ഗണപതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗണപതി

രചന:വള്ളത്തോൾ നാരായണമേനോൻ (1920)


ശീതളാചലകുമാരിയെപ്പുരാ
ചൂതബാണരിപു വേട്ടു ശങ്കരൻ
ശ്വേതശൈലനിലയത്തിലംഗനോ-
പേതനായ് പ്രഭു മടങ്ങിയെത്തിനാൻ.        1

ബാലയാം പ്രിയയിൽ നാണമാം തിര-
ശ്ശീലകൊണ്ടു മറവാർന്ന കാമനെ
ലോലനായഥ വെളിപ്പെടുത്തുവാൻ
ലീലയാ തുനികയായ് മഹാനടൻ        2

നീരദാഭഗളനേകദാ, ഗുണോ-
ദാരയാമുമ കുളിച്ചിടുംവിധൗ,
ദ്വാരപാലനെയനാദരിച്ചു തൻ-
ദാരസത്മനി കടന്നുചെന്നിതേ.        3

മജ്ജനോചിതമനോജ്ഞവേഷയാ-
മജ്ജഗജ്ജനനി ഭർത്തൃദർശനാൽ,
സജ്ജമാർ സഖികൾ സംഭ്രമിക്കവേ
ലജ്ജപൂണ്ടു വിലയിച്ചു തങ്കലേ!        4

വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികൾക്കൊരുത്സവം.        5

ആ വിഭൂഷണവിയുക്തഗാത്രിയാം
ദേവി നിസ്തുലനിസർഗ്ഗകാന്തിയെ
തൂവിനിൽക്കുമഴകന്നു കണ്ടു ത-
ജ്ജീവിതേശനു കുളിർത്തു മാനസം        6

അക്കടംത്രപ പൊറാഞ്ഞു ചണ്ഡി ചെം-
തൃക്കടാക്ഷമുനയൊന്നുലച്ചുടൻ
തക്കപോല,സമയത്തഗാരമുൾ-
പ്പുക്ക ദേവനെ വെളിക്കിറക്കിനാൾ.        7

കുന്നിൽമാതഥ, മണാളനീ നില-
ക്കിന്നിമേലസമയത്തൊരിക്കലും
വന്നിടായ്‌വതിനു വേണ്ട കൃത്യമെ-
ന്തെന്നിതോർത്തു നിജതോഴിമാരുമായ്.        8

"അന്തകാരിയുടെ ഭൃത്യരൊക്കെയും
ഹന്ത നമ്മളുടെതന്നെയെങ്കിലും
സ്വന്തമായൊരുവനിങ്ങു വേണ,മ-
ത്യന്തനിഷ്ഠയൊടു വാതിൽ കാക്കുവാൻ."        9

പേർത്തിതാളികളുരയ്ക്കയാൽ, പ്രഭാ-
പൂർത്തിപൂണ്ടൊരു പുമാനെയക്ഷണം
തീർത്തിതങ്ങു തിരുമെയ്യഴുക്കിനാ-
ലാർത്തിനാശിനി ജഗത്സവിത്രിയാൾ.        10

പർവതോന്നതസുലക്ഷണാംഗകൻ,
പർവചന്ദ്രസുഭഗൻ, യുവാവവൻ
ദുർവഹാദ്ഭുതകുതൂഹലങ്ങളെ-
ശ്ശർവദാരസഖിമാർക്കു നൽകിനാൻ.        11

ദേവിതന്നെയണിയിച്ച പൊന്മണി-
ത്തൂവിഭൂഷണവരാംബരാദിയാൽ
ആ വിശിഷ്ടപുരുഷന്റെ മെയ്യിലെ-
ശ്രീവിലാസമൊരു നൂറിരട്ടിയായ്.        12

അമ്മഹാഭുജനെയങ്കസീമ്നി ചേർ-
ത്തമ്മ മൂർദ്ധനി മുകർന്നു മേൽക്കുമേൽ
സമ്മദോൽപുളകഗാത്രിയായ്പ്പുണർ-
ന്നുമ്മവെച്ചു ചിരമോമനിക്കയായ്.        13

കാരുണീമയി, മൃഡാനി പിന്നെയ-
പ്പുരുഷപ്രവരനോടിതോതിനാൾ:
"ചാരുരൂപ, മമ പുത്ര, നീയൊഴി-
ഞ്ഞാരുമില്ലിഹ മദാജ്ഞ കേൾക്കുവാൻ.        14

ധീരനായനിശമപ്രമത്തനായ്
ദ്വാരപാലനമിഹമാചരിക്ക മേ;
സ്വൈരമെന്റെയനുവാദമാർന്നിടാ-
താ,രടുക്കിലുമകത്തു കേറ്റൊലാ."        15

