Jump to content

ഐതിഹ്യമാല/വിജയാദ്രി മാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വിജയാദ്രി മാഹാത്മ്യം


"വിജയാദ്രി" യെന്നും അതിന്റെ പരിഭാ‌ഷയായി "വെന്നിമല"[1] എന്നും പറഞ്ഞുവരുന്ന പുണ്യപർവതം സ്ഥിതി ചെയുന്നത് തിരുവിതാംകൂർ സംസ്ഥാനത്ത് ചങ്ങനാശ്ശേരിത്താലൂക്കിലുൾപ്പെട്ട പുതുപ്പള്ളിപ്പകുതിയിലാണ്. കോട്ടയം പട്ടണത്തിൽനിന്ന് ഈ സ്ഥലത്തേക്ക് ഏകദേശം ഏഴു നാഴിക മാത്രമേ ദൂരമുള്ളു. ഈ പുണ്യസ്ഥലത്തേയും ഇവിടെയുള്ള "ഇരവിപുരം" എന്ന ക്ഷേത്രത്തെയും കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളത്തിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഈ സ്ഥലത്തിന്റെ മാഹാത്മ്യത്തേയും ഈ ക്ഷേത്രത്തിന്റെ ആഗമത്തേയും പറ്റി അറിഞ്ഞിട്ടുള്ളവർ ചുരുക്കമാകയാൽ അങ്ങനെയുള്ള ജനങ്ങളുടെ അറിവിലേക്കായി എന്റെ അറിവിൽപ്പെട്ടിടത്തോളം സംഗതികൾ ചുരുക്കത്തിൽ താഴെ കുറിക്കുന്നു.

പണ്ട് പരദേശങ്ങളിൽനിന്നു ചില പെരുമാക്കന്മാർ വന്നു പന്ത്രണ്ടുകൊല്ലംവീതം കേരളരാജ്യത്തെ ഭരിച്ചിരുന്നുവെന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അങ്ങനെ വന്നു കേരളചക്രവർത്തികളായി വാണിരുന്ന പെരുമാക്കന്മാരിൽ ഒടുവിൽ വന്നയാളും പ്രജാവത്സലനും ഭരണനിപുണനും വലിയ വിദ്വാനും മഹാകവിയും വിഷ്ണുഭക്തനും തന്റെ കാലാവധി (പന്ത്രണ്ടു കൊല്ലം) കഴിഞ്ഞിട്ടും, ജനങ്ങളുടെ അപേക്ഷപ്രകാരം മുപ്പത്താറു സംവത്സരം കേരളം ഭരിച്ചുകൊണ്ടു കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തെന്ന സ്ഥലത്തു താമസിച്ചിരുന്ന മഹാനും "കുലശേഖരവർമ്മാ"വെന്നു പ്രസിദ്ധനുമായിരുന്ന ചേരമാൻ പെരുമാൾ ഒരിക്കൽ തിരുവഞ്ചിക്കുളത്തുനിന്നു ജലമാർഗ്ഗമായി തെക്കൻ ദിക്കുകളിലേക്കു പുറപ്പെട്ടു. കോട്ടയത്തിനു പടിഞ്ഞാറുവശം വേമ്പനാട്ടുകായലിൽ എത്തിയപ്പോൾ കിഴക്കുഭാഗത്തായി ഒരു സ്ഥലത്ത് ആകാശത്തിൽ നക്ഷത്രസ്വരൂപികളായ സപ്തർ‌ഷികൾ നൃത്തംചെയ്തു കൊണ്ട് പ്രദക്ഷിണം വയ്ക്കുന്നതായിക്കണ്ട് അവിടെ ഭൂഭാഗത്ത് എന്തെങ്കിലും ഒരു വിശേ‌ഷമുണ്ടായിരിക്കണമെന്നു വിചാരിച്ച് വഞ്ചി കൊടുരാറുവഴി നേരെ കിഴക്കോട്ടു വയ്ക്കാൻ കൽപിക്കുകയും വഞ്ചിക്കാർ അപ്രകാരം ചെയ്യുകയും ചെയ്തു.

അങ്ങനെ ഏതാനും നാഴിക കിഴക്കോട്ടു ചെന്നപ്പോൾ വഞ്ചി പുതുപ്പള്ളിദേശത്തു പാലൂർപ്പണിക്കർ എന്നു പ്രസിദ്ധനായിരുന്ന നായരുടെ കടവിൽ ചെന്നടുത്തു. അവിടെ കൊടുരാര് അവസാനിക്കുകയും അവിടെനിന്നു കിഴക്കോട്ട് കരപ്രദേശമാകയാൽ വഞ്ചിയിൽപ്പോകുവാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തതുകൊണ്ട് ചേരമാൻ പെരുമാളും അനുചരന്മാരും അവിടെ കരയ്ക്കിറങ്ങി. ആ വിവരമറിഞ്ഞു പാലൂർ മൂത്തപണിക്കർ വീട്ടിൽനിന്ന് ഇറങ്ങിച്ചെന്നു പെരുമാളെക്കണ്ടു വന്ദിച്ച് അവിടെ എഴുന്നള്ളിയതിന്റെ ഉദ്ദേശ്യമെന്താണെന്നു ചോദിക്കുകയും പെരുമാൾ താൻ നക്ഷത്രങ്ങൾ പ്രദക്ഷിണം വെയ്ക്കുന്നതായിക്കണ്ട് ആ സ്ഥലത്ത് എന്തെങ്കിലും വിശേ‌ഷമുണ്ടായിരിക്കുമെന്നു വിചാരിച്ച് അവിടെപ്പോയി നോക്കാനായിട്ടു വന്നിരിക്കയാണെന്നുള്ള പരമാർത്ഥം പണിക്കരെ ഗ്രഹിപ്പിക്കുകയും ചെയ്തു. അപ്പോൾ വിദ്യാവൃദ്ധനും വയോവൃദ്ധനുമായിരുന്ന ആ പണിക്കർ പെരുമാളെ വീണ്ടും വന്ദിച്ചുകൊണ്ടു താഴെ വരുന്ന പ്രകാരം പറഞ്ഞു:

"അല്ലയോ എന്റെ തമ്പുരാനേ! ഇവിടെനിന്നു രണ്ടുമൂന്നു നാഴിക കിഴക്ക് ഒരു പുണ്യസ്ഥലമുണ്ട്. അതൊരു മലയാണ് അതിനു സംസ്കൃത പണ്ഡിതന്മാർ "വിജയാദ്രി" എന്നും സാധാരണ ജനങ്ങൾ "വെന്നിമല" എന്നും പേർ പറഞ്ഞു വരുന്നു. ആ മലയിൽ പണ്ട് "കപിലൻ" മുതലായി അനേകം മഹർ‌ഷിശ്രേഷ്ഠന്മാർ തപസ്സു ചെയ്തുപാർത്തിരുന്നു. ആ മലയുടെ ഉപരിഭാഗത്തായി മഹാവിഷ്ണുവിന്റെ ഒരു ബിംബവുമുണ്ടായിരുന്നു. ആ ബിംബം അവിടെ ആരും പ്രതിഷ്ഠിച്ചതല്ലായിരുന്നു, സ്വയംഭൂവായിരുന്നു. ആ ബിംബത്തിങ്കൽ ദേവന്മാരും ഋഷീബശ്വരന്മാരുമല്ലാതെ മറ്റാരും പൂജയും മറ്റും ചെയ്തിരുന്നില്ല. ആ വിഷ്ണുഭഗവാനെ സേവിച്ചു കൊണ്ടാണ് കപിലാദികൾ അവിടെത്താമസിച്ചിരുന്നത്.

"അവിടെ ആ താപസന്മാർ അവിടെത്താമസിച്ചിരുന്ന കാലത്ത് എവിടെനിന്നോ ഏതാനും രാക്ഷസന്മാർ അവിടെച്ചെന്നുചേരുകയും ഈ മഹർ‌ഷിമാരെ പലവിധത്തിൽ ഉപദ്രവിച്ചുതുടങ്ങുകയും ചെയ്തു. ദുഷ്ടന്മാരായ രാക്ഷസന്മാരുടെ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ആ താപസശ്രഷ്ഠന്മാർ ആ പുണ്യസ്ഥലം വിട്ടു പ്രാണഭീതിയോടുകൂടി കിഴക്കോട്ടോടി ശബര്യാശ്രമത്തിങ്കൽ ചെന്നെത്തി. അപ്പോൾ ദശരഥപുത്രനായ സാക്ഷാൽ ശ്രീരാമചന്ദ്രൻ അവിടെയെത്തി ശബരിക്ക് മോക്ഷം കൊടുത്തിട്ടു തന്റെ സഹോദരനായ ലക്ഷ്മണനോടുകൂടി പമ്പാതീരത്തിങ്കലെത്തിത്താമസിക്കുന്നതായിക്കേട്ട് ഈ മഹർ‌ഷിശ്രേഷ്ഠന്മാർ അവിടെച്ചെന്നു ശ്രീരാമനെ ശരണം പ്രാപിച്ചു തങ്ങളുടെ സങ്കടമറിയിച്ചു. അക്കാലത്തു സീതാവിരഹദുഃഖാക്രാന്തനായിരുന്നുവെങ്കിലും കരുണാനിധിയും ആശ്രിതവത്സലനുമായ ശ്രീരാമചന്ദ്രൻ മഹർ‌ഷിമാരുടെ സങ്കടം കേട്ട ക്ഷണത്തിൽ അവരുടെ സങ്കടം തീർത്തു കൊടുക്കുന്നതിനു ലക്ഷ്മണനെ നിയോഗിച്ചു. ഉടനെ ലക്ഷ്മണൻ വില്ലുമമ്പും ധരിച്ച് തന്റെ ജ്യേഷ്ഠന്റെ ആജ്ഞാപു‌ഷ്പത്തെ ശിരസാവഹിച്ചുകൊണ്ട് മഹർ‌ഷിമാരോടു കൂടിപ്പോയി ചെറുഞാണൊലിയിട്ടുകൊണ്ട് ആ മലയിൽചെന്നുകയറി. ലക്ഷ്മണന്റെ ചെറുഞാണൊലി കേട്ടക്ഷണത്തിൽ കാലചോദിതന്മാരായ ആ രാക്ഷസന്മാർ ആയുധങ്ങൾ ധരിച്ചുകൊണ്ടു ലക്ഷ്മണനോടു നേരിട്ടു. ക്ഷണനേരംകൊണ്ട് ലക്ഷ്മണൻ ആ രാക്ഷസന്മാരെയെലാം നിഗ്രഹിച്ചു മഹർ‌ഷിമാരുടെ സങ്കടം തീർത്തിട്ടു പൂർവ്വസന്നിധിയിലേക്കുതന്നെ തിരിച്ചു പോവുകയും ചെയ്തു. ലക്ഷ്മണനു വിജയം സിദ്ധിച്ച സ്ഥലമായതിനാലാണ് ആ മലയ്ക്കു "വിജയാദ്രി" എന്നു നാമം സിദ്ധിച്ചത്. അതിന്റെ പരിഭാ‌ഷയായിട്ടാണ് ജനങ്ങൾ "വെന്നിമല" എന്നു പറയുന്നത്. "വെന്നി" എന്ന വാക്കിനു ജയം എന്നും അർത്ഥമുണ്ടായിരിക്കാം. "ജയഭേരി" എന്ന സംസ്കൃതവാക്കിന്റെ പരിഭാ‌ഷയായിട്ടു മലയാളത്തിൽ "വെന്നിപ്പറ" എന്നു പറയാറുണ്ട്.

"ആ മലയിൽ പണ്ടു തപസ്സുചെയ്തുകൊണ്ടു താമസിച്ചിരുന്ന മഹർ‌ഷിശ്രേഷ്ഠന്മാരെല്ലാം ഇപ്പോഴും അവിടെത്തന്നെ ഉണ്ടെന്നാണു ജനങ്ങൾ പറയുകയും വിശ്വസിക്കുകയും ചെയ്തുപോരുന്നത്. എന്നാലിപ്പോൾ കലിയുഗമായതുകൊണ്ട് അവരെ മനു‌ഷ്യർക്കു പ്രത്യക്ഷമായി കാൺമാൻ കഴിയുന്നില്ല. എന്നുമാത്രമല്ല, മഹർ‌ഷിമാരിപ്പോൾ താമസിക്കുന്നത് അവിടെയുള്ള വലിയ ഗുഹകളിലാണ്. ഇപ്പോഴും അവരുടെ മനസ്സിൽ രാക്ഷസഭയവും ജനോപദ്രവുമുണ്ടാകരുതെന്നുള്ള വിചാരമുള്ളതിനാൽ അവർ ഗുഹകളുടെ പ്രവേശനദ്വാരങ്ങൾ ആരും കണ്ടുപിടിക്കാതെയിരിക്കത്തക്കവണ്ണം ആച്ഛാദിച്ചുകൊണ്ടാണ് താമസിക്കുന്നത്. എന്നാലവർ പണ്ടു പർണ്ണശാലകൾ കെട്ടി അവിടെത്താമസിച്ചിരുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനു ചില ലക്ഷ്യങ്ങൾ ഇപ്പോഴും അവിടെ കാൺമാനുണ്ട്. ആ മലയിൽ ഏഴു വലിയ സരസ്സുകളും എഴുപത്തിരണ്ട് അൽപസരസ്സുകളുമുണ്ട്. ജനങ്ങൾ വലിയ സരസ്സുകളെ "ചിറ"കളെന്നും അൽപസരസ്സുകളെ "ഓലി"കളെന്നുമാണ് പറഞ്ഞുവരുന്നത്. അവയെലാം പുണ്യതീർത്ഥങ്ങളാണ്. അവയിൽ വേനലെന്നും വർ‌ഷമെന്നുമുള്ള വ്യത്യാസം കൂടാതെ സദാ സ്ഫടികസദൃശമായ നിർമ്മലജലം പരിപൂർണ്ണമായിരിക്കുന്നു. മലയിൽനിന്നു തീർത്ഥം ഒലിച്ചു വന്ന സദാ ആ സരസ്സുകളെ നിറച്ചു കൊണ്ടാണിരിക്കുന്നത്. അതിനാൽ ഒരിക്കലുമവയിൽ ജലം കുറഞ്ഞു പോകുന്നില്ല എന്നാൽ ഒരു കാലത്തും കര കവിഞ്ഞ് ഒഴുകുന്നുമില്ല അവിടെച്ചെന്നുകണ്ടാൽ അവ ദിവ്യങ്ങളായിട്ടുള്ള പുണ്യസരസ്സുകളാണെന്ന് ആരും സമ്മതിക്കും. ആ പുണ്യ തീർത്ഥങ്ങളിൽ സ്നാനതർപ്പണങ്ങളും പിതൃക്രിയകളും ചെയ്താൽ മോക്ഷവും പിതൃപ്രീതിയും സിദ്ധിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം.

"വിജയാചലതീർത്ഥേ‌ഷു സ്നാത്വാ ഭക്ത്യാ പിതൃക്രിയാം
കരോതി മനേജോ യസ്തു ഗയാശ്രാദ്ധഫലം ലഭേൽ"

എന്നു സ്ഥലപുരാണത്തിൽപ്പറഞ്ഞിട്ടുമുണ്ട്. അതിനാൽ അർദ്ധോദയം, മഹോദയം, അമാവാസി മുതലായ പുണ്യദിവസങ്ങളിൽ അവിടെ സ്നാനതർപ്പണാദികൾക്കായി അസംഖ്യം ജനങ്ങൾ പല സ്ഥലങ്ങളിൽ നിന്നുമായി ഇപ്പോഴും അവിടെ വരുന്നുണ്ട്. പുണ്യദിവസങ്ങളിൽ ദേവന്മാരും അവിടെ വരുന്നുണ്ടെന്നാണ് ജനശ്രുതി. ഈ മലയുടെ അന്തർഭാഗത്തും തീർത്ഥങ്ങളുണ്ടെന്നും അവിടെയുയിരിക്കുന്ന താപസശ്രേഷ്ഠന്മാർ പുണ്യദിനങ്ങളിൽ അവയിൽ സ്നാനനതർപ്പണാദികൾ ചെയ്യുന്നുണ്ടെന്നുമുള്ള കാര്യം തീർച്ചയാണ്. എന്തെന്നാൽ, പുണ്യദിനങ്ങളിൽ മലയിൽനിന്ന് ഒലിച്ചുവരുന്ന തീർത്ഥത്തോടുകൂടി ദർഭപ്പുല്ലും പൂക്കളും അക്ഷതവും മറ്റും ഇപ്പോഴും പതിവായിക്കണ്ടുവരുന്നുണ്ട്. ഇവ ആ മഹർ‌ഷിമാരുടെ തർപ്പണത്തിന്റെ വകയായിരിക്കണമല്ലോ.

"എന്നാൽ ആ മലയുടെ മുകളിൽ പണ്ടുണ്ടായിരുന്ന വിഷ്ണുവിഗ്രഹം ഇപ്പോൾ അവിടെ പ്രത്യക്ഷമായി കാൺമാനില്ല. അതു മണ്ണിനടിയിൽ മറഞ്ഞുപോയിരിക്കുന്നു. എങ്കിലും ആ ബിംബമുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാൻ മാർഗ്ഗമുണ്ട്. ആ മലയിൽ ഇപ്പോഴും ചില വേടന്മാർ കുടുംബസഹിതം താമസിക്കുന്നുണ്ട്. അവരിൽ പ്രാധനന്റെ പേർ "ഇരവി" എന്നാണ്. അവൻ ഒരു ദിവസം പാരകൊണ്ട് കാട്ടുകിഴങ്ങുകൾ മാന്തിപ്പറിച്ചപ്പോൾ ഒരു സ്ഥലത്തുനിന്നു രക്തപ്രവാഹമുണ്ടായി. അവൻ അതു കണ്ടു പേടിക്കുകയും അവനു മോഹാലസ്യമുണ്ടാവുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴിക കഴിഞ്ഞതിന്റെ ശേ‌ഷമാണ് അവന് ബോധം വീണത്. അവന്റെ പാര ആ വിഷ്ണുബിംബത്തിൽ കൊണ്ടതിനാലാണ് രക്തപ്രവാഹമുണ്ടായത്. ആ ഇരവിയോടു പറഞ്ഞാൽ അവൻ സ്ഥലം കാണിച്ചുതരും. അവന്റെ കൂട്ടുകാരോ മറ്റോ ഇനിയും ആ സ്ഥലത്തു മാന്തുകയോ കുഴിക്കുകയോ ചെയ്യാനിടയാകാതെ സൂക്ഷിച്ചുകൊണ്ട് അവൻ ആ സ്ഥലത്തിനു സമീപിച്ചുതന്നെയാണ് കുടികെട്ടി താമസിച്ചു വരുന്നത്".

ചേരമാൻ പെരുമാൾ: എനിക്ക് ആ സ്ഥലംതന്നെയാണ് കാണേണ്ടത്. താഴെയിരിക്കുന്ന വിഷ്ണുവിഗ്രഹത്തെ ഉദ്ദേശിച്ചു സപ്തർ‌ഷികൾ ആ സ്ഥലത്തിന്റെ ഉപരിഭാഗത്തുതന്നെയായിരിക്കണം പ്രദക്ഷിണം വയ്ക്കുന്നതായി ഞാൻകണ്ടത്. അതുകൊണ്ട് നമുക്ക് അങ്ങോട്ടു പോകാം. പണിക്കരും ഒരുമിച്ചു തന്നെ വരണം.

പണിക്കർ: എഴുന്നള്ളത്തോടുകൂടി വരുന്നതിന് അടിയനു വിരോധമൊന്നുമില്ല; സന്തോ‌ഷമാണ്. പക്ഷേ എഴുന്നള്ളുന്ന കാര്യമാണ് വലിയ വി‌ഷമമായിട്ടിരിക്കുന്നത്. ഒരൂടുവഴി മാത്രമേ ഉള്ളു. അതുതന്നെ വലിയ കാട്ടിൽക്കൂടിയാണ്. വാഹനങ്ങളിൽ പോകാനും നിവൃത്തിയില്ല. കാൽനടയായിത്തന്നെ പോകേണ്ടിയിരിക്കുന്നു. അമാവാസി ദിവസങ്ങളിലും മറ്റും അടിയങ്ങൾ പോകുന്നതുതന്നെ വളരെ പ്രയാസപ്പെട്ടാണ്. പിന്നെ തിരുമേനി എഴുന്നള്ളുന്നതെങ്ങനെയാണെന്നാണ് അടിയൻ വിചാരിക്കുന്നത്.

പെരുമാൾ: അതിനെക്കുറിച്ചു വിചാരിക്കേണ്ട. ഞാൻ നടന്നു കൊള്ളാം. എനിക്ക് ഇതൊന്നും പ്രയാസമായി തോന്നുന്നില്ല.

"എന്നാൽ കല്പനപോലെ" എന്നു പറഞ്ഞു പണിക്കർ മാർഗ്ഗദർശിയായിട്ടു മുൻപേയും പെരുമാളും സഹചരന്മാരും പിന്നാലെയുമായിട്ട് അവിടെനിന്ന് പുറപ്പെട്ടു.

ഇവർ മലയിലേക്കു പുറപ്പെട്ടതു മരംകോച്ചുന്ന മഞ്ഞുള്ള മകരമാസത്തിലൊരു ദിവസം വെളുപ്പാൻകാലത്തായിരുന്നു. അപ്പോൾ മഞ്ഞിന്റെ തണുപ്പു സാമാന്യത്തിലധികമുണ്ടായിരുന്നതിനാൽ ചേരമാൻ പെരുമാൾ പാലൂർ പണിക്കരോട്, "ഇവിടെത്തന്നെ മഞ്ഞിന്റെ ശൈത്യം ദുസ്സഹമായിരിക്കുന്നു. മലയിൽ ചെല്ലുമ്പോൾ ഇത് ഇതിലധികമായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്പോൾ പണിക്കർ, "മലകളിൽ മഞ്ഞ് മറ്റുള്ള സ്ഥലങ്ങളിലുള്ളതിൽ അധികമായിരിക്കുന്നതു സാധാരണമാണ്. എന്നൽ ഈ മലയിലങ്ങനെയല്ല. ഇവിടെ മഞ്ഞും തണുപ്പും ലേശംപോലുമില്ല. അടിയൻ അറിയിച്ചതു പരമാർത്ഥമാണെന്ന് അവിടെച്ചെല്ലുമ്പോൾ തിരുമനസ്സിലേക്കു ബോദ്ധ്യപ്പെടും. അവിടെ മരങ്ങളുടെ ഇലകളിൽപോലും മഞ്ഞുവെള്ളം കാണുകയില്ല. പണ്ട് ഇവിടെയും മഞ്ഞ് മറ്റുള്ള മലകളിലെപ്പോലെ ഉണ്ടായിരുന്നുവെന്നും മഹർ‌ഷിമാരുടെ അപേക്ഷപ്രകാരം രാക്ഷസനിഗ്രഹത്തിനായി വന്നിരുന്ന ലക്ഷ്മണസ്വാമിക്കു മഞ്ഞിന്റെ ശൈത്യം ദുസ്സഹമായിത്തീരുകയാൽ കപില മഹർ‌ഷി "ഈ മലയിൽ മഞ്ഞില്ലാതെയായിപ്പോകട്ടേ" എന്നു ശപിക്കുകയാലാണ് ഇവിടെ മഞ്ഞില്ലാതെയായിപ്പോയെതെന്നുമാണ് ഐതിഹ്യം. അതെങ്ങനെയായാലും ഇവിടെ മഞ്ഞില്ലെന്നുള്ള കാര്യം വാസ്തവം തന്നെ" എന്നു പറഞ്ഞു.

ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് നടന്ന് അവർ വിജയാദ്രിയുടെ ഉപരിഭാഗത്തെത്തി. ആ കാട്ടുവഴിയിൽക്കൂടി കാൽനടയായി കയറ്റം കയറി മലയുടെ മുകളിലെത്തുന്നതിനു ചേരമാൻ പെരുമാൾക്കു സഹചരന്മാരോളംതന്നെ പ്രയാസവും ക്ഷീണവുമുണ്ടായില്ല. അദ്ദേഹത്തിന്റെ ദേഹം അങ്ങനെയുള്ളതായിരുന്നുവല്ലോ.

