കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/1882-ലെ റഷ്യൻ പതിപ്പിനുള്ള മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
അനുബന്ധം:1882-ലെ റഷ്യൻ പതിപ്പനുള്ള മുഖവുര

[ 52 ]

1882-ലെ റഷ്യൻ പതിപ്പിനുള്ള
മുഖവുര
[തിരുത്തുക]

ബകൂനിൽ തർജ്ജമചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ റഷ്യൻ പതിപ്പു് അറുപതുകളുടെ ആരംഭത്തിൽ4 കോലെക്കൊൽ5 അച്ചടിശാല മുദ്രണം ചെയ്തു. അന്നു് പാശ്ചാത്യരാജ്യങ്ങൾക്കു് സാഹിത്യപരമായ കൗതുകവസ്തുവായേ അതിനെ ( മാനിഫെസ്റ്റോയുടെ റഷ്യൻ പതിപ്പിനെ) കാണുവാൻ കഴിഞ്ഞുള്ളു. അത്തരമൊരഭിപ്രായം ഇന്നു് അസാദ്ധ്യമായിരിക്കും.

അന്നു്, 1847 ഡിസംബറിൽ, തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിധി എത്രമാത്രം പരിമിതമായിരുന്നുവെന്നു് മാനിഫെസ്റ്റോയുടെ അവസാനഭാഗം - വിവിധരാജ്യങ്ങളിലെ വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം - തികച്ചും വ്യക്തമാക്കുന്നുണ്ടു്. റഷ്യയുടേയും, അമേരിക്കയുടേയും പേരുകൾ അതിൽ ഇല്ലതന്നെ. റഷ്യ യൂറോപ്യൻ പിന്തിരിപ്പത്തത്തിന്റെയാകെ അവസാനത്തെ വലിയ കരുതൽ ശക്തിയായി നിലനിൽക്കുകയും, അമേരിക്ക യൂറോപ്പിലെ അധികപ്പറ്റായ തൊഴിലാളികളെ കുടിയേറിപ്പാർപ്പുവഴി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അതു്. ഇരുരാജ്യങ്ങളും യൂറോപ്പിന്റെ ആവശ്യത്തിനു് വേണ്ടതായ അസംസ്കൃതസാധനങ്ങൾ ഒരുക്കിക്കൊടുക്കുകയും അതേസമയം, അതിന്റെ വ്യവസായികോല്പന്നങ്ങൾ ചെലവഴിക്കുവാനുള്ള കമ്പോളമായി വർത്തിക്കുകയും ചെയ്തു. അതുകൊണ്ടു്, അന്നു് ആ രണ്ടു് രാജ്യങ്ങളും ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്കു്, അന്നത്തെ യൂറോപ്യൻ വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു.

ഇന്നോ? സ്ഥിതി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു! യൂറോപ്പിൽ നിന്നുള്ള കുടിയേറിപ്പാർപ്പുതന്നെയാണു് വടക്കെ അമേരിക്കയിൽ ബൃഹത്തായ കാർഷികോല്പാദനത്തിനു് വഴിവച്ചതു്. അതിൽനിന്നു് നേരിടേണ്ടിവരുന്ന മത്സരംകൊണ്ടു് യൂറോപ്പിലെ വലുതും ചെറുതുമായ ഭൂവുടമാവ്യവസ്ഥയുടെ അടിത്തറതന്നെ കുലുങ്ങിക്കൊണ്ടിരിക്കുകയാണു്. ഇതിനു് പുറമേ, പടിഞ്ഞാറൻ യൂറോപ്പിന്റെ, പ്രത്യേകിച്ചു് ഇംഗ്ലണ്ടിന്റെ, ഇതേവരെ നിലനിനിന്നുവന്നിരുന്ന വ്യവസായകുത്തകയെ താമസംവിനാ പൊളിക്കുമാറ്, അമേരിക്കയ്ക്ക് അതിന്റെ [ 53 ] വ്യാവസായികവിഭവങ്ങളെ ഊർജ്ജിതമായും വിപുലമായ തോതിലും ചൂഷണംചെയ്യാൻ തൽഫലമായി കഴിഞ്ഞു. ഈ രണ്ടു സാഹചര്യങ്ങളും വിപ്ലവകരമായ രീതിയിൽ അമേരിക്കയിൽത്തന്നെ ചില പ്രത്യാഘാതങ്ങളുളവാക്കുന്നു. ചെറുകിടയും ഇടത്തരവുമായ ഭൂവുടമാസമ്പ്രദായം - അവിടത്തെ രാഷ്ട്രീയഘടനയുടെയാകെ അടിത്തറയിതാണു് - ക്രമേണ പടുകൂറ്റൻ കൃഷിക്കളത്തിന്റെ മത്സരത്തിന്റെ മുമ്പിൽ കീഴടങ്ങുന്നു. അതോടൊപ്പം വ്യവസായപ്രദേശങ്ങളിലാകട്ടെ, ആദ്യമായി, വമ്പിച്ച തൊഴിലാളിവർഗ്ഗവും ഭീമമായ മൂലധനകേന്ദ്രീകരണവും വളർന്നുവരുന്നു.