സാരമായ്ജ്ജനനി ചൊന്നതാനതാ-
കാരനായ് ശിരസി വെച്ച പുത്രനെ
ദ്വാരപാലനവിധിക്കു നിർത്തിനാൾ,
ചൂരലൊന്നഥ കൊടുത്തു പാർവതി.        16

കാരണാത്മിക കൊടുത്ത കാഞ്ചന-
ച്ചൂരൽമുദ്രയെ വഹിച്ചുകൊണ്ടവൻ
പാരമേശരമണീമണിഗൃഹ-
ദ്വാരസീമനി വിളങ്ങിനാൻ സദാ.        17

വന്നു തിങ്ങിയ കുതൂഹലേന,പി-
റ്റേന്നുമീശ്വരി കുളിക്കൊരുങ്ങവേ
ചെന്നു ധൂർജ്ജടി, തലേദ്ദിനം കുറ-
ഞ്ഞൊന്നു കണ്ട പുതുകാഴ്ച കാണുവാൻ.        18

വാരണാന്തകനകത്തു പൂകുവാൻ
പാരമുത്സുകതയോടടുക്കവേ,
ആരതെന്നു ധരിയാതെ, നൂതന-
ദ്വാരപാലകനവൻ വിലക്കിനാൻ.        19

ആ വിലാസപരനാം മഹേശനൊ-
ട്ടാവിലാശയതപൂണ്ടു ചൊല്ലിനാ:
"നീ വിലക്കിടുവതാരെയാണെടോ?
ദേവിതൻപ്രിയതമൻ, പിനാകി ഞാൻ."        20

ഹാരവാക്യമിതു കേൾക്കുമാ പ്രതീ-
ഹാരവീരനപശങ്കമോതിനാൻ:
"നേരവും നിലയുമോർത്തിടാതുമാ-
ഗാരമെങ്ങനെയണഞ്ഞിടും ശിവൻ?        21

അമ്മ സമ്പ്രതി കുളിക്കയാണു: തൽ-
സമ്മതത്തെ ലഭിയാതൊരിക്കലും
ഇമ്മണിഗൃഹമണഞ്ഞിടാവത-
ല്ലമ്മേഹശ്വരനു,മെന്നു നിശ്ചയം.        22

നില്ലു,നില്ലു, നില വിട്ടിടായ്ക; ഞാൻ
ചൊല്ലുമുക്തി വകവെച്ചിടാതെ നീ
മല്ലു കാട്ടിയണയുന്നതാകി,ലെൻ-
തല്ലുകൊണ്ടു തല വിണ്ടുപോം ദൃഢം!"        23

ഗീരതത്ര ഗണിയാതുപാത്തധി-
ക്കാരനായ്‌ക്കയറുമാ വൃഷാങ്കനിൽ
സ്ഫാരരോഷ,മുമതാൻ കൊടുത്ത പൊൻ-
ചൂരലൊന്നഥ മയക്കിനാനവൻ.        24

പൊട്ടുമെല്ലണികൾ പൂണ്ട മാറിൽനി-
ന്നൊട്ടുതാഴെയടികൊണ്ട പാടുമായ്
മട്ടുമാറിയ മഹേശനാ സ്ഥലം
വിട്ടു പോന്നിതു വിചിത്രചേഷ്ടിതൻ.        25

ദൂരമെത്തി,യൊരിടത്തിരുന്നു, തൻ
ഭൈരവാകൃതികളാം ഗണങ്ങളെ
ഗൗരശൈലപതി ചൊല്ലിവിട്ടിതാ,
ദ്വാരപാലനെയകറ്റിനിർത്തുവാൻ.        26

പാരിലേവനിമധൃഷ്യരാകുമാ-
വാരിജായുധവിമാഥിപാർഷദർ
ഗൗരിതൻ തനുജനോടു, തൻഗൃഹ-
ദ്വാരി ചെന്നു ചിലതോതിനോക്കിനാർ.        27

ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ
നിന്നു, തൻനിലയിലംബികാസുതൻ;
ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ-
കുന്നുവില്ലനൊടുണർത്തിനാരുടൻ.        28

ഫാലനേത്രനരുളീ സരോഷ: "മ-
ബ്ബാലനെക്കിമപി നീക്കിനിർത്തുവാൻ
സ്ഥൂലദീർഗ്ഘഭുജർ നിങ്ങൾ ശക്തരാ-
യീലയെന്നിവിടെ വന്നു ചൊൽകയോ?        29

അങ്ങു നിങ്ങളൊരു കുഞ്ഞുനോടു തോ-
റ്റിങ്ങു പോന്നു നിലവായതത്ഭുതം;
തെങ്ങുപോലുയരുമീയുടൽക്കക-
ത്തെങ്ങുമെള്ളളവു നാണമില്ലയോ!"        30

