ഗദ്യപ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗദ്യപ്രാർത്ഥന

രചന:ശ്രീനാരായണഗുരു

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നുതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിയിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാൻ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ! നീ എന്റെ സകല പാപങ്ങളെയും കവർന്നെടുത്തുകൊണ്ടു് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടു കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകണമേ!

"https://ml.wikisource.org/w/index.php?title=ഗദ്യപ്രാർത്ഥന&oldid=17656" എന്ന താളിൽനിന്ന് ശേഖരിച്ചത്