Jump to content

ഐതിഹ്യമാല/വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം


ര്യൻ നാരായണമൂസ്സ് ഏകദേശം പതിനാറു വയസ്സായപ്പോഴേക്കും ഉപനയനം, സമാവർത്തനം, വൈദ്യശാസ്ത്രാഭ്യസനം, മുതലായവയെല്ലാം കഴിഞ്ഞു ചികിത്സ ആരംഭിച്ചു. അക്കാലം മുതൽ വസയ്ക്കരയില്ലത്തു വരുന്ന രോഗികളെ നോക്കി ചികിത്സകൾ നിശ്ചയിച്ചു പറഞ്ഞും കുറിച്ചുകൊടുത്തും അയയ്ക്കുകയും അത്യാവശ്യപ്പെട്ടാൽ ചില സ്ഥലങ്ങളിൽ പോയി രോഗികളെ കണ്ടു ചികിത്സകൾ നിശ്ചയിക്കുകയുമെല്ലാം സ്വപിതാവിന്റെ ആജ്ഞപ്രകാരം ആര്യൻ നാരായണമൂസ്സ് അവർകൾ തന്നെയാണു ചെയ്തിരുന്നത്. അങ്ങനെ ഒന്നുരണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും,

മന്ദോൽകണ്ഠഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോൽഗമ ഇവ പ്രജാഃ

എന്നു പറഞ്ഞതുപോലെ രോഗികൾക്ക് അച്ഛൻമൂസ്സ് അവർകളെക്കാണുന്നതിനുള്ള ആഗ്രഹവും ആവശ്യവും കുറയ്ക്കുകയും ആര്യൻ നാരായണൻ മൂസ്സവർകളെ കണ്ടാൽ മതിയെന്നു തോന്നിത്തുടങ്ങുകയും ചെയ്തു. എങ്കിലും വൈദ്യവി‌ഷയമായി സ്വപുത്രനെ താൻ ഗ്രഹിപ്പിച്ചതെല്ലാം ഗ്രഹിപ്പിച്ചുകഴിഞ്ഞു എന്നുള്ള വിചാരം ആ അച്ഛനും താൻ ഗ്രഹിക്കേണ്ടതെല്ലാം ഗ്രഹിച്ചുകഴിഞ്ഞു എന്നുള്ള വിചാരം ആ പുത്രനുമുണ്ടായില്ല. അതിനാൽ അച്ഛൻ മൂസ്സവർകൾ പിന്നെയും സൗകര്യമുള്ള സമയങ്ങളിലെല്ലാം പുത്രനെ അടുക്കൽ വിളിച്ചിരുത്തി ചികിത്സകൾ സംബന്ധിച്ചുള്ള ഓരോ കാര്യങ്ങളെക്കുറിച്ചും ഓരോ ഔഷ്ധങ്ങളുടെ ഗുണങ്ങളെപ്പറ്റിയും മറ്റും പലതും ഉപദേശിച്ചുകൊണ്ടിരുന്നു. ഇപ്രകാരമുള്ള അഭിമുഖോപദേശം ആ വൃദ്ധവൈദ്യൻ തനിക്കു തീരെ വയ്യാതെയാകുന്നതുവരെതന്നെ ചെയ്തിരുന്നു. ആര്യൻ നാരായണൻമൂസ്സവർകൾക്കു ചികിത്സാവി‌ഷയത്തിൾ അനന്യസാധാരണമായ ഒരു വിശേ‌ഷവും മാഹാത്മ്യവുമുണ്ടായിത്തീർന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നു വളരെക്കാലം അനുസ്യൂതമായി ഉണ്ടായ ഈ ഉപദേശം കൂടിയാണ്.ആര്യൻ നാരായണൻ മൂസ്സവർകൾ ചികിത്സാസംബന്ധമായി ചെയ്തിട്ടുള്ള ചില വിശേ‌ഷാൽ സംഗതികൾ താഴെ പറഞ്ഞുകൊള്ളുന്നു.

1. ഒരിക്കൽ ആലപ്പുഴ കച്ചവടം വക സൂപ്രണ്ടായിരുന്ന കോലഫ് സായിപവർകൾക്ക് സഹിക്കവയ്യാതെകണ്ടുള്ള ഒരു തലവേദനയുണ്ടാവുകയും അനേകം വൈദ്യൻമാരെക്കൊണ്ടു ചികിത്സകൾ ചെയ്യിച്ചു നോക്കീട്ടും ഒരു ഗുണവും കാണായ്കയാൽ വയസ്ക്കര അറിയിക്കുന്നതിനായി സായ്പവർകൾ കോട്ടയത്തു വന്നു ചേരുകയും ചെയ്തു.കോലഫ് സായ്പവർകളുടെ സഹോദരി കോട്ടയത്തു താമസിച്ചിരുന്നു. സായ്പവർകൾ ആ (വല്യ) മദാമ്മയുടെ ബംഗ്ലാവിൽ താമസിച്ചുകൊണ്ടു വയസ്ക്കരെ ആളയച്ചു ദീനവിവരമെല്ലാം അറിയിക്കുകയും മൂസ്സവർകൾ അങ്ങോട്ടു ചെന്നാൽക്കൊള്ളാമെന്ന് അപേക്ഷിക്കുകയും മഞ്ചൽ അയച്ചുകൊടുക്കുകയും ചെയ്തു. ആര്യൻ നാരായണൻ മൂസ്സവർകൾ അച്ഛൻ മൂസ്സവർകളുടെ ആജ്ഞപ്രകാരം ഉടനെ യാത്രയായി. അവിടുന്ന് ഒരു പെട്ടി തുറന്ന് ഒരു ഗുളികയെടുത്തു ഒരു പിലാവിലയിൽപ്പൊതിഞ്ഞു കൈയിൽ വെച്ചുകൊണ്ടാണ് മഞ്ചലിൽക്കയറിപ്പോയത്. സായ്പിനെക്കണ്ടതിന്റെ ശേ‌ഷം ഒരുതുടം മുലപ്പാൽ വേണമെന്നു പറഞ്ഞു. ഉടനെ ഭൃത്യൻമാരോടി പ്പോടി മുലപ്പാൽ കൊണ്ടുവന്നു. മൂസ്സതു തന്റെ കൈയിലുണ്ടായിരുന്ന ഗുളിക ആ ഭൃത്യൻമാരെക്കൊണ്ടു മുലപ്പാലിൽ അരച്ചു കലക്കിച്ചു. ആ സമയം സായിപ്പ് തലവേദനയുടെ കാഠിന്യംകൊണ്ടു കണ്ണു തുറക്കാനും മിണ്ടാനും വയ്യാതെ കട്ടിലിൽക്കിടക്കുകയായിരുന്നു. മൂസ്സവർകൾ സായ്പവർകളുടെ തല നേരെ വെയ്പ്പിച്ചിട്ടു മുലപ്പാലെടുത്തു നസ്യം ചെയ്തു. അപ്പോൾ വേദന പൂർവാധികം കലശലാവുകയാൽ സായ്പവർകൾ പെട്ടെന്നു പിടച്ചെണീറ്റിരിക്കുകയും ഒന്നു തുമ്മുകയും അതോടുകൂടി രണ്ടു നാസാദ്വാരങ്ങളിൽ നിന്നും ഓരോ പുഴുക്കൾ താഴെ വീഴുകയും ചെയ്തു. ആ പുഴുക്കൾ ഒന്നര അംഗുലംവീതം നീളമുള്ളവയും തല കറുത്തവയയുമായിരുന്നു. പുഴുക്കൾ പോയതിനോടുകൂടി സായ്പിന്റെ തലവേദന മാറി നല്ല സുഖമായി. അദ്ദേഹം മടങ്ങിവന്ന് വിവരമെല്ലാം അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽ പറഞ്ഞപ്പോൾ "ഇതു സ്വൽപം സാഹസമായിപ്പോയി. ഗ്രന്ഥത്തിൽക്കാണുന്നവയെല്ലാം ചെയ്യരുത്. അങ്ങനെ ചെയ്താൽ ചിലപ്പോൾ ചിലത് അബദ്ധമായിട്ടും തീർന്നേയ്ക്കാം. ഇങ്ങനെയുള്ളതൊക്കെ വളരെ ആലോചിച്ചും വേറെ നിവൃത്തിയില്ലാതെ വരുന്ന സമയത്തും മാത്രമേ ചെയ്യാവൂ. ഈശ്വരകാരുണ്യംകൊണ്ട് ഇപ്പോൾ വേണ്ടതുപോലെയായല്ലോ" എന്ന് അവിടുന്ന് പറഞ്ഞു. സായ്പവർകൾ സന്തോ‌ഷിച്ച് ആയിരം രൂപയും ഒരു കൊമ്പനാനയേയും സംഭാവനയായി എഴുത്തോടുകൂടി വയസ്ക്കരെ അയച്ചുകൊടുത്തു. ആ സംഭാവന എന്തോ, അവിടെ സ്വീകരിച്ചില്ല അച്ഛൻമൂസ്സ് "ഞങ്ങൾ ചെയുന്നത് ധർമ്മചികിത്സയാണ്. അതിനു പ്രതിഫലം വാങ്ങുക പതിവില്ല. സായ്പ്പിന്റെ ഔദാര്യത്തിനായി നന്ദി പറഞ്ഞുകൊള്ളുന്നു" എന്നു മറുപടി അയച്ചുകൊടുക്കുകയും ചെയ്തു. കോലഫ് സായപവർകളുടെ തലവേദന ഭേദമാക്കിയ കാലത്ത് ആര്യൻ നാരായണൻമൂസ്സ് അവർകൾക്കു പതിനെട്ടു വയസ്സേ പ്രായമായിരുന്നുള്ളു.

2. പ്രസിദ്ധ വൈദ്യനും ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ പിതൃവ്യപുത്രനും ജേ‌ഷ്ഠഭ്രാതാവുമായിരുന്ന പിലാമന്തോൾ ശങ്കുണ്ണി മൂസ്സിനു കഴുത്തിന്റെ പിൻഭാഗത്തു ഒരിക്കൽ ഒരരിമുറിപോലെ ഏറ്റവും ചെറുതായ ഒരു കുരു ഉണ്ടാവുകവും ക്ഷൗരം ചെയ്യിച്ചപ്പോൾ അതു മുറിഞ്ഞുപോവുകയും ചെയ്തു. വലിയ വേദനയും മറ്റുമുണ്ടായില്ലെങ്കിലും അന്നു വൈകുന്നേരമായപ്പോഴേയ്ക്കും ആ കുരു വീർത്ത് ചുണ്ടങ്ങായോളമാവുകയും വേദന കലശലായിത്തീരുകയും ചെയ്തു. രണ്ടുമൂന്നു ദിവസംകൊണ്ട് ആ കുരു വീർത്തുവീർത്തു ഒരു തേങ്ങായോളമായി. അതിന്റെ നീരു കഴുത്തിനു ചുറ്റും മാത്രമല്ല, കുറേശ്ശെ മുഖത്തേയ്ക്കുംകൂടി വ്യാപിച്ചുതുടങ്ങി. വേദനയുടെ കാഠിന്യംകൊണ്ടു ശങ്കുണ്ണിമൂസ്സവർകൾ കുളിക്കാനും ഉണ്ണാനും ഉറങ്ങാനുമൊന്നും വയ്യാതെ ഏറ്റവും അവശതയോടുകൂടി കിടപ്പിലായി. ഇത്രയുമായതിന്റെ ശേ‌ഷമാണ് ഈ വിവരത്തിനു വയസ്ക്കരയ്ക്ക് എഴുതിയയച്ചത്. പിലാമന്തോളില്ലത്തെ വർത്തമാനങ്ങൾ വയസ്ക്കരയ്ക്ക് എഴുതിയയയ്ക്കുന്നതു ശങ്കുണ്ണിസൂസ്സ് അവർകൾ തന്നെയല്ലാതെ അന്യന്മാരെക്കൊണ്ട് എഴുതിയയപ്പിക്കാറില്ല. ഈ എഴുത്ത് പിലാമന്തോളില്ലത്ത് അക്കാലത്തു കാര്യസ്ഥനായിരുന്ന പി‌ഷാരടിയാണ് എഴുതിയയച്ചത്. ആ എഴുത്തു കണ്ടപ്പോൾത്തന്നെ ദീനം സാമാന്യത്തിലധികം കലശലായിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു. എഴുത്തുകണ്ടിട്ടു ഒരുമണിക്കൂർ കഴിയുന്നതിനുമുമ്പ് അദ്ദേഹം പിലാമന്തോൾക്ക് യാത്രയായി. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ വാഹനസകൗര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം കോട്ടയത്തു നിന്നും ചാവക്കാടുവരെ തോണിക്കും. അവിടെനിന്നു കൂലിക്കു കുതിരവണ്ടി പിടിച്ചും മറ്റുമാണ് യാത്രചെയ്തത്. എങ്കിലും അദ്ദേഹം കോട്ടയത്തുനിന്നു പുറപ്പെട്ടിട്ടു മൂന്നാംദിവസം പിലാമന്തോളില്ലത്തെത്തി. അപ്പോഴേയ്ക്കും അവിടെ കുട്ടഞ്ചേരി മൂസ്സ്, ആലത്തൂർ നമ്പി മുതലായ വൈദ്യശ്രേഷ്ഠൻമാരെല്ലാവരുമെത്തുകയും മുറയ്ക്കു ചികിത്സകളാരംഭിക്കുകയും ചെയ്തിരുന്നു. ആര്യൻ നാരായണൻമാസ്സ് അവർകൾ അവിടെയെത്തി, ക്ഷണത്തിൽ കുളികഴിച്ച് അകത്തു ചെന്നപ്പോൾ ശങ്കുണ്ണി തെറുത്തുവെച്ച ഒരു മെത്തയിന്മേൽച്ചാരി കമിഴ്ന്നുകിടക്കുകയായിരുന്നു. ആര്യൻനാരായണൻ മൂസ്സവർകളെക്കണ്ടിട്ടു രോഗി ആളറിഞ്ഞു എങ്കിലും ഒന്നും സംസാരിക്കാൻ ശക്തനല്ലാത്തവണ്ണം അവശനായിപ്പോയിരുന്നതിനാൽ മുഖത്തുനോക്കി കണ്ണീരൊലിപ്പിക്കുകയും ചെയ്തു. അപ്പോൾ ആര്യൻ നാരായണൻ മൂസ്സവർകൾ "ക്ഷീണം ഇത്രമാത്രം വർദ്ധിപ്പിച്ചുവല്ലോ?"എന്നു പറഞ്ഞു. അതുകേട്ട് അവിടെയുണ്ടായിരുന്ന വൈദ്യശ്രേഷ്ഠൻമാർ "ക്ഷീണം വർദ്ധിക്കാതിരിക്കുന്നതെങ്ങനെ? ആറു ദിവസമായിട്ടു യാതൊരാഹാരവും കഴിക്കുന്നില്ല. യാതൊന്നിനും രുചിയില്ലെന്നാണു പറയുന്നത്. പാലാണെങ്കിൽ കുറച്ചു കുടിക്കാമെന്നു തോന്നുന്നുണ്ടെന്നു പറയുന്നു.അതു കൊടുക്കാനും പാടില്ലല്ലോ. പാൽ ഈ രോഗത്തിനു വിരോധമാണെന്നല്ലേ പറഞ്ഞിരിക്കുന്നത്?" എന്നാണ് സമാധാനം പറഞ്ഞത്. അപ്പോൾ ആര്യൻ നാരായണൻമൂസ്സ് അവർകൾ "പാൽ കൊടുക്കുന്നതിനു വിരോധമില്ല. എവിടെ നിന്നെങ്കിലും ക്ഷണത്തിൽ കുറച്ചു പാൽ വരുത്തണം" എന്നു പി‌ഷാരടിയോടു പറഞ്ഞു.