ഈവകപ്രഭുവിനിന്ദനങ്ങൾ കേ-
ട്ടാവതോളമനുബദ്ധലജ്ജരായ്
ശൈവപാരിഷദർ ചെന്നു വീണ്ടുമാ-
ക്കാവലാളൊടു കയർത്തു ചൊല്ലിനാർ:        31

ആര,ഹമ്മതി മുഴുത്ത നീ?യിഹ
ദ്വാരപാലത ലഭിച്ചതെങ്ങനെ?
ദൂരവേ സപദി പോക നല്ലു; ദുർ-
വാരവീര്യര,റികീശപാർഷദർ.        32

ദേവദേവഗണമാണു നിയ്യുമെ-
ന്നേവമോർത്തു ദയചെയ്ത ഞങ്ങളെ
സാവഹേലമിഹ ധിക്കരിപ്പതോ,
ജീവനാശമണയുന്നതിന്നു നീ!        33

പെട്ടുപോമപകടത്തിലീ, സ്ഥലം
വിട്ടുപോവതിനു താമസിക്കിൽ നീ;
വെട്ടുപോത്തിനൊടു വേദമോതുമീ-
മട്ടു ഞങ്ങളിനി മാറ്റിവെയ്ക്കയായ്."        34

ധൃഷ്ടനത്തരുണനോതി:"യെന്തിനി-
പ്പിഷ്ടപേഷമിതിൽ? ഞാനൊരിക്കിലും,
വിഷ്ടപേശ്വരിയനുജ്ഞനൽകിടാ-
തഷ്ടമൂർത്തിയെയുമിങ്ങു കേറ്റിടാ.        35

അത്ര കാവലിനുതാൻ മൃഡാനിതൻ
പുത്രനായ്ജ്ജഗതി ജാതനായ ഞാൻ,
എത്ര ഭീഷണികൾ നിങ്ങൾ ചൊൽകിലും
വിത്രസിച്ചൊഴികയില്ല തെല്ലുമേ.        36

ക്രൂരർ നിങ്ങളതിർവിട്ടിനിബ്ബലാൽ-
ക്കാരമത്ര തുടരുന്നതാകിലോ,
വീരപദ്ധതിയിലൂന്നിനിൽപിനെ,ൻ-
ചൂരലിൻ ചുണയറിഞ്ഞിടാം തദാ!"        37

എന്നു ചൊല്ലുമഗജാതനൂജനെ-
ച്ചെന്നു പാർഷദർ പിടിച്ചു തള്ളിനാർ,
നിന്നു, നിന്ന നിലയിൽ ശരിക്കവൻ;
കുന്നു കാറ്റടികളാൽക്കുലുങ്ങുമോ?        38

ശൂലിതൻഭടരവന്റെ ചൂരലാം
കോലിനാലടികൾകൊണ്ടു മേനിയിൽ
തോലിരിഞ്ഞു, ചില ചൂടുവെച്ച ക-
ന്നാലിതൻവടിവിലാർത്തു മണ്ടിനാർ.        39

"ഗൗരിതൻ തനുജനാകിലെന്ത? -വൻ
ദ്വാരി നിൽക്കരുത; കറ്റുകെ"ന്നുതാൻ
സൗരിസൂദനനയച്ച പാർഷദ-
ന്മാരിടച്ചിലൊടടുത്തു പിന്നെയും.        40

ഓതിനാർവർ: "ശിശോ, വൃഥാവിലീ-
വാതിൽകാത്തുയിർ കളഞ്ഞിടായ്ക നീ;
ഏതിനും പടുതയേന്തുമന്തകാ-
രാതിയാണരുൾവതോ,ർമ്മവെയ്ക്കണം!"        41

എന്നു കേട്ടവനു,മിങ്ങു വേണ്ടതെ-
ന്തെന്നു തെല്ലിടയിളക്കമേൽക്കവേ,
വന്നുരച്ചിതൊരു മാതൃദാസി മെ-
ല്ലെന്നു, ദേവിയുടെ പുത്രനോടിദം:        42

"കാര്യദക്ഷ, തനതാജ്ഞ കാപ്പത്തിൽ
സ്ഥൈര്യമിത്ര വെളിവാക്കുമങ്ങയെ
ഭൂര്യനുഗ്രഹസമിദ്ധനാക്കിയി-
ട്ടാര്യയേവമരുളുന്നു നന്ദിയാൽ:        43

'വത്സ, ഞാൻ മുദിതയായി നിൻപ്രസൂ-
വത്സലത്വമിതുറച്ചുകാൺകയാൽ;
ത്വത്സനാഥമധുനാ മമാലയം;
മതരിച്ചിവർ ബലേന കേറൊലാ.        44

പ്രത്യനീകപരിപീഡമൂലമീ
സ്തുത്യസുസ്ഥിരതകൈവിടായ്ക നീ:
കൃത്യനിഷ്ഠ കുറയാതിരിപ്പതേ
നിത്യമംഗളനിദാനമേവനും."        45