"ഔന്നത്യം ചേർന്ന മൂക്കും പൃഥുഗളവുമുയർന്നുള്ളൊരംഗങ്ങൾതന്നിൽ
ച്ചേർന്നീടും പൊന്മണികർണ്ണിക വിലസിടുമാക്കർണ്ണപാശങ്ങൾ രണ്ടും
നന്നായ് മുട്ടോളവും തൂങ്ങിയ കരയുഗവും നല്ല പൊൻവർണ്ണവും പൂ-
ണ്ടന്യുനായാമമേവന്നുടലതു ജനതയ്ക്കുള്ള ദുഃഖങ്ങൾ തീർക്കും"

എന്നാണല്ലോ 'സുഭദ്രാധനഞ്ജയം' നാടകത്തിൽ അദ്ദേഹത്തിന്റെ ആകാരത്തെ വർണ്ണിചിരിക്കുന്നത്.

അവർ മലയുടെ ഉപരിഭാഗത്തെത്തിയതിന്റെ ശേ‌ഷം പാലൂർ പ്പണിക്കർ ഇരവിയെ വിളിച്ച് അവൻ കാട്ടുകിഴങ്ങു മാന്തിയ സമയം രക്തപ്രവാഹമുണ്ടായ സ്ഥലം കാണിച്ചുകൊടുക്കുവാൻ പറയുകയും അവൻ കാണിച്ചുകൊടുക്കുകയും ചെയ്തു. ചേരമാൻ പെരുമാൾ ആ സ്ഥലത്തിനു മൂന്നു പ്രദക്ഷിണം വെച്ചു നമസ്കരിച്ചതിന്റെ ശേ‌ഷം ഇരവിയെ വിളിച്ച് "ഈ സ്ഥലത്തിനു "കോട്ട" എന്നു പേരിട്ടിരിക്കുന്നു. അതിനാൽ മേലിൽ ഈ സ്ഥലത്തിനു "വെന്നിമലക്കോട്ട" എന്നു നാമമായിരിക്കുന്നതാണ്. പണ്ടു സ്വയംഭൂവായ ബിംബമുണ്ടായിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയിച്ചു ദേവപ്രതിഷ്ഠ നടത്തിക്കണമെന്നു നാം വിചാരിക്കുന്നു. അതിനാൽ നീയും നിന്റെ ജാതിക്കാരായ വേടന്മാരിൽ ആരുംതന്നെ മേലാൽ ഈ മലയുടെ ഉപരിഭാഗത്തു താമസിക്കരുത്. എന്നാൽ വളരെക്കാലമായി ഇവിടെ താമസിച്ചുവരുന്ന നിങ്ങൾ ഇവിടംവിട്ടു പോകണമെന്നു നാം ആജ്ഞാപിക്കുന്നില്ല. ഈ മലയുടെ നാലു വശങ്ങളിലും അടിവാരങ്ങളിൽ കുടിൽ കെട്ടി ഈ കോട്ടയ്ക്കു കാവലായി നിങ്ങൾ താമസിച്ചുകൊള്ളണം. നിങ്ങളിലാരും ഈ കോട്ടയിലുള്ള പക്ഷിമൃഗാദികളെ ഹിംസിക്കുകയോ കാടുകളും മരങ്ങളും വെട്ടിയഴിക്കുകയോ ചെയ്തുപോകരുതെന്നു മാത്രമല്ല, അന്യന്മാർ വന്ന് അപ്രകാരമൊന്നും ചെയ്യാതെ നിങ്ങൾ സൂക്ഷിക്കുകയും വേണം. ഇതിലേക്ക് എന്തെങ്കിലും ചെറുതായ ഒരു പ്രതിഫലം നാം നിങ്ങൾക്കു തരികയും ചെയ്യാം. ഈ സ്ഥലം പണ്ട് മഹർ‌ഷിമാരുടെ തപോവനമായിരുന്നുവല്ലോ. ആ സ്ഥിതിയിൽതന്നെ ഇവിടം, മേലാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്ന ദേവന്റെ സങ്കേതമായിരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്" എന്ന് പറഞ്ഞു. ഇതു കെട്ട് ഇരവി താണുതൊഴുതുകൊണ്ട്, "പൊന്നുതമ്പുരാനേ! അടിയങ്ങൾ കല്പനയ്ക്കു വിരോധമായി യാതൊന്നും പ്രവർത്തിക്കുന്നവരല്ല. കല്പനപോലെയെല്ലാം ഇവിടുത്തെ അടിമകളായി അടിയങ്ങൾ കോട്ടയുടെ നാലുവശത്തും അടിവാരങ്ങളിൽ മാടങ്ങൾ കെട്ടിപ്പാർത്തു കൊള്ളാം. ഈ മല തപോവനമായിരുന്നതുകൊണ്ട് ഇവിടെ ദുഷ്ടമൃഗങ്ങളൊന്നുംതന്നെ ഇല്ല. ഇവിടെ മൃഗങ്ങളെന്നു പറയാൻ മരഞ്ചാടികൾ മാത്രമേയുള്ളു. അവർ ശ്രീരാമഭക്തന്മാരാണെന്നുള്ള വിശ്വാസം നിമിത്തം അവരെ ആരും ഹിംസിക്കാറുമില്ല. പിന്നെ, ഇവിടെയുള്ള കാടും മരങ്ങളും ആരും വെട്ടി നശിപ്പിക്കാതെ അടിയങ്ങൾ പ്രത്യേകം സൂക്ഷിച്ചുകൊള്ളുകയും ചെയ്യാം" എന്നുണർത്തിച്ചു.

ഇത്രയും കഴിഞ്ഞപ്പോഴേക്കും ജനങ്ങൾ കേട്ടുകേൾപ്പിച്ചു ചേരമാൻ പെരുമാൾ എഴുന്നള്ളിയിരിക്കുന്ന വിവരമറിയുകയും അരിയും കറിക്കോപ്പുകളും മറ്റും ശേഖരിച്ച് ആ മലയുടെ മുകളിൽ എത്തിക്കുകയും സമീപസ്ഥന്മാരും "മലമേൽക്കാവുസമൂഹ"ത്തിലുൾപ്പെട്ടവരുമായ ചോഴിയപ്പട്ടന്മാരെ വരുത്തി ചതുർവ്വിധവിഭവങ്ങളോടുകൂടി അമൃതേത്തിനെല്ലാം തയ്യാറാക്കിക്കുകയും ചെയ്തു. കേരളചക്രവർത്തിയായിരുന്ന മഹാരാജാവെഴുന്നള്ളിയിരിക്കുന്നതായി അറിഞ്ഞാൽ അമൃതേത്തും മറ്റും തയ്യാറാക്കുന്നതിന് എല്ലാവരും സന്നദ്ധരായിരിക്കുമല്ലോ. ഭക്ഷണത്തിന് വേണ്ടുന്നതെല്ലാം തയ്യാറായി എന്നറിഞ്ഞു ചേരമാൻ പെരുമാൾ മുതലായവർ ഓരോ ചിറകളിൽപ്പോയി സ്നാനം മുതലായവ കഴിച്ചുവന്നു പ്രത്യേകം പ്രത്യേകം മാറിയിരുന്ന് യഥാക്രമം ഊണുകഴിച്ചു. ആ വനഭോജനം അവർക്കെല്ലാവർക്കൂം ഏറ്റവും സന്തോ‌ഷപ്രദവും സുഖവുമായി എന്ന് അവരിൽ നിന്നുതന്നെ അന്യന്മാർക്കും അറിയാനിടയാവുകയും ചെയ്തു.

പിന്നെ ജനങ്ങൾക്കൂടി ചേരമാൻ പെരുമാളുടെ തത്കാലതാമസത്തിനായി ആ മലയുടെ പടിഞ്ഞാറെച്ചരുവിൽ ഒരു പുര അന്നു വൈകുന്നേരത്തേക്കുതന്നെ കെട്ടിയുണ്ടാക്കി. അപ്പോൾ മുതൽ അദ്ദേഹത്തിന്റെ താമസം അവിടെയാക്കി. അവിടെ വേണ്ടുന്ന സകലസാധനങ്ങളും മുറയ്ക്ക് ഇടപ്രഭുക്കന്മാരും നാടുവാഴികളും മറ്റും ശേഖരിച്ചു കൊടുത്തുകൊണ്ടിരുന്നു. പാചകവൃത്തി മലമേൽക്കാവു സമൂഹക്കാർതന്നെ നടത്തി. ഭൃത്യന്മാരും മറ്റും പെരുമാളുടെക്കൂടെത്തന്നെ ധാരാളമുണ്ടായിരുന്നു. പിന്നെ പാലൂർപ്പണിക്കർ മുതലായി മൂന്നുപേർ വിശേ‌ഷാൽ ചെന്നുകൂടുകയും ചെയ്തു. ചേരമാൻ പെരുമാൾ ഇങ്ങനെ അവിടെത്താമസിച്ചുകൊണ്ടു മുറയ്ക്കു ക്ഷേത്രം പണി നടത്തിച്ചു. അമ്പലം ഒട്ടും മോശമല്ലായിരുന്നു. നാലമ്പലം, ബലിക്കൽപ്പുര, വാതിൽമാടം മുതലായവയോടുകൂടിത്തന്നെയാണ് പണിയിച്ചത്. പശ്ചിമാഭിമുഖമായ ആ ക്ഷേത്രത്തിന്റെ വടക്കെ വഴിയമ്പലം കൂത്തമ്പലമായിട്ടും ഉപയോഗിക്കുവാൻ തക്കവണ്ണം അതിൽ അരങ്ങും അണിയറയുംകൂടി ഉണ്ടാക്കിച്ചു. ശ്രീകോവിൽ, മണ്ഡപം, തിടപ്പള്ളി, മുളയറ മുതലായവയെല്ലം പണിക്കുറ തിർന്നപ്പോഴേക്കും കൃഷ്ണശിലകൊണ്ടു ചതുർബ്ബാഹുവായിട്ടുള്ള ഒരു വിഷ്ണുവിഗ്രഹമുണ്ടാക്കിച്ചു ജ്യോത്സ്യന്മാരെ വരുത്തി ആലോചിച്ചു പ്രതിഷ്ഠയ്ക്കു മുഹൂർത്തം നിശ്ചയിക്കുകയും മൂഹുർത്തച്ചാർത്ത് എഴുതിച്ചു വാങ്ങുകയും പ്രസിദ്ധതന്ത്രിയായ താഴമൺ പോറ്റിയുടെ അടുക്കൽ ആളയച്ചു വിവരം ഗ്രഹിപ്പിക്കുകയും പ്രതിഷ്ഠ, കലശം, ഉത്സവും മുതലായവയ്ക്ക് അദ്ദേഹത്തിന്റെ ചാർത്തു വരുത്തുകയും സകല സാധനങ്ങളും ശേഖരിക്കുകയും ചെയ്തു. പ്രതിഷ്ഠയ്ക്കുള്ള ക്രിയകൾ തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പേതന്നെ തന്ത്രിയേയും ശാന്തി, പരികർമ്മം, കഴകം, വാദ്യഘോ‌ഷം മുതലായവയ്ക്കു വേണ്ടുന്ന ബ്രാഹ്മണരെയും വാരിയന്മാരെയും മാരാന്മാരെയും മറ്റും സ്ഥലത്തു വരുത്തി താമസിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ വേണ്ടുന്ന സാധനങ്ങളെല്ലാം തയ്യാറാക്കിവെക്കുകയും വരേണ്ടുന്നവരെല്ലാം വന്നുചേരുകയും ചെയ്തതിന്റെശേ‌ഷം ക്രിയകളാരംഭിക്കുന്നതിന്റെ തലേദിവസം സന്ധ്യ കഴിഞ്ഞപ്പോൾ ഒരാൾ അവിടെച്ചെന്നു ചേർന്നു. ജടയും താടിയും വളർത്തിയും ദേഹമെല്ലാം ഭസ്മംപൂശിയും കഴുത്തിൽ രുദ്രാക്ഷമാലകളഞ്ഞും മരവുരിയുടുത്തുമിരുന്ന ആ ആളെക്കണ്ടാൽതന്നെ ഒരു സന്യാസിയോ താപസനോ മറ്റോ ആണെന്നു തോന്നുമായിരുന്നു. അദ്ദേഹം അവിടെച്ചെന്ന് എന്തൊക്കെയോ സംസാരിച്ചു. അതെല്ലാം ഗീർവ്വാണഭാ‌ഷയിലായിരുന്നതിനാൽ അവിടെ നിന്നിരുന്നവർക്കു കാര്യമൊന്നും മനസ്സിലായില്ല. ഈ വിവരമറിഞ്ഞു ചേരമാൻ പെരുമാൾതന്നെ അവിടെച്ചെന്നു. ആ താപസനെ കണ്ടപ്പോൾത്തന്നെ അദ്ദേഹം ഒരു ദിവ്യനാണെന്നു തോന്നുകയാൽ ചേരമാൻ പെരുമാൾ അദ്ദേഹത്തിന്റെ പാദത്തിങ്കിൽ വീണുനമസ്കരിച്ചു. ചേരമാൻ പെരുമാളും ഗീർവ്വാണഭാ‌ഷാഭിജ്ഞനായിരുന്നതിനാൽ അവർ തമ്മിൽ സംഭാ‌ഷണമാരംഭിച്ചു. അതിന്റെ പരിഭാ‌ഷ താഴേച്ചേർക്കുന്നു:

താപസൻ: ഇവിടെ പ്രതിഷ്ഠിപ്പിക്കാനായി ഒരു ബിംബമുണ്ടാക്കിച്ചു വെച്ചിട്ടുണ്ടല്ലോ. അതു കേടുള്ളതാകയാൽ പ്രതിഷ്ഠിപ്പിക്കരുത്. അതു പ്രതിഷ്ഠിപ്പിച്ചാൽ രാജാവിനു ഗുണത്തിനു പകരം ദോ‌ഷമാണുണ്ടാകുന്നത്.

