Jump to content

ഐതിഹ്യമാല/വില്വമംഗലത്തു സ്വാമിയാർ 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വില്വമംഗലത്തു സ്വാമിയാർ 1


ശ്വരന്മാരെ മാംസചക്ഷുസ്സുകൊണ്ടു കാണാമായിരുന്ന ദിവ്യനായ വില്വമംഗലത്തു സ്വാമിയാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ കേരളീയരിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ സ്വാമിയാർ നിമിത്തം കേരളത്തിൽ അനേകം ക്ഷേത്രങ്ങളും ഏർപ്പാടുകളും ഉണ്ടായിട്ടുണ്ട്. അവയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരും ചിലർ ഉണ്ടായിരിക്കാം. അങ്ങനെയുള്ളവരുടെ അറിവിലേക്കായി ഇവിടെ അറിവു കിട്ടീട്ടുള്ള ചില സംഗതികൾ പറഞ്ഞുകൊള്ളുന്നു.

ഒരിക്കൽ ഒരു വൃശ്ചികമാസത്തിൽ കാർത്തികനാൾ വില്വമംഗലത്തു സ്വാമിയാർ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനത്തിനായിട്ടു ചെന്ന സമയം ഭഗവാനെ ശ്രീകോവിലിനകത്തു കാണാനില്ലായിരുന്നു. ഭഗവാനെ കാണാതെ വന്ദിക്കുന്നതെങ്ങനെയെന്നു വിചാരിച്ചു സ്വാമിയാർ ഉടനെ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങി പ്രദക്ഷിണത്തിനായി ചെന്നപ്പോൾ ഭഗവാൻ തെക്കേ മതിലിന്മേൽ കേറി തെക്കോട്ടു തിരിഞ്ഞിരിക്കുന്നതായി കണ്ടു. ഉടനെ സ്വാമിയാർ അവിടെച്ചെന്നു വന്ദിച്ചിട്ട് "ഇതെന്താണ് ഇവിടെ എഴുന്നെള്ളിയിരിക്കുന്നത്?" എന്നു ചോദിച്ചു. അപ്പോൾ ഭഗവാൻ "നമ്മുടെ പ്രിയതമയായ "കുമാരനല്ലൂർ കാർത്ത്യായനി" കുളിയും കഴിഞ്ഞു വരുന്ന ആഡംബരവും ആഘോ‌ഷവും കാണുന്നതിനായിട്ടിവിടെ വന്നിരുന്നതാണ്" എന്നരുളിച്ചെയ്തു. (ഉത്സവത്തിന്റെ അവസാനദിവസം എല്ലാ സ്ഥലങ്ങളിലുമുള്ളതുപോലെ ആറാട്ടു രാത്രിയിലാണെങ്കിലും കുമാരനല്ലൂരുത്സവത്തിൽ എല്ലാ ദിവസവും രാവിലെ ഒരാറാട്ടും ആറാട്ടു കഴിഞ്ഞു കേമമായിട്ടുള്ള എഴുന്നള്ളത്തും പതിവുണ്ട്. അതിന്റെ പ്രാധാ ന്യവും കേമത്തവും ഒമ്പതാമുത്സവദിവസമായ കാർത്തികനാൾ അധികമുണ്ട്). അന്നു മുതൽ ആണ്ടുതോറും വൃശ്ചികമാസത്തിൽ കാർത്തികനാൾ തൃശ്ശിവപേരൂർ വടക്കുന്നാഥന് രാവിലെ ഒരു പൂജ തെക്കേ മതിലിന്മേൽ വെച്ചു പതിവായി. ആണ്ടുതോറും ഭഗവാൻ കാർത്തികനാൾ കുമാരനല്ലൂർ ഭഗവതിയുടെ എഴുന്നള്ളത്തു കാണുന്നതിനായിട്ട് ആ മതിലിന്മേൽ എഴുന്നള്ളിയിരിക്കുമെന്നാണ് സങ്കല്പം. ഈ സംഗതി ജനങ്ങൾ അറിയുന്നതിനും മറ്റും കാരണഭൂതൻ ഈ സ്വാമിയാരാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഒരഷ്ടമിനാൾ വില്വമംഗലത്തു സ്വാമിയാർ വൈക്കത്തുക്ഷേത്രത്തിൽ ദർശനത്തിനായി ചെന്ന സമയം അമ്പലത്തിനകത്തു നിറച്ചു ബ്രാഹ്മണർ ഊണു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും സ്വാമിയാർ അകത്തുകടന്നു നടയിൽ ചെന്നപ്പോൾ ഭഗവാനെ ശ്രീകോവിലിനകത്തു കാൺമാനില്ലായിരുന്നു. ഇതെന്താണിങ്ങനെ വരാൻ എന്നു വിചാരിച്ചുകൊണ്ടു സ്വാമിയാർ അമ്പലത്തിലെല്ലാം സൂക്ഷിച്ചു നോക്കിയപ്പോൾ ഭഗവാൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേ‌ഷമായിട്ടു വടക്കേ ചുറ്റമ്പലത്തിൽ ഒരു തൂണിന്റെ ചുവട്ടിലിരുന്നു സദ്യയുണ്ണുന്നതായി കണ്ടു. ഭഗവാൻ വേ‌ഷപ്രച്ഛന്നനായിരുന്നുവെങ്കിലും സ്വാമിയാർ ദിവ്യനായിരുന്നതുകൊണ്ട് കണ്ടമാത്രയിൽത്തന്നെ അദ്ദേഹത്തിനു മനസ്സിലായി. ഉടനെ സ്വാമിയാർ അവിടെ ചെന്നു ഭഗവാനെ വന്ദിക്കുകയും വിവരം ജനങ്ങളെ ധരിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വൈക്കത്തു ക്ഷേത്രത്തിൽ സദ്യയുള്ള ദിവസങ്ങളിലെല്ലാം ആ തൂണിന്റെ അടുക്കൽ ഭഗവാനെന്നു സങ്കല്പിച്ച് ഒരില വച്ചു സകല വിഭവങ്ങളും വിളമ്പുക പതിവാകുകയും വൈക്കത്തഷ്ടമിക്കു വടക്കേച്ചുറ്റിലിരുന്ന് ഊണു കഴിക്കുക വളരെ മുഖ്യമായിട്ടുള്ളതാണെന്ന് ബ്രാഹ്മണർക്ക് ഒരു വിശ്വാസം ജനിക്കുകയും ചെയ്തു.

ഇപ്രകാരം തന്നെ വില്വമംഗലത്തു സ്വാമിയാർ സ്വാമിദർശനത്തിനായി ഒരുത്സവകാലത്ത് അമ്പലപ്പുഴെച്ചെല്ലുകയുണ്ടായി. അവിടെയും സ്വാമിയാർ അമ്പലത്തിൽ ചെന്നപ്പോൾ ഭഗവാൻ ശ്രീകോവിലിന്നകത്തില്ലായിരുന്നു. സ്വാമിയാർ പ്രദക്ഷിണമായി ചെന്നപ്പോൾ ഭഗവാൻ ഒരു പട്ടരുടെ വേ‌ഷമായിട്ടു നാടകശാലയിൽ മാരാരുടെ സദ്യയ്ക്കു വിളമ്പിക്കൊണ്ടു നിൽക്കുന്നതായി കണ്ടു. ഉടനെ സ്വാമിയാർ അവിടെച്ചെന്നു