പേശി, നർമ്മവിരുതാളുമാളിമാർ
വാശികേറ്റിയ മഹേശിതൻമതം,
നാശിതവ്യഥമറിഞ്ഞു ഹർഷവാ-
രാശിയിൽ 'ത്തിരകളിച്ചു' ബാലകൻ.        46

കച്ചകെട്ടിയരയും മുറുക്കി, വ-
മ്പിച്ച കാലുകളുഴിഞ്ഞു കൈകളാൽ,
ഉൾച്ചലിപ്പൊഴിയെ നിന്നു ചോടുറ-
പ്പിച്ചവൻ പ്രമഥരോടു ചൊല്ലിനാൻ:        47

"കണ്ടുകൊൾക; ഹരഭൃത്യർ നിങ്ങളു;ൾ-
ക്കൊണ്ടു ദേവി, നിയമിച്ചൊരാളിവൻ;
രണ്ടു കക്ഷികളുമൊന്നുപോലെ; -യെ-
ന്തുണ്ടു ഭേദ?-മധികാരവും സമം.        48

നിങ്ങളീശനിലയാഗ്രപാലർ; ഞാ-
നിങ്ങപർണ്ണയുടെ വാതിൽ കാക്കുവോൻ;
മങ്ങൽവിട്ടു വിഭുശാസനസ്ഥരായ്-
ത്തങ്ങൾതൻമുറയെ നാം നടത്തണം.        49

ഇസ്ഥിതിക്കി,ഹ കരേറി നിങ്ങളീ-
ദ്ദുസ്ഥിതിക്കു തുനിയുന്നതെന്തുവാൻ?
അസ്ഥിഭൂഷഭടരെബ്ഭയപ്പെടു-
ന്നസ്ഥിരപ്രകൃതി ബാലനല്ല ഞാൻ.        50

ഈ വിരുദ്ധവഴിയായി നിങ്ങളെൻ
ദേവിതൻ ഗൃഹമണഞ്ഞിടാ ദൃഢം;
ജീവിതസ്പൃഹയിരിക്കിൽ വിട്ടുപോയ്-
ക്കൊൾവി;-നൊന്നുമിനിയോതുകില്ല ഞാൻ        51

ഭൂര്യപത്രയൊടാനതാസ്യരായ്-
സ്സൂര്യജാരിഭടർ പോന്നു വീണ്ടുമേ
ശൗര്യമുള്ള ഗിരിജാത്മജന്റെയാ-
സ്ഥൈര്യമീശനെ നമിച്ചുണർത്തിനാർ.        52

ശ്രീതുഷാരകരമൗലി ചൊല്ലിനാ-
നേ-"തുമില്ലവനു കൂസലെന്നതോ?
പോർ തുടർന്നിടുവിനെങ്കിലങ്ങു ചെ-
ന്നേ-തുമട്ടിലുമൊഴിക്കവയ്യിനി.        53

ഉണ്ണിയാണു മലമാതിനെന്നതേ
നണ്ണി നാമവനിലൊന്നടങ്ങിയാൽ,
പെണ്ണിനുള്ളൊരു കളിക്കുരങ്ങനെ-
ന്നെണ്ണിടും നിയതമെന്നെയാളുകൾ.        54

പ്രാണനാഥനിലുമിത്ര വാശി, കാ-
ട്ടേണമെന്നു നിരുപിച്ചതിൻഫലം
നാണമോടനുഭവിച്ചിടട്ടെ,യ-
ക്ഷീണഗർവെഴുമഗേന്ദ്രനന്ദിനി!"        55

എന്നു ഭർത്ത്റ്മൊഴി കേട്ടു, കൈത്തർ-
പ്പൊന്നു തീർപ്പതിനിടം കിടയ്ക്കയാൽ
ഒന്നുപോലുദിതഹർഷരേവരും
ചെന്നുമാത്മജനൊടേറ്റു പോരിനായ്.        56

ദന്തകുഡ്മളമരീചികൈതവാ-
ലന്തരുല്ലസിതസത്ത്വലക്ഷ്മിയെ
ചന്തമോടു വെളിവാക്കിയാ യുവാ-
വന്തകാരിഭടരോടിതോതിനാൻ:        57

"വേഗ,മെന്നെ,യൊരു ബാലനെന്നനു-
ദ്യോഗരായി വെടിയാതെ, കൗതുകാൽ
ഹാ, ഗണാഗ്ര്യഭടരിന്നണഞ്ഞതിൽ
സ്വാഗതം സരസമോതിടുന്നു ഞാൻ.        58

