കാണുമാറാകണം/രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കാണുമാറാകണം
രചന:പൂന്താനം നമ്പൂതിരി
കാണുമാറാകണം/രണ്ട്

പൂതന തൻ മുലയുണ്ടോരു പൈതലിൻ
ചാതുരിയും മമ കാണുമാറാകേണം

പെൺപൈതൽ മാറി യശോദ വളർത്തി -
യൊരാൺ പൈതലേ നിന്നെ കാണുമാറാകേണം

പേരും പെരുപ്പവും ചൊല്ലുവല്ലായ്‌കയും
പത്മനാഭാ നിന്നെ കാണുമാറാകേണം.

പൈ പെരുത്തച്ചിമാർ വീടുകളിൽ പുക്കു
പത്മനാഭാ നിന്നെ കാണുമാറാകേണം

പൊന്നിൻ ചിലമ്പും പുലിനഖമോതിരം
എന്നുണ്ണികൃഷ്ണനെ കാണുമാറാകേണം

പോരാടി മല്ലരെ മെല്ലെ ഞെരിച്ചുകൊ -
ന്നാരോമലേ നിന്നെക്കാണുമാറാകേണം

പൗരഷം കൊണ്ടു പതിനാലു ലോകവും
പാലിച്ച കോലത്തെ കാണുമാറാകേണം

പാശം കൊണ്ടന്തകൻ കെട്ടിയിഴക്കുമ്പോൾ
ആലസ്യം തീർത്തെന്നെ രക്ഷിച്ചുകൊള്ളണം

ശ്രീപത്മനാഭാ മുകുന്ദാ മുരാന്തക!
നാരായണ നിന്നെ കാണുമാറാകണം.

"https://ml.wikisource.org/w/index.php?title=കാണുമാറാകണം/രണ്ട്&oldid=53982" എന്ന താളിൽനിന്ന് ശേഖരിച്ചത്