പിന്നെ റഷ്യ! 1848-1849-ലെ വിപ്ലവകാലത്തു് യൂറോപ്പിലെ രാജാക്കൻമാരെന്നല്ല, ബൂർഷ്വാസിപോലും, ഉണർന്നുതുടങ്ങുകമാത്രം ചെയ്തിരുന്ന തൊഴിലാളിവർഗ്ഗത്തിൽനിന്നുള്ള, തങ്ങളുടെ ഒരേയൊരു മോക്ഷമായി ഇറ്റുനോക്കിയിരുന്നതു് റഷ്യൻ ഇടപെടലിനെയാണു്. സാർ യൂറോപ്യൻ പ്രതിലോമശക്തികളുടെ നായകനായി വിളംബരം ചെയ്യപ്പെട്ടു. എന്നാൽ ഇന്നാകട്ടെ അയാൾ വിപ്ലവത്തിന്റെ യുദ്ധത്തടവുകാരനായി ഗാത്‌ചിനയിൽ കഴിയുകയാണു്.6 റഷ്യ യൂറോപ്പിലെ വിപ്ലവപ്രവർത്തനത്തിന്റെ മുന്നണിയായിത്തീർന്നിരിക്കുന്നു.

ആധുനിക ബൂർഷ്വാസ്വത്തുടമാസമ്പ്രദായത്തിന്റെ വിനാശം അനിവാര്യവും, ആസന്നവുമാണെന്നു് പ്രഖ്യാപിക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ലക്ഷ്യം. എന്നാൽ അതിവേഗം പെരുകിവരുന്ന മുതലാളിത്തക്കൊള്ളയ്ക്കും വളരുവാൻ തുടങ്ങുകമാത്രം ചെയ്യുന്ന ബൂർഷ്വാഭൂവുടമാവ്യവസ്ഥയ്ക്കും അഭിമുഖമായി പകുതിയിലേറെ നിലവും കൃഷിക്കാരുടെ പൊതുവുടമയിലാണെന്ന വസ്തുത നാം റഷ്യയിൽ കാണുന്നു. അപ്പോൾ ചോദ്യമിതാണു്: സാരമായി കോട്ടം തട്ടിയിട്ടുണ്ടെന്നിരിക്കിലും പ്രാചീന പൊതുഭൂവുടമയുടെ ഒരു രൂപമായ റഷ്യൻ "ഒബ്ഷ്ചിന"യ്ക്കു് (ഗ്രാമസമുദായം) കമ്മ്യൂണിസ്റ്റ് പൊതുവുടമയെന്ന ഉയർന്ന രൂപത്തിലേക്കു് നേരിട്ടു് നീങ്ങുവാൻ കഴിയുമോ, അതോ നേരേമറിച്ചു്, പാശ്ചാത്യരാജ്യങ്ങളുടെ ചരിത്ര പരിണാമത്തിലുണ്ടായപോലെ അതിനും അതേ വിഘടനപ്രക്രിയയിലൂടെ ആദ്യം കടന്നുപോകേണ്ടിവരുമോ?

ഇന്നത്തെ നിലയ്ക്കു് ഇതിനു് ഒരൊറ്റ ഉത്തരമേ സാദ്ധ്യമായിട്ടുള്ളു: റഷ്യൻ വിപ്ലവം പാശ്ചാത്യരാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ മുന്നോടിയാവുകയും, അവ രണ്ടും അന്യോന്യം പൂർണമായി ഭവിക്കുകയും ചെയ്യുകയാണെങ്കിൽ റഷ്യയിൽ ഇന്നു് കാണുന്ന പൊതുഭൂവുടമാസമ്പ്രദായം കമ്മ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായിത്തീരാനിടയുണ്ടു്.

ലണ്ടൻ
ജനുവരി 21, 1882
കാൾ മാർക്സ്,
ഫെഡറിക്ക് എംഗൽസു്