കർത്താവേ നിൻ രൂപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കർത്താവേ നിൻ രൂപം (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

കർത്താവേ നിൻ രൂപം എനിക്കെല്ലായ്പ്പോഴും സന്തോഷമേ
സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ

അരക്കാശിനും മുതലില്ലാതെ തല ചായ്പ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തല്ലോ നീ

ജന്മ സ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി
വഴിയാധാര തേരിലായ് നീ ഭൂലോകത്തിൽ സഞ്ചരിച്ചു

എല്ലാവർക്കും നന്മ ചെയ്‌വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവ സ് നേഹം വെളിവാക്കി നീ മരണത്തോളം

സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്ക് സങ്കേതമായ്‌ ഭൂലോകത്തിൽ നീ മാത്രമെ

ദുഷ്ടന്മാരെ രക്ഷിപ്പാനും തോഷം പൂർണ്ണമാക്കിടാനും
രക്ഷിതാവായ്‌ ഇക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെ

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാൻ കുഞ്ഞാടു പോൽ നിന്നല്ലോ നീ

ക്രൂശിൻമേൽ നീ കൈ കാലുകളിൽ ആണി ഏറ്റു കരയും നേരം
നരകത്തിന്റെ തിരമാലയിൽ നിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളിൽ കല്ലറയിൽ നിന്നുത്ഥാനം ചെയ്തതിനാൽ
മരണത്തിന്റെ പരിതാപങ്ങൾ എന്നെന്നേയ്ക്കും നീങ്ങിപ്പോയി

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ

"https://ml.wikisource.org/w/index.php?title=കർത്താവേ_നിൻ_രൂപം&oldid=29088" എന്ന താളിൽനിന്ന് ശേഖരിച്ചത്