Jump to content

താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹിതതര മാരിവിൽ വീശി മറവതം;
കളിവനചമോരോന്നുരച്ചെന്റെ കൂട്ടുകാ-
രൊളിശരമയപ്പതും പൊട്ടിച്ചിരിപ്പതും;
തളിർനിരകളിളകുമൊരു വാരുണീവാടിയിൽ
തരളതര താരകത്താരു വിരിയവേ,
പരിമളമിണങ്ങുന്ന തെന്നലെല്ലാടവും
പരമിളകിയെത്തുന്ന പൊന്നന്തിവേളയിൽ
അമലതര ഭക്തിസംവർദ്ധനസംകീർത്തന-
ത്തിരയിളകുമോമൽതന്നാലയപ്രാന്തവും
ഒരു കനകദീപവു,മായതിൻ ചൂഴവും
ശിവ, ശിവ ജപിച്ചീരുന്നീടും ശിശുക്കളും
അധരപുടമല്പമടച്ചും വിടുർത്തിയു-
മലസഗമനംചെയ്യുമെന്നാത്മനാഥനായും
കളനിനദധാരയാലോമൽപ്പെതങ്ങൾക്കു
ചില പിഴയ്ക്കിടക്കു തിരുത്തിക്കൊടുപ്പതും
അവളുടെയൊരേട്ടനൊത്തങ്ങേപ്പുറത്തു ഞാ-
നകതളിർ കുളിർത്തുകൊണ്ടോരോന്നുരപ്പതും
തരുണിമണി നാമം നിറുത്താതെ ഗൂഢമായ്
തല പകുതി ചാച്ചുകൊണ്ടെത്തിനോക്കുന്നതും
ഇരുളിലിരുഹൃദയമൊരു ഞൊടിയിടയിലൊന്നിച്ചൊ-
രാനന്ദസൗധം രചിച്ചു തകർപ്പതും
വ്യതിചലനമല്പവുമേശാതെ കാണ്മൂ ഞാൻ
മതി,മതി,നിറുത്തട്ടെയെന്നാത്മരോദനം!......