പെരുമാൾ: ആ ബിംബത്തിനു യാതൊരു കേടും ഞങ്ങളാരും കണ്ടില്ല. പിന്നെ അവിടുന്ന് ഇങ്ങനെ പറയുന്നതെന്താണാവോ?

താപസൻ: ആ ബിംബം എന്നെ ഒന്നു കാണിച്ചുതന്നാൽ കേടെവിടെയാണെന്നു ഞാൻകാണിച്ചുതരാം.

ഇതു കേട്ടു ചേരമാൻപെരുമാൾ താപസനെ വിളിച്ചുകൊണ്ടുപോയി ബിംബം കാണിച്ചുകൊടുത്തു. ഉടനെ താപസൻ അദ്ദേഹത്തിന്റെ കൈയിലിരുന്ന ഇരുമ്പുവടികൊണ്ട് ആ ബിംബത്തിന്റെ ഉദരമദ്ധ്യത്തിങ്കൽ ഒരു കുത്തു കൊടുത്തു. അപ്പോൾ ആ ഭാഗം പൊട്ടിത്തുറക്കുകയും അവിടെ നിന്നു കൃമികളോടുകൂടിയ വെള്ളമൊലിക്കുകയും ഒരു ചെറിയ തവള പുറത്തേക്കു ചാടുകയും ചെയ്തു. ഇതു കണ്ട് എല്ലാവരും അത്ഭുതപരവശന്മാരായിത്തീർന്നു. ചേരമാൻ പെരുമാൾക്ക് അത്ഭുതത്തെക്കാളധികം വ്യസനമാണുണ്ടായത്. വട്ടം കൂട്ടേണ്ടതെല്ലാം കൂട്ടിക്കഴിഞ്ഞു. വരേണ്ടുന്നവരെല്ലാം വന്നു ചേരുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു വിഷ്ണുവിഗ്രഹമുണ്ടാക്കിച്ച് നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ. അതു വിചാരിച്ചിട്ടു പെരുമാൾക്കുണ്ടായ ഇച്ഛാഭംഗവും വ്യസനവും സീമാതീതമായിരുന്നു. അദ്ദേഹം ആ താപസന്റെ പാദത്തിങ്കൽ വീണ്ടും വീണു നമസ്കരിച്ചിട്ട്,"അല്ലയോ സ്വാമിൻ! കേടുള്ളതായ ഈ ബിംബം പ്രതിഷ്ഠിപ്പിക്കാനിടയാകാത്തതിനെക്കുറിച്ച് അപാരമായ സന്തോ‌ഷമുണ്ട്. എങ്കിലും നിശ്ചിതമുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ എന്നു വിചാരിച്ച് ഞങ്ങൾക്കു അളവറ്റ വ്യസനവുമുണ്ട്. ഇനി ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു വിഗ്രഹമുണ്ടാക്കിച്ചു പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ" എന്നു പറഞ്ഞു.

താപസൻ: അല്ലയോ രാജാവേ! അങ്ങ് ഇതിനെക്കുറിച്ച് ഒട്ടും വ്യസനിക്കേണ്ടാ. ഇതിലേക്ക് ഒരു നിവൃത്തിമാർഗ്ഗം ഞാൻപറഞ്ഞുതരാം. ഈ മലയുടെ കിഴക്കേച്ചെരിവിലുള്ള ഒരു ചിറയിൽ മഹാവിഷ്ണുകലാ സംഭൂതനായ ലക്ഷ്മണസ്വാമിയുടെ ഒരു വിഗ്രഹം കിടക്കുന്നുണ്ട്. അതു ബ്രാഹ്മണരെക്കൊണ്ടു മുങ്ങിയെടുപ്പിച്ചു കൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തിച്ചുകൊള്ളുക. അവിടെ ചിറകളും ഓലികളും പലതുണ്ടെങ്കിലും ബിംബം കിടക്കുന്ന ചിറയ്ക്ക് ഒരടയാളം കൂടി പറയാം. ബിംബമെടുക്കാനായി ചെല്ലുന്ന സമയം ഒരു ചിറയിൽ ഒരു താമരപ്പൂവ് വികസിച്ച് നിൽക്കുന്നതായിക്കാണും. ആ സ്ഥലത്തു മുങ്ങിത്തപ്പിയാൽ ബിംബം കണ്ടുകിട്ടും. ആ ബിംബത്തിന് ഇനി ജലാധിവാസം മുതലായ ക്രിയകളൊന്നും ആവശ്യമില്ല. എടുത്തുകൊണ്ടുവന്ന് യഥാവിധി പ്രതിഷ്ഠയും കലശം മുതലായവയും നടത്തിയാൽ മതി.

ഇത്രയും പറഞ്ഞുകഴിഞ്ഞതിന്റെ ശേ‌ഷം ആ താപസൻ അവിടെക്കൂടിനിന്നിരുന്ന ജനങ്ങളുടെ ഇടയിലേക്കു മാറിമറഞ്ഞു. പിന്നെ അദ്ദേഹത്തെ അവിടെയെങ്ങും ആരും കണ്ടില്ല. ആ താപസൻ സാക്ഷാൽ കപിലമഹർ‌ഷിതന്നെയാണെന്നാണ് പിന്നീടെല്ലാവരും തീർച്ചപ്പെടുത്തിയത്. ആരായാലും ഒരു ദിവ്യനായിരുന്നു എന്നുള്ളതിനു സംശയമില്ല.

ആ താപസൻ പിരിഞ്ഞുപോയപ്പോഴേക്കും രാത്രി വളരെയധികമായിരുന്നതുകൊണ്ടു മലയുടെ കിഴക്കുഭാഗം വലിയ കാടായിരുന്നതിനാലും ബിംബം മുങ്ങിയെടുക്കാനും മറ്റും അന്ന് ആരും പോയില്ല. പിറ്റേ ദിവസം രാവിലെ ചേരമാൻ പെരുമാൾ പാലൂർപ്പണിക്കർ മുതലായ ചില നായന്മാരെ നാലഞ്ചു ബ്രാഹ്മണരോടുകൂടി കിഴക്കേക്കോട്ടയിലേക്കയച്ചു. അവർ കാടും മുള്ളുമൊന്നും വകവെയ്ക്കാതെ കിഴക്കേക്കോട്ടയിൽ വളരെ നേരം ചുറ്റിനടന്നുനോക്കീട്ടും താമരപ്പൂവുള്ള ചിറകണ്ടില്ല. അപ്പോൾ ഒരു കൃഷ്ണപ്പരുന്ത് ആകാശമാർഗ്ഗത്തിങ്കൽ ഒരു സ്ഥലത്തു പ്രദക്ഷിണമായി പറന്നുകൊണ്ടിരിക്കുന്നതു കണ്ടിട്ട് അതിന്റെ അധോഭാഗത്തായിരിക്കണം ബിംബം കിടക്കുന്നതെന്ന് അവർക്കൊരു ഭൂതോദയമുണ്ടായി. ഉടനെ അവർ ആ പരുന്തു പറന്നുകൊണ്ടിരുന്ന സ്ഥലത്തിനു താഴെച്ചെന്നു. അപ്പോൾ അവിടെ ഒരു ചിറയും അതിന്റെ മദ്ധ്യഭാഗത്തു വികസിച്ചുനിൽക്കുന്ന ഒരു ചെന്താമരപ്പൂവും കണ്ടു. ഉടനെ രണ്ടുമൂന്നു ബ്രാഹ്മണർ ചിറയിൽ ഇറങ്ങി മുങ്ങാനായി അടുത്തുചെന്നു. ആ സമയം ചിറയുടെ കിഴക്കുഭാഗത്തുള്ള കൊടുകാട്ടിൽനിന്ന് അതിഭയങ്കരമായ ഒരട്ടഹാസവും "ചിറയിൽ ആരും ഇറങ്ങിക്കൂടാ" എന്ന് ആരോ വിളിച്ചു പറയുന്നതായും കേട്ടു. ഇതു കേട്ടപ്പോൾ പാലൂർപ്പണിക്കർ മുതലായവരെല്ലാവരും ഏറ്റവും ഭയവിഹ്വലന്മാരായിത്തീർന്നു. പിന്നെ ആ ചിറയിലിറങ്ങാൻ ആ കൂട്ടത്തിലുണ്ടായിരുന്നു ബ്രാഹ്മണർക്കാർക്കും ധൈര്യമുണ്ടായില്ല. അതിനാൽ പാലൂർപ്പണിക്കർ ഉടനെ ഓടിച്ചെന്ന് ഈ സംഗതികളെല്ലാം ചേരമാൻ പെരുമാളുടെ അടുക്കൽ അറിയിച്ചു. ഇതു കേട്ടപ്പോൾ പെരുമാളും ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ബിംബം കൊണ്ടുവരാതെയിരുന്നാൽ നിശ്ചിതമുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തുവാൻ സാധിക്കയില്ലല്ലോ. അതിനാൽ ഏതു പ്രകാരമെങ്കിലും ആ ബ്രാഹ്മണരെക്കൊണ്ടുതന്നെ ബിംബമെടുപ്പിച്ചു കൊണ്ടുവരണമെന്ന് നിശ്ചയിച്ച് അദ്ദേഹവും ചിറയുടെ സമീപത്തെത്തി. അപ്പോൾ തലേദിവസം അദ്ദേഹത്തിന്റെ അടുക്കൽ ചെന്നിരുന്ന താപസനും അവിടെച്ചെന്നു ചേർന്നു. താപസനെ കണ്ടയുടനെ പെരുമാൾ അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചിട്ടു ബിംബമെടുക്കുന്നതിൽ നേരിട്ടിരിക്കുന്ന പ്രതിബന്ധത്തെക്കുറിച്ചറിയിച്ചു. ഉടനെ താപസൻ, "അല്ലയോ രാജാവേ! ഒരു സംഗതി ഇന്നലെപ്പറയാൻ ഞാൻമറന്നുപോയി. അതുംകൂടി ഇപ്പോൾ പറഞ്ഞേക്കാം. ഈ ബിംബം പണ്ടു ചില മഹർ‌ഷിമാർ ഇവിടെവെച്ചു പൂജിച്ചിരുന്നതാണ്. അവർ ഇവിടെനിന്ന് അന്തർദ്ധാനം ചെയ്ത സമയത്താണ് ഈ ബിംബം ഈ സരസ്സിൽ നിക്ഷേപിച്ചത്. ആ മഹർ‌ഷിമാർ ലക്ഷ്മണസ്വാമിയോടുകൂടി ഒരു ഭഗവതിയേയും വെച്ചു പൂജിച്ചിരുന്നു. ആ ഭഗവതിയുടെ അട്ടഹാസവും കൽപനയുമാണ് മുമ്പെ ഇവിടെ കേൾക്കപ്പെട്ടത്. ആ ദേവി മഹർ‌ഷിമാരുടെ അപേക്ഷപ്രകാരം ഈ ബിംബം സൂക്ഷിച്ചുകൊണ്ട് ഈ സരോവര തീരവനങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. ഈ ബിംബത്തിന്റെ സമീപത്തുനിന്ന് ഈ ദേവി വിട്ടുമാറുകയില്ല. ഈ ദേവിയെ കൂടാതെ ഈ ബിംബം കൊണ്ടുപോകാൻ സാധിക്കയുമില്ല. അതിനാൽ തന്ത്രിയെ ഇവിടെ വരുത്തി, ഈ ദേവിയേയും ഇവിടെനിന്ന് ആവാഹിപ്പിച്ച് കൊണ്ടു പോകണം. ഈ ചിറയുടെ കിഴക്കുഭാഗത്തു സ്വല്പം തെക്കോട്ടുമാറി വേറെ ഒരു ചെറിയ ചിറയുണ്ട്. ആ ചിറയിൽ ഒരു കണ്ണാടിബിംബം കിടക്കുന്നുണ്ട്. ആദ്യംതന്നെ ആ കണ്ണാടിബിംബമെടുപ്പിച്ച് ദേവിയെ ആ കണ്ണാടിബിംബത്തിന്മേലാവാഹിപ്പിക്കണം. പിന്നെ ബിംബം മുങ്ങിയെടുക്കുന്നതിനു ഒരു വിരോധവും കാണുകയില്ല. രണ്ടു ബിംബങ്ങളും ഒരുമിച്ചു കൊണ്ടുപോകണം. ലക്ഷ്മണസ്വാമിയെ പ്രതിഷ്ഠിക്കുന്ന മൂഹൂർത്തത്തിൽത്തന്നെ ദേവിയെ കിഴക്കേച്ചുറ്റമ്പലത്തിൽ തെക്കുഭാഗത്തായി കുടിയിരുത്തുകയും വേണം. മുഹൂർത്തം തെറ്റാതെയിരിക്കുന്നതിന് ഞാനൊരു അടയാളംകൂടി പറയാം. മുഹൂർത്തസമയമാകുമ്പോൾ ഒരു കൃ‌ഷണപ്പരുന്ത് ചുറ്റിപ്പറന്ന് ശ്രീകോവിലിന്റെ സ്തൂപാഗ്രത്തിൽ വന്നിരിക്കും. ഉടനെ പ്രതിഷ്ഠ നടത്തിക്കൊള്ളണം". ഇങ്ങനെ പറഞ്ഞിട്ട് ആ താപസൻ കാട്ടിൽക്കയറി മറഞ്ഞുപോവുകയും ചെയ്തു.

