ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം
ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം രചന: |
മറ്റാരായാലുമൊക്കാത്തൊരു നിലയിലതിശ്രദ്ധയായ് നീതിമാർഗ്ഗം
തെറ്റാതേ ചക്രവർത്തിത്തിരുവടി പരിപാലിപ്പൊരിബ്ഭാരതത്തിൽ
"ഇറ്റാബെ"ന്നുള്ള ദിക്കുണ്ടതു വളരെ വടക്കാണ് കേട്ടാകിലുള്ളം
ചെറ്റാടീടും പടിക്കീയിടെയവിടെനടന്നോരു വൃത്താന്തമോതാം . 1
ദൂരംപോയി,ക്കടപ്പുള്ളികൾ ചിലതുപിരച്ചാത്മഗേഹത്തിലെത്താൻ
നേരം പോരാതുഴന്നോരുവ, നവനഹോ സഞ്ചി രണ്ടുണ്ടുകയ്യിൽ;
പാരം പേടിച്ചു, തട്ടിപ്പറി വഴിയിൽ നടപ്പുള്ളതായ്‌ക്കേട്ടു, രക്ഷാ
ഭാരം പേറുന്ന പൊല്ലീസ് പരിഷകൾ മരുവും സ്റ്റേഷനിൽച്ചെന്നു കേറീ. 2
മത്തന്മാരായ് തകർത്തങ്ങിനെ മരുവുമൊരാക്കൂട്ടർതൻ മന്നിലായ്‌ത്തൻ
വിത്തം മെല്ലെന്നിറിക്കി, ബഹുവിനയമൊടാപ്പാന്ഥനേവം പറഞ്ഞാൻ:-
"സത്തന്മാരാം ഭവാന്മാർക്കിവനുടയ പണസ്സഞ്ചി സൂക്ഷിച്ചു നല്കാൻ
ചിത്തം മന്ദിച്ചിടാതേ കനിയണ, മിവനില്ലന്യരാരും സഹായം". 3
ദോഷം തെണ്ടിപ്പിടിക്കുന്നവരുടെ തലയാളാകുമിൻസ്പക്ടരൊട്ടും
രോഷം തട്ടാതുരച്ചാൻ; "പണമിവിടെ വൃഥാ വാങ്ങിവെക്കുന്നതല്ല;
ശേഷം പേരിങ്ങിരിക്കെപ്പരജനഭയമോ; സഞ്ചി താൻതന്നെവെച്ചീ
സ്റ്റേഷൻ പാറാവുകാരൊത്തിരവിവിടെയുറങ്ങാ; മിറങ്ങാമുഷസ്സിൽ". 4
ഗീരേവം കേട്ടു ധൈര്യത്തൊടുമവനവരാൽ ദത്തമാം മെത്തതന്മേൽ
നേരേ കേറിക്കിടന്നാൻ; പണമുടയതതിന് ചോട്ടിലും നീട്ടിവെച്ചാൻ.
പോരേറെക്കണ്ട പൊല്ലീസധിപതിയഥതൻ കീഴിലുള്ളോരെയെല്ലാം
ചാരേ ശീഘ്രം വിളിച്ചിട്ടതുമിതുമവരോടോതിനാൻ ഗുഢമായി. 5
പൊല്ലീസിൻസ്പെക്ടർ കൂട്ടാളികളൊടു മുറപോലിപ്രകാരം സ്വകാര്യം
ചൊല്ലീടും വാക്കുകേൾക്കായ്‍കിലുമവനതിൽ വെച്ചുള്ളിലാട്ടം കടന്നു;
സല്ലീലം മറ്റു ജോലിക്കാർ മുഴുവനഹോ രാത്രിയിൽപ്പെട്ടനേരം
മല്ലീബാണാന്തകസ്വാമിയെ മനസ്സി നിരൂപിച്ചു മുറ്റത്തിറങ്ങി. 6
തിണ്ണം തൻകൊച്ചുകുഞ്ഞുങ്ങളെ വലിയമരഞ്ചാടിമാറത്തടുക്കും
വണ്ണം പാന്ഥൻ പണസ്സഞ്ചിയെ നിജതനുവിൽ ചേർത്തുറപ്പിച്ചുകെട്ടി;
വണ്ണംകൂടിസ്സമീപത്തമരുമൊരുമരക്കൊമ്പിലാക്കുമ്പതള്ളും
പൊണ്ണൻ പൊത്തിപ്പിടിച്ചങ്ങിനെ കയറിയിരുന്നീടിനാൻ വിർപ്പടക്കി. 7
മിണ്ടാതിൻസ്പെക്ടർ വന്നാൻ ഝടിതി; പഥികനെ സ്റ്റേഷനിൽക്കണ്ടിടാഞ്ഞി
ട്ടുണ്ടായോരുഗ്രകോപത്തൊടുമവനവനെത്തന്നെയാദ്യം ശപിച്ചു.
