കുരിശിന്റെ വഴി/മൂന്നാം സ്ഥലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മൂന്നാം സ്ഥലം[തിരുത്തുക]

( മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )

കുരിശിൻ കനത്ത ഭാരം താങ്ങുവാൻ

കഴിയാതെ ലോകനാഥൻ

പാദങ്ങൾ പതറിവീണു കല്ലുകൽ

നിറയും പെരുവഴിയിൽ.


തൃപ്പാദം കല്ലിന്മേൽ

തട്ടി മുറിഞ്ഞു,

ചെന്നിണം വാർന്നൊഴുകി

മാനവരില്ലാ

വാനവരില്ലാ

താങ്ങിത്തുണച്ചീടുവാൻ


അനുതാപമൂറുന്ന

ചുടുകണ്ണുനീർ തൂകി-

യണയുന്നു മുന്നിൽ ഞങ്ങൾ


ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു[തിരുത്തുക]

ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു

കല്ലുകൾ നിറഞ്ഞ വഴി....ഭാരമുളള കുരിശ്..ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകൾ...അവിടുന്നു മുഖംകുത്തി നിലത്തുവീഴുന്നു...മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു.....പട്ടാളക്കാർ അടിക്കുന്നു...ജനക്കൂട്ടം ആർപ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല....


ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൽ വെച്ചു.ഞാൻ വലത്തേയ്ക്കു തിരിഞ്ഞന്നോക്കി,എന്നെ അറിയുന്നവർ ആരുമില്ല.ഓടിയൊളിക്കുവാൻ ഇടമില്ല,എന്നെ രക്ഷിക്കുവാൻ ആളുമില്ല.


അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു:നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.

കർത്താവേ ,ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു.മറ്റുള്ളവർ അതുകണ്ടു പരിഹസിക്കയും എന്റെ വേദന വർദ്ധിപ്പിക്കയും ചെയ്യാറുണ്ട്.കർത്താവേ എനിക്കു വീഴ്ചകളുണ്ടാകുമ്പോൾ എന്നെത്തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമെ,കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമെ.

1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ

പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