അനന്തരം ചേരമാൻപെരുമാൾ ആദ്യംതന്നെ കണ്ണാടിബിംബം എടുപ്പിക്കുകയും തന്ത്രിയെ വരുത്തി ഭഗവതിയെ അതിന്മേൽ ആവാഹിപ്പിക്കുകയും ഉടനെ തന്നെ മറ്റേ ബിംബവും എടുപ്പിക്കുകയും രണ്ടു ബിംബങ്ങളും ബ്രാഹ്മണരെക്കൊണ്ടെടുപ്പിച്ചു ക്ഷേത്രസന്നിധിയിൽ കൊണ്ടുവരികയും ചെയ്തു. അപ്പോഴേക്കും അവിടെ പ്രതിഷ്ഠയ്ക്കുവേണ്ടുന്ന ആളുകളും ഉപകരണങ്ങളുമെല്ലാം തയ്യാറായിരുന്നതിനാൽ ഉടനെതന്നെ ക്രിയകളാരാംഭിച്ചു. മലമേൽക്കാവിൽ സമൂഹമെന്നുകൂടിപ്പേരുള്ള ചോഴിയസമൂഹത്തിലെ കിഴിക്കാരനായ പരദേശബ്രഹ്മണനെ സമുദായമായി നിയമിച്ച് ചേരമാൻ പെരുമാൾ അദ്ദേഹത്തെക്കൊണ്ട് തന്ത്രിക്കു കൂറയും പവിത്രവും കൊടുപ്പിച്ചാണ് ക്രിയകൾ തുടങ്ങിയത്. പ്രതിഷ്ഠയ്ക്ക് നിശ്ചയിച്ചിരുന്ന ദിവസമായപ്പോഴേക്കു അതിനു മുൻപു വേണ്ടുന്ന സകല ക്രിയകളും നടത്തി മുഹൂർത്തം വരാനായി എല്ലാവരും കാത്തുകൊണ്ടിരുന്നു. മുഹൂർത്തം നിശ്ചയിച്ച ജ്യോത്സ്യൻ മുൻകൂട്ടി അവിടെയെത്തുകയും മുഹൂർത്തസമയം തെറ്റാതെ പറഞ്ഞുകൊടുക്കുന്നതിനായി കൂടെക്കൂടെ അടിയളന്നുനോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. മുഹൂർത്തസമയം ഏകദേശം അടുത്തപ്പോഴേക്കും ഒരു കൃഷ്ണപ്പരുന്ത് വന്നു ശ്രീകോവിലിന്റെ ഉപരിഭാഗത്തു ചുറ്റുപ്പറന്നുകൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ ജ്യോത്സ്യൻ അടിയളന്നുനോക്കീട്ട്, "ഓഹോ! മുഹൂർത്തമായിരിക്കുന്നു. ഇനി പ്രതിഷ്ഠ നടത്തണം. ഇനിയും താമസിച്ചാൽ മുഹൂർത്തം കഴിഞ്ഞുപോകും" എന്നു പറഞ്ഞു. അപ്പോൾ ചേരമാൻ പെരുമാൾ "ആ പരുന്തു സ്തൂപാഗ്രത്തിൽ വന്നിരിക്കുമെന്നും ആ സമയത്ത് പ്രതിഷ്ഠ നടത്തിക്കൊള്ളണമെന്നുമാണല്ലോ ആ താപസൻ പറഞ്ഞിരിക്കുന്നത്" എന്നു പറഞ്ഞു. "താപസൻ പറഞ്ഞത് നോക്കിയിരുന്നാൽ മുഹൂർത്തം കഴിഞ്ഞുപോകും" എന്നു ജ്യോത്സ്യനും "താപസന്മാരുടെ വാക്കും മറ്റും ഇക്കാലത്ത് ഏകദേശമൊക്കെ ഒക്കുമെന്നല്ലാതെ നല്ല ശരിയായിരിക്കുന്ന കാര്യം സംശയമാണ്. കൃഷ്ണപ്പരുന്ത് ഉപരിഭാഗത്തു വന്നുവല്ലോ. അതു കൊണ്ട് ഇനി പ്രതിഷ്ഠ നടത്തുകയാണ് വേണ്ടത്" എന്നു മറ്റു പലരും പറയുകയാൽ "എന്നാൽ എല്ലാവരുടെയും ഇഷ്ടംപോലെയാവട്ടെ" എന്നു ചേരമാൻ പെരുമാൾ സമ്മതിക്കുകയും ഉടനെ തന്ത്രി പ്രതിഷ്ഠ നടത്തുകയും ചെയ്തു. കിഴക്കേച്ചുറ്റമ്പലത്തിൽ മുളയറയിൽ ആ രാശിക്കു തന്നെ ഭഗവതിയെ കുടിയിരുത്തുകയും കഴിച്ചു. ഇതു രണ്ടും കഴിഞ്ഞപ്പോൾ കൃഷ്ണപ്പരുന്ത് മന്ദം മന്ദം പറന്നു സ്തൂപാഗ്രത്തിൽ വന്നിരുന്നു. അപ്പോൾ ചേരമാൻ പെരുമാൾക്കു മറ്റും വളരെ കുണ്ഠിതമുണ്ടായി. മുഹൂർത്തമാകുന്നതിന് മുൻപാണ് പ്രതിഷ്ഠ നടത്തിയതെന്ന് എല്ലാവർക്കും തോന്നി. "ഏതെങ്കിലും കാര്യം കഴിഞ്ഞുപോയ സ്ഥിതിക്ക് പിന്നെ വളരെ വിചാരിക്കുകയും വി‌ഷാദിക്കുകയും ചെയ്തതുകൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ" എന്നു വിചാരിച്ച് യോഗ്യന്മാരെല്ലാവരും കൂടിയാലോചിച്ച് ഇതിലേക്കു തൽക്കാലം ചില പ്രായശ്ചിത്തങ്ങൾ ചെയ്തിട്ടു മുറയ്ക്ക് കലശം മുതലായവായും നടത്തി. നാലാം കലശം കഴിഞ്ഞ ദിവസം തന്ത്രിയും ചേരമാൻ പെരുമാളും മഴവഞ്ചേരിപ്പണിക്കർ മുതലായവരും മറ്റും കൂടി ക്ഷേത്രത്തിൽ മേലാൽ നടക്കേണ്ടുന്ന പതിവുകളെല്ലാം നിശ്ചയിച്ചു. പ്രതിദിനം അഞ്ചു പൂജയും മൂന്നു ശീവേലിയും ആണ്ടുതോറും മകരമാസത്തിൽ രോഹിണിനാൾ കൊടിയേറ്റും കുംഭമാസത്തിൽ രോഹിണിനാൾ ആറാട്ടുമായിട്ട് ഇരുപത്തെട്ടു ദിവസത്തെ ഉത്സവവും വേണമെന്നും മറ്റുമാണ് നിശ്ചയിച്ചത്. ഈ ചേരമാൻപെരുമാൾ ചാക്യാർകൂത്തിൽ വളരെ പ്രതിപത്തിയുള്ള ആളായിരുന്നതിനാൽ ക്ഷേത്രത്തിൽ എന്നും ചാക്യാർകൂത്തു വേണമെന്നും കൂത്തു വല്ല കാരണവശാലും ഒരു ദിവസമെങ്കിലും മുടങ്ങി പ്പോയാൽ ചാക്യാർ അതിനു പ്രായശ്ചിത്തമായി ഒരു കൂടിയാട്ടം നടത്തണമെന്നും ഇതിനുപുറമേ ആണ്ടിലൊരിക്കൽ ഒരംഗുലീയാങ്കം കൂത്തുകൂടി നടത്തണമെന്നും അത് ആണ്ടുതോറും ഉത്സവത്തിനു മുമ്പായിരിക്കണമെന്നും ഇതു കൂടാതെ ആണ്ടുതോറും ഉത്സവകാലത്തു മുളയറബ്‌ഭഗവതിയുടെ പ്രീതിക്കായീ മൂന്നു ദിവസം (കുംഭമാസത്തിൽ രേവതി, അശ്വതി, ഭരണി) തീയാട്ടുകൂടി വേണമെന്നും നിശ്ചയിച്ചു. ഇവയെല്ലാം എന്നും ശരിയായി നടത്തുന്നതിനു വേണ്ടുന്ന വസ്തുക്കൾ ദേവസ്വം പേരിൽ പതിച്ചു കൊടുക്കുകയും ക്ഷേത്രത്തിൽ കഴകത്തിനും, പൂജകൊട്ട്, പാട്ട് മുതലായവയ്ക്കും വാരിയന്മാരെയും മാരന്മാരേയും അടുത്ത സ്ഥലങ്ങളിൽനിന്നു വരുത്തി അവർക്കു ഇവിടെ താമസിക്കുന്നതിന് ഗൃഹങ്ങൾ പണിയിച്ചുകൊടുത്തു കോട്ടയ്ക്കകത്തു തന്നെ സ്ഥിരതാമസമാക്കുകയുംചെയ്തു. മഴവഞ്ചേരിപ്പണിക്കർ, ചേരിപ്പണിക്കർ, പുല്ലമ്പിലായിക്കയ്മൾ എന്നീ നായന്മാർക്കും കോട്ടയ്ക്കകത്തുതന്നെ ഗൃഹങ്ങളുണ്ടാക്കിച്ചുകൊടുത്ത് അവരുടെയും കുടുംബസഹിതമുള്ള സ്ഥിരവാസം അവിടെത്തന്നെയാക്കിയിരുന്നുവല്ലോ. എങ്കിലും കോട്ടയ്ക്കകത്തുള്ള ഗൃഹങ്ങളിൽവെച്ച് ആരും മരിക്കാനും പ്രസവിക്കാനും പാടില്ലെന്നുകൂടി നിശ്ചയിക്കുകയും ആ വകയ്ക്കായി കോട്ടയ്ക്കു പുറത്തും മേൽപറഞ്ഞവർക്കെല്ലാം ഓരോ ഭവനങ്ങൾ ഉണ്ടാക്കിച്ചുകൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിൽ കൂത്തു പതിവായി നടത്തുന്നതിനു പൊതിയിൽ ചാക്യാരെ കുടുംബസഹിതം ഇവിടെ വരുത്തി, വെന്നിമല ക്ഷേത്രത്തിൽ നിന്ന് ഏകദേശം നാലു നാഴിക പടിഞ്ഞാറ് "ഉമ്പുകാട്" എന്ന ദേശത്തു ഭവനമുണ്ടാക്കിച്ചു കൊടുത്ത് അവിടെത്താമസിപ്പിച്ചു. കൂത്തു നടത്തുന്ന വകയ്ക്ക് അനുഭോഗമായി ആ ഉമ്പുകാട് എന്ന ദേശവും മറ്റനേകം വസ്തുക്കളും അവർക്കു പതിച്ചുകൊടുക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ചാക്യാർ താമസിച്ചിരുന്നത് ആലങ്ങാട് താലൂക്കിൽ "പൊതി" എന്നു ദേശത്തായിരുന്നു. അതിനാലാണ് ഇവർക്കു പൊതിയിൽ ചാക്യാരെന്നുള്ള നാമം സിദ്ധിച്ചത്. അവർ ആ ദേശം വിട്ട് ഇവിടെപ്പോന്നിട്ടും ആ പൂർവനാമത്തെ ഉപേക്ഷിച്ചില്ല. എങ്കിലും ഇപ്പോൾ ഇവരെ "ഉമ്പുകാട്ടുചാക്യാർ" എന്നും ചിലർ പറയാറുണ്ട്.