ധാരിതാസ്ത്രകുലനല്ല, പൈതൽ ഞാൻ
പോരിനിന്നു പുതുതായ്ത്തുടങ്ങുവാൻ;
ഭൂരിശസ്ത്രബലരായ നിങ്ങളോ
പേരിയന്ന പടയാളിമൗലികൾ.        59

എങ്കിലും, ഹിതമിതോതുവാൻ; ഭയാ-
ശങ്കിയല്ലി വലുതായ സൗഹൃദം?
വങ്കിടയ്ക്കുടവു, ദാരർ നിങ്ങളിൽ-
ത്തങ്കിടാത്തപടി പോർനടത്തുവിൻ!        60

സന്നതാഖിലസുരാസുരേന്ദ്രയാ-
കുന്ന മജ്ജനനിതൻ മണാളനെ
ഇന്നശേഷഭടഹീനനാക്കി ഞാ-
നെന്ന തെറ്റിവനു കൈവരുത്തൊലാ!"        61

ഏവമോതിയ ശിവാതനൂജനും
ദേവപാരിഷദരും പരസ്പരം
സാവലേപമഥ കൈതുടർന്നിതേ,
ജീവലോകഭയകാരണം രണം.        62

"പോരിതത്ര വലുതാണു, കാണുവാൻ
പോരികെ"ന്നിദിവിഷജ്ജനങ്ങളെ
പൂരിതാംബരമിളക്കിവിട്ടിത-
ബ്ഭേരിശംഖമുരജാദിനിസ്വനം.        63

വട്ടമിട്ടു പരിപന്ഥിയെച്ചുഴ-
ന്നട്ടഹാസമുഖരീകൃതാശരായ്
പട്ടസം, പരശു, വാളു, ലയ്ക്ക, വേൽ
തൊട്ട ശസ്ത്രനിര തൂകി പാർഷദർ.        64

പെട്ടതില്ലുടലിലായുധോൽക്കരം
തൊട്ട പാടു, മഗജാത്മജന്നഹോ!
തിട്ടമമ്മയുടെ തൃക്കടാക്ഷമാം
ചട്ടയിട്ടവനു വജ്രവും തൃണം!        65

ദ്വാരപാലതരുണന്റെ പൊന്നണി-
ച്ചൂരൽ ഭസ്മസിതശൈവസേനയിൽ
സ്വൈരലീലയൊടു ചിന്നിമിന്നിതേ,
ശാരദാഭ്രഭുവി കൊള്ളിമീൻപടി.        66

ഭൂരിശക്തിമയഗാത്രയഷ്ടിയാം
ഗൗരി നൽകിയൊരു വേത്രയഷ്ടിയാൽ
പാരിൽ വീഴ്ത്തിയവനാ,യുധച്ഛടാ-
മാരിതൂകിന മഹാഗണങ്ങളെ.        67

നാക്കു തൂങ്ങി, നടു കൂന്നു, ചൂരലിൻ-
വീക്കുകൊണ്ടു തുറുകൺ മിഴിച്ചഹോ,
മൂക്കുപോയ് ദ്വിഗുണവൈകൃതാംഗരായ്
പോക്കുമുട്ടി വിഷമാക്ഷകിങ്കരർ!        68

വീരനാമഗസുതാത്മജന്റെ പൊൻ-
ചൂരലേറ്റുടൽ മുറിഞ്ഞു, മേൽക്കുമേൽ
ചോരവാർന്ന ശിവസേന, പൂത്തുനി-
ൽപോരശോകവനികയ്ക്കു തുല്യമായ്.        69

ശൈലജാവിഷയരോഷരക്തയായ്-
ശ്ശൂലഭൃജ്ജടയിൽനിന്നു ജാഹ്നവി
ലോലയായി വെളിയിൽപ്പതിച്ചപോ-
ലാലസിച്ചൊഴുകി ചോരയാറുടൻ.        70

മന്ദിതപ്രസരമായ് രണേ പരാ-
ക്രന്ദി ശൈവബലമൊക്കെയും ക്ഷണാൽ
നന്ദിയും തനതു നാഥനിൽപ്പെടും
നന്ദികാട്ടുവതിനന്നശക്തനായ്.        71

ക്ഷീണരായ്ച്ചിലർ കിടന്നുഴന്നു; നിഷ്-
പ്രാണരായ്ബ്ഭുവി പതിച്ചു തെല്ലുപേർ;
നാണമറ്റു ചിലർ പാഞ്ഞൊഴിഞ്ഞു പൂ-
ബാണവൈരിപദമാശ്രയിച്ചിതേ.        72

ചൂരലിന്നുപരി ശൈവയോധർതൻ
ചോര പറ്റിയതിടത്തുകയ്യിനാൽ
വീരകേസരി തുടച്ചുനീക്കിയ-
ദ്വാരസീമ്നി നിലവായ് ശിവാസുതൻ.        73