ഉടനെ പി‌ഷാരടി "കുറച്ചു പാൽ ഇവിടെത്തന്നെ കാണും. പോരാത്തത് ഇപ്പോൾ ആളയചുവരുത്തുകയും ചെയാം" എന്നു പറയുകയും അപ്പോൾത്തന്നെ ആളയയ്ക്കുകയും ചെയ്തു.

ആര്യൻ നാരായണൻ മൂസ്സ് അവർകൾ ഇല്ലത്ത് ഇരുന്നിരുന്ന പാൽ ക്ഷണത്തിൽ കാച്ചിച്ചു സ്വൽപ്പം പഞ്ചസാരയും ചേർത്തു പിലാവിലകൊണ്ടു കോരി രോഗിക്ക് കുറേശ്ശെ കുറേശ്ശെ കൊടുത്തു. തൊണ്ട ഉണങ്ങിപ്പോയതുകൊണ്ട് ഒരു തുടം പാൽ കുടിക്കുന്നതിന് ഏകദേശം ഒരു നാഴിക വേണ്ടിവന്നു. പിന്നെ വലിയ പ്രയാസം കൂടാതെ ഒരു തുടം പാൽകൂടെ കുടിച്ചു. ഉടനെ രണ്ടു തുടം പാൽകൂടി കഴിക്കുന്നതിന്നു പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ നാഴിപ്പാൽ കുടിച്ചുകഴിഞ്ഞപ്പോൾ രോഗി "ആവൂ എനിക്കിപ്പോൾ ക്ഷീണത്തിനു കുറച്ചു കുറവുണ്ട്. കുറേശ്ശെ സംസാരിക്കാമെന്നു തോന്നുന്നുണ്ട്. നാവും തൊണ്ടയും ഉടങ്ങി വരണ്ടു പോയതുകൊണ്ട് ഇതുവരെ മിണ്ടാൻ വയ്യായിരുന്നു. ഇനി വേണ്ടതൊക്കെ പിന്നെ നിശ്ചയിക്കാം. അനുജൻ ഉണ്ടില്ലല്ലോ. പോയി ഊണുകഴിചു വരൂ" എന്നു പറഞ്ഞു. അതുകേട്ട് അദ്ദേഹം ഒരുവിധം സമാധാനത്തോടെ ഉണ്ണാൻ പോയി. കോട്ടയത്തുനിന്നു പുറപ്പെട്ടിട്ടു വഴിക്ക് ഒരു നേരം മാത്രമേ ഉണ്ടിരുന്നുളളു. എങ്കിലും തന്റെ ജ്യേ‌ഷ്ഠന്റെ അവശത കണ്ടപ്പോൾ വിശപ്പും ദാഹവും ക്ഷീണവുമെല്ലാം അവിടുന്ന് വിസ്മരിച്ചുപോയി. ഇവർ രണ്ടുപേരും ഭിന്നോദരസഹോദരന്മാരായിരുന്നുവെങ്കിലും അവരുടെ പരസ്പരസ്നേഹം എകോദരസഹോദരനിർവിശേ‌ഷമായിരുന്നു.

ആര്യൻ നാരായണൻ മൂസ്സ് അവർകൾ ഊണുകഴിച്ചു വന്നതിന്റെ ശേ‌ഷം ചികിത്സകളെല്ലാം ആലോചിച്ചു നിശ്ചയിച്ചു. അവയിൽ പ്രധാനമായി നിശ്ചയിച്ചത് ഒരു പാൽക‌ഷായവും ഒരു പാൽകഞ്ഞിയുമായിരുന്നു. രണ്ടിനും മരുന്നുകൾ രണ്ടുമൂന്നു കൂട്ടം വീതമേ ഉണ്ടായിരുന്നുള്ളു. ആ മരുന്നുകൾ ചതച്ചു കിഴി കെട്ടിയിട്ടു പാൽക്കഞ്ഞിയും പാൽക്ക‌ഷായവുമുണ്ടാക്കി പ്രതിദിനം രണ്ടോ മൂന്നോ പ്രാവശ്യം വീതം ദഹനത്തിനു തക്കവണ്ണവും ആവശ്യം പോലെയും കൊടുക്കാനാണു നിശ്ചയിച്ചത്. അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞാഴേയ്ക്കും ശങ്കുണ്ണിക്ക് ക്ഷീണം മിക്കവാറും മാറി. പിന്നെ കുരുവിന്റെ വേദന മാത്രമേ ഉണ്ടായിരുന്നുളളു. അതിനു പിന്നെ ഒരു മരുന്നുണ്ടാക്കിയിട്ടു, ആ മരുന്നു രണ്ടു നാലു ദിവസമിട്ടപ്പോൾ കുരു പഴുത്തുപൊട്ടി. അപ്പോൾ വേദനയുംമാറി. ക്രമേണ നീരും പോയി. പിന്നെ വ്രണമുണങ്ങാനുള്ള മരുന്നും ഉണ്ടാക്കിയിടുകയും ക്രമേണ വ്രണമുണങ്ങുകയും ശങ്കുണ്ണി മൂസ്സ് അവർകൾ സ്വസ്ഥശരീരനായി പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ഇതിനെല്ലാത്തിനുംകൂടി ഏകദേശം മൂന്നുമാസം വേണ്ടിവന്നു. അത്രയും കാലം ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ സ്ഥിരവാസം പിലാമന്തോളില്ലത്തു തന്നെയായിരുന്നു.

ശങ്കുണ്ണിമൂസ്സ് അവർകൾ സ്വസ്ഥതയെ പ്രാപിചതിന്റെ ശേ‌ഷം ഒരു ദിവസം ആര്യൻ നാരായണൻമൂസ്സ് അവർകളോട് അവിടുത്തെ മാതുലനും മഹാവൈദ്യനും വലിയ വിദ്വാനുമായിരുന്ന കുട്ടഞ്ചേരി അപ്ഫൻമൂസ്സ് അവർകൾ, "ഈ ദീനം വന്നാലും ഭേദമാകും ഇല്ലേ കുഞ്ഞാ?" എന്നു ചോദിച്ചു. (കുട്ടഞ്ചേരി അപ്ഫൻമൂസ്സ് അവർകൾ തന്റെ ഭാഗിനേയനായ ആര്യൻ നാരായണൻമൂസ്സ് അവർകളെ കുഞ്ഞാ എന്നാണു വിളിച്ചിരുന്നത്). അതിനുത്തരമായി ആര്യൻ നാരായണൻ മൂസ്സ് അവർകൾ "ബുദ്ധിയുംയുക്തിയും ശാസ്ത്രജ്ഞാനവും ഗുരുത്വവും കൈപ്പുണ്യവുമുള്ള വൈദ്യൻ ചികിത്സിക്കുകയും രോഗിക്ക് ആയുർബലവും ഈശ്വരസഹായവുമുണ്ടായിരിക്കുകയും ചെയ്താൽ ഭേദമായിയെന്നും വരാം എന്ന് അച്ഛൻപറഞ്ഞിട്ടുണ്ട്" എന്നു പറഞ്ഞു. അപ്ഫൻമൂസ്സ് വീണ്ടും "ആട്ടെ കുഞ്ഞാ! ഈ ദീനത്തിനു പാൽ കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളത് എവിടെയാണ്? ഞാൻനോക്കീട്ടുള്ള ഗ്രന്ഥിലെങ്ങും ഇങ്ങനെ കണ്ടിട്ടില്ല. കുഞ്ഞൻ വല്ല ഗ്രന്ഥത്തിലും കണ്ടിട്ടുണ്ടോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി ആര്യൻ നാരായണൻ മൂസ്സ് അവർകൾ പറഞ്ഞത്, "അത്യാവശ്യപ്പെട്ടാൽ പാലും കൊടുക്കാം. സർവ്വപ്രധാനമായി നോക്കേണ്ടത് പ്രാണനെ രക്ഷിക്കാനാണ്. മരിച്ചവർക്കു ചികിത്സയില്ലലോ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാൽ കൊടുത്തു എന്നേ ഉള്ളൂ" എന്നാണ്. ഇതു കേട്ടപ്പോൾ അവിടെകൂടിയിരുന്ന വൈദ്യൻമാരെല്ലാവരും "ഇങ്ങനെ ഒരച്ഛനും മകനും നമ്മുടെ കൂട്ടത്തിൽ വേറെയെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുന്ന കാര്യം എന്തോ, ഈശ്വരനറിയാം" എന്നും മറ്റും പറഞ്ഞ്, വയസ്കര അച്ഛൻ മൂസ്സ് അവർകളെയും അവിടുത്തെ പുത്രനായ ആര്യൻ നാരായണൻ മൂസ്സ് അവർകളെയും വളരെ പ്രശംസിച്ചു.

3. ശങ്കുണ്ണിമൂസ്സ് അവർകളെ ചികിത്സിക്കുന്നതിനായി ആര്യൻ നാരായണൻ മൂസ്സ് അവർകൾ ഏകദേശം മൂന്നു മാസത്തോളം പിലാമന്തോളില്ലത്തു താമസിച്ചിരുന്നു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. അക്കാലത്തിനിടയ്ക്ക് സാമൂതിരിപ്പാടു തമ്പുരാൻ തിരുമനസ്സിലേക്കും പുറത്ത് ഒരു വലിയ കുരുവുണ്ടായി. അതു ക്ഷണത്തിൽ വളർന്നു നാലഞ്ചു ദിവസംകൊണ്ട് ഒരു പൊതിയാത്തേങ്ങായോളമായി. വേദനമൂലം തിരുമനസ്സുകൊണ്ട് സ്നാനാശനനിദ്രാദികളൊന്നുമില്ലാതെ ഏറ്റവും പാരവശ്യത്തോടുകൂടി കിടപ്പിലായിത്തീർന്നു. അതിനാൽ ശങ്കുണ്ണിമൂസ്സ് അവർകളെ കൊണ്ടുപോകാനായി കോഴിക്കോട്ടുനിന്നു പിലാന്തോളില്ലത്തു ആളുകൾ വന്നു. ശങ്കുണ്ണിമൂസ്സിനു ദീനമാണെന്നുള്ള വർത്തമാനം കോഴിക്കോട്ട് അറിഞ്ഞിരുന്നില്ല. ശങ്കുണ്ണിമൂസ്സ് അവർകൾ കോഴിക്കോടുമുതലായ പ്രദേശങ്ങളിലും പ്രസിദ്ധനും സർവ്വസമ്മതനുമായിരുന്നു എന്നു മാത്രമല്ല, അക്കാലത്തു സാമൂതിരിക്കോവിലകത്തും മറ്റും ശങ്കുണ്ണിമൂസ്സവർകളെക്കൊണ്ടല്ലാതെ ചികിത്സിപ്പിക്കാറുമില്ലായിരുന്നു.

ശങ്കുണ്ണി മൂസ്സ് അവർകൾ ആര്യൻ നാരായണൻമൂസ്സ് അവർകളോട്, "സാമൂതിരിക്ക് സുഖക്കേടായിട്ട് ആളയയ്ക്കുകയും അനുജൻ ഇവിടെ ഉണ്ടായിരിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് ഒന്നു പോകാതിരിക്കുന്നതു ഭംഗിയല്ല. എന്നെ അവിടെ ഒരു സ്നേഹിതന്റെ നിലയിലാണു വെച്ചിരിക്കുന്നത്. അതുകൊണ്ട് അനുജൻ പോയിനോക്കി വേണ്ടുന്ന ചികിത്സകൾ നിശ്ചയിച്ച് എഴുതിക്കൊടുക്കുകയും എന്റെ ദീനസ്ഥിതി അവിടെ അറിയിക്കുകയും ചെയ്തിട്ട് ഉടനെതന്നെ മടങ്ങിപ്പോരണം. താമസിക്കരുത്. എനിക്കിപ്പോൾ കുറച്ച് ആശ്വാസമുണ്ടല്ലോ. അനുജൻ മടങ്ങി വരുന്നതുവരെ ഇപ്പോൾ ചെയ്തു വരുന്നതുപോലെയൊക്കെ ചെയ്തുകൊണ്ടിരിക്കാം" എന്നു പറഞ്ഞു. അപ്പോൾ ആര്യൻ നാരായണൻ മൂസ്സ് അവർകൾ, "ഞാനറിയുന്നവരായിട്ടും അവിടെ ആരുമുണ്ടെന്നു തോന്നുന്നില്ല എങ്കിലും ജ്യേ‌ഷ്ഠന് അങ്ങനെ താല്പര്യമുണ്ടെങ്കിൽ ഞാൻ പോവുകയും അവിടെച്ചെന്നു കണ്ടിട്ടു യുക്തംപോലെ എന്തെങ്കിലും ചെയ്യുകയോ നിശ്ചയിച്ച് എഴുതിക്കൊടുക്കുകയോ ചെയ്തിട്ടു പോരികയും ചെയ്യാം" എന്നു പറഞ്ഞിട്ട് ആ വന്നിരുന്ന ആളുകളോടുകൂടിത്തന്നെ പോയി. പിറ്റേ ദിവസം രാവിലെ മൂസ്സ് അവർകൾ സാമൂതിരി കോവിലകത്തെത്തുകയും ഉടനെ കുളിക്കാൻ പോവുകയും ചെയ്തു. ആ സമയം അദ്ദേഹത്തെക്കണ്ടിട്ട് സാമൂതിരിപ്പാട്ടിലെ സേവകനും കോവിലകത്തു താമസക്കാരനുമായ ഒരു നമ്പൂതിരി "അല്ലാ! ഈ വിദ്വാനാണോ ചാടിവന്നിരിക്കുന്നത്? ഇയ്യാൾക്കു വല്ലതുമറിയാമോ ആവോ?" എന്നു മറ്റൊരു നമ്പൂതിരിയോടു പറഞ്ഞു. സ്വകാര്യമായിട്ടാണ് ഇങ്ങനെ പറഞ്ഞത്.

