ജീവകാരുണ്യപഞ്ചകം
ദൃശ്യരൂപം
ജീവകാരുണ്യപഞ്ചകം രചന: (1914) |
തിരുക്കുറളിലെ ചില ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതി. |
എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും? 1
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോർക്കിലിതെ-
ന്നല്ലേ പറയേണ്ടതു ധാർമ്മികരേ? 2
കൊല്ലുന്നതു തങ്കൽ വരിൽ പ്രിയമാ-
മല്ലീ വിധിയാർക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധർമ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ? 3
കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതിൽനിന്നുമുരത്തൊരഘം. 4
കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു തുല്യനവൻ
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാ വക നന്മയുമാർന്നിടിലും. 5