തത്ക്ഷണം, ഹരി വിരിഞ്ചി, ഭൂമിഭൃൽ-
പക്ഷഭേദി മുതലായ ദേവകൾ,
ത്ര്യക്ഷസന്നിധിയണഞ്ഞു നമ്രരാ-
യക്ഷതാദരമിതൊന്നുണർത്തിനാർ:        74

"സ്വൈരമാജ്ഞയരുൾകിങ്ങു പാർവ്വതീ-
ദാര, ദേവ, തവ ദാസർ ഞങ്ങളിൽ;
ആരറിഞ്ഞിടു?-മിതെന്തു ലീലയാ-
ണാചരിച്ച, തുരുലീലനാം ഭവാൻ!"        75

നീരജാസനനൊടിന്ദുചൂഡന-
ന്നേരമേവമരുൾചെയ്തു സസ്മിതം:
"ദ്വാരപാലനൊരു ബാലനുണ്ടുമാ-
ഗാരസീമ്നി മരുവുന്നു ധൃഷ്ടനായ്.        76

ഗേഹവേശനനിരോധിയാമവൻ
സാഹസപ്രിയനഖണ്ഡവിക്രമൻ
ആഹവത്തിലെതിരിട്ട മദ്ഭഡ-
വ്യൂഹമുഖ്യരെ വിഭഗ്നരാക്കിനാൻ.        77

സുപ്രശാന്തമതിയാകുമങ്ങുതാൻ
ക്ഷിപ്രമാ സ്ഥലമണഞ്ഞു, നീതിയാൽ,
അപ്രമേയബലനാമവന്നുതെ-
ല്ലുൾപ്രസാദമുളവാക്കിടേണമേ!"        78

എന്ന,നംഗമഥനന്റെ മഞ്ജുവാ-
കുന്ന വാക്കു നിശമിച്ചു പത്മജൻ
ചെന്നണഞ്ഞിതു മഹർഷിമാരുമൊ-
ത്ത,ന്നഗേന്ദ്രതനയാഗൃഹാന്തികേ.        79

മുമ്പിലെത്തിയ പിതാമഹന്റെ വെൺ-
കമ്പിപോലെ നെടുതായ താടിയെ
വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ
വമ്പിയന്ന ഗിരിജാകുമാരകൻ.        80

"അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ
പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ;
പരുഷത കരുതായ്കിവങ്കലെ"ന്നായ്-
ത്തെരുതെരെ നാന്മുഖനാർത്തു കേണു പാഞ്ഞു.        81

അകമെരിയുമജന്റെ പിമ്പു ഭീതി-
ത്തികവൊടു പാഞ്ഞു, ഹരാദ്രിധാതുഭൂവിൽ
വികലഗതി കമിഴ്ന്നുവീണു വൃദ്ധർ-
ഷികളുടെ താടികൾ ചായമിട്ടപോലായ്!        82

അജനിലുമനയം തുടർന്ന ദേവ്യാ-
ത്മജനെ വധിപ്പതിനി,ദ്ധരോഷനീശൻ
നിജഗണനിയുതങ്ങളോടുകൂടേ
സജവമയച്ചു സുരവ്രജത്തെയെല്ലാം.        83

ഭൂതപ്രേതപിശാചദേവപൃതന-
  യ്ക്കെല്ലാം പുരോഗാമിയായ്
സ്ഫീതശ്രീമധുമാഥി ചെല്ലുവതു ക-
  ണ്ടൊന്നോതി ദേവീസുത:
"മാൽ തങ്കേണ്ട; നിനക്കു തെല്ലു വകയാ-
  യെൻ ചൂരലേ; വൻചമു-
വ്രാതം ചൂഴെ വരുന്നതുണ്ടു, സുമഹാ-
  വിക്രാന്തി ചക്രായുധൻ!'        84

ഏറ്റം വീറൊടു, വിഷ്ണുവിൻ പിറകിലായ്-
  ദ്ദേവാദിസൈന്യങ്ങൾ ചെ-
ന്നേറ്റദ്രീശകുമാരികാതനയനിൽ-
  ച്ചാട്ടുന്ന ശസ്ത്രോൽക്കരം,
ചീറ്റം ചേർന്നിടുമാറസംഭ്രമവൻ
  വീശുന്ന വൻചൂരലിൻ
കാറ്റത്തങ്ങു പറന്നുപോയ്, കരിയില-
  ക്കൂട്ടം കണക്കഞ്ജസാ.        85

അറ്റം പെടാതെയതിഘോരമിരമ്പി,യെണ്ണ-
മറ്റസ്ത്രവീചികളുമേന്തിടുമബ്ബലത്തെ
ചെറ്റല്ല നീളെയുമിളക്കിമറിച്ചു ബാല-
നൊറ്റയ്ക്കു,വാരിധിയെ മന്ദരമെന്നപോലെ.        86