"പണ്ടാരംവെച്ചുപോട്ടെ; കഴ,കഴുതകളെൻ കീഴിലുള്ളോരശേഷം
തെണ്ടാനോപോയ? താട്ടെ, പിഴയിടുമവർക്കൊക്കെയും, നാളെയാട്ടേ” 8
എന്നോതിത്തെല്ലുമുമ്പേ പഥികനവനുപേക്ഷിച്ചമെത്തപ്പുറത്തായ്
ച്ചെന്നോരോരോ വിചാരത്തൊടു ചെറുതുകിടന്നീടിനാനക്ഷണത്തിൽ
വന്നോരൂക്കൻ തളർച്ചയ്ക്കവനുടനടിമപ്പെട്ടു മെയ്യൊന്നുചാച്ചാ;
നന്നോടിച്ചെന്നു നിദ്രാംഗനയവനിയലും കണ്ണു തിണ്ണന്നടച്ചു. 9
"വന്നില്ലേ മൂപ്പ,രെന്തോ കഥ”, “വരുമുടനേ” “തന്റെയൊച്ച”, “യങ്ങോർ
തന്നില്ലേ വേണ്ടോരക്കല്പന?” “തടിമടലൻ കൂർക്കമായ്‌പ്പോർക്കുപോലെ;”
“നന്നിത്തക്കം”, “വിളക്കെന്തിനു?”, “വെറുതെയുണർത്തേണ്ട,” “വാൾകയ്യിലില്ലേ?”
എന്നിത്ഥം ഹന്ത! പൊല്ലീസ് പ്രജകൾ കുശുകശെപ്പേശിനാരത്തരത്തിൽ 10
മേലാളെക്കാത്തു കാത്തങ്ങിനെ പലനിമിഷം പാർത്തു; പിന്നെപ്പൊറുപ്പാൻ
മേലാതായീ; കടുംകൈകളിൽ മനമെഴുവോർക്കക്ഷമത്വം പ്രസദ്ധം;
മേലാലെക്കാര്യമോർക്കാതവരൊരസിയുമായ്ച്ചെന്നു മെല്ലെക്കഴുത്തിൻ
മേലായാഞ്ഞൊന്നു വെട്ടീ! തലയുടനുടലോടുള്ള ബന്ധം വെടിഞ്ഞു. 11
കത്തിക്കാളുന്ന ദാവാനലനൊടുകിടയായ്ച്ചുട്ടുവല്ലാതിരമ്പി
ക്കുത്തിച്ചാടുന്ന ചോരപ്പുഴയുടെ കൊടുതായുള്ളൊഴുക്കത്തിനാലും
തത്തിത്തള്ളിച്ചടിക്കും പൃഥുകര ചരണത്തല്ലിനാലും കുലുക്കം
ഹൃത്തിൽത്തട്ടാത്തൊരീക്കൂട്ടരെയമഭടരായ് മാറ്റീയാൽ ദോഷമുണ്ടോ? 12
ദ്രോഹത്തിൽക്കണ്ണുറച്ചുള്ളവരിതുവകവെക്കാതെ ഹാഹാ! പണത്തിൻ
മോഹത്താൽ തപ്പലായീ; പുനരതുകിടയാഞ്ഞപ്പൊഴും തപ്പലായീ.