എങ്കിലും പുച്ഛരസത്തോടുകൂടിയ ആ വാക്കു കുറേശ്ശെ മൂസ്സ് അവർകളുംകേട്ടു. എന്നാൽ അവിടുന്ന് അതു കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ യോഗ്യതയെക്കുറിച്ച് ആ നമ്പൂരിക്കെന്നല്ല, ആ ദിക്കുകാർക്കും തന്നെ അക്കാലത്തു ലേശംപോലും അറിവില്ലായിരുന്നു. സ്വല്പമെങ്കിലും അറിഞ്ഞിരുന്നുവെങ്കിൽ ആ നമ്പൂരി ഇങ്ങനെ പറയുമായിരുന്നില്ല.

മൂസ്സ് കുളിയും നിത്യകർമ്മാനു‌ഷ്ഠാനാദികളും കഴിച്ചു കോവിലകത്തു ചെന്നു സാമൂതിരിപ്പാടു തമ്പുരാനെ കണ്ടു. അപ്പോൾ തമ്പുരാൻ കുരുവിന്റെ വേദനകൊണ്ടും ക്ഷീണംകൊണ്ടും അവശനായി ഒരു ചാവട്ടയിൻമേൽ ചാരി കമിഴ്ന്നു കിടക്കുകയായിരുന്നു. അദ്ദേഹത്തെക്കണ്ടപ്പോൾ തമ്പുരാൻ "എന്റെ മൂസ്സേ! എനിക്കു വേദന സഹിക്കവയാതെയായിരിക്കുന്നു. ഈ വേദന കുറയുന്നതിനു എന്തെങ്കിലും ക്ഷണത്തിൽ ചെയ്യണേ" എന്നു പറഞ്ഞു. ആ സമയം മുമ്പു പുച്ഛിച്ചു പറഞ്ഞ ആ നമ്പൂരി അവിടെച്ചെന്ന് അദ്ദേഹത്തോട് "ഊണു കാലമായി. ഇങ്ങോട്ടു വരാം" എന്നു പറഞ്ഞു. അതിനു മറുപടിയായി മൂസ്സ് പറഞ്ഞു " ഞാൻ ഉണ്ണാനായിട്ടല്ല, സാമൂതിരിപ്പാട്ടിലേക്കു സുഖക്കേടാകയാൽ ഇവിടെ വന്നു നോക്കി ഇതിനു വല്ലതും ചെയ്യണമെന്നു ജ്യേ‌ഷ്ഠൻ പറഞ്ഞയച്ചിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. അതിനാൽ ഇതിനു തൽക്കാലം വേണ്ടതു ചെയ്തു കഴിഞ്ഞിട്ടു പിന്നെ ഊണിന്റെ കാര്യം ആലോചിക്കാം""എന്നു പറഞ്ഞിട്ട് അവിടെ നിന്നു ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ നമ്പൂരി സാമാന്യത്തിലധികം ഇളിഭ്യനായി. താൻ മുൻപു പറഞ്ഞതു മൂസ്സു കേട്ടിരിക്കുമോ? കേട്ടുവെങ്കിൽ കാര്യം ചീത്തയായി. വ‌ഷളത്തം പറയണ്ടായിരുന്നു എന്നും മറ്റും വിചാരിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നിന്നും. അദ്ദേഹം കോവിലകത്തോടടുത്തുള്ള വളപ്പിൽ (പറമ്പിൽ) ചെന്നു ചുറ്റി നടന്നുനോക്കി എന്തോ ഒരു പച്ചില പറിച്ചു കൈയിലിട്ടു കശക്കിക്കൊണ്ടു മടങ്ങിവന്ന് അവിടെ നിന്നിരുന്ന കുട്ടിപ്പട്ടരുടെ കൈയിൽ കൊടുത്തു അതു പച്ചവെള്ളത്തിലരച്ചു കുഴമ്പു പോലെയാക്കിക്കൊണ്ടുവരുവാൻ പറഞ്ഞു. കുട്ടിപ്പട്ടര് ഉടനെ അതു കുഴമ്പുപോലെയാക്കിക്കൊണ്ടുവന്നു. മൂസ്സവർകൾ കുരുവിന്റെ ഒരു സ്ഥാനം പറഞ്ഞുകൊടുത്ത് ആ മരുന്ന് അവിടെ ഇടുവിച്ചു. ഒരു നാഴികകഴിഞ്ഞപ്പോൾ കുരു പൊട്ടി ചോരയും ചലവുമായി ഒരു രണ്ടുമൂന്നിടങ്ങഴിക്കു മാത്രം ഒഴിഞ്ഞുപോയി. തമ്പുരാൻ എണീറ്റിരുന്ന് "ഇപ്പോൾ വേദന ഒട്ടുമില്ല. ഇനി ക്ഷീണം മാത്രമാണു ദുസ്സഹമായിട്ടുള്ളത്"" എന്നു പറഞ്ഞു. അപ്പോൾ മൂസ്സവർകൾ "കുറചു കഞ്ഞി കുടിച്ചാൽ ക്ഷീണവും കുറയും" എന്നു പറഞ്ഞു. ഉടനെ തമ്പുരാൻ, "എന്നാൽ കഞ്ഞി കൊണ്ടു വരട്ടെ" എന്നു പറയുകയും കുട്ടിപ്പട്ടർ കഞ്ഞികൊണ്ടുചെന്നു കൊടുക്കുകയും ചെയ്തു. അപ്പോൾതന്നെ തമ്പുരാൻ ഒരു നാഴിയരിയുടെ കഞ്ഞികുടിചു. കഞ്ഞി കുടിചു കൈകഴുകിക്കഴിഞ്ഞപ്പോൾ മൂസ്സവർകൾ "ഇനികട്ടിലിൽ കുറച്ചുനേരം ഇടത്തുവശം ചെരിഞ്ഞു കിടക്കുക" എന്നു പറഞ്ഞു. ഉടനെ തമ്പുരാൻ അങ്ങനെ കിടക്കുകയും ഒരു മാത്രനേരം കഴിഞ്ഞപ്പോൾ ഉറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നെ മൂസ്സവർകൾ, "ഉറക്കത്തിനു വിഘ്നം വരത്തക്കവണ്ണം ഇവിടെ ആരും ശബ്ദമൊന്നും ഉണ്ടാക്കരുതെന്നു" പറഞ്ഞിട്ട് ഊണുകഴിക്കാൻ പോയി. ഊണു കഴിഞ്ഞു മൂസ്സവർകൾ കോവിലകത്തുതന്നെ മറ്റൊരു സ്ഥലത്തു പോയിരുന്നു വിശ്രമിച്ചു.

തമ്പുരാൻ ഉറങ്ങിത്തുടങ്ങീട്ട് ഏകദേശം നാലു മണിക്കൂറുകഴിഞ്ഞപ്പോൾ ഉണർന്നു. പിന്നെയും കുറച്ചു കഞ്ഞി കുടിച്ചു. തമ്പുതാന്റെ കഞ്ഞികുടി കഴിഞ്ഞപ്പോഴേയ്ക്കും മൂസ്സവർകൾ വീണ്ടും അവിടെയെത്തി. അപ്പോൾ തമ്പുരാൻ "മൂസ്സിന്റെ ചികിത്സ എനിക്കു നല്ലപോലെ ഫലിച്ചു. ഞാൻഅഞ്ചാറു ദിവസം കൂടീട്ടാണ് ഇന്നു കുറച്ചു കഞ്ഞി കുടിക്കുകയും ഉറങ്ങുകയും ചെയ്തത്. എനിക്കിപ്പോൾ വളരെ സുഖം തോന്നുന്നുണ്ട്. വേദന ഒട്ടുമില്ല. ഇനി കുരുവിന്റെ വ്രണമുടങ്ങുകയും ദേഹത്തിന്റെ ക്ഷീണം മാറുകയും മാത്രംമതി. എനിക്കു നല്ല സുഖമായിട്ടേ മൂസ്സ് ഇവിടെനിന്നു പോകാവൂ. അതുവരെ ഇവിടെത്താമസിക്കണം" എന്നു പറഞ്ഞു. അതിനു മറുപടിയായി മൂസ്സവർകൾ, "ഇനിയും ഇവിടെത്താമസിക്കാൻ നിവൃത്തിയില്ല. എനിക്ക് ഇപ്പോൾത്തന്നെ മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ജ്യേ‌ഷ്ഠനിപ്പോൾ സുഖക്കേടായിട്ടു കിടപ്പാണ്. ജ്യേ‌ഷ്ഠനെ ചികിത്സിക്കാനായിട്ടാണ് ഞാൻ പിലാമന്തോളില്ലത്തു വന്നിരിക്കുന്നത്. ഇവിടെ ശീലായ്മയാണെന്നറിയുകയും ആളയയ്ക്കുകയും ജ്യേ‌ഷ്ഠൻ നിർബന്ധപൂർവം പറയുകയും ചെയ്തതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടു പോന്നത്. ഇനി ഇവിടെ ഭയപ്പെടാനൊന്നുമില്ല. ഏതാനും ദിവസംകൊണ്ടു ദീനങ്ങളെല്ലാം മാറി സുഖമാവും. ഇനി ചേയ്യേണ്ടുന്ന ചികിത്സകൾക്കൊക്കെ ഇവിടെ എഴുതിക്കൊടുത്തേക്കാം. അതുപോലെയൊക്കെ ചെയ്താൽ മതി" എന്നറിയിച്ചു.

അതു തമ്പുരാൻ അനുവദിക്കുകയും ചികിത്സയ്ക്കു വേണ്ടതെല്ലാമെഴുതിക്കൊടുത്തിട്ടു മൂസ്സവർകൾ അപ്പോൾത്തന്നെ യാത്രയാവുകയും ചെയ്തു. ആ സമയം തമ്പുരാൻ തിരുമനസ്സുകൊണ്ട് മൂസ്സവർകൾക്കു ചില സമ്മാനങ്ങൾ കൽപിച്ചു കൊടുക്കാൻ ഭാവിച്ചു. മൂസ്സവർകൾ അതൊന്നും സ്വീകരിച്ചില്ല. "അതൊക്കെ ജ്യേ‌ഷ്ഠൻ വരുമ്പോൾ മതി. ഞാൻജ്യേ‌ഷ്ഠന്റെ പ്രതിപുരു‌ഷൻ മാത്രമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. ജ്യേ‌ഷ്ഠൻ പറഞ്ഞയച്ചിട്ടുള്ളതുപോലെ വല്ലതും ചെയ്യാനല്ലാതെ ഇവിടെനിന്ന് എന്തെങ്കിലും വാങ്ങാൻ എനിക്കർഹതയില്ല" എന്നു പറഞ്ഞു മടങ്ങിപ്പോന്നു. ആര്യൻ നാരായണൻ മൂസ്സ് അവർകൾ നിശ്ചയിച്ച് എഴുതി ക്കൊടുത്ത ചികിത്സകൾകൊണ്ടുതന്നെ സാമൂതിരിപ്പാടു തിരുമനസ്സിലേക്ക് അചിരേണ പൂർണ്ണസുഖം സിദ്ധിച്ചു. അതിനാൽ ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ കീർത്തി മലബാറിലും സർവത്ര വ്യാപിച്ചു.

