Jump to content

കാണാമെനിക്കെന്റെ രക്ഷിതാവെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


കാണാമെനിക്കെന്റെ രക്ഷിതാവേ

രചന:സാധു കൊച്ചുകുഞ്ഞുപദേശി

കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്ക മുഖം എന്റെ താതൻ രാജ്യേ

             ചരണങ്ങൾ
ഈ ലോകമായയിൽ പെട്ടു വലഞ്ഞു ഞാൻ
മേലോകവാർത്തയിൽ ദൂരസ്ഥനായി
അല്പായുഷ്കാലമീ ലോകത്തിൽ വാസം ഞാൻ
പുല്ലോടു തുല്യമായ് കാണുന്നിപ്പോൾ

കാലന്റെ കോലമായി മൃത്യു വരുന്നെന്നെ
കാലും കയ്യും കെട്ടി കൊണ്ടുപോവാൻ
കണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻ
മണ്ണോടു മണ്ണങ്ങു ചേർന്നീടേണം

എല്ലാ സാമർത്ത്യവുംപുല്ലിന്റെ പൂ പോലെ
എല്ലാ പ്രൗഢത്വവും പുല്ലിന്റെ പൂ പോലെ
മർത്യന്റെ ദേഹത്തിനെന്തോരു വൈശിഷ്ട്യം
എന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു

വണ്ണം പെരുത്താലും മണ്ണിന്നിരയതു
കണ്ണിന്റെ ഭംഗിയും മായ മായ
കൊട്ടാരമായാലും വിട്ടേ മതിയാവൂ
കോട്ടയ്കകത്തേക്കും മൃത്യു വരും

പതിനായിരം നില പൊക്കി പണിതാലും
അതിനുള്ളിലും മൃത്യു കയറി ചെല്ലും
ചെറ്റ പുരയതിൽ പാർക്കുന്ന ഭിക്ഷുവും
മുറ്റും മരണത്തിന്നധീനനാം

രോഗങ്ങളോരൊന്നും പെട്ടെന്നുള്ളാപത്തും
ആർക്കും വരുന്നതീ ക്ഷോണീതലേ
കഷ്ടം മനുഷ്യർക്കു രോഗകിടക്കയിൽ
അഷ്ടിക്കശനം പോലായീടുമേ

അയ്യോ അയ്യോ എന്നുള്ളന്ത്യ സ്വരമോർക്കിൽ
അയ്യോ എനിക്കൊന്നും വേണ്ടാ പാരിൽ
കർത്താവെനിക്കൊരു വാസസ്ഥലം വിണ്ണിൽ
എത്ര കാലം മുൻപേ തീർപ്പാൻ പോയി

ആ വീട്ടിൽ ചെന്നു ഞാൻ എന്നന്നേക്കും പാർക്കും
ആ വീട്ടിൽ മൃത്യുവിനില്ലോർ വഴി
പതിനായിരം കോടി ദൂതന്മാർ മദ്ധ്യേ ഞാൻ
കർത്താവാമേശുവിൻ കൂടെ വാഴും