വന്ദിച്ചിട്ട്, "ഇവിടെ വയ്ക്കാനും വിളമ്പാനുമൊക്കെ ധാരാളമാളുകളുണ്ടല്ലോ. പിന്നെ അവിടുന്നുകൂടി ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അപ്പോൾ ഭഗവാൻ "ഇവർ (മാരാന്മാർ) നമ്മുടെ ഉത്സവം ഭംഗിയാക്കാനായിട്ടു വളരെ അദ്ധ്വാനം ചെയ്യുന്നവരാണ്. ഇവർക്കു തൃപ്തിയാകുംവണ്ണം ഭക്ഷണംകൊടുക്കുകയെന്നത് നമുക്കു വളരെ സന്തോ‌ഷകരമായിട്ടുള്ളതാണ്. ആണ്ടുതോറും ഇവരുടെ സദ്യയ്ക്കു വിളമ്പുവാൻ നാംകൂടെ വരിക പതിവുണ്ട്" എന്നരുളിച്ചെയ്തു. അന്നു മുതൽക്കാണ് അമ്പലപ്പുഴയുത്സവത്തിൽ നാടകശാലയിൽ മാരാന്മാരുടെ സദ്യയ്ക്ക് ഇത്ര പ്രാധാന്യം സിദ്ധിച്ചത്. മാരാന്മാരുടെ സദ്യസമയത്ത് ഭഗവാൻ അവിടെ എഴുന്നള്ളുന്നുണ്ടെന്നുതന്നെയാണ് ഇപ്പോഴുമുള്ള വിശ്വാസം. ഇങ്ങനെ വില്വമംഗലത്ത് സ്വാമിയാരെ സംബന്ധിച്ച് അനേകം കഥകളുണ്ട്. തിരുവനന്തപുരം തിരുവാർപ്പ് മുതലായ ക്ഷേത്രങ്ങൾ ഉണ്ടാകുവാനുള്ള കാരണം തന്നെ വില്വമംഗലത്ത് സ്വാമിയാരാണെന്ന് അവിടങ്ങളിലെ സ്ഥലപുരാണങ്ങൾകൊണ്ട് പ്രസിദ്ധമാണല്ലോ. ചേർത്തല കാർത്ത്യായനിയും വില്വമംഗലത്തു സ്വാമിയാരുടെ പ്രതി‌ഷ്ഠയാണെന്നാണ് കേട്ടിരിക്കുന്നത്. ഒരിക്കൽ സ്വാമിയാർ എവിടെയോ പോകുന്നതിനായി കരമാർഗം ചേർത്തലവഴി പുറപ്പെട്ടു. അങ്ങനെ പോകുമ്പോൾ അവിടെ ഒരു വനപ്രദേശത്ത് ഏഴു കന്യകമാർ കുളിച്ചുകൊണ്ടിരിക്കുന്നതായി കണ്ടു. ഈ കന്യകമാരെ കണ്ടപ്പോൾത്തന്നെ ഇവർ കേവലം മാനു‌ഷികളല്ലെന്നും ദിവ്യസ്ത്രീകളാണെന്നും തോന്നുകയാൽ സ്വാമിയാർ അടുത്തുചെന്നു. ഉടനെ അവർ ഏഴുപേരും അവിടെ നിന്ന് ഓടിത്തുടങ്ങി. സ്വാമിയാരും പിന്നാലെ ഓടി. കന്യകമാർ ഏഴുപേരും ഓടിച്ചെന്ന് ഓരോകുളത്തിൽ ചാടി. സ്വാമിയാരും പിന്നാലെ ചാടി. ഓരോരുത്തരെ പിടിച്ച് ഓരോ സ്ഥലത്തിരുത്തി. ഒടുക്കം ഏഴാമത്തെ കന്യക ചാടിയത് ഒരു ചേറുള്ള കുളത്തിലായിരുന്നതിനാൽ ആ കന്യകയുടെ തലയിലൊക്കെ ചേറായി. ആ കന്യകയെ സ്വാമിയാർ പിടിച്ചിട്ടു ചെല്ലാതെ കുറെ ബലംപിടിച്ചു നിന്നു. ഒടുക്കം സ്വാമിയാർ "എടീ ചേറ്റിൽത്തലയായോളേ! പു.........