വനമാല/ചെറിയവ
വനമാല (കവിതാസമാഹാരം) രചന: ചെറിയവ |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
1
ചെറുതുള്ളികൾ ചേർന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകൾതന്നെ ചേർന്നു നാം
മരുവും നൽപെഴുമൂഴിയായതും
2
ചെറുതാം നിമിഷങ്ങളും തഥാ
പറവാൻ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെ ഊക്കെഴും-
പുരുഷായുസ്സുകളൊക്കെയായതും.
3
ചെറുതെറ്റുകൾതന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും
4
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരിതന്നെ ഭൂമിയെ-
പ്പരമാനന്ദനിവാസമാക്കിടും
5
ചെറുതന്യനു നന്മചെയ്കകൊ-
ണ്ടൊരുചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
6
ചെറുതമ്പുകലർന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊൽവതും
പെരുകിബ്‌ഭുവി പുഷ്പവാടിയായ്
നരലോകം സുരലോകതുല്യമാം.