ശങ്കുണ്ണിമൂസ്സ് അവർകളുടെ ദീനം ഭേദമായി അവിടേക്കു പൂർണ്ണസുഖം സിദ്ധിച്ചതിന്റെ ശേ‌ഷം "ഇനി പാൽക്കഞ്ഞി മതിയാക്കി യഥാപൂർവ്വം ഭക്ഷണം കഴിച്ചു തുടങ്ങാം. എന്നാൽ പാൽക‌ഷായം ഒരിക്കലും വേണ്ടെന്നു വെയ്ക്കേണ്ട. അത്താഴം കഴിഞ്ഞ് അതു പതിവായി സേവിച്ചേക്കണം. ഈ ദീനം ഇനിയും വരാതിരിക്കണമല്ലോ" എന്നു പറഞ്ഞിട്ടാണ് ആര്യൻ നാരായണൻ മൂസ്സ് അവർകൾ കോട്ടയത്തേക്കു മടങ്ങിപ്പോയത്. ശങ്കുണ്ണിമൂസ്സവർകൾ ആ പാൽക‌ഷായം ആജീവനാന്തം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

4. ഒരിക്കൽ ചെങ്ങന്നൂർക്കാരൻ ഒരു മാപ്പിള ദീനമായിട്ടു വയസ്ക്കരെ വന്നിരുന്നു. ആ സമയം ആര്യൻ നാരായണൻ മൂസ്സ്അവർകൾ ഇല്ലത്തിന്റെ തെക്കുവശത്തെ വരാന്തയിൽത്തന്നെ ഉണ്ടായിരുന്നു. മാപ്പിള മൂസ്സവർകളെക്കണ്ടു തൊഴുതുകൊണ്ടു "പൊന്നുതിരുമേനി! അടിയനു നിൽക്കാൻ വയ്യാ" എന്നു പറഞ്ഞു ആ മുറ്റത്തുതന്നെ ഇരുന്നു. ഉടനെ മൂസ്സവർകൾ "സുഖക്കേടുകൾ എന്തെല്ലാമാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി മാപ്പിള "അടിയനു നടക്കുമ്പോൾ നെഞ്ചിടിപ്പും ശ്വാസംമുട്ടലും തലതിരിച്ചലും മനംമറിച്ചിലും കണ്ണിരുട്ടിക്കലും കാലുകൾ മുറിഞ്ഞുപോകാൻ പോണതുപോലെ തോന്നുകയും ദേഹത്തിനു വിളർച്ച യും വയറ്റിൽ ഒരെരിച്ചലും മറ്റുമുണ്ട്. ചിലപ്പോൾ മഞ്ഞവെള്ളം ശർദ്ധിക്കും. തീരെ നടക്കാൻ വയ്യ. ഇവിടെ വിടകൊണ്ടിരിക്കുന്ന മറ്റു ചിലരുടെ വള്ളത്തിൽക്കൂടിയാണ് അടിയൻ വിടകൊണ്ടത്. അടിയനൊരു പാവപ്പെട്ടവനാണ്. അടിയന് ഒരു പെൺപിള്ളയും രണ്ടുമൂന്നു ചെറിയ കുട്ടികളുമല്ലാതെ വേറെ ആരുമില്ല. അടിയൻ അന്നന്നു കൂലിവേല ചെയ്താണ് ആ കുടുംബം പുലർത്തിപ്പോരുന്നത്. അടിയനു വേലയൊന്നും ചെയ്യാൻ വയ്യാതെയായതിൽപ്പിന്നെ അടിയങ്ങൾ ഒരുവിധം തെണ്ടിത്തിന്നുതന്നെയാണ് ദിവസവൃത്തി കഴിച്ചുപോരുന്നത്. മരുന്നുവല്ലതുമുണ്ടാക്കി സേവിക്കണമെന്നു കൽപിച്ചാൽ അടിയനു യാതൊരു നിവൃത്തിയുമില്ല. തിരുമനസ്സുകൊണ്ടു കൃപയുണ്ടായിട്ട് ദൈവത്തെ ഓർത്തു വല്ലതും മരുന്നു കല്പിച്ചു തന്ന് അടിയനെ രക്ഷിക്കണം" എന്നും മറ്റും ഏറ്റവും സങ്കടത്തോടുകൂടി പറഞ്ഞു. മാപ്പിളയുടെ ദീനവചനങ്ങളെല്ലാം കേട്ടതിന്റെ ശേ‌ഷം മൂസ്സത് തന്റെ ഒരു ഭൃത്യനെ വിളിച്ച് "ആ കൊന്നമരത്തിൻമേൽ പടർന്നുകിടക്കുന്ന ഇത്തിക്കണ്ണി (ഇത്തിൾ) കുറേ ഒടിച്ചെടുത്തു കെട്ടി ആ ചെങ്ങന്നൂർക്കാരൻ മാപ്പിളമാരുടെ തോണിയിൽ കൊണ്ടുചെന്ന് ഇട്ടുകൊടുക്കണം" എന്നു പറഞ്ഞു (അന്നു വയസ്ക്കര ഇല്ലത്തിന്റെ തെക്കുപുറത്തു മുറ്റത്തു ഒരു കൊന്നമരവും അതിൻമേൽ നിറച്ച് ഇത്തിക്കണ്ണിയുമുണ്ടായിരുന്നു). അതുകേട്ടു ഭൃത്യൻ ഉടനെ അപ്രകാരം ചെയ്തു. പിന്നെ മൂസ്സ് ആ മാപ്പിളയോട് "ആ മരുന്ന് ഉണക്കിപ്പൊടിച്ചു ദിവസംതോറും കാലത്തുകാലത്ത് ഒന്നരക്കഴഞ്ചു പൊടി കാഞ്ഞ വെള്ളത്തിൽ സേവിക്കണം. ഒരു മുപ്പതുദിവസത്തിൽക്കുറയാതെ സേവിച്ചാൽ നല്ല സുഖമാകും" എന്നു പറഞ്ഞു. അതുകേട്ടു മാപ്പിള "കൽപനപോലെ ചെയ്യാം. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ" എന്നു പറഞ്ഞു വീണ്ടും തൊഴുതുകൊണ്ടുപോയി.

ഇതിനുശേ‌ഷം ഏകദേശം ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ കറുത്തു തടിച്ചു കൂറ്റനായ ഒരു മാപ്പിള ഒരു ദിവസം വയസ്ക്കരെ വന്ന് ഒരു പുകയിലയും നാലഞ്ചു വെറ്റിലയും രണ്ടുമൂന്നു പഴുക്കടയ്ക്കയും കൂടി മൂസ്സവർകളുടെ മുമ്പിൽ വച്ചു വന്ദിച്ചു. അപ്പോൾ മൂസ്സ് അവർകൾ ആ മാപ്പിളയോട് "എന്താ വന്നത്" എന്നു ചോദിചു.

തൃപ്പാദം കണ്ടു വന്ദിക്കാനായിട്ടാണ്"

മൂസ്സവർകൾ: ദീനവർത്തമാനം വല്ലതും പറയാനാണോ?"

മാപ്പിള: ഇപ്പോൾ അടിയനു വിശേ‌ഷിച്ചു പടുകാലമൊന്നുമില്ല. അടിയൻ ഒന്നൊന്നരമാസം മുമ്പ് ഇവിടെ വിടകൊണ്ടിരുന്നു. അന്ന് അടിയന്റെ ദേഹം വിളറി പച്ചക്കൂമ്പാളപോലെയാണിരുന്നിരുന്നത്. അതു കൊണ്ട് ആളറിഞ്ഞില്ലായിരിക്കും. അന്ന് അടിയനു രണ്ടു ചുവടുതികച്ചു നടക്കാൻ വയ്യായിരുന്നു. ഇപ്പോൾ അതൊക്കെ തിരുമനസ്സിലെ കൃപകൊണ്ടു ദേഭമായി. അടിയനിപ്പോൾ ചെങ്ങന്നൂരുനിന്നു കരയ്ക്കു നടന്നാണു വിടകൊണ്ടത്. അടിയനു സേവിക്കാൻ ചുണ്ടിക്കാണിച്ചു കൊണ്ട്) ഈ കൊന്നമരത്തിൻമേലേ ഇത്തിക്കണ്ണിയാണലോ കൽപിചു തന്നയച്ചത്. കൽപിച്ചതുപോലെ ആ മരുന്ന് ഉണക്കിപ്പൊടിച്ച് ഒരു മാസം കാഞ്ഞവെള്ളത്തിൽ സേവിച്ചപ്പോൾ അടിയന്റെ പടുകാലമൊക്കെ മാറി സുഖമായി. എങ്കിലും അടിയൻ അതു പത്തു ദിവസംകൂടി, നാൽപതു ദിവസം തികച്ചു സേവിച്ചു. ആ മരുന്നു കുറച്ചുകൂടി ഇരിക്കുന്നുണ്ട്. ഇനിയും വേണമെങ്കിൽ സേവിക്കാം. ഇപ്പോൾ അടിയനു പടുകാലമൊന്നുമില്ല. പണ്ടത്തെപ്പോലെ വേലകളെടുക്കുകയും നടക്കുകയുമൊക്കെ ചെയ്യാറായി. ഈ വർത്തമാനം ഇവിടെ വിടകൊണ്ട് അറിയിക്കാതെയിരിക്കുന്നതു നന്ദികേടാണല്ലോ എന്നു വിചാരിച്ചു മാത്രമാണ് അടിയനിപ്പോൾ വിടകൊണ്ടത്."

മൂസ്സവർകൾ: "ദീനം ഭേദമായാൽ ആ വിവരം പിന്നെയിവിടെ അറിയിക്കുന്നവർ ചുരുക്കമാണ്. നിനക്ക് ഇങ്ങനെ വേണമെന്നു തോന്നിയല്ലോ. സന്തോ‌ഷമായി. ഇപ്പോൾ ദീനമൊന്നുമില്ലാത്തസ്ഥിതിക്ക് ആ മരുന്നിനി സേവിക്കണമെന്നില്ല" എന്നു പറഞ്ഞു.

മാപ്പിള: എന്നാൽ അടിയൻ വിടകൊള്ളട്ടെ!

മൂസ്സത്: (ഒരു രൂപയെടുത്ത് അവിടെ വെച്ചിട്ട്) "വഴിച്ചെലവിന് ഇതു കൂടിയിരിക്കട്ടെ" എന്നു പറഞ്ഞു.

മാപ്പിള: അയ്യോ! അടിയന് ഇതൊന്നും വേണ്ടാ. തിരുമനസ്സിലെ കൃപ കൊണ്ട് അടിയനിപ്പോൾ വേലയെടുക്കാറായല്ലോ.

മൂസ്സവർകൾ: "ആട്ടെ, കൊണ്ടുപൊയ്ക്കോ, സംശയിക്കേണ്ട. നീയൊരു പാവമല്ലേ?" എന്നും മറ്റും പറഞ്ഞു വീണ്ടും നിർബന്ധിക്കയാൽ മാപ്പിള രൂപയെടുത്തു വീണ്ടും തൊഴുതു യാത്രപറഞ്ഞുപോയി.

5.കാടമുറി ഗ്രാമത്തിലുൾപ്പെട്ട നാരായണമംഗലത്തില്ലത്തു കഴിഞ്ഞുപോയ അച്ഛൻ നമ്പൂരി അവർകൾ ഒരു വിധം പ്രസിദ്ധിയോടും പ്രതാപത്തോടും കൂടിയിരുന്ന കാലത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ മക്കളിൽ ഒരുണ്ണിയോടും ഒരു പെൺകിടാവിനോടുംകൂടി വയസ്ക്കര വന്നിരുന്നു. നമ്പൂരിയെക്കണ്ടപ്പോൾ മൂസ്സവർകൾ, "എന്താ, നാറാണമംഗലം വിശേ‌ഷിച്ച്?" എന്നു ചോദിച്ചു.

അച്ഛൻ നമ്പൂരി: വലിയ വിശേ‌ഷമൊന്നുമില്ല. ഈ ഉണ്ണിക്ക് ഒരു ചുമ തുടങ്ങീട്ട് ഏകദേശം ഒരു മാസമായി. പൊയ്ക്കൊള്ളും, പൊയ്ക്കൊള്ളും എന്നു വിചാരിച്ചിരുന്നിട്ട് അതു പോകുന്നില്ല. അതിനെന്താണിനി ചെയ്യേണ്ടത്?

മൂസ്സവർകൾ: ഹേ! ഉണ്ണിക്കാണോ സുഖക്കേട്? പെണ്ണിനായിരിക്കുമെന്നു ഞാൻവിചാരിച്ചു.

അച്ഛൻ നമ്പൂരി: പെണ്ണിനിപ്പോൾ സുഖക്കേടൊന്നുമില്ല ഞാൻ തോണിക്കാണു പോന്നത്, തോണിയിൽക്കേറാനുള്ള ഉത്സാഹംകൊണ്ട് അവളും പോന്നു എന്നേ ഉള്ളൂ.

മൂസ്സവർകൾ: ഉണ്ണിയുടെ സുഖക്കേടു സാരമുള്ളതല്ല. അതിനു കടുക്കയും ജീരകവുംകൂടി പൊടിച്ചു പഞ്ചസാര ചേർത്തു കൂടെക്കൂടെ കുറേശ്ശെ കൊടുത്താൽ മതി. നാലഞ്ചുദിവസം കഴിയുമ്പോഴേക്കും ഭേദമാകും. പെണ്ണിനെന്താ ചെയ്യേണ്ടതെന്നു ഞാൻസംശയിച്ചു.

അച്ഛൻ നമ്പൂരി: അവൾക്കിപ്പോൾ ഒന്നും ചെയ്യണമെന്നു തോന്നുന്നില്ല.

മൂസ്സവർകൾ: വേണ്ട, വല്ലതും ചെയ്യണമെന്ന് എനിക്കും അഭിപ്രായമില്ല. അങ്ങനെ സംശയിച്ചു എന്നു പറഞ്ഞു എന്നേ ഉള്ളൂ.

അച്ഛൻനമ്പൂരി: ഞാൻഇപ്പോൾത്തന്നെ പോകുന്നു. സന്ധ്യയ്ക്കു മുമ്പ് അങ്ങോട്ടെത്തണം.

മൂസ്സവർകൾ: ഇപ്പോൾത്തന്നെ പോകുന്നുവെങ്കിൽ ഒട്ടും താമസിക്കേണ്ട. രാത്രിയിൽ ഉപദ്രവമാണ്.

അച്ഛൻ നമ്പൂരി: അതെയതെ, രാത്രിയിൽ വലിയ ഉപദ്രവമാണ് എന്നു പറഞ്ഞു.

അദ്ദേഹം അപ്പോൾത്തന്നെ തോണികേറിപ്പോവുകയും സന്ധ്യയ്ക്കുമുമ്പായി ഇല്ലെത്തെത്തുകയും അന്യന്മാർക്ക് അറിയാവുന്ന വിധത്തിൽ യാതൊരു സുഖക്കേടുമില്ലാതെയിരുന്ന ആ പെൺകിടാവ് അന്നു രാത്രിയിൽത്തന്നെ മരിക്കുകയും ചെയ്തു. ആ പൊടിയുണ്ടാക്കി നാലഞ്ചുദിവസം കൊടുത്തപ്പോൾ ഉണ്ണിയുടെ ചുമ മാറി സുഖമാവുകയും ചെയ്തു.