ക്ഷേത്രത്തിൽ ഓരോ പ്രവൃത്തികൾ നടത്തുന്നവർക്കും ചേരമാൻ പെരുമാൾ യഥായോഗ്യം ഓരോരൊ അനുഭവങ്ങൾ കൽപിച്ചുകൊടുത്ത കൂട്ടത്തിൽ തീയാട്ടു നടത്തുന്നതിലേക്ക് ആ തീയാട്ടുണ്ണിയുടെ കുടുംബത്തിലേക്കും ഒൻപതു പറ പുഞ്ചനിലം അനുഭോഗമായി പതിച്ചുകൊടുത്തു. അത് ഇതെഴുതുന്ന എന്റെ കുടുംബത്തിലേക്കാണെന്നുകൂടി ഇവിടെ കൃതജ്ഞതാപൂർവം പറഞ്ഞുകൊള്ളുന്നു.

ഉത്സവം, കലശം മുതലായവയ്ക്ക് തന്ത്രിക്കു കൂറപവിത്രം കൊടുക്കുന്നതിന് അധികാരമുള്ള ഒരു ബ്രാഹ്മണൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാകയാൽ ചേരമാൻ പെരുമാൾ ക്ഷേത്രത്തിലെ സമുദായസ്ഥാനം മേൽപ്പാഴൂർ നമ്പൂരിപ്പാട്ടിലേക്കു കൊടുക്കുകയും കൂറപവിത്രം കൊടുക്കുക എന്ന കൃത്യം അദ്ദേഹം നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു.

ഇത്രയുമൊക്കെ ചെയ്തിട്ടും ആ ക്ഷേത്രത്തിൽ ശാന്തിക്കു ചേരമാൻ പെരുമാൾ ആരെയും സ്ഥിരപ്പെടുത്തിയില്ല. അതിന് അപ്പോളപ്പോൾ രണ്ടോ മൂന്നോ കൊല്ലത്തേക്കു മാത്രമായിട്ട് ആളുകളെ നിയമിച്ചാൽ മതിയെന്നാണ് അദ്ദേഹം നിശ്ചയിച്ചത്.

ക്ഷേത്രകാര്യങ്ങളൊക്കെ നിശ്ചയിക്കുകയും അവയ്ക്കു വേണ്ടുന്ന വസ്തുക്കൾ പതിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം കുറച്ചു കാലം കൂടി ചേരമാൻ പെരുമാൾ അവിടെത്താമസിച്ചിരുന്നു. പിന്നെ അദ്ദേഹം കേരളരാജ്യം തന്റെ ബന്ധുക്കൾക്കും സ്നേഹിതന്മാർക്കും ആശ്രിതന്മാർക്കും മറ്റുമായി വിഭജിച്ചുകൊടുത്തു പരദേശത്തേക്കു യാത്രയായ കാലത്തു വെന്നിമലക്ഷേത്രം സംബന്ധിച്ചുള്ള സകല കാര്യങ്ങളും തന്നെപ്പോലെ സമുദായവുമായി യോജിച്ചു നടത്തിക്കൊള്ളുന്നതിനു പറഞ്ഞ് തെക്കുംകൂർ രാജാവിനെ ഏൽപിച്ചിട്ടാണ് പോയത്. അതിനാൽ ചേരമാൻ പെരുമാൾ കേരളം വിട്ടുപോയതിന്റെ ശേ‌ഷം അവിടെ ക്ഷേത്രകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചുനടത്തുകയും നടത്തിക്കുകയും ചെയ്തിരുന്നത് തെക്കുംകൂർ രാജാവായിരുന്നു. എങ്കിലും ഈ സ്ഥലം കണ്ടു പിടിക്കുകയും ഇപ്രകാരമെല്ലാമാക്കിത്തീർക്കുകയും ചെയ്ത പെരുമാളിനെക്കുറിച്ചുള്ള സ്മരണ ജനങ്ങളുടെ മനസ്സിൽനിന്നു വിട്ടുപോകാതെയിരിക്കാനായിട്ട് സംഭാ‌ഷണങ്ങളിലും എഴുത്തുകുത്തുകളിലും ദേവന്റെ നാമം ഉപയോഗിക്കുന്നതു "പെരുമാൾ" എന്നുള്ള ശബ്ദംകൂടി ചേർത്തുവേണമെന്നു തീർച്ചപ്പെടുത്തുകയും അതു നടപ്പാവുകയും ചെയ്തു. ഇപ്പോഴും ആ ദേവനെ ജനങ്ങൾ സാധാരണമായിപ്പറയുന്നത് "വെന്നിമലപ്പെരുമാൾ" എന്നാണ്.

വെന്നിമല ദേവസ്വകാര്യങ്ങൾ ഭരിക്കുന്നതിനുള്ള അധികാരം തെക്കുംകൂറിൽ അന്നന്നു മൂപ്പായിട്ടുള്ള രാജാവിനും സമുദായസ്ഥാനം മേൽപ്പാഴൂർ മനയ്ക്കൽ അന്നന്നു മൂപ്പായിട്ടുള്ള നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേവസ്വകാര്യങ്ങളെല്ലാം രാജാവും സമുദായവും കൂടിച്ചേർന്നും യോജിച്ചും നടത്തിക്കൊള്ളണമെന്നാണല്ലോ ചേരമാൻപെരുമാളുടെ കൽപ്പന. അതിനാൽ തെക്കൂകൂർ വലിയ രാജാവും സമുദായവും മിക്ക സമയത്തും ക്ഷേത്രസന്നിധിയിൽതന്നെ താമസിക്കേണ്ടിയിരുന്നു. വിശേ‌ഷിച്ചും കൂറപവിത്രം കൊടുക്കുന്നതിനും കൊടിയേറ്റിനും മറ്റും ചോദ്യാനുവാദം അത്യാവശ്യമായിരുന്നതിനാൽ ഉത്സവമടുത്താൽപ്പിന്നെ ആറാട്ടു കഴിയുന്നതുവരെ അവർക്കു രണ്ടുപേർക്കും ക്ഷേത്രസന്നിധി വിട്ടുപോകാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. അതിനും പുറമേ ഉത്സവത്തിൽ ആറാട്ടിന്റെ തലേ ദിവസം ദേവനെ പള്ളിവേട്ടയ്ക്കെഴുന്നള്ളിച്ചു കൊണ്ടുപോകുമ്പോൾ എഴുന്നള്ളത്തിനു മുമ്പിൽ വില്ലുമമ്പും ധരിച്ചുകൊണ്ട് നടക്കുകയും പള്ളിവേട്ടയ്ക്കുള്ള സ്ഥലത്തു ചെന്നാൽ ദേവന്റെ പ്രതിപുരു‌ഷനായി ആദ്യം കാണുന്ന മൃഗത്തെ ലക്ഷ്യമാക്കി ശരം പ്രയോഗിക്കുകയും ചെയ്യുന്നതിനു രാജാവുതന്നെ വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഇവ മുമ്പു നടത്തിയിരുന്നതു ചേരമാൻപെരുമാൾ തന്നെയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധിയായ തെക്കൂംകൂർ രാജാവും അപ്രകാരമെല്ലാം നടത്തിപ്പോന്നിരുന്നു. അങ്ങനെയിരുന്ന കാലത്തു തെക്കുംകൂറിൽ മൂപ്പ് "മണികണ്ഠൻ" എന്നു പ്രസിദ്ധനായ രാജാവായിത്തീർന്നു. അദ്ദേഹവും വെന്നിമലപ്പെരുമാളുടെ ക്ഷേത്രകാര്യങ്ങളെലാം തന്റെ പൂർവന്മാർ നടത്തിപ്പോന്നിരുന്നതുപോലെതന്നെ നടത്തിക്കൊണ്ടിരുന്നു.

വെന്നിമലപ്പെരുമാളെ പള്ളിവേട്ടയ്ക്കു എഴുന്നള്ളിച്ചുകൊണ്ടുപോകുന്നത് ക്ഷേത്രത്തിൽനിന്ന് ഏകദേശം അഞ്ചുനാഴിക തെക്കു പടിഞ്ഞാറു "നാലുന്നാക്കൽ" എന്ന സ്ഥലത്തായിരുന്നു പതിവ്. മുൻകാലങ്ങളിൽ അവിടം ഒരു വനപ്രദേശമായിരുന്നതിനാൽ അവിടെച്ചെന്നാൽ എന്തെങ്കിലും കാട്ടുമൃഗത്തെക്കാണുക സാധരണമായിരുന്നു. മണികണ്ഠരാജാവിന്റെ കാലത്ത് ഒരാണ്ടിൽ പള്ളിവേട്ടയ്ക്കെഴുന്നള്ളിച്ച് അവിടെച്ചെന്നപ്പോൾ ആദ്യം കണ്ടത് ഒരു പശുവിനെയായിരുന്നു. ഗോഹത്യ മഹാപാപമാണെങ്കിലും ആദ്യം കാണുന്ന മൃഗത്തെ ലക്ഷ്യമാക്കി ശരം പ്രയോഗിച്ചു കൊള്ളണമെന്നാണല്ലോ നിശ്ചയം ചെയ്തിരിക്കുന്നത്. അത് ദേവകാര്യമാകയാൽ അതിനെ ദേദപ്പെടുത്തിയൽ ദേവകോപമുണ്ടായെങ്കിലോ എന്നു ഭയപ്പെട്ട് രാജാവ് ആ പശുവിനെ ലക്ഷ്യമാക്കിത്തന്നെ ശരം പ്രയോഗിച്ചു. ശരമേറ്റ പശു മരണവേദനയോടുകൂടി നിലവിളിച്ചുകൊണ്ട് കുറച്ചുദൂരം വടക്കോട്ട് ഓടിട്ട് അവിടെ ഒരു സ്ഥലത്തു വീണു കൈയും കാലുമടിച്ചു മരിച്ചു. രാജാവിന് ഇതു നിമിത്തം ദുസ്സഹമായ ദുഃഖവും പശ്ചാത്തപവുമുണ്ടായി. അതിനാലദ്ദേഹം ഉത്സവം കഴിഞ്ഞതിന്റെ പിറ്റേ ദിവസംതന്നെ ഉഭയകുലപരിശുദ്ധന്മാരും രാഗദ്വേ‌ഷദിരഹിതന്മാരും വേദശാസ്ത്രനിപുണന്മാരുമായ അനേകം മഹാബ്രാഹ്മണരെ വരുത്തി യോഗം കൂട്ടി താൻ ചെയ്തപോയി മഹാപാപത്തിനു പ്രതിവിധി എന്താണു ചെയ്യേണ്ടത് എന്നു ചോദിച്ചു. ആ മഹാബ്രാഹ്മണർ എല്ലാവരുംകൂടി ആലോചിച്ചിട്ട്, "മരിച്ച പശുവിന്റെ ശരീരം ഒരു വൃക്ഷശാഖാഗ്രത്തിൽക്കെട്ടിത്തൂക്കണം. അതിന്റെ നേരെ താഴെയായിട്ടു രാജാവിരിക്കണം. ആ പശുവിന്റെ ശരീരം മുഴുവനും ദ്രവിച്ചു മുറിഞ്ഞുമുറിഞ്ഞു രാജാവിന്റെ തലയിൽ വീഴണം. അതു മുഴുവനും കഴിഞ്ഞാൽപിന്നെ ആ പശു വീണു മരിച്ച സ്ഥലത്ത് ഒരു ക്ഷേത്രം പണിയിച്ചു വിഷ്ണുപ്രതിഷ്ഠ കഴിപ്പിക്കണം. അവിടെ പൂജാദികളും മറ്റും എന്നും ശരിയായി നടക്കത്തക്കവണ്ണം വേണ്ടുന്ന വസ്തുവകകൾ ആ ദേവസ്വത്തിലേക്കു പതിച്ചുകൊടുത്തിട്ട് പോയി ഗംഗാസ്നാനവും സേതു സ്നാനവും നടത്തണം. ഇത്രയും ചെയ്താൽ ഈ മഹാപാപം തീരും എന്നു വിധിച്ചു. മണികണ്ഠരാജാവ് ബ്രാഹ്മണവിധിപ്രകാരം ക്ഷേത്രം പണിയും പ്രതിഷ്ഠയും കഴിപ്പിച്ചതിന്റെ ശേ‌ഷം ഈ വിഷ്ണുക്ഷേത്രം തന്റെ ഒരു സ്മാരകമായിരിക്കണമെന്നു നിശ്ചയിച്ച് അതിനു "മണികണ്ഠപുരം" എന്നു പേരിട്ടു. ആ ക്ഷേത്രത്തിന് ഇപ്പോഴും പറഞ്ഞുവരുന്ന പേർ അതു തന്നെയാണ്.

