കാളിനാടകം
കാളിനാടകം രചന: |
1887-നും 1897-നും ഇടയ്ക്കു രചിക്കപ്പെട്ട ദണ്ഡകരചന. ദേവിയുടെ വിവിധ ഭാവങ്ങളും രൂപങ്ങളും ഉന്മീലിതമായിരിക്കുന്നു. |
നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!
നമോ നാരദാദീഡ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!
സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തർക്കു നിത്യം
വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമാറാവിരാതങ്കബീജം
കുറഞ്ഞോരു നേരം നിനയ്ക്കുന്ന ഭക്തർ-
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം!
നിറഞ്ഞങ്ങനേ വിശ്വമെല്ലാമൊരുപ്പോ-
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാൾ
കഴിഞ്ഞാലുമില്ലോരു നാശം; കുറഞ്ഞൊ-
ന്നറിഞ്ഞീടരായിന്നഹോ! ഘോരരൂപം
മറഞ്ഞീടുമോ വിശ്വമെല്ലാമിതെന്നോർ-
ത്തറിഞ്ഞീടുവാൻ ശക്തരാരുള്ളു ലോകേ!
മഹാദിവ്യ ദേവേശ, ഗൗരീശ, ശംഭോ,
മഹാമായ, നിൻ വൈഭവം ചിന്തനീയം.
അടിക്കുള്ളു തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി-
ങ്ങടക്കം കൊടുപ്പാനിടംപെട്ടിരിക്കും
ജടയ്ക്കമ്പിളിത്തെല്ലുമെല്ലും വിലോല-
ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ-
വിലയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു-
ജ്ജ്വലിച്ചുത്തരങ്ഗീകൃതം പൊൻകിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റുപോയി-
ത്തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി-
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി-
ക്കുറിക്കുള്ളിൽ വീണാഴിയേഴാമരഞ്ഞാ-
ണരയ്ക്കന്വഹം ചാർത്തുമുർവീമണാളൻ
മഹാദേവനും ബ്രഹ്മനും മുൻപരായോ-
രഹോ! മായയിൽ പെട്ടിരിക്കുന്നു ചിത്രം!
മഹാത്മാക്കളായുള്ളവർക്കും നിനച്ചാൽ
മഹാമായ! നിൻ വൈഭവം കിന്തരണ്യം!
അനംഗന്റെ പൂവില്ലിനല്ലൽപ്പെടുത്തും
കുനുച്ചില്ലിവല്ലിക്കൊടിത്തല്ലു തെല്ലി-
ങ്ങനംഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ-
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നൽ-
പ്പദത്താർ ഭജിക്കുന്നവർക്കുള്ളൊരത്തൽ-
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കിവെച്ചെപ്പൊഴും മിന്നിമിന്നു-
ന്നതും കണ്ണിണപ്പങ്കജപ്പൂവിലോലും
കൃപത്തേൻ കണക്കൺകണം മാരിചേർത്താർത്തി-
പോക്കും കടക്കണ്ണു രണ്ടിങ്കലുംവിമ്മി-
വിമ്മിത്തിടുക്കെന്നു പായുന്ന കല്ലോ-
ലിനിക്കും പടുത്വം കൊടുക്കുന്നൊരാനന്ദ-
വാരിക്കടല്ക്കക്കരെപ്പാദഭക്ത-
പ്രയുക്തശ്രുതസ്തോത്രസംഗീതനൃത്ത-
ങ്ങളും തൃച്ചെവിക്കൊണ്ടുനില്ക്കുന്ന
കർണ്ണങ്ങളിൽപ്പൊന്മണിക്കുണ്ഡലംകൊ-
ണ്ടൊളിപ്പെട്ടു പൊങ്ങും ഘൃണിക്കങ്കിതം ഗണ്ഡ-
കണ്ണാടിയും നന്മണിച്ചെമ്പരത്തി-
പ്രസൂനം നമിക്കും മണിച്ചുണ്ടുരണ്ടിന്നുമുള്ളായ് വിളങ്ങും
പളുങ്കൊത്ത പല്പത്തി മുത്തുപ്പടത്തി-
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം?
തെളിഞ്ഞങ്ങനേ പൂർണ്ണചന്ദ്രന്നുമല്ലൽ-
ക്കളങ്കം കൊടുക്കുന്നെതിർദ്വന്ദ്വശോഭാങ്കുരം
വക്ത്രബിംബം കരാളോന്നതശ്രീകരം
ഘോരദംഷ്ട്രാദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകൂളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം
കടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിർത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ-
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി-
ച്ചിരിക്കെട്ടു ദിക്കും പൊടിക്കായ് കൊടുക്കും
കടുംപന്തു കൊങ്കത്തടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തുടിക്കിങ്കിണീ വേണുവീണാപ്രയോഗം
ചെവിക്കൊണ്ടു തങ്കക്കുടക്കൊങ്കരണ്ടും
കളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്ത മുത്തുപ്പടങ്കല്പവൃക്ഷ-
ത്തലം പൂങ്കുലക്കൊത്തു കോർത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു-
മേതാനലങ്കാരബന്ധങ്ങളും മറ്റു-
മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും!
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി-
ന്നടിക്കോമനപ്പൂമണിപ്പട്ടുടുത്ത-
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി-
ക്കടിക്കാമവണ്ടിക്കുടത്തീന്നിഴിഞ്ഞ-
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിക്കും.
അനംഗന്റെ തൂണിരമോടേറ്റു തമ്മിൽ
പിണക്കം തുടങ്ങിജ്ജയിക്കുന്നപൊന്നു-
ങ്കണങ്കാലടിക്കച്ഛപം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേൻ നുകർന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സഖീചാരുനര്യാണിതന്നിൽ
ഝണത്കാരപൂരം വഹിച്ചും നടന്നും
മുദാ ശോഭ കൈലാസശൃംഗേ ലസിച്ചും
തദാ ദേവനാരീസമക്ഷം വഹിച്ചും
നമിച്ചും സുരന്മാർ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാനന്ദമോടാവിരാശാ-
വധിക്കുള്ള കാമം ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വകാര്യേഷ്വലം സംഭ്രമി-
ച്ചങ്കുരിച്ചത്തലും മൂലമാക്കീ വിള-
ങ്ങുന്നിവണ്ണം ഭവത്തൃക്കടക്കൺ ചുളിച്ചൊന്നു
നോക്കായ്കമൂലം കൃപാലോ! നമസ്തേ!നമസ്തേ!
നമസ്തേ മഹാഘോരസംസാരവാരാ-
ന്നിധിക്കക്കരെക്കേറുവാൻ തൃപ്പദത്താ-
രിണക്കപ്പലല്ലാതൊരാലംബനം മ-
റ്റെനിക്കൊന്നുമില്ലംബ, കാരുണ്യരാശേ!
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക-
ണ്ണിണത്തേൻ കടാക്ഷം ലഭിപ്പാനണഞ്ഞേൻ
പദാംഭോജവൈമുഖ്യമെന്നിൽ പിണഞ്ഞീ-
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ!
പണം പെണ്ണിലും മണ്ണിലും ചെന്നു പുക്കാ-
ശ്വസിച്ചാത്തമോദം ഗുണം കെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ല ണം
ദേഹമെന്നോർത്തു സത്ത്വാദിയാം മുക്കുണംകെട്ടു
പെട്ടോരു മായാവിലാസം ക്ഷണം ക്ഷീണ-
ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബാ, നമസ്തേ! നമസ്തേ!