6. കായംകുളത്തിനു സമീപം "എരുവ" എന്ന സ്ഥലത്ത് ഒരു സ്ത്രീ (ആളെ സ്പഷ്ടമായി പറഞ്ഞാൽ അവർക്കതു രസിക്കാതെവന്നെങ്കിലോ എന്നു വിചാരിച്ച് അങ്ങനെ ചെയ്യാത്തതാണ്) പ്രസവിച്ചതോടുകൂടി പൊട്ടിക്കീറി രണ്ടു ദ്വാരങ്ങൾ ഒന്നായിത്തീർന്ന് മലവും മൂത്രവും ഒരു മാർഗ്ഗമായിത്തന്നെ പുറത്തേക്കു പോയിത്തുടങ്ങി. ആ സ്ത്രീയുടെ ഭർത്താവും മറ്റും പല നാട്ടുവൈദ്യന്മാരോടും പറഞ്ഞിട്ടും ഇതിലേക്ക് ഒരു സമാധാനവുമുണ്ടായില്ല. "ആസ്പത്രിയിൽ കൊണ്ടുപോയി തുന്നിക്കെട്ടാതെ ഇതു ശരിയാകുന്ന കാര്യം അസാദ്ധ്യമാണ്" എന്നാണ് എല്ലാവരും പറഞ്ഞത്. അതിന് ആ സ്ത്രീക്കും സ്ത്രീയുടെ ഭർത്താവു മുതലായവർക്കും നല്ല സമ്മതമില്ലായിരുന്നു. "വയസ്ക്കരത്തിരുമനസ്സിലെ അടുക്കൽകൂടി അറിയിച്ചിട്ട് അവിടുന്നും ഇങ്ങനെതന്നെ അഭിപ്രായപ്പെടുകയാണെങ്കിൽ പിന്നെ എന്തുവേണം എന്നാലോചിക്കാം" എന്നു പറഞ്ഞു നിശ്ചയിച്ച് ആ സ്ത്രീയുടെ ഭർത്താവും മറ്റും കൂടി വയസ്ക്കരെ വന്നു. ഇത് ഒരു ദിവസം കാലത്തായിരുന്നു. ആ സമയം ആര്യൻ നാരായണൻമൂസ്സ് അവർകൾ കുളപ്പുരയുടെ മുറ്റത്താണ് ഇരുന്നിരുന്നത്. കുളിക്കാൻ ചെന്നപ്പോൾ കടവിൽ അവിടുത്തെ അമ്മ കുളിക്കുന്നുണ്ടായിരുന്നതിനാലാണ് അവിടെ ഇരുന്നത്. ആ മുറ്റത്തു കുറേശ്ശെ മുത്തങ്ങാംപുല്ലു നിൽക്കുന്നുണ്ടായിരുന്നു. ആ പുല്ലു പറിച്ചുകൊണ്ടാണ് അവിടുന്ന് അവിടെ ഇരുന്നിരുന്നത്. അപ്പോൾ ഇവർ അടുത്തുചെന്നു വന്ദിച്ചു. സ്ത്രീയുടെ സുഖക്കേടിന്റെ വിവരമെല്ലാമറിയിച്ചു. അതെല്ലാംകേട്ടുകഴിഞ്ഞപ്പോൾ മൂസ്സവർകൾ നാലഞ്ചുകൂട്ടം മരുന്നുകളുടെ പേരു പറഞ്ഞിട്ട്, "ഇവയെലാം കൂടിയിട്ട ക‌ഷായംവെചു പഞ്ചസാര മേമ്പൊടിയായിട്ട് കൊടുക്കുക. ക‌ഷായമൊരു മുപ്പതുദിവസം കൊടുത്തേക്കണം" എന്നു പറഞ്ഞു. അപ്പോഴേക്കും കടവൊഴിയുകയാൽ അവിടുന്നു കുളിക്കാൻ പോവുകയും ചെയ്തു. മരുന്നുകൾ കേട്ടു ധരിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കുറിച്ചുകൊടുത്തില്ല. അവിടുന്നു പറഞ്ഞ മരുന്നുകളുടെ കൂട്ടത്തിൽ മുത്തങ്ങാക്കിഴങ്ങുമുണ്ടായിരുന്നു. അവിടുന്ന് അവിതെ പറിച്ചുകൂട്ടിയ മുത്തങ്ങാപ്പുല്ലു കിഴങ്ങോടുകൂടിയതുമായിരുന്നു. അതിനാലവർ "നമുക്കു മുത്തങ്ങാക്കിഴങ്ങും വേണമല്ലോ. അതുതിരുമനസ്സിലെ തൃക്കൈകൊണ്ടു പറിച്ചതും ഈ മുറ്റത്തു മുളച്ചതുമാകയാൽ ഇതിന് പ്രത്യേകമായൊരു മാഹാത്മ്യമുണ്ടായിരിക്കും" എന്നു പറഞ്ഞ് അതെല്ലാം വാരിയെടുത്തു പൊതിഞ്ഞുകെട്ടിക്കൊണ്ടുപോയി.

ആ ക‌ഷായം പത്തുപതിനഞ്ചുദിവസം സേവിച്ചപ്പോഴേക്കും സ്ത്രീക്കു പൊട്ടിക്കീറിയിരുന്ന സ്ഥലം കൂട്ടിപ്പിടിച്ച് ഉണങ്ങിത്തുടങ്ങുകയും മലമൂത്രങ്ങൾ യഥാകാലം രണ്ടുവഴിയായിത്തന്നെ വേണ്ടപോലെ പോയിത്തുടങ്ങുകയും ചെയ്തു. ഒരു മാസം ക‌ഷായം സേവിച്ചപ്പോഴേക്കും എല്ലാം യഥാപൂർവ്വം ശരിയായി സ്ത്രീ പൂർണ്ണസുഖത്തെ പ്രാപിച്ചു. ആ സ്ത്രീ പിന്നെയും നാലഞ്ചു പ്രസവിച്ചു. യാതൊരപകടവുമുണ്ടായില്ല. അവർ ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നുണ്ട്.

ആസ്പത്രിയിൽ കൊണ്ടുപോയി തുന്നിക്കെട്ടാതെ ഇതു ശരിയാവുകയില്ല എന്നു പറഞ്ഞ ചില വൈദ്യന്മാരോട് ഈ സ്ത്രീയുടെ ഭർത്താവ് ഈ വിവരം പറഞ്ഞപ്പോൾ അവർ പറഞ്ഞത്, "ആസ്പത്രിയിൽ കൊണ്ടുപോയി തുന്നിക്കെട്ടാതെ മനു‌ഷ്യർ വിചാരിച്ചാൽ ഇതു ശരിയാക്കാൻ സാധിക്കയില്ല എന്നല്ലേ പറഞ്ഞത്? വയസ്ക്കരത്തിരുമേനി കേവലം മനു‌ഷ്യനല്ല. സാക്ഷാൽ ധന്വന്തരിയുടെ ഒരവതാരമാണ്. അവിടുന്നു വിചാരിച്ചാൽ അസാദ്ധ്യമായിട്ടൊന്നുമില്ല" എന്നാണ്.

7. കാർത്തികപ്പള്ളിത്താലൂക്കിൽ പള്ളിപ്പാട്ടുദേശത്തു കോയിക്കലേത്തായ ഈരിക്കൽവീട്ടിൽ കേശവപ്പിള്ള എന്നു പ്രസിദ്ധനായ ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരിക്കൽ ഒരു സുഖക്കേടുണ്ടായി. അതു മൂത്രമൊഴിവായിരുന്നുവെങ്കിലും സാധാരണമട്ടിലല്ലായിരുന്നു. നേരം വെളുക്കുമ്പോൾ അടിവയറ്റിൽനിന്ന് ഒരെരിച്ചിൽ മേൽപോട്ടു കയറിവരും. അതു തൊണ്ടവരെയാകുമ്പോൾ തൊണ്ടയും നാവും ഉണങ്ങി വരണ്ടു ദാഹം തുടങ്ങും. വെള്ളം കുടിച്ചു തുടങ്ങിയാൽ മൂത്രം പോയിത്തുടങ്ങും. പകൽ പല പ്രാവശ്യമായിട്ട് മൂന്നു നാലു പറയോളം വെള്ളം കുടിക്കും. പല തവണയായിട്ട് അത്രയും തന്നെ മൂത്രം പോവുകയും ചെയ്യും. രാത്രിയാകുമ്പോൾ ദാഹവും വെള്ളംകുടിയും മൂത്രംപോക്കും കുറഞ്ഞു സാമാന്യംപോലെയാകും. ഇങ്ങനെയായിരുന്നു ദീനത്തിന്റെ സ്വഭാവം. ഇതിനു കേശവപിള്ളയവർകൾ അനേകം വൈദ്യന്മാരെ വരുത്തുകയും അവരുടെ വിധിപ്രകാരം പല പല ചികിത്സകൾ ചെയ്തുനോക്കുകയും ചെയ്തു. നാട്ടുവൈദ്യന്മാരും ഇംഗ്ലീഷുവൈദ്യന്മാരും മാറി മാറി പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചു നോക്കീട്ടും ദീനത്തിനു യാതൊരു കുറവുമുണ്ടായില്ല. ഇങ്ങനെ അഞ്ചാറുമാസം കഴിഞ്ഞപ്പോഴേക്കും പരസഹായം കൂടാതെ എണീക്കാൻപോലും വയാത്തവിധത്തിൽ കേശവപിള്ള അവർകൾ ഏറ്റവും പരവശനായിത്തീർന്നു. ഇത്രയുമായതിന്റെ ശേ‌ഷം അദ്ദേഹം വള്ളംവഴി ഒരു വിധത്തിൽ വയക്കരെ വന്നെത്തി, ദീനത്തിന്റെ സ്വഭാവവും അതുവരെ ചെയ്ത ചികിത്സകളുടെ വിവരവുമെല്ലാം ആര്യൻ നാരായണൻമൂസ്സവർകളുടെ അടുക്കൽ അറിയിച്ചു. അവിടുന്ന് അതെല്ലാം കേട്ടു കഴിഞ്ഞതിന്റെ ശേ‌ഷം ഒരു നെയ്ക്കു ചാർത്തിക്കൊടുക്കുകയും ആ നെയ്യു കാച്ചി പതിവായി കാലത്തുകാലാത്ത് അരയ്ക്കാൽത്തുടംവീതം ചൂടുള്ള കഞ്ഞിയിലൊഴിച്ചു കുടിക്കാൻ പറയുകയും ചെയ്തു. കേശവപിള്ള അവർകൾ ചാർത്തുവാങ്ങി ഒരാളെക്കൊണ്ടു വായിപ്പിച്ചു കേട്ടതിന്റെ ശേ‌ഷം "ഈ നെയ്യു മുന്നാഴി വീതം മൂന്നുപ്രാവശ്യം കാച്ചിസ്സേവിച്ചിട്ട് ഒരു ഗുണവുമുണ്ടായില്ല" എന്നറിയിച്ചു.

മൂസ്സവർകൾ: ആട്ടെ, ഒരു മുന്നാഴികൂടി കാചുക; ഗുണമുണ്ടാകും.

കേശവപിള്ള: ഇയ്യിടെ കാച്ചിയ ഒരു മുന്നാഴി നെയ്യ് ഇരിക്കുന്നുണ്ട്. അതുപയോഗിച്ചാൽ മതിയാകുമോ?

മൂസ്സവർകൾ: അതുവേണ്ട. ഈ കുറിപ്പനുസരിച്ചു വേറെതന്നെ മുന്നാഴി കാച്ചുകയാണു നല്ലത്.

കേശവപിള്ള: കല്പനപോലെ ചെയ്യാം എന്നു പറഞ്ഞു

വീണ്ടും വന്ദിച്ചുകൊണ്ട് തോണികേറി അപ്പോൾത്തന്നെ പോവുകയും ചെയ്തു. വയസ്ക്കരനിന്നു കൊടുത്ത ചാർത്തനുസരിച്ചു കേശവപിള്ള അവർകൾ പിന്നേയും മുന്നാഴി നെയ്യ് യഥാക്രമം കാച്ചിയരിപ്പിക്കുകയും അതു കാച്ചിയരിച്ചതിന്റെ പിറ്റേദിവസം രാവിലെ കഞ്ഞി വെയ്പ്പിച്ച് അരയ്ക്കാൽത്തുടം നെയ്യുമൊഴിച്ചു ചെറുചൂടോടുകൂടി കഞ്ഞി കുടിക്കുകയും ചെയ്തു. അടിവയറ്റിൽനിന്നുള്ള എരിച്ചിൽ മേല്പോട്ട് കേറിവന്നു തുടങ്ങിയപ്പോഴാണ് കഞ്ഞി കുടിച്ചത്. ആദ്യം കുടിച്ച ആ ഒരു പിലാവിലക്കഞ്ഞി കീഴ്പോട്ടു ഇറങ്ങിയതോടുകൂടി ആ എരിച്ചിലും കീഴ്പോട്ടിറങ്ങി. പിന്നെ ആ എരിച്ചിൽ ഒരിക്കലും മേല്പോട്ടു കയറിവന്നില്ല. അതിനാൽ ക്രമത്തിലധികമുണ്ടായിരുന്ന ദാഹവും വെള്ളം കുടിയും മൂത്രംപോക്കുമെല്ലാം അതോടുകൂടി നിന്നു. പിന്നെ അതൊന്നും അദ്ദേഹത്തിന് ഒരിക്കലുമുണ്ടായിട്ടില്ല. വാസ്തവം വിചാരിച്ചാൽ ആ ഒരു പിലാവിലക്കഞ്ഞി കുടിച്ചതോടുകൂടിത്തന്നെ കേശവപിള്ള അവർകളുടെ സുഖക്കേടുകളെല്ലാം ഭേദമായിയെന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലും അദ്ദേഹം ആ മുന്നാഴി നെയ്യ് തീരുന്നതുവരെ അരയ്ക്കാൽത്തുടംവീതം പതിവായി കഞ്ഞിയിലൊഴിച്ചു കുടിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ക്ഷീണമെല്ലാം മാറി യഥാപൂർവ്വം ബലവത്തരമായിത്തീരുകയും പിന്നെയും അദ്ദേഹം ഏതാനും കൊല്ലം സുഖമായി ജീവിച്ചിരിക്കുകയും ചെയ്തു. അദ്ദേഹം അജീവനാന്തം ഈ സംഗതിയെക്കുറിച്ച് കൃതജ്ഞതാപൂർവ്വം പലരോടും പറയറുണ്ടായിരുന്നു. "ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കുവേണ്ടി നമ്മുടെ ഗവർമ്മെന്റ് പ്രതിവത്സരം വളരെ പണം വ്യയം ചെയ്യുന്നുണ്ടല്ലോ. എന്നാൽ ഏറിയൊരു ജനങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ടിരിക്കുന്ന വയസ്ക്കരത്തിരുമേനിക്കു ഗവർമ്മെന്റിൽ നിന്നു പറയത്തക്കവണ്ണമുള്ള ധനസഹായമൊന്നും ചെയ്യാത്തതു കഷ്ഠം തന്നെ. ഡർബാർ ഫിസി‌ഷ്യനു ഗവർമ്മെന്റു പ്രതിമാസം ആയിരംരൂപ വീതമാണ് കൊടുക്കുന്നതെങ്കിൽ വയസ്ക്കരത്തിരുമേനിക്കു പതിനായിരം വീതം കൊടുക്കണം. അത്രയ്ക്കുമാത്രം രക്ഷ അവിടുന്നു ജനങ്ങൾക്കു ചെയ്യുന്നുണ്ട്" എന്നും മറ്റുമായിരുന്നു കേശവപിള്ള അവർകൾ പറഞ്ഞിരുന്നത്.

