Jump to content

ജാതിനിർണ്ണയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജാതിനിർണ്ണയം

രചന:ശ്രീനാരായണഗുരു (1914)

മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോƒപി ന.       1

ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാര
മൊരു ഭേദവുമില്ലതിൽ.       2

ഒരു ജാതിയിൽ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോ
ളൊരു ജാതിയിലുള്ളതാം.       3

നരജാതിയിൽ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുള്ള
തന്തരം നരജാതിയിൽ?       4

പറച്ചിയിൽ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച
മുനി കൈവർത്തകന്യയിൽ.       5

ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തി
ലല്ലേ ഭേദമിരുന്നിടൂ?       6

"https://ml.wikisource.org/w/index.php?title=ജാതിനിർണ്ണയം&oldid=51624" എന്ന താളിൽനിന്ന് ശേഖരിച്ചത്