അനന്തരം മണികണ്ഠരാജാവ് തീർത്ഥസ്നാനത്തിനായി യാത്രയായ സമയം തന്റെ ഗുരുനാഥനായ ചിത്രകൂടത്തിൽപ്പി‌ഷാരടിയുടെ അടുക്കൽച്ചെന്ന് "ഞാൻഗംഗാസ്നാനത്തിനായി പോകുന്നു. ഗംഗാസ്നാനവും സേതുസ്നാനാവും കഴിഞ്ഞാൽ ആയുശ്ശേ‌ഷത്തെ നയിക്കണമെന്നല്ലാതെ ഇങ്ങോട്ടു മടങ്ങിവരണമെന്നു ഞാൻവിചാരിക്കുന്നില്ല. വെന്നിമലക്ഷേത്രത്തിന്മേലുള്ള അധികാരം മേലാൽ നമ്മുടെ കുടുംബത്തിലേക്കു ആവശ്യമില്ലെന്നാണ് ഞാൻവിചാരിക്കുന്നത്. അതിനാൽ ആ ക്ഷേത്രത്തിന്മേൽ എനിക്കും എന്റെ കുടുംബത്തേക്കുമുള്ള സകലാധികാരങ്ങളും അവകാശങ്ങളും കർത്തവ്യങ്ങളുമെല്ലാം എന്റെ ഗുരുനാഥനായ അവിടേക്കു ഞാൻ പൂർണ്ണസമ്മതത്തോടുകൂടി ഒഴിഞ്ഞുതന്നിരിക്കുന്നു. ദേവസ്വകാര്യങ്ങളെലാം എന്റെ പൂർവന്മാരും ഞാനും നടത്തിവന്നിരുന്നതുപോലെ അവിടുന്നും അവിടുത്തെ അനന്തരവരും സമുദായവും കൂടിച്ചേർന്നു നടത്തിക്കൊള്ളുമെന്നു ഞാൻപൂർണ്ണമായി വിശ്വസിക്കുന്നു. അവിടേക്കു ദേവസ്വത്തിലുള്ള സ്ഥാനത്തിന്റെ പേർ "കോയിമ്മ" എന്നായിരിക്കട്ടെ. ഈ സ്ഥാനം അവിടുത്തെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ളവർക്കായിരിക്കുന്നതാണ്" എന്നു പറഞ്ഞ് വന്ദിച്ച് ഗുരുനാഥന്റെ അനുഗ്രഹവും വാങ്ങിക്കൊണ്ട് അദ്ദേഹം ഉടൻതന്നെ പോവുകയും ചെയ്തു.

മണികണ്ഠരാജാവ് ഏതാനും ദിവസത്തെ വഴി വടക്കോട്ടു പോയതിന്റെശേ‌ഷം ഒരു ദിവസം രാത്രിയിൽ അദ്ദേഹം ഒരു സത്രത്തിലെത്തിക്കിടന്നു. ആ സമയം വഴിപ്പോക്കരായ ചില ബ്രാഹ്മണരും അവിടെ വന്നു കൂടി. അവർ തമ്മിലുള്ള സംഭാ‌ഷണത്തിൽ ഒരു ബ്രാഹ്മണൻ ശേ‌ഷമുണ്ടായിരുന്നവരോട് "തെക്കുംകൂറിൽ മൂപ്പായിരുന്ന മണികണ്ഠരാജാവ് ഒരു ഗോഹത്യ ചെയ്തുപോകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാബ്രാഹ്മണവിധിപ്രകാരം ഒരു ക്ഷേത്രം പണിയിച്ചു. വിഷ്ണു പ്രതിഷ്ഠയും കഴിപ്പിച്ചിട്ട് അദ്ദേഹം തീർത്ഥസ്നാനത്തിനായിട്ടു പോയി. ക്ഷേത്രം വളരെ രസികനായി. പക്ഷേ അവിടെച്ചെല്ലുന്നവർക്കു കുളിക്കണമെങ്കിൽ വേറെ വല്ലിടത്തും പോകണം. രാജാവ് അവിടെ ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്കു ഒരു ജലാശയം കൂടി ഉണ്ടാക്കിക്കേണ്ടതായിരുന്നു. അതു ചെയ്യാത്തതു വലിയ മോശമായിപ്പോയി. ഒരു ക്ഷേത്രമുണ്ടായാൽ അതിനടുത്ത് ഒരു കുളവുമുണ്ടായിരിക്കേണ്ടതത്യാവശ്യമാണ്. കുളമുണ്ടായാൽ ബ്രാഹ്മണർ കുളിച്ചു സന്ധ്യവന്ദനം കഴികുകയും പശുക്കളിറങ്ങി വെള്ളം കുടിക്കുകയും ചെയ്യുമല്ലോ. അതും പാപശാന്തിക്കു കൊള്ളാവുന്നതായിരുന്നു. അക്കാര്യം പറയാൻ ആ മഹാബ്രാഹ്മണർക്കും ചെയ്യാൻ രാജാവിനും തോന്നാഞ്ഞത് എന്താണാവോ?" എന്നു പറഞ്ഞു. ബ്രാഹ്മണർ ഇങ്ങനെ പറഞ്ഞത് രാജാവവിടെക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലായിരുന്നു. എങ്കിലും രാജാവ് അതെല്ലാം കേൾക്കുകയും ഉടനെ എണീറ്റ് തെക്കോട്ട് നടന്നു തുടങ്ങുകയും ചെയ്തു. ഏതാനും ദിവസങ്ങൾകൊണ്ട് അദ്ദേഹം വീണ്ടും മണികണ്ഠപുരത്തു ക്ഷേത്രസന്നിധിയിലെത്തി. അവിടെ വടക്കെ നടയിൽ വലുതായിട്ട് ഒരു ചിറ കുഴിപ്പിച്ചു. മനു‌ഷ്യർക്കു കുളിക്കാനും കന്നുകാലികൾക്കു വെള്ളം കുടിക്കാനും സകൗര്യപ്പെടത്തക്ക വിധത്തിൽ പണിക്കൂറ തീർപ്പിച്ചിട്ട് പിന്നെയും അദ്ദേഹം വടക്കോട്ടുതന്നെ പോയി. അദ്ദേഹത്തിന്റെ പിന്നത്തെക്കഥയൊന്നും ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല. മണികണ്ഠരാജാവ് ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠ കഴിപ്പിച്ചതും മറ്റും കൊല്ലം 350-ആമാണ്ടിടയ്ക്കാണെന്നുള്ളതിനു ചില ലക്ഷ്യങ്ങൾ കാണുന്നുണ്ട്.

ചിത്രകൂടത്തിൽപ്പി‌ഷാരടിക്കു വെന്നിമലക്ഷേത്രത്തിലെ കോയിമ്മസ്ഥാനം കിട്ടിയതിന്റെ ശേ‌ഷം അദ്ദേഹം ക്ഷേത്രസമീപത്തുതന്നെ ഒരു ഭവനം പണികഴിപ്പിച്ചു സ്ഥിരവാസം അവിടെയാക്കി. അതിനുമുമ്പ് അവർ താമസിച്ചിരുന്നതു മൂവാറ്റുപുഴത്താലൂക്കിലൊരു സ്ഥലത്തായിരുന്നു. ഇവരുടെ ശാഖാകുടുംബങ്ങൾ കിടങ്ങൂർ മുതലായ പല സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട്.

തെക്കുംകൂർരാജാവ് ദേവസ്വാധികാരം ഒഴിഞ്ഞുപോയതിന്റെശേ‌ഷം മേൽപ്പാഴൂർ നമ്പൂരിപ്പാടും തനിക്കു പകരം ഓരോ നമ്പൂരിമാരെ ഓരോ കാലാവധിവെച്ചു സമുദായമായി നിയമിച്ചു കാര്യങ്ങൾ നടത്തിച്ചുതുടങ്ങി. അങ്ങനെയല്ലാതെ താൻതന്നെ പോയി കാര്യങ്ങൾ നടത്താതെയായി. തെക്കൂകൂർ രാജാവും തിരുവിതാംകൂറിലേക്ക് ഒതുക്കിയ കാലം മുതൽ ചിത്രകൂടത്തിൽപ്പി‌ഷാരടിയുടെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ള വരെ മഹാരാജാവുതിരുമനസ്സിലെ കൽപ്പനപ്രകാരം കോയിമ്മയായി നിയമിക്കുകയും ആ കോയിമ്മയും മേൽപ്പാഴൂർ നമ്പൂരിപ്പാടു നിയമിക്കുന്ന സമുദായവും കൂടി ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചു നടത്തുകയും ചെയ്തുതുടങ്ങി. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നു.

