Jump to content

വനമാല/ഒരു പാട്ട്‌

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഒരു പാട്ട്‌ (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു പാട്ട്‌
(‘മംഗളമാർന്നു വാഴണെ‘ എന്ന മട്ട്)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

സോദരരേ! നിങ്ങൾ സുഖ-
മേദുരമെന്നും ജയിക്ക!
സാദരമുന്നതി വരാൻ
ഖേദരഹിതം ശ്രമിക്ക!-സോദരരേ!...

സിംഹളർ, തീയർ, സേവകർ,
സിംഹതിയൊന്നപരോക്ഷം
നന്മയൊടു കേരളത്തിൽ
നമ്മൾ പതിന്നാലുലക്ഷം-സോദരരേ!...

നൂനമൊരു തൃണം ബല-
ഹീനമതിന്റെ സംഹതി
പീനപാശമാകിൽ, മദ-
യാനയെ പൂട്ടുവാൻ മതി-സോദരരേ!...

അംബുധി ഭയങ്കരമി-
തംബുബിന്ദുരാശിയല്ലൊ
ഇമ്മലകൾതന്നെ ചെറു-
മൺ‌മണിത്തരികളല്ലൊ-സോദരരേ!...

ചേരുവിനൊന്നായി യത്നം
പാരമാർന്നു നേടിൻ പുകൾ
വാരിധികീടങ്ങൾ മണ്ണു
കോരിയുണ്ടാക്കി ദ്വീപുകൾ-സോദരരേ!...

ശണ്ഠയിൽ ശോഭിപ്പിച്ചുതേ
പണ്ടു നാം പടനിലങ്ങൾ
കുണ്ഠിതയെന്നിയെ കൃഷി-
കൊണ്ടുമാ വെറുനിലങ്ങൾ-സോദരരേ!...

മന്നിലേവനും വരുന്നി-
തുന്നതി പരിശ്രമത്താൽ
മന്നവനും മടിയാലെ
മാന്യത കെടുംക്രമത്താൽ‌-സോദരരേ!...

വിദ്യയും ധനവും വരാൻ
ഉദ്യതരായ് പൊരുതുവിൻ
സത്യവും നീതിയും കുല=
കൃത്യമെന്നു കരുതുവിൻ-സോദരരേ!...

ഒത്തുമോരോന്നായും പൊതു-
വൃദ്ധിയോർക്കുവിനകമേ
നിത്യവും രക്ഷിച്ചുമൈക-
മത്യമാം കോട്ട പുറമേ-സോദരരേ!...

തങ്ങൾ തങ്ങളെത്തുണപ്പോർ
തങ്ങളെ ദൈവം തുണയ്ക്കും
നിങ്ങളതു നിനയ്ക്കുവിൻ
മംഗളം, മംഗളം! പ്രിയ-സോദരരേ!....
- നവംബർ 1906

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_പാട്ട്‌&oldid=35254" എന്ന താളിൽനിന്ന് ശേഖരിച്ചത്