8. കുമാരനല്ലൂർ ഗ്രാമവാസിയും കുമാരനല്ലൂർ അമ്പലപ്പുഴ മുതലായ മഹാക്ഷേത്രങ്ങളിലെ തന്ത്രിയും പ്രസിദ്ധ കർമ്മിയുമായ "കുടിയക്കോൽ" അച്ഛൻ തുപ്പൻ നമ്പൂരി അവർകൾ ഒരിക്കൽ അരോചകരോഗബാധിതനായിത്തീർന്നു. കഞ്ഞി, ചോറ്, കാപ്പി, ചായ, പലഹാരങ്ങൾ, പഴങ്ങൾ മുതലായി യാതൊന്നിനും രുചിയില്ലാതെ വരികയാൽ ഭക്ഷണമൊന്നും കഴിക്കാതെയാവുകയും തന്നിമിത്തം ക്ഷീണം വർദ്ധിക്കുകയും അച്ഛൻ നമ്പൂരി അവർകൾക്കു പരസഹായം കൂടാതെ എണീറ്റിരിക്കാൻപോലും വയ്യാതായിത്തീരുകയും ചെയ്തു. അനേകം വൈദ്യന്മാർ മാറി മാറി പല ചികിത്സകൾ ചെയ്തുനോക്കീട്ടും ഒരു ഫലവും കാണായ്കയാൽ ഒടുക്കം അപ്ഫൻ നമ്പൂരിയവർകൾ വയസ്ക്കരവാന് ആര്യൻ നാരായണൻ മൂസ്സവർകളെ കൊണ്ടുപോയി. മൂസ്സവർകൾ കുടിയക്കോലില്ലത്തെത്തി അച്ഛൻ നമ്പൂരി അവർകളെ കണ്ടപ്പോൾ "കുടിയക്കോലിനു യാതൊന്നിനും രുചിയില്ലേ? എന്തെങ്കിലും ഭക്ഷിക്കാമെന്നോ കുടിക്കാമെന്നോ തോന്നന്നുണ്ടോ?" എന്നു ചോദിച്ചു.

അച്ഛൻ നമ്പൂരി അവർകൾ: എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല.

മൂസ്സവർകൾ: കുമാരനെല്ലൂരമ്പലത്തിലെ ഇടിച്ചുപിഴിഞ്ഞ പായസമായാലോ?

അച്ഛൻ നമ്പൂരി അവർകൾ: എന്തോ പരീക്ഷിച്ചുനോക്കണം.

മൂസ്സവർകൾ: (അപ്ഫൻ നമ്പൂരി അവർകളോട്) അതിനു രുചിയില്ലാതെ വരികയില്ല. അവിടെ ഇടിച്ചുപിഴിഞ്ഞ പായസം പതിവായിട്ടുണ്ടായിരിക്കുമല്ലോ. കുടിയക്കോൽ അവിടെ തന്ത്രിയായതുകൊണ്ട് അതു കിട്ടാനും പ്രയാസമുണ്ടാവില്ല. അതു വരുത്തി ദിവസം തോറും രണ്ടു പ്രാവശ്യം വീതം കുറേശ്ശെ കൊടുക്കണം. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ കഞ്ഞിയും ചോറുമൊക്കെ കഴിച്ചു തുടങ്ങും. ഭക്ഷണം കഴിച്ചുതുടങ്ങിയാൽ ക്രമേണ ക്ഷീണം മാറും. അത്രയും മതിയല്ലോ.

അപ്ഫൻ നമ്പൂരി അവർകൾ: ദീനവും ക്ഷീണവും മാറിയാൽ മതി. പായസം ഇന്നു മുതൽക്കുതന്നെ വരുത്തിക്കൊടുക്കാം. വേറെ മരുന്നു വേണ്ടെന്നോ?

മൂസ്സവർകൾ: മരുന്നോ? ഇതുതന്നെ ഒരു മരുന്നാണ്. പിന്നെ (അപ്പോൾ അവിടെ മുറ്റത്തു നിൽക്കുന്ന മാവിന്റെ ചുവട്ടിൽ തളിരു ധാരാളം വീണുകിടക്കുന്നുണ്ടായിരുന്നു. അതു ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ മാന്തളിര്, ഇഞ്ചി, കൂവളത്തിൻ വേര് തൊലി കളഞ്ഞ്, മലര്, ഇവയിട്ടു ക‌ഷായംവെച്ച് അരക്ക‌ഷായം വീതം രണ്ടുനേരവും പഞ്ചസാര മേൻപൊടി ചേർത്തു കൊടുക്കുകകൂടി ചെയ്തേക്കണം. അതു മതി എന്നു പറഞ്ഞു മൂസ്സവർകൾ അപ്പോൾത്തന്നെ മടങ്ങിപ്പോരികയും ചെയ്തു. അന്നുതന്നെ കുമാരനെല്ലൂർനിന്ന് ഇടിച്ചുപിഴിഞ്ഞ പായസം വരുത്തിക്കൊടുത്തു. അച്ഛൻനമ്പൂരിയവർകൾ അപ്പോഴും വൈകുന്നേരവും കുറേശ്ശെ ഉണ്ടു. അന്നുതന്നെ ക‌ഷായവുമുണ്ടാക്കിക്കൊടുത്തുതുടങ്ങി. അങ്ങനെ രണ്ടുമൂന്നു ദിവസം രണ്ടുനേരവും ക‌ഷായം സേവിക്കുകയും പായസമുണ്ണുകയും ചെയ്തപ്പോൾ അച്ഛൻ നമ്പൂരിയവർകൾക്കു രുചിയുണ്ടായിത്തുടങ്ങുകയും ചെയ്തു. അഞ്ചാറു ദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സാമാന്യംപോലെ ഊണു കഴിച്ചുതുടങ്ങി. കിം ബഹുനാ? പത്തുപതിനഞ്ചു ദിവസം കൊണ്ട് അച്ഛൻനമ്പൂരിയവർകൾ ദീനം മാറി സ്വസ്ഥശരീരനായിത്തീർന്നു. ഈ സംഗതി അദ്ദേഹവും അപ്ഫൻനമ്പൂരിയവർകൾ മുതലായവർ ഇപ്പോഴും ചിലപ്പോൾ പ്രസംഗവശാൽ കൃതജ്ഞതാപൂർവം പറയാറുണ്ട്.

9. ഒരു കഥകളിയോഗത്തിലെ പ്രധാനനും പ്രസിദ്ധനും നല്ല വേ‌ഷക്കാരനും ആട്ടക്കാരനുമായിരുന്ന തകഴിയിൽ വേലുപ്പിള്ള ഒരിക്കൽ വയസ്ക്കരയിലത്തു വന്നപ്പോൾ ആര്യൻ നാരായണൻമൂസ്സ് അവർകൾ "വേലുപ്പിള്ള തനിച്ചോ? യോഗത്തോടുകൂടിയോ?" എന്നു ചോദിച്ചു.

വേലുപ്പിള്ള: യോഗത്തോടുകൂടിത്തന്നെയാണ്.

മൂസ്സവർകൾ: ഇന്നു കളി എവിടെയാണ്?

വേലുപ്പിള്ള: കാരാപ്പുഴെ അമ്പലക്കടവിലമ്പലത്തിൽ.

മൂസ്സവർകൾ: നാളെയോ?

വേലുപ്പിള്ള: നാളെ ഇവിടെ തിരുമുമ്പിലെന്നാണ് അടിയൻ വിചാരിച്ചിരിക്കുന്നത്.

മൂസ്സവർകൾ: ഓഹോ, വിരോധമില്ല. നേരത്തെ പെട്ടിയും കോപ്പും ഇങ്ങോട്ടെടുപ്പിച്ചോളൂ.

ഇതുകേട്ടു വേലുപ്പിള്ള സന്തോ‌ഷത്തോടുകൂടി വീണ്ടും വന്ദിച്ചു കൊണ്ടുപോയി.

വേലുപ്പിള്ള പറഞ്ഞതുപോലെ അന്ന് കാരാപ്പുഴ കളിയുണ്ടായിരുന്നു. കഥ നളചരിതം രണ്ടാം ദിവസത്തേതായിരുന്നു. വേലുപ്പിള്ള നളന്റെ വേ‌ഷംകെട്ടി ആടിക്കൊണ്ടുനിന്ന സമയം ഒരു ചെവിപ്പൂവു താഴെ വീണു. അതു കോൽ മേല്പോട്ടായിട്ടു കമഴ്ന്നാണ് വീണത്. അതറിയാതെ വേലുപ്പിള്ള അതിന്റെ മീതെ ചവിട്ടി. ചവിട്ടു നല്ല ഊക്കോടു കൂടിയായിരുന്നു. ചെവിപ്പൂവിന്റെ കോൽ വേലുപ്പിള്ളയുടെ ഉള്ളങ്കാലിൽ കുത്തിക്കേറി. അതിന്റെ അഗ്രം മറുവശത്തുവന്നു. അതോടുകൂടി വേലുപ്പിള്ള ബോധംകെട്ടു പുറകോട്ടു മലർന്നു. ഉടൻ പാട്ടുകാരും മേളക്കാരും കൂടി താങ്ങിപ്പിടിച്ചതുകൊണ്ട് നിലത്തു വീണില്ല. അവർ വേലുപ്പിള്ളയെ താങ്ങിയെടുത്ത് അണിയറയിൽ കൊണ്ടുചെന്നു കിടത്തി. കോപ്പുകളെല്ലാമൊരുവിധത്തിൽ അഴിച്ചെടുക്കുകയും ഉള്ളങ്കാലിൽ തറച്ചിരുന്ന ചെവിപ്പൂവൂരിയെടുക്കുകയും ചെയ്തു. വേലുപ്പിള്ളയുടെ മുറിവുപറ്റിയ ആ കാലിലിരുന്ന സ്ഥലമെല്ലാം രക്തമയമായി. ഉടുത്തുകെട്ടു മുതലായവയും മിക്കവാറും രക്തംകൊണ്ടു നനഞ്ഞു. വേലുപ്പിള്ളയ്ക്ക് ഈ ആപത്തുപറ്റിയതോടുകൂടി അന്നത്തെ കളി അവസാനിക്കുകയും കാഴ്ചക്കാരെല്ലാം പിരിയുകയും ചെയ്തു. സ്ഥലത്തെ ചില പ്രധാനന്മാരും വേലുപ്പിള്ളയുടെ ശി‌ഷ്യന്മാരും മറ്റും മാത്രമേ പിന്നെയവിടെയുണ്ടായിരുന്നുള്ളൂ. അവർ ചില ശുശ്രൂ‌ഷകൾ ചെയ്തുകൊണ്ട് വേലുപ്പിള്ളയുടെ ചുറ്റും കൂടി. അവർ വേലുപ്പിള്ളയ്ക്കു ജലധാരയോ ഏതാണ്ടൊക്കെ ചെയ്തതിനാൽ കുറച്ചുകഴിഞ്ഞപ്പോൾ ബോധം വീണു. അപ്പോൾ വേദനയുടെ കാഠിന്യംകൊണ്ട് വേലുപ്പിള്ള നിലവിളിച്ചുതുടങ്ങി. അങ്ങനെ "അവിദിതഗതയാമാരാത്രിരേവം വ്യരംസീൽ" എന്നുള്ളതുപോലെതന്നെ നേരം വെളുത്തു.അപ്പോഴേക്കും വേലുപ്പിള്ളയുടെ ആ ഒരു കാലിന്മേൽ മുഴുവനും നീരുവന്നു വീർത്തിരുന്നു. മുട്ടിനു താഴെ വലിയ മന്തുപോലെയല്ല, അതിലധികം നീരുണ്ടായിരുന്നു. വേദനകൊണ്ട് കാലു മാറ്റിവെയ്ക്കാനെന്നല്ല, കാലിന്മേൽ തൊടാൻപോലും വയ്യായിരുന്നു. പിന്നെ എല്ലാവരും കൂടിഎന്താ വേണ്ടതെന്ന് ആലോചനയായി. വേലുപ്പിള്ള ഈ സ്ഥിതിയിലായിപ്പോയതുകൊണ്ട് അന്നു വയസ്ക്കരെ കളിയുണ്ടാവുകയില്ലെന്നുതന്നെ തീർച്ചപ്പെടുത്തി. എങ്കിലും ഈ വിവരം അവിടെ അറിയിക്കുകയും ഇതിനെന്താണു ചെയ്യേണ്ടതെന്നു ചോദിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ എന്നു വിചാരിച്ച് വേലുപ്പിള്ളയുടെ ശി‌ഷ്യന്മാരിൽ ചിലർ ഓടി വയസ്ക്കരെയെത്തി വിവരമെല്ലാമറിയിച്ചു. അപ്പോൾ മൂസ്സവർകൾ, "വേലുപ്പിള്ളയ്ക്കു വേ‌ഷം കെട്ടാൻ വയ്യെങ്കിലും കളി വേണ്ടെന്നു വിചാരിക്കുന്നില്ല. അതു വേണമെന്നു നിശ്ചയിച്ചതല്ലേ? വേ‌ഷം കേട്ടാവുന്നവർ കെട്ടിയാൽ മതി. പെട്ടിയും കോപ്പും ഇങ്ങോട്ടുകൊണ്ടുപോരട്ടെ. വേലുപ്പിള്ളയേയും ഇങ്ങോട്ടു കൊണ്ടുവരിക. എന്താ ചെയ്യേണ്ടതെന്നു കണ്ടിട്ടു നിശ്ചയിക്കാം" എന്നാണു പറഞ്ഞത്. അതു കേട്ടു വേലുപ്പിള്ളയുടെ ശി‌ഷ്യന്മാർ ഓടിപ്പോയി വേലുപ്പിള്ളയെ ഒരു മഞ്ചലിലാക്കിയെടുത്ത് വയസ്ക്കരെ കൊണ്ടുവന്നു. പെട്ടിയും കോപ്പുമായി ശേ‌ഷമുണ്ടായിരുന്നവരും പിന്നാലെ അവിടെ വന്നുചേർന്നു.