വെന്നിമലക്ഷേത്രത്തിൽ കൂത്ത് വളരെ പ്രധാനമായ ഒരു കാര്യമായിട്ടാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിരുന്നത്. അദ്ദേഹം കേരളരാജ്യം വിട്ടുപോയിതിനോടുകൂടിത്തന്നെ അക്കാര്യം വളരെ മോശമായി. പ്രതിദിനം കൂത്തുവേണമെന്നുള്ള ഏർപ്പാട് അദ്ദേഹം പോയതിനോടുകൂടിത്തന്നെ അസ്തമിച്ചു. പിന്നെ ആണ്ടിലൊരിക്കൾ ഒരംഗുലീയാങ്കം കൂത്തും ഉത്സവത്തിൽ ഇരുപത്തെട്ടു ദിവസത്തെ കൂത്തുംമാത്രം നടത്തിയിരുന്നു. അതും ചിലപ്പോൾ ചില കാരണങ്ങളാൽ മുടങ്ങുകയും അതിനു പ്രായശ്ചിത്തമായി ഓരോ കൂടിയാട്ടം നടത്തുകയും ചെയ്തിരുന്നു. അങ്ങനെ പത്തു പതിനഞ്ചു കൂടിയാട്ടംവരെ നടത്തിയിരുന്നത് ഇതെഴുതുന്ന എനിക്കുതന്നെ ഓർമ്മയുണ്ടെന്നല്ല, പലതും ഞാൻകണ്ടിട്ടുമുണ്ട്. കൂടിയാട്ടം എന്നാൽ സാധാരണ കൂടിയാട്ടങ്ങൾക്കുള്ളതുപോലെ പുരു‌ഷാർത്ഥങ്ങൾ പറയുകയും നിർവ്വഹണമാടുകയും മറ്റും അവിടെപ്പതിവില്ല. ഒരു ദിവസം കൊണ്ടു കഴിയത്തക്കവണ്ണം ഏതെങ്കിലും ഒരു നാടകത്തിലെ ഒരങ്കത്തിന്റെ ഒരംശം അഭിനയിക്കമാത്രമേ അവിടെ പതിവുള്ളു. ആശ്ചര്യചൂഡാമണി, തപതീസംവരണം മുതലാവ ചില നാടകങ്ങളിലെ ദുതഘടോൽകചാങ്കം, ശൂർപ്പണഖാങ്കം, ബാലിവധം മുതലായ ചില ഭാഗങ്ങളാണ് അവിടെ അഭിനയിച്ചുകണ്ടിട്ടുള്ളത്. ഇതിലൊക്കെ ഒന്നോ രണ്ടോ വേ‌ഷത്തിലധികം ഉണ്ടായിരിക്കാറില്ല. അവിടെ അഭിനയിക്കുന്ന ശൂർപണാഖാങ്കത്തിൽ ശൂർപ്പണഖയുടെയും ശ്രീരാമന്റെയും വേ‌ഷംമാത്രമേ പതിവുള്ളു. ലക്ഷ്മണന്റെ വേ‌ഷം പതിവില്ല. അങ്ങയായതിനെക്കുറിച്ചു കേട്ടിട്ടുള്ള ഐതിഹ്യം താഴെ ചേർക്കുന്നു.

പണ്ടൊരിക്കൽ ശൂർപ്പണഖാങ്കം അഭിനയിച്ചപ്പോൾ ശൂർപ്പണഖ സീതയുടെ നേരെ പാഞ്ഞടുക്കുന്നതു കണ്ട് ശ്രീരാമൻ ലക്ഷ്മണനെ വിളിച്ചു. അപ്പോൾ ശ്രീകോവിലിനകത്തുനിന്ന് "ഇതാ ഞാൻവരുന്നു" എന്നു വിളിച്ചുപറഞ്ഞതായി കേൾക്കപ്പെട്ടു. അപ്പോഴേക്കും ലക്ഷ്മണന്റെ വേ‌ഷം ധരിച്ചിരുന്ന ആൾ പെട്ടെന്ന് അരങ്ങത്തു പ്രവേശിക്കുകയും ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛദേനം ചെയ്കയും ചെയ്തു. അതു കൊണ്ട് ശ്രീകോവിലിനകത്തുനിന്ന് ആരും പുറത്തേക്കു വന്നില്ല. എങ്കിലും പിന്നെയും ശ്രീകോവിലനകത്തുനിന്ന് "ഇനി മേലാൽ ഇവിടെ എന്റെ വേ‌ഷം ആരും ധരിക്കരുത്" എന്നുംകൂടി വിളിച്ചുപറഞ്ഞതായി കേൾക്കപ്പെട്ടു. പിറ്റേദിവസം കാലത്ത് ശാന്തിക്കാരൻ കുളിച്ചു വന്നു നട തുറന്ന് അകത്തു ചെന്നപ്പോൾ ബിംബത്തിന്റെ ഒരു കാൽ മുമ്പോട്ടുവെച്ചിരിക്കുന്നതായിക്കണ്ടു. അത് ഇപ്പോഴും അങ്ങനെതന്നെയാണിരിക്കുന്നത്. ഇപ്രകാരമെല്ലാമുണ്ടായ കാലംമുതൽക്കാണ് അവിടെ ലക്ഷ്മണന്റെ വേ‌ഷം വേണ്ടെന്നു വെച്ചത്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് സാക്ഷാൽ ലക്ഷ്മണസ്വാമിയെയാണല്ലോ.

മേൽപറഞ്ഞ അത്ഭുതസംഭവങ്ങൾക്കുശേ‌ഷം അവിടെ ശൂർപ്പണഖാങ്കം അഭിനയിച്ചപ്പോൾ ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛദേത്തിനു ലക്ഷ്മണൻ പ്രവേശിക്കേണ്ടുന്ന ഘട്ടമായപ്പോൾ ശൂർപ്പണഖാവേ‌ഷധാരി യായ ചാക്യാർ നടയിൽചെന്നുനിന്നു സ്വയമേവ മൂക്കും മുലയുമൊക്കെ ച്ഛേദിച്ചു നിണവുമണിഞ്ഞ് അവിടെനിന്നു തല്ലിയലച്ചു നിലവിളിച്ചുകൊണ്ടി അരങ്ങത്തേക്കു വരികയായിരുന്നു പതിവ്. സ്വാമിതന്നെ കർണ്ണനാസികാ ച്ഛദേനം ചെയ്തുവിട്ടു എന്നാണ് സങ്കല്പം.

ഇപ്രകാരമെല്ലാം മാഹത്മ്യമേറിയതായ ആ സ്ഥലത്തിന്റെ ഇപ്പോഴത്തേ സ്ഥിതി വിചാരിച്ചാൽ മഹാകഷ്ടമെന്നല്ലാതെ മറ്റൊന്നും പറയാൻ കാണുന്നില്ല. ദേവസ്വാധികാരികളുടെ അജ്ഞതയും അനൈക മത്യവും തന്തോന്നിത്തവുംകൊണ്ട് ആ ദേവസ്വമിപ്പോൾ ഏകദേശം ശൂന്യപ്രായമായിരിക്കുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ദേവന്റെ സങ്കേതസ്ഥലവും ഋഷ്യാ ശ്രമതുല്യവുമായിരുന്ന കോട്ട ആരും വെട്ടിയഴിക്കരുതെന്നായിരുന്നുവല്ലോ പൂർവ്വനിശ്ചയം. ആ സ്ഥലം മിക്കവാറും ദേവസ്വക്കാർ അന്യന്മാർക്കു കാണപ്പാട്ടമായി എഴുതിക്കൊടുക്കയാൽ ആ സ്ഥലത്തു കൂടിയാന്മാർ തെങ്ങ്, പിലാവു മുതലായ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് ആദായമെടുത്തുതുടങ്ങിയിരിക്കുന്നു. വേറെയും അനേകം വസ്തുക്കൾ അന്യാധീനപ്പെടുത്തിക്കളഞ്ഞു. ആകപ്പാടെ ദേവസ്വത്തിലേക്കുള്ള ആദായമിപ്പോൾ മുമ്പുണ്ടായിരുന്നതിൽ വളരെക്കുറഞ്ഞു പോയിട്ടുണ്ട്. എങ്കിലുമിവിടെ പൂജയും മറ്റും മുട്ടിയതായി ഇതുവരെ കേട്ടുതുടങ്ങീട്ടില്ല. നാമമാത്രമായിട്ടെങ്കിലും ആണ്ടു തോറും ഉത്സവവും കഴിഞ്ഞുകൂടുന്നുണ്ട്. ഉത്സവകാലത്തു പതിവുള്ളവയിൽ തീയാട്ടു മാത്രമേ ഇപ്പോളവിടെ ശരിയായി നടക്കുന്നുള്ളു. കൂത്ത് അവിടെയിപ്പോൾ ആകപ്പാടെയുള്ള കൂത്തുതന്നെ. ചാക്യാരുടെ ഒരു കൂത്തും അവിടെ ഒരു ദിവസം പോലുമില്ലാതായിട്ട് ഇപ്പോൾ ഏകദേശം പന്തീരാണ്ടു കഴിഞ്ഞിരിക്കുന്നു.

തെക്കൂകൂർ രാജാവ് ഗോഹത്യ ചെയ്തതിൽപ്പിന്നെ പള്ളിവേട്ടയ്ക്കു ദൂരസ്ഥലത്തേക്കു എഴുന്നള്ളിച്ചുപോകാറില്ല. അക്കാലം മുതൽ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിചു സ്വല്പം പടിഞ്ഞാട്ടുപോയിട്ട് അവിടെ പള്ളിവേട്ട ബലിതൂവുകയും അമ്പിടുകയും ചെയ്താൽ മതിയെന്നു തീർച്ചപ്പെടുത്തി അതിനൊരു സ്ഥലവും നിശ്ചയിച്ചു. ഇപ്പോഴും ആ സ്ഥലം വരെ എഴുന്നള്ളിച്ചുപോയി അവിടെ ബലി തൂവുകയാണ് പതിവ്. ഇവിടെ പള്ളിവേട്ടബലി തന്ത്രി തൂവിക്കഴിഞ്ഞാൽ മഴവഞ്ചേരി മൂത്തപണിക്കരും തറ്റുടുത്ത് ഉത്തരീയവുമിട്ടുവന്ന് കൈവട്ടകയും പൂപ്പാലികയുമെടുത്തു തൂവണം എന്നൊരു ചട്ടം ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളതാണ്. അതും ഇപ്പോഴും നടന്നുവരുന്നുണ്ട്. ഈ ബലി തൂവാനുള്ള മന്ത്രം പണിക്കർക്കു തന്ത്രിയാണ് ഉപദേശിച്ചു കൊടുക്കേണ്ടത്. അതു മൂത്ത പണിക്കാരെയല്ലാതെ മറ്റാരെയും ഗ്രഹിപ്പിക്കാറില്ല; തന്ത്രിയല്ലാതെ മറ്റാരും ഉപദേശിക്കാറുമില്ല. ഒരു മൂത്ത പണിക്കർ കഴിഞ്ഞാർ പിന്നത്തെ മൂത്തപണിക്കർക്ക് ഉപദേശിച്ചുകൊടുക്കും. അങ്ങനെയാണ് ഇപ്പോഴും നടന്നുവരുന്നത്.

ഇതു കൂടാതെ ക്ഷേത്രത്തിൽ വിശേ‌ഷവിധിയായി ഒരു പതിവുകൂടിയുണ്ട്. ചേരമാൻ പെരുമാൾ വെന്നിമലെത്താമസിച്ചിരുന്ന കാലത്ത് ദേവനെ ശീവേലിക്കും മറ്റും പുറത്തെഴുന്നള്ളിക്കുന്ന സമയങ്ങളിൽ എഴുന്നള്ളത്തിന്റെ പിന്നാലെ അദ്ദേഹവുംകൂടി നടക്കാറുണ്ടായിരുന്നു. അപ്പോൾ മഴവഞ്ചേരിപ്പണിക്കർ മുതലായ മൂന്നു വീട്ടിൽ നായന്മാരുടെ കുടുംബങ്ങളിലേ ഓരോ സ്ത്രീകൾ ഓരോ കുത്തുവിളക്കുമെടുത്തുകൊണ്ടു പെരുമാളുടെ മുമ്പിലും നടക്കാരുണ്ടായിരുന്നു. ചേരമാൻ പെരുമാൾ ഇവിടം വിട്ടുംപോയിട്ടും ആ സ്ത്രീകൾ ദേവനെ എഴുന്നള്ളിക്കുന്നതിന്റെ പിന്നാലെ കുത്തുവിളക്കെടുത്തുകൊണ്ട് നടക്കുകയെന്നുള്ള പതിവു വേണ്ടെന്നു വെച്ചില്ല. ദേവന്റെ പിന്നിൽ ചേരമാൻപെരുമാളിപ്പോഴുമുണ്ടെന്നാണ് സങ്കൽപം.

ഈ ദേവസ്വം നാമവശേ‌ഷമായിപ്പോകാതെ യഥാപൂർവ്വം പുഷ്ടിപ്പെടുത്തുന്നതിനു കോയിമ്മയും സമുദായവും സ്ഥാനികളായ നായന്മാരും യോജിച്ച് ഐകമത്യത്തോടും ഈശ്വരവിചാരത്തോടും നല്ല മനസ്സോടും കൂടി മനഃപൂർവം ശ്രമിച്ചാൽ കാലക്രമേണ അതു സാധിക്കാവുന്നതാണ്. വെന്നിമലപ്പെരുമാൾതന്നെ അവർക്കതിനു നല്ല മനസ്സുണ്ടാക്കിക്കൊടുക്കട്ടെ.

കുറിപ്പുകൾ

[തിരുത്തുക]

1.^ വെന്നിമല ഇപ്പോൾ കോട്ടയം താലൂക്കിലാണ്