ടീ ഇവിടെ ഇരിക്ക്" എന്നു പറഞ്ഞുകൊണ്ട് ആ കന്യകയെയും പിടിച്ചുകേറ്റി അവിടെയിരുത്തി. ചേറ്റിൽ തലയായതുകൊണ്ട് "ചേർത്തല ഭഗവതി" എന്ന് ആ ഭഗവതിക്കും "ചേർത്തല" എന്ന് ആ ദേശത്തിനും നാമം സിദ്ധിച്ചു. ഇങ്ങനെ വില്വമംഗലത്തു സ്വാമിയാരാൽ പ്രതി‌ഷ്ഠിക്കപ്പെട്ട ഏഴു ഭഗവതികൾ ഉണ്ടായിത്തീരുകയും ചെയ്തു. അതിൽ ഏഴാമതായി പ്രതി‌ഷ്ഠിക്കപ്പെട്ട ദേവിയാണ് പ്രസിദ്ധപ്പെട്ട സാക്ഷാൽ ചേർത്തല കാർത്ത്യായനി. പ്രതി‌ഷ്ഠാസമയത്ത് സ്വാമിയാർ പുംശ്ചലി (പു.......ടി) എന്ന അസഭ്യവാക്കു പറഞ്ഞുകൊണ്ട് പ്രതി‌ഷ്ഠിച്ചതിനാലാണ് ഇന്നും ആ ദേവിക്ക് അസഭ്യങ്ങളായ പാട്ടുകളും ശകാരങ്ങളുമൊക്കെ സന്തോ‌ഷകരങ്ങളായിരിക്കുന്നത്. ചേർത്തല പൂരത്തിന്റെ പാട്ടുകൾ പ്രസിദ്ധങ്ങളാണല്ലോ.

ഇങ്ങനെ വില്വമംഗലത്തു സ്വാമിയാരുടെ അത്ഭുതകർമ്മങ്ങളും അദ്ദേഹത്തെ സംബന്ധിച്ച കഥകളും വളരെയുണ്ട്. ഇവയെല്ലാം വാസ്തവത്തിൽ നടന്നവയാണെങ്കിൽ ഈ കഥകൾക്കെല്ലാം വി‌ഷയീഭൂതനായ സ്വാമിയാർ ഒരാൾ തന്നെയല്ലെന്നോ അനേകം വില്വമംഗലത്തു സ്വാമിയാരന്മാരുണ്ടായിരുന്നു എന്നോ അഥവാ ഒരാൾ തന്നെ ആയിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ജീവിതകാലം ഒരു മനു‌ഷ്യായു‌ഷ്കാലത്തിൽ വളരെ കൂടുതലായിരുന്നു എന്നോ വിചാരിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ, തിരുവനന്തപുരം, തിരുവാർപ്പ്, ഏറ്റുമാനൂർ, ചേർത്തല മുതലായ സ്ഥലങ്ങളിലായി അനേകം ക്ഷേത്രങ്ങൾ ഉണ്ടാകുന്നതിനു കാരണഭൂതൻ ഈ ഒരു സ്വാമിയാർ ആയിരിക്കണമെങ്കിൽ ഈ ക്ഷേത്രങ്ങളെല്ലാം ഉണ്ടായ കാലങ്ങൾക്ക് ഏറിയാൽ ഒരു നൂറു കൊല്ലത്തിലധികം അന്തരം വരാൻ പാടില്ലല്ലോ . അപ്രകാരം തന്നെ തുഞ്ചത്തെഴുത്തച്ഛൻ, തലക്കുളത്തൂർ ഭട്ടതിരി മുതലായ അനേകം മഹാന്മാരുടെ കാലത്തെല്ലാം വില്വമംഗലത്തു സ്വാമിയാരും ഉണ്ടായിരുന്നതായി അനേകം കഥകളുണ്ട്. ഇവയും വാസ്തവമായിരിക്കണമെങ്കിൽ ഈ മഹാന്മാരുടെ ജീവിതകാലവും ഏകദേശം ഒന്നായിരിക്കണമല്ലോ. ചരിത്രപ്രകാരം കാലങ്ങൾക്കു വളരെ അന്തരമുള്ളതായിട്ടാണ് കാണുന്നത്. ഇതിന്റെ വാസ്തവം അറിവുള്ളവർ വല്ല പത്രം മുഖേനയും പ്രസ്താവിച്ചാൽ കൊള്ളാം.