ലോകാംബ തൽക്ഷണ,മസംഖ്യരിപുക്കൾ ചൂഴു-
മേകാകിയാം നിജസുതന്നടരിൽത്തുണപ്പാൻ
ഏകാന്തരോഷവശയായി വിരചിച്ചയച്ചാ-
ളാ,കാരഭീഷണകളാമിരുദേവിമാരെ.        87

കന്നൽക്കാർതാൻ, കരാളോന്നതതനുരുചിയാ-
  ലൊന്നു, മറ്റേതു ശുദ്ധം
മിന്നൽച്ചാർത്തീ,വിധത്തിൽ ബ്ഭുജപരിഘശതോ-
  ദ്രിക്തമശ്ശക്തിയുഗ്മം,
സന്നദ്ധാശേഷദേവപ്രമഥപൃതനയാം
  പന്നഗൗഘത്തിനേറെ-
സ്സന്നത്വം ചേരുമാറാർത്തലറിയടർനില-
  ത്തിന്നുമദ്ധ്യേ വിളങ്ങീ.        88

ഭൂതാമർത്ത്യപ്രവീരപ്പരിഷകളകഗജാ-
  മന്ദരിദ്വാരദേശ-
ത്രാതാവിൻനേർക്കു താരധ്വനിമുഖരമയ-
  യ്ക്കുന്ന ശസ്ത്രങ്ങളെല്ലാം
പാതാളംതോറ്റവായ്ക്കൊണ്ടുടനുടനെ വിഴു-
  ങ്ങീടുമശ്ശക്തികൾക്ക-
ഞ്ചാതാ,ദ്ദൈത്യാരിതൻ ചക്രവുമുടർനടുവിൽ-
  പ്പപ്പടപ്രായമായീ!        89

നാനാശസ്ത്രങ്ങൾ തീർന്നോരളവ,മരഗണ-
  ശ്രേണിയെത്തന്നെ ഭക്ഷി-
പ്പാനായ് വായുംപിളർത്തിബ്ഭയദവടിവിലാ-
  ദ്ദേവിമാർ കൈതുടർന്നു;
ദീനാക്രന്ദങ്ങൾ പൊങ്ങീ പടയി,ലൃഷിജന-
  ത്തിന്റെ ഹാഹാരവത്താൽ
വാനാകെത്താൻ മുഴങ്ങീ, പ്രളയമണകയാ-
  യെന്നു ലോകം നടുങ്ങീ.        90

തീരെപ്പേടിച്ചരണ്ടച്യുതവലമഥനാ-
  ദ്യഗ്രഗീർവാണർപോലും
പാരെങ്ങും പാഞ്ഞു ഭൂതപ്പടയൊടുമിടചേർ-
  ന്നാർത്തുഴന്നീടുമപ്പോൾ,
നേരത്താക്രോധമേന്തീടിന പുരരിപുതാൻ
  തന്നെയക്കാന്ദിശീക-
ന്മാരെപ്പാടേ വിലക്കി,പ്പിറകിലവരുമായ്-
  ത്തത്ര പോരിന്നണഞ്ഞു.        91

അന്നേരം പോയ്മറഞ്ഞീടിന സഹജകളാം
  ദേവിമാർതൻ ബലം, കൈ-
വന്നേറെശ്ശക്തനായ്ത്തീർന്നൊരു ശിവദയിതാ-
  മന്ദിരദ്വാരപാലൻ
ചെന്നേൽക്കും ദേവഭൂതപ്പടകളുഴലുമാ-
  റാ നെടുംചൂരൽ മിന്നി-
ച്ചെന്നേ, ഭൂകാന്തനാകും വിധുവിനരുളിനാൻ
  ഭൂസമാശ്ലേഷസൗഖ്യം!        92

ബോധം കൈക്കൊണ്ടെഴുന്നേറ്റുടനെയെതിരിടും
  വിഷ്ണുവോടൊത്തു വീണ്ടും,
വൈധവ്യം പൂമകൾക്കേൽപതിനിടവരുമാ-
  റങ്കമാടുന്ന ലാക്കിൽ,
ഹാ, ധന്യശ്രീമഹേശീതനയനുടെ ശിര-
  സ്സുഗ്രശൂലായുധത്താൽ
ക്രോധക്രൂരൻ മുറിച്ചിട്ടതു, ശമനരിപു-
  സ്വാമിതാൻ സാഹസത്താൽ.        93

ആകമ്രൗജസ്സുടയ ദയിതാ-
  പുത്രനെക്കൊന്നുവീഴ്ത്തി-
ശ്ശോകസ്ഫൂർത്തിഗ്ലപതിമുഖനായ്
  നിന്നിതീശൻ മുഹൂർത്തം,
ആകപ്പാടേ ഭുവന,മതുനേ-
  രത്തു നിശ്ശേഷ്ടചേഷ്ടാ-
വൈകല്യത്താൽപടവിലിഖിത-
  പ്രായമായിച്ചമഞ്ഞൂ.        94