അന്നു വയസ്ക്കരയില്ലത്തിന്റെ തെക്കുവശത്തു പടിഞ്ഞാറുമാറി (ഇപ്പോഴത്തെ പുത്തൻമാളികയുടെ സ്ഥാനത്തുതന്നെ) രണ്ടുമൂന്നുമുറികളും ഒരു പൂമുഖവും പടിഞ്ഞാട്ട് ഒരു മുഖപ്പും മറ്റുമായ് ഒരു കെട്ടിടമുണ്ടായിരുന്നു.

പകൽസമയങ്ങളിൽ മൂസ്സവർകൾ ആ പൂമുഖത്താണ് സാധാരണയായ് ഇരിക്കുക പതിവ്. വേലുപ്പിള്ളയെ കൊണ്ടുവന്ന സമയത്തും മൂസ്സവർകൾ അവിടെയുണ്ടായിരുന്നു. വേലുപ്പിള്ളയുടെ കാലിന്മേലുണ്ടായിരുന്ന നീരും മുറിവുമെല്ലാം നോക്കിക്കണ്ടതിന്റെ ശേ‌ഷം അവിടുന്ന് അകത്തുപോയി എന്തോ ഒരു തൈലം ഏകദേശം ഒരു തുടത്തോളം ഒരു ഇരുമ്പുകരണ്ടിയിലെടുത്തു കൊണ്ടുവന്നു കൊടുത്തിട്ട് "വേലുപ്പിള്ളയെ ആ മുഖപ്പിൽക്കൊണ്ടു പോയിക്കിടത്തി, നീരും മുറിവുമുള്ള സ്ഥലത്തൊക്കെ തൈലം പുരട്ടുക. ഒരു നാഴിക കഴിയുമ്പോൾ പിന്നെയും പുരട്ടണം. അങ്ങനെ മൂന്നു പ്രാവശ്യം പുരട്ടിയാൽ കൊള്ളാം. അതിനിടയ്ക്ക് വേലുപ്പിള്ള ഉറങ്ങിയെങ്കിൽ പിന്നെ പുരട്ടണമെന്നില്ല. ഉണരുമ്പോൾ കഞ്ഞി കൊടുക്കണം. ഉറക്കം മത്യായിട്ട് ഉണരുകയലാതെ ഇടയ്ക്ക് ഉണർത്തരുത്" എന്ന് വേലുപ്പിള്ളയുടെ ശി‌ഷ്യന്മാരോടു പറയുകയും ആട്ടക്കാർക്ക് അരിയും കോപ്പുകളും കൊടുക്കുന്നതിന് കാര്യസ്ഥനെ വിളിച്ചു ചട്ടംകെട്ടുകയും ചെയ്തിട്ടു കുളിക്കാൻ പോയി.

ആ തൈലം രണ്ടുപ്രാവശ്യം പുരട്ടിയപ്പോഴേക്കും വേലുപ്പിള്ളഉറങ്ങിത്തുടങ്ങി. ആ ഉറക്കം ഏകദേശം മൂന്നുമൂന്നരമണിക്കൂർനേരമുണ്ടായി. വേലുപ്പിള്ള ഉണർന്നപ്പോഴേക്കും കാലിന്മേലുണ്ടായിരുന്ന നീരും വേദനയുമെല്ലാം പോയിരുന്നു. മുറിവിന്റെ പാടുപോലും കാണ്മാനുണ്ടായിരുന്നില്ല. നിലത്തു ചവിട്ടിയാലും നടന്നാലും എന്നല്ല, വിരൽകൊണ്ടു കുത്തിയാൽപ്പോലും ആ മുറിഞ്ഞ സ്ഥലത്തുപോലും വേദനയില്ലായിരുന്നു. പിന്നെ വേലുപ്പിള്ളയ്ക്കു സ്വല്പം ക്ഷീണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഞ്ഞികുടി കഴിഞ്ഞപ്പോൾ അതും മാറി.

വേലുപ്പിള്ള പകലെ പോയി കുളിക്കുകയും പതിവുപോലെ ഊണുകഴിക്കുകയും രാത്രിയിൽ വേ‌ഷം കെട്ടി വെടിപ്പായിട്ടാടുകയും ചെയ്തു. അന്നും കഥ നളചരിതം രണ്ടാംദിവസത്തേതും നളന്റെ വേ‌ഷം കെട്ടിയത് വേലുപ്പിള്ളയുമായിരുന്നു. കളി കഴിഞ്ഞപ്പോൾ നേരം വെളുത്തു. വേലുപ്പിള്ള വേ‌ഷമഴിച്ചു മുഖവും തുടച്ചു മുണ്ടും മാറിയുടുത്ത് മൂസ്സ് അവർകളുടെ മുമ്പിൽച്ചെന്നു നിന്നു. അപ്പോൾ മൂസ്സ് അവർകൾ, "വേലുപ്പിള്ളയുടെ ആട്ടം ഇന്നലെ പതിവിലധികം നന്നായി. കുറച്ചധികം മനസ്സിരുത്തിയിരിക്കും" എന്നു പറഞ്ഞു. പതിവുള്ള പണവും വിശേ‌ഷാൽ സമ്മാനമായി രണ്ടു മുണ്ടും കൊടുത്തു. വേലുപ്പിള്ള അതു തൊഴുതു വാങ്ങീട്ട്, "അടിയന് ഇന്നലെ വേ‌ഷം കെട്ടുന്നതിനും തൃക്കൈയിൽനിന്ന് ഇന്നിതു വാങ്ങുന്നതിനും സംഗതിയാകുമെന്ന് അടിയൻ ഒട്ടുംതന്നെ വിചാരിച്ചിരുന്നില്ല. അടിയനുണ്ടായ ആ ആപത്ത് ഇത്ര ക്ഷണത്തിൽ ഭേദപ്പെട്ടു സുഖമായത് തിരുമനസ്സിലെ കൃപകൊണ്ടുതന്നെയാണ്" എന്നുപറഞ്ഞു.

മൂസ്സവർകൾ: വേലുപ്പിള്ളയുടെ സുഖക്കേടൊക്കെ ഭേദമായിയെന്നാണോ വിചാരിക്കുന്നത്? അതു ഭേദമായിട്ടില്ല. ആ മുറിവു പറ്റിയത് ഒരു വല്ലാത്ത സ്ഥലത്താണ്. അതു ഭേദമാകുന്നതിന് ഒരു മൂന്നു മാസത്തിൽക്കുറയാതെ വേണ്ടിവരും. ക‌ഷായം വല്ലതും സേവിക്കുകയും വേണം. ഇപ്പോഴത്തെ ഈ ഭേദം വകവെയ്ക്കേണ്ട. ഇന്നോ നാളെയോ ആ മുറിവു കാണാറാവുകയും പഴുത്തുതുടങ്ങുകയും ചെയ്യും.

വേലുപ്പിള്ള: (ഇതു കേട്ടു വ്യസനത്തോടുകൂടി) എന്നാലടിയൻ ഇവിടെയെങ്ങാനും താമസിച്ചു വല്ലതും ചെയ്ത് ഇതു നല്ലപോലെ ഭേദമാക്കീട്ടേ വിടകൊള്ളുന്നുള്ളൂ. ഇനി എന്താണ് ചെയ്യേണ്ടതെന്നു കല്പിക്കണം.

അതുകേട്ടു മൂസ്സവർകൾ ഒരു ക‌ഷായത്തിനു കുറിച്ചുകൊടുത്തു. വേലുപ്പിള്ള അതുവാങ്ങി വന്ദിച്ചുകൊണ്ട് അവിടെന്നു പിരിയുകയും കഥകളിയോഗക്കാരെ സഞ്ചാരത്തിനായിട്ട് അവിടെനിന്ന് പറഞ്ഞയച്ചിട്ട് ഒരു ശി‌ഷ്യനോടുകൂടി കോട്ടയത്തു താമസം തുടങ്ങുകയും ചെയ്തു. അന്നുതന്നെ വൈകുന്നേരം വേലുപ്പിള്ള കുളിക്കാനായി ചെന്നു വെള്ളത്തിലിറങ്ങിയ സമയം ഉള്ളങ്കാലിലെ മുറിവു പൊട്ടി വേദന തുടങ്ങുകയും ചെയ്യുകയാൽ അടുത്തദിവസംതന്നെ ക‌ഷായം സേവിച്ചു തുടങ്ങി. ഒരു ശി‌ഷ്യൻ കൂടെത്താമസിച്ചിരുന്നതുകൊണ്ട് മരുന്നുകൾ ശേഖരിക്കുകയും ക‌ഷായവും കഞ്ഞിയും ചോറുമൊക്കെ പാകത്തിനുണ്ടാക്കിക്കൊടുക്കു കയും മറ്റും അയാൾ ചെയ്തുകൊണ്ടിരുന്നു. ഏകദേശം മൂന്നു മാസം ക‌ഷായം സേവിച്ചപ്പോഴേക്കും നടക്കാറാവുകയും ആ മനു‌ഷ്യൻ വീണ്ടും വയസ്ക്കരെച്ചെന്നു മൂസ്സവർകളെക്കണ്ടു വന്ദിച്ചു യാത്രപറഞ്ഞുകൊണ്ട് സ്വദേശത്തേക്കു പോവുകയും ചെയ്തു.

ആര്യൻ നാരായണൻ മൂസ്സവർകൾ ഒരു വി‌ഷയത്തിലും ഭ്രമമുള്ള ആളല്ലായിരുന്നു. ഗംഭീരാശയനായിരുന്ന ആ മഹാനെ ഭ്രമിപ്പിക്കുന്നതിന് ആർക്കും ഒന്നുകൊണ്ടും സാദ്ധ്യവുമല്ലായിരുന്നു. എന്നാൽ അവിടുന്നു കേവലം വിരക്തനായിരുന്നുമില്ല. "ന പീഡയേദിന്ദ്രിയാണി ന ചൈതാന്യതിലാളയേൽ" എന്നുള്ള പ്രമാണമനുസരിച്ചായിരുന്നു അവിടുത്തെ മനസ്ഥിതി. എങ്കിലും ഒരു കാലത്ത് അവിടേക്കു കഥകളിയിൽ ഒരു വിധംഭ്രമമുണ്ടായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. അവിടുന്നു വൈശാഖമാഹാത്മ്യം, ദുര്യോധനവധം എന്നീ രണ്ടാട്ടക്കഥകളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുകയും ഏതു കഥകളിയോഗക്കാർ വന്നാലും ഒരു ദിവസമെങ്കിലും നിശ്ചയമായി കളിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുള്ളതു കൂടാതെമേല്പറഞ്ഞപ്രകാരം അന്നു വേലുപ്പിള്ളയെക്കൊണ്ടു വേ‌ഷംകെട്ടിച്ച് ആടിക്കുകയും ചെയ്തതു വിചാരിക്കുമ്പോൾ ആ അഭിപ്രായം ഏകദേശം ശരിയാണെന്നു തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു.

10. ആര്യൻ നാരായണൻ മൂസ്സവർകൾ ഒരു കൊലം കന്നിമാസത്തിൽ ശ്രീമൂലംതിരുനാൾ സംബന്ധിച്ചു മുഖം കാണിക്കുന്നതിനായി തിരുവനന്തപുരത്തു പോയി താമസിച്ചിരുന്ന സമയം തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനും "തിരുവല്ലാ വേലുപ്പിള്ള" എന്നു പ്രസിദ്ധനുമായ ഒരു ക്രിമിനൽ വക്കീൽ മൂസ്സവർകളെ കാണാൻ വന്നിരുന്നു. വക്കീലിനെ കണ്ടപ്പോൾ മൂസ്സവർകൾ "വേലുപ്പിള്ളയുടെ ദേഹമിത്ര ക്ഷീണിച്ചിരിക്കുന്നതെന്താണ്? സുഖക്കേടു വല്ലതുമുണ്ടോ?" എന്നു ചോദിച്ചു. വക്കീൽ: അടിയനു രണ്ടുമൂന്നു മാസമായിട്ടു നല്ല സുഖമില്ലാതെ യിരിക്കുകയാണ്. സദാ ഒരു ദാഹം. വെള്ളം എത്ര കുടിച്ചാലും മതിയാവുകയില്ല. മൂത്രം വളരെയധികം പോകുന്നുമുണ്ട്. ഇത്രയുമൊക്കെ യാണു പ്രധാനമായിട്ടുള്ളത്. ക്ഷീണം സാമാന്യത്തിലധികമുണ്ട്. ഈ ദിക്കിലുള്ള നാട്ടുവൈദ്യന്മാരും ഇംഗ്ലീഷ് വൈദ്യന്മാരുമെലാം കഴിയുന്നതൊക്കെ ചെയ്തുനോക്കി. ഒരു ഫലവുമുണ്ടായില്ല. ഇപ്പോൾ എല്ലാവരും ഒരു വിധം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. അതു നന്നായി എന്ന് അടിയനും നിശ്ചയിച്ചു. പത്തുപന്ത്രണ്ടുദിവസമായിട്ടൊന്നും ചെയ്യുന്നില്ല. ഒരു ഫലവുമില്ലെന്നു കണ്ടാൽപ്പിന്നെ വെറുതെ ബുദ്ധിമുട്ടുകയും പണം ചെലവാ ക്കുകയും ചെയ്യുന്നതെന്തിനാണെന്നാണ് അടിയന്റെ വിചാരം. തിരുനാളിനു തക്കവണ്ണം ഇവിടെ എഴുന്നള്ളാതിരിക്കുകയില്ലെന്ന് അടിയനറിയാം. അതുകൊണ്ടു തിരുമനസ്സറിയിച്ചു കല്പിക്കുന്നപോലെയല്ലാതെ ഇനി യാതൊന്നും ചെയ്കയില്ലെന്നുള്ള നിശ്ചയത്തോടുകൂടിയാണ് അടിയൻ ചികിത്സകളൊക്കെ നിർത്തിവച്ചത്. അടിയന്റെ ആയുസ്സു മുഴുവനും തീർന്നുപോയിട്ടില്ലെങ്കിൽ അടിയന്റെ സുഖക്കേടു ഭേദമാക്കാൻ ഇവിടെ വിചാരിച്ചാൽ കഴിയുമെന്നാണ് അടിയന്റെ വിശ്വാസം. അഥവാ ഇതു ഭേദമാകാത്തതാണെന്നാണ് ഇവിടെയും അഭിപ്രായമെങ്കിൽ അതും കല്പിക്കണം. അങ്ങനെയല്ലെങ്കിൽ ഇനിയെന്താണു ചെയ്യേണ്ടതെന്നു കല്പിക്കണം.

മൂസ്സവർകൾ: ചില വലിയ ആളുകൾക്കു വരുന്ന ദീനം വന്നാൽക്കൊള്ളാമെന്നു വേലുപ്പിള്ളയ്ക്ക് ആഗ്രഹമുണ്ടെന്നു തോന്നുന്നു.വെറുതെ ഒന്നും ധ്യാനിച്ചുണ്ടാക്കേണ്ട. ഇതൊന്നുമല്ല. ഇതു ദേഹം വല്ലാതെ കാഞ്ഞിട്ടു വന്നിട്ടുള്ളതാണ്. ഇതിനെക്കുറിച്ച് പരിഭ്രമിക്കാനൊന്നുമില്ല. ഒരു പന്ത്രണ്ടു ദിവസം പതിവായി രാവിലെ തേച്ചുകുളിക്കുകയും നെയ്യുകൂട്ടി യഥേഷ്ടം ഊണു കഴിക്കുകയും അത്താഴം കഴിഞ്ഞു കുറേശ്ശെ പാൽകുടിക്കുകയും മനസ്സിരുത്തി കേസ്സുകളും മറ്റും നോക്കാതെയും കച്ചേരിക്കുപോകാതെയും സ്വസ്ഥമായിട്ടിരിക്കുകയും ചെയ്താൽ ഇതുഭേദമാകും. ഇത്രയുമൊക്കെയല്ലാതെ വിശേ‌ഷിച്ചു ചികിത്സയൊന്നും ആവശ്യമില്ല. വേലുപ്പിള്ളയ്ക്കിപ്പോൾ ദീനമൊന്നുമില്ലല്ലോ. "എന്നാൽ കല്പിചതുപോലെ ചെയ്യാം" എന്നു പറഞ്ഞു വന്ദിച്ചുകൊണ്ട് വക്കീൽ മടങ്ങിപ്പോയി. മൂസ്സവർകൾ പറഞ്ഞതുപോലെ പന്ത്രണ്ടുദിവസം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ദാഹവും വെള്ളംകുടിയും മൂത്രം പോക്കുമെല്ലാം മാറി സുഖമായി. ക്രമേണ ക്ഷീണവും മാറി അദ്ദേഹം സ്വസ്ഥശരീരനായിത്തീർന്നു. പിന്നെ വേലുപ്പിള്ള അവർകൾ പ്രസംഗവശാൽ പലരോടും ഈ സംഗതി പറഞ്ഞ് മൂസ്സവർകളെ വളരെ പ്രശംസിക്കാറുണ്ട്. "വയസ്ക്കരത്തിരുമേനി കേവലം മനു‌ഷ്യനല്ല. അവിടുന്നു ധന്വന്തരിയുടെ ഒരവതാരമൂർത്തിയാണ്. ദീനങ്ങൾ ഭേദമാക്കാൻ അവിടേക്കു ചികിത്സയും മറ്റും വേണ്ടാ. അവിടുന്നു ദീനമുണ്ടെന്നു കല്പിച്ചാലുണ്ട്, ഇല്ലെന്നു കല്പിച്ചാലില്ല. അത്രയേ ഉള്ളൂ. ദീനങ്ങൾക്കൊക്കെ അവിടുത്തെക്കുറിച്ച് ഭയമുണ്ട്" എന്നും മറ്റുമാണ് ആ മനു‌ഷ്യൻ പറയുക പതിവ്.

11. മേല്പറഞ്ഞ സംഗതികൾ ഞാൻകണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവയാണ്. ഇനി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു സംഗതികൂടി പറയാം. എനിക്ക് ഒരിക്കൽ ഒരു പനിയും അതോടൂകൂടി നെഞ്ചിനകത്ത് ഒരു വേദനയും ശ്വാസംമുട്ടലുമുണ്ടായി. ഈ ദീനവിവരം വയസ്ക്കര ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ അടുക്കൽ അറിയിക്കുകയും അവിടുന്ന് ഒരു ക‌ഷായത്തിനു പറയുകയും ആ ക‌ഷായം പതിന്നാലു ദിവസം സേവിച്ചപ്പോൾ എന്റെ സുഖക്കേടുകളെല്ലാം ഭേദമാവുകയും ചെയ്തു. എങ്കിലും അവിടുത്തെ ആജ്ഞപ്രകാരം പിന്നേയും പതിന്നാലു ദിവസംകൂടി ക‌ഷായം സേവിച്ചു. അതിനുശേ‌ഷം നന്നാലു ദിവസം കൂടുമ്പോൾ വെള്ളം വെന്തുകരയ്ക്കുവെച്ചു തേച്ചുകുളിക്കുന്നതിന് അവിടുന്നനുവദിച്ചു. അഞ്ചാറു തേച്ചുകുളി കഴിഞ്ഞതിന്റെ ശേ‌ഷം ഒന്നരാടൻ തേച്ചുകുളിയും ഒന്നരാടൻ വെറുംകുളിയുമായിട്ടു കുറെ ദിവസം കഴിഞ്ഞു. പിന്നെ മുങ്ങിക്കുളിയും തുടങ്ങി. ഈ കുളിയൊക്കെക്കഴിഞ്ഞിട്ടും വിശേ‌ഷമൊന്നുമുണ്ടായില്ല. അതുകൊണ്ടും ക്ഷൗരംചെയ്യിക്കാൻ വളരെ വൈകിയിരുന്നതുകൊണ്ടും അവിടുത്തെ അടുക്കൽ അറിയിച്ച് അനുവാദം വാങ്ങാതെ ഞാൻ ക്ഷൗരം ചെയ്യിക്കുകയും ഉടനേ ചെന്നു മുങ്ങിക്കുളിക്കുകയും ചെയ്തു. മുങ്ങിക്കയറിയപ്പോഴേക്കും പനിയും വേദനയും ശ്വാസംമുട്ടലുമെല്ലാം പൂർവ്വാധികം ശക്തിയോടുകൂടി വന്നുചേർന്നു. കിടുകിടുത്തിട്ട് എനിക്ക് നിന്നുകൊണ്ട് തുവർത്താൻതന്നെ പ്രയാസമായിരുന്നു. ഒരു വിധത്തിൽ തുവർത്തിക്കൊണ്ടു ഗൃഹത്തിലെത്തി പുതച്ചുമൂടിക്കിടന്നു. ഉടനെ ഒരാൾ വയസ്ക്കരെച്ചെന്നു മൂസ്സവർകളെക്കണ്ട് ഈ വിവരമറിയിച്ചു. അവിടുന്ന് അല്പനേരം ചിന്താഗ്രസ്തനെന്നപോലെ ഇരുന്നതിന്റെ ശേ‌ഷം "കുളിച്ചപ്പോഴാണല്ലോ പനിയും മറ്റും വന്നത്. അവ കുളികൊണ്ടുതന്നെ പോകണം. വെള്ളം വെന്തു കരയ്ക്കുവെച്ചു പതിവായി പന്ത്രണ്ടുദിവസം തേച്ചുകുളിക്കട്ടെ. നേരത്തേ കുറെ കഞ്ഞി കുടിച്ചിട്ട് ഉച്ചയാകുമ്പോൾ കുളിച്ചാൽ മത്. കുളി കഴിഞ്ഞാൽ ഇഷ്ടംപോലെ എന്തെങ്കിലും കൂട്ടാനും മോരുംകൂട്ടി ഊണു കഴിക്കട്ടെ. പഥ്യമൊന്നും ആചരിക്കണമെന്നില്ല" എന്നു പറഞ്ഞയച്ചു. ഞാൻ അപ്രകാരംതന്നെ പിറ്റേദിവസം മുതൽ തേച്ചുകുളി തുടങ്ങി. അഞ്ചാറുദിവസം തേച്ചുകുളിച്ചപ്പോഴേക്കും എന്റെ സുഖക്കേടുകളെല്ലാം ഭേദമായി. എങ്കിലും ഞാൻപന്ത്രണ്ടുദിവസംതന്നെ മുടങ്ങാതെ തേച്ചുകുളിച്ചു. അപ്പോഴേക്കും എനിക്കു മുമ്പുണ്ടായിരുന്ന ക്ഷീണവുംകൂടി മാറി. അടുത്ത ദിവസം ഞാൻ നി‌ഷ്പ്രയാസം നടന്നു വയസ്ക്കരച്ചെന്നു മൂസ്സവർകളെ ക്കണ്ടു. അപ്പോൾ അവിടുന്ന്, "എന്താ സുഖക്കേടൊക്കെ ഭേദമായോ?"എന്നു ചോദിച്ചു.

ഞാൻ: ഒക്കെ ഭേദമായിയെന്നാണു തോന്നുന്നത്. ഇപ്പോൾ പനിയും ശ്വാസംമുട്ടലുമില്ല. നെഞ്ചിലുണ്ടായിരുന്ന വേദനയും മാറി. ഇന്നലെവരെ തേച്ചുകുളിച്ചു. മുങ്ങിക്കുളി തുടങ്ങിയില്ല.

മൂസ്സവർകൾ: ഇനി പതിവായി മുങ്ങിക്കുളിക്കാം. എങ്കിലും നെഞ്ചിനകത്തെ ആ വേദന നിശ്ശേ‌ഷം വിട്ടുമാറിയതായി വിചാരിക്കേണ്ട. ഉറക്കമിളയ്ക്കുക, ഉറക്കെ സംസാരിക്കുക, അധികമായി വഴിനടക്കുക, മുതലായ സകല പ്രവൃത്തികൾ ചെയ്യുമ്പോഴും ഇങ്ങനെ ഒരു ദീനം തനിക്കുണ്ടെന്നുള്ള ഓർമ്മയുണ്ടായിരിക്കണം. ഒരു നെയ്യുകാച്ചി പതിവായി കൂട്ടിയുണ്ണുകയും അത്താഴം കഴിഞ്ഞു പതിവായി ഒരു പാൽക‌ഷായം സേവിക്കുകയും ചെയ്താൽ വലിയ ഉപദ്രവം കൂടാതെയിരിക്കും" എന്നു പറഞ്ഞ് നെയ്യും പാൽക്ക‌ഷായത്തിനുമുള്ള മരുന്നുകളും പറഞ്ഞുതരികയും ചെയ്തു. ആ നെയ്യും പാൽക്ക‌ഷായവും ഞാനിപ്പോഴും പതിവായി ശീലിച്ചുകൊണ്ടാണിരിക്കുന്നത്. അന്യദിക്കുകളിൽപ്പോയിത്താമസിക്കേണ്ടുന്നതായിവരുമ്പോൾ മാത്രമേ അവ മുടക്കാറുള്ളൂ. അഞ്ചെട്ടു ദിവസമടുപ്പിച്ചു നെയ്യില്ലാതെയിരുന്നാൽ കുറേശ്ശെ വേദന ആരംഭിക്കും. പിന്നെ നാലഞ്ചു ദിവസം നെയ്യു കൂട്ടിയുണ്ണുമ്പോൾ ആ വേദന പോവുകയും ചെയ്യും. അങ്ങനെ ഇപ്പോഴും കണ്ടുവരുന്നുണ്ട്.

12. ആര്യൻ നാരായണൻ മുസ്സവർകൾ തേചുകുളികൊണ്ട് എന്റെ പനി മാത്രമല്ല ഭേദമാക്കീട്ടുള്ളത്. കോട്ടയത്തുനിന്ന് നാലു നാഴികവടക്കുപടിഞ്ഞാറ് "ഒളശ" എന്ന സ്ഥലത്ത് ഒരിക്കൽ ഒരു നായർക്ക് ഒരു പനിയുണ്ടായി. അതു തുള്ളൽപ്പനിയായിരുന്നു. അതിന് അനേകം വൈദ്യന്മാർ മാറിമാറി ആറുമാസത്തോളം കാലം ചികിത്സിച്ചിട്ടും പനി മാറിയില്ല. അങ്ങനെയിരുന്നപ്പോൾ ആര്യൻ നാരായണൻ മൂസ്സവർകൾ ഒരടിയന്തിരത്തിനായി ഒളശയിൽ ചിരട്ടമണ്ണമൂസ്സിന്റെ ഇല്ലത്തു പോയിരുന്നു. മൂസ്സിന്റെ ഇല്ലത്തേക്കു പോകാനുള്ള വഴി ഈ നായരുടെ വീട്ടിന്റെ പടിക്കൽകൂടിയാണ്. ആര്യൻ നാരായണൻ മൂസ്സവർകൾ അതിലേ വരുമെ ന്നറിഞ്ഞ് നായർ പരസഹായത്തോടുകൂടി ഒരുവിധത്തിൽ പടിക്കലെത്തി മുൻകൂട്ടി കാത്തിരുന്നു. മൂസ്സവർകൾ പടിക്കലെത്തിയപ്പോൾ നായർ തൊഴുതുകൊണ്ട് "പൊന്നുതിരുമേനീ! അടിയനെ രക്