കുരിശിന്റെ വഴി/രണ്ടാം സ്ഥലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രണ്ടാം സ്ഥലം[തിരുത്തുക]

( രണ്ടാം സ്ഥലത്തേക്ക് പോകുമ്പോൾ)

കുരിശു ചുമന്നിടുന്നു ലോകത്തിൻ

വിനകൾ ചുമന്നിടുന്നു [1]

നീങ്ങുന്നു ദിവ്യനാഥൻ‍ നിന്ദനം

നിറയും നിരത്തിലൂടെ.


" എൻ ജനമേ, ചൊൽക

ഞാനെന്തു ചെയ്തു

കുരിശെന്റെ തോളിലേറ്റാൻ

പൂന്തേൻ തുളുമ്പുന്ന

നാട്ടിൽ ഞാൻ നിങ്ങളെ

ആശയോടാനയിച്ചു:


എന്തേ,യിദം നിങ്ങ-

ളെല്ലാം മറന്നെന്റെ

ആത്മാവിനാതങ്കമേറ്റി? "


ഈശോമിശിഹാ കുരിശുചുമക്കുന്നു[തിരുത്തുക]

ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ട് നീങ്ങുന്നു...ഈശൊയുടെ ചുറ്റും നോക്കുക...സ്നേഹിതന്മാര് ആരുമില്ല..യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു...മറ്റു ശിഷ്യന്മാര് ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവർത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോൾ എവിടെ?....ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു....ഈശോയെ സഹായിക്കുവാനോ ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല....

എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. [2] എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശുചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാൽപ്പാടുകൾ പിൻ തുടരുന്നു.വലയുന്നവരേയും ഭാരം ചുമക്കുന്നവരേയും ആശ്വസിപ്പിക്കുന്ന കർത്താവേ [3] എന്റെ ക്ലേശങ്ങൾ എല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമെ.

1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ

പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ

  1. ഏശയ്യ 53:6-12
  2. മത്തായി 16:24
  3. മത്തായി 11:28