സുനുവ്യാപാദകോപം തടവിന ശിവതൻ
  മെയ്യിൽനിന്നക്ഷണംതാൻ
ഭാനുശ്രീശക്തിസാഹസ്രകമുലകറുതി-
  ക്കായ്പ്പുറപ്പെട്ടു വീണ്ടും
വാനും മന്നും നിറഞ്ഞുൽക്കടമിളകിടവേ,
  നിർജ്ജരർഷീന്ദ്രർ ഭക്തി-
ത്തേനുൾച്ചേരും സ്തവത്താലൊരുവിധമഹിഭൃൽ-
  ക്കാന്തയെശ്ശാന്തയാക്കി.        95

"എന്നാലെന്നുണ്ണി, ജീവിച്ചി,വനഖിലഗണാ-
  ധ്യക്ഷനായ്പ്പൂജ്യനായും
വന്നാലല്ലാതെ പാരിന്നഴലിതൊഴികയി-
  ല്ലാ;-യതിന്നായ് ശ്രമിപ്പിൻ"
എന്നാര്യാദേവി കൽപ്പിച്ചതു കരൾ കുളിരെ-
  ക്കേട്ട ദേവർഷിവൃന്ദം
ചെന്നാരാൽത്താണുണർത്തിച്ചളവ,തിനുപദേ-
  ശിച്ചു മാർഗ്ഗം മഹേശൻ.        96

ദേവൻ കൽപിച്ചവണ്ണം സുരമുനികൾ വട-
  ക്കോട്ടു പോയിട്ടു മുൻകാ-
ണായ്‌വന്നോരേകദന്തദ്വിപമണിയെ വധി-
  ച്ചായതിൻ മസ്തകത്തെ
വൈവർണ്ണ്യാപേതമെത്തിച്ച,ഗദുഹിതൃകുമാ-
  രന്റെ മെയ്യോടിണക്കി-
ശ്ശൈവശ്രീമന്ത്രശുദ്ധോദകമുപരി തളി-
  ച്ചീടിനാരൂഢഹർഷം.        97

ക്ഷണത്താൽ പ്രണൻപൂണ്ട,തനുരുചി
  ഗൗരീതനുജന-
ങ്ങുണർന്നേൽക്കുംപോലേ, സസുഖമെഴു-
  നേറ്റൂ ഗജമുഖൻ;
ഇണങ്ങീ ദിക്കെങ്ങും തെളിവ;-മര
  വിദ്യാധരവധൂ-
ഗണം പാട്ടും കൂത്തും മുഹരപി മു-
  തിർത്തൂ മുദിതമായ്.        98

വൈരം വിട്ടു,യിരാർന്ന പുത്രനെ മുദാ-
  ലാളിച്ചിടും ദേവിതൻ
ചാരത്തേക്കും സുരർഷിമുഖ്യർ കനിയി-
  ച്ചെത്തിച്ച കാമാന്തകൻ
നീരന്ധ്രാദരനാം മകന്റെ തലയിൽ-
  സ്സാനുഗ്രഹം തൃക്കര-
ത്താരർപ്പിച്ചു,ഗണേശനാക്കിയഭിഷേ-
  ചിച്ചാനതുച്ഛോത്സവം.        99

സമശിരസി ശ്രീമദ്ദേവീസു-
  തൻ പ്രമഥിച്ച തൽ-
പ്രമഥരുടനേതന്നേ നിദ്രാവി-
  മുക്തർകണക്കിനേ,
അമരമുനിമാർ വാഴ്ത്തും മൃത്യുഞ്ജ-
  യന്റെ കടാക്ഷമാ-
മമലസുധയാലുജ്ജീവിച്ചേറ്റു-
  യർത്തി മഹോത്സവം.        100

ദേവന്മാർക്കും ഗണൗഘത്തിനുമിയലിന ദോ-
  വീര്യദർപ്പംകെടുപ്പാ-
നീവണ്ണം ലീലയൊന്നാടിയ ഭഗവതിതൻ
  പൈതൽ, വേതണ്ഡവക്ത്രൻ,
"ഏവർക്കും പൂർവ്വപൂജ്യൻ ജഗതി ഗണപതേ,
  വിഘ്നരാജൻ ഭവാ"നെ-
ന്നേവം ബ്രഹ്മാദ്യരേകും വരവുമഥ വണ-
  ക്കത്തിൽ വാങ്ങിജ്ജയിപ്പൂ!        101

"https://ml.wikisource.org/w/index.php?title=ഗണപതി&oldid=202417" എന്ന താളിൽനിന്ന് ശേഖരിച്ചത്