ്പിങ്ക-
ലൊരു ഞൊടിയിലായിരം ഭാവം തെളിവതും;
തളിരധരപാളിയിൽ തത്തിക്കളിക്കളിക്കുന്ന
ലളിതഹസിതങ്ങളാം കൊച്ചുപൂമ്പാറ്റകൾ
മമ ഹൃദയമിക്കിളിയേറ്റുമാറങ്ങൊരു

[ 77 ]

മഹിതതര മാരിവിൽ വീശി മറവതം;
കളിവനചമോരോന്നുരച്ചെന്റെ കൂട്ടുകാ-
രൊളിശരമയപ്പതും പൊട്ടിച്ചിരിപ്പതും;
തളിർനിരകളിളകുമൊരു വാരുണീവാടിയിൽ
തരളതര താരകത്താരു വിരിയവേ,
പരിമളമിണങ്ങുന്ന തെന്നലെല്ലാടവും
പരമിളകിയെത്തുന്ന പൊന്നന്തിവേളയിൽ
അമലതര ഭക്തിസംവർദ്ധനസംകീർത്തന-
ത്തിരയിളകുമോമൽതന്നാലയപ്രാന്തവും
ഒരു കനകദീപവു,മായതിൻ ചൂഴവും
ശിവ, ശിവ ജപിച്ചീരുന്നീടും ശിശുക്കളും
അധരപുടമല്പമടച്ചും വിടുർത്തിയു-
മലസഗമനംചെയ്യുമെന്നാത്മനാഥനായും
കളനിനദധാരയാലോമൽപ്പെതങ്ങൾക്കു
ചില പിഴയ്ക്കിടക്കു തിരുത്തിക്കൊടുപ്പതും
അവളുടെയൊരേട്ടനൊത്തങ്ങേപ്പുറത്തു ഞാ-
നകതളിർ കുളിർത്തുകൊണ്ടോരോന്നുരപ്പതും
തരുണിമണി നാമം നിറുത്താതെ ഗൂഢമായ്
തല പകുതി ചാച്ചുകൊണ്ടെത്തിനോക്കുന്നതും
ഇരുളിലിരുഹൃദയമൊരു ഞൊടിയിടയിലൊന്നിച്ചൊ-
രാനന്ദസൗധം രചിച്ചു തകർപ്പതും
വ്യതിചലനമല്പവുമേശാതെ കാണ്മൂ ഞാൻ
മതി,മതി,നിറുത്തട്ടെയെന്നാത്മരോദനം!......

"https://ml.wikisource.org/w/index.php?title=ഞങ്ങൾ&oldid=62768" എന്ന താളിൽനിന്ന് ശേഖരിച്ചത്