ദേഹത്തിൽത്തപ്പിനോക്കുമ്പൊഴുതിലൊരിടിവാളേറ്റതിൻ മട്ടു പൊല്ലീസ്
വ്യൂഹത്തിൻ മട്ടുമാറീ, ദ്രുതമവരിലൊരാൾ ദീപവുംകൊണ്ടു ചെന്നു 13
"തെറ്റീകാര്യം; പറഞ്ഞിട്ടിനിയൊരു ഫലമില്ലുഗ്രമായോരബദ്ധം
പറ്റീ; ദൈവം ചതിച്ചു; പരമശിവ! മൃതിപ്പെട്ടതിൻസ്പെക്ടരല്ലോ;
ചുറ്റീ, ചുറ്റിക്കുമാപ്പുള്ളിക, ളൊഴിവു നിനപ്പോളവും കാണ്മതില്ലേ!”
ചെറ്റീവണ്ണം കുഴങ്ങുന്നളവതിലുടനേ മറ്റൊരുത്തൻ പറഞ്ഞൂ:- 14
"പട്ടിക്കൂട്ടം കണക്കെക്കരയുവതുശിരന്മാർക്കു ചേർന്നുള്ളതല്ലാ;
കാട്ടിത്തന്നാൻ മഹാനീ ഗുരുവതിലിനി നാമാചരിക്കേണ്ടമാർഗ്ഗം;
കൂട്ടിക്കെട്ടേണമിക്കണ്ടതു മുഴുവനുമീ മെത്തയിൽത്തന്നെ മുമ്പിൽ
ക്കൂട്ടിക്കുത്തിക്കുഴിച്ചുള്ളൊരു കുഴിയിൽ മുറക്കിട്ടുടൻ തട്ടിമൂടാം” 15
ധാരാളം സമ്മതിച്ചു സകലവുമിതഹോ കെട്ടുകെട്ടിപ്പുറപ്പെ
ട്ടാരാവം ലേശമേശാതവരതി ധൃതിയിൽസ്സംസ്കരിച്ചാർ, തിരിച്ചാർ;
"ഹേ! രാവേ! കൃഷ്ണവർണ്ണം കലരുകിലുമധർമ്മങ്ങളിൽ സാക്ഷിയായ് നീ
തീരാനെന്തേ? കളങ്കിക്കുടയ ദയിതയായ് പാർക്കയാലായിരിക്കാം". 16
എല്ലാടത്തും സമീക്ഷിച്ചളവിലൊരുവനും കണ്ടതില്ലെന്നുറച്ചി
ട്ടുല്ലാസത്തോടുറങ്ങീ; നരബലി പരിശീലിച്ച മർത്ത്യാശരന്മാർ.
എല്ലാം കാണുന്നതായിട്ടൊരുവനുപരിയുണ്ടെന്ന കാര്യം വിചാരി
ച്ചില്ലാ പാവങ്ങളെന്തേ കഥ, മനുജനെഴുന്നജ്ഞതയ്ക്കറ്റമുണ്ടോ? 17
മാസാദ്യം സ്റ്റേഷനിൽപ്പെട്ടൊരു പണിപരിശോധിക്കുവാൻ സുപ്രഭാത
ശ്രീസാനന്ദം വിളങ്ങുന്നളവവിടെ യസിസ്റ്റാണ്ടു സൂപ്രേണ്ടുവന്നു,
ശേവാസാപേതം മരത്തിന്മുകളിലധിവസിപ്പോനൊരാശ്വാസപൂർവ്വം
"ഹേ! സാഹേബ്‌ജി! സലാ, മീയഗതിയിലലിവുണ്ടാവണേ”, യെന്നുരച്ചാൻ. 18
'ആരിപ്പോളെങ്ങുനിന്നിങ്ങനെ പറയുവതെ'ന്നന്തരാ ചിന്തചെയ്താ
സ്സൂരി പ്രൗഢൻ കുഴങ്ങുന്നള, “വിവിടെയിതിൻ മോളി”ലെന്നോതിവീണ്ടും;
ഗീരിൻമാർഗ്ഗം പിടിച്ചിട്ടുപരി മിഴിയെറിഞ്ഞപ്പൊളാശ്ചര്യഭാവം
പൂരിച്ചസ്സായ്‌പ് “കാര്യം പറയുകുടനിറങ്ങീടുകെ”ന്നാജ്ഞനൽകി 19
"ബോധിപ്പിപ്പാൻ കുറച്ചുണ്ട;തിനിയിവിടെ നിന്നാകിലൊക്കില്ല, കണ്ഠം
രോധിച്ചൂ മഞ്ഞുകൊണ്ടും, നിശി ചെറുതുമുറങ്ങായ്‌കകൊണ്ടും മഹാത്മൻ
ബോധിപ്പിക്കും പ്രാണദണ്ഡക്കയർ വഴി കയറിപ്പോന്നു ഞാ, നങ്ങിറങ്ങാൻ
സാധിക്കില്ലിപ്രകാരം, കനിവൊടൊരു നെടും കോണി കല്പിച്ചിടേണം” 20
അക്കല്യാത്മാവിനുല്‌ക്കണ്ഠയു, മതിദയയും ക്രോധവുംകൂടിവന്നാ
ത്തക്കത്തിൽത്തത്സമീപത്തമരുമിരുവരിൽത്തൽക്ഷണം കണ്ണയച്ചാൻ
പൊക്കംകൂടുന്ന വൃക്ഷത്തൊടുകിടപൊരുതുംകോണിയൊന്നാഭടന്മാർ
വെക്കം പോയ്‌ക്കൊണ്ടുവന്നാര,തുവഴി വഴിയായ് മെല്ലെ മെല്ലെന്നിറങ്ങി. 21
താനാദ്യം സ്റ്റേഷനിൽപുക്കതു, മവരൊളിൽച്ചൊന്നവാക്കിൽബ്ഭയപ്പെ
ട്ടൂനാപേതം മരംപുക്കതു, മവർ കുഴികുത്തീടുവാൻ പോയലാക്കും,
താനാണെന്നോർത്തു തെറ്റായ് കുലപതിയെ വധം ചെയ്തതും, മെത്തയൊത്താ
സ്സേനാനാഥന്റെ ദേഹം കുഴിയിലഥ കുഴിച്ചിട്ടതും പാന്ഥനോതി. 22
കല്പാന്തക്കോളടിച്ചിട്ടിളകിടുമുദധിക്കൊപ്പമത്യുഗ്രകോപാൽ
കെല്പാർന്നുള്ളോരു സായ്പിൻ മിഴിയിണ ബഡവാഗ്നിക്കുതുല്യം ജ്വലിച്ചു.
നൽപ്പായക്കപ്പൽ പായും പടി ജവമൊടവൻ സ്റ്റേഷനുള്ളിൽക്കടന്നൂ
പിൽപ്പാടുണ്ടായ കോലാഹലനില പറവാനാർക്കുമേ ശക്യമല്ല. 23
അക്കേസിൽപ്പെട്ടനാലാളെയുമുടനുടനേ കൈവിലങ്ങിട്ടുവേഗം
തെക്കേമൂലയ്ക്കൽമൂടീടിന കുഴിയിലെഴും പണ്ടമെല്ലാമെടുത്തു.
അക്കേമൻതാൻ നടത്തീടിന നടവടിതൻശക്തിയാൽ നാരകത്തിൽ
പുക്കേറെസ്സന്തപിക്കുന്നതിനു കഴുമരം കേറിനാർ നാലുപേരും. 24
ഈവണ്ണം വേലിതന്നേവിളവുകളശനം ചെയ്‌വതിന്നായ് മുതിർന്നാൽ
ദൈവം നിസ്തുല്യശക്ത്യാ നിജഹൃദികരുതിച്ചെയ്‍വതും യുക്തമത്രേ.
ഏവന്നും പൂർവ്വജന്മാർജ്ജിത സുകൃതഫലംപോലെ വിത്താദിസർവ്വം
കൈവന്നീടും, പരസ്വക്കൊതിപെടുകിലിതേമട്ടു കഷ്ടത്തിലാകും. 25
@------------------------------------- ശുഭം ------------------------------------------@