Jump to content

കുരിശിന്റെ വഴി/അഞ്ചാം സ്ഥലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അഞ്ചാം സ്ഥലം

[തിരുത്തുക]

( അഞ്ചാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )


കുരിശുചുമന്നു നീങ്ങും നാഥനെ

ശിമയോൻ തുണച്ചിടുന്നു

നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന

ഭാഗ്യമേ ,ഭാഗ്യം.


നിൻ കുരിശെത്രയോ

ലോലം,നിൻ നുക-

മാനന്ദദായകം

അഴലിൽ വീണുഴലുന്നോർ-

ക്കവലംബമേകുന്ന

കുരിശേ നമിച്ചിടുന്നു.


സുരലോകനാഥാ,നിൻ

കുരിശൊന്നു താങ്ങുവാൻ

തരണേ വരങ്ങൾ നിരന്തം


ശിമയോൻ-‍ ഈശോയെ സഹായിക്കുന്നു

[തിരുത്തുക]

ഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു

ഈശോ വളരെയധികം തളർന്നു കഴിഞ്ഞു....ഇനി കുരിശോടുകൂടെ മുന്നോട്ടുനീങ്ങുവാൻ ശക്തനല്ല.....അവിടുന്നു വഴിയിൽ വച്ചുതന്നെ മരിച്ചുപോയേക്കുമെന്നു യൂദന്മാർ ഭയന്നു...അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു...കെവുറീൻകാരനായ ആ മനുഷ്യൻ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു...അവിടുത്തെ കുരിശു ചുമക്കുവാൻ അവർ അയാളെ നിർബന്ധിച്ചു.അവർക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശിൽ തറക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കർത്താവേ ,ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാൽ "എന്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത് എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ".അതിനാൽ ചുറ്റുമുളളവരിൽ അങ്ങയെ കണ്ടുകൊണ്ട് കഴിവുളള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എന്നെ അനുഗ്രഹിക്കണമെ.അപ്പോൾ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും

1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ

പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