ഐതിഹ്യമാല/ചെമ്പകശ്ശേരിരാജാവ്
←പ്രസ്താവന | ഐതിഹ്യമാല രചന: ചെമ്പകശ്ശേരിരാജാവ് |
കോട്ടയത്തുരാജാവ്→ |
പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ)[1] ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കൽച്ചെന്ന് "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛംനിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാർക്കു കൊടുത്തിട്ട്" നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണ്. ഇന്നു മുതൽ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം" എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാൽ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതിൽ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമനമൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർരാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാൽ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നുതന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ'പുളിക്കൽ' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാൻ'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.
അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).
പുളിക്കൽച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർകൂടി ഇദ്ദേഹത്തിന്റെ ഊരാൺമസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർക്ഷേത്രത്തിന്റെ വടക്കെനടയിൽ മതിൽപുറത്ത് മതിലിനോടു ചേർന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കൽമഠത്തിൽ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നുഎങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിന് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതിൽക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂർക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂർ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതിൽ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാൻ' എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പലപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂർ മഠത്തിൽവെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ'വേലിയാംകോൽ' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണ്.
കുറിപ്പുകൾ
[തിരുത്തുക]1.^ ഇപ്പോൾ തിരുവിതാംകൂർ രാജ്യമില്ല. 1949-ൽ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനമുണ്ടായി. 1956-ൽ അതിന്റെ തെക്കൻ താലൂക്കുകളൊഴികെയുള്ള പ്രദേശങ്ങളും മദ്രാസിന്റെ ഭാഗമായിരുന്ന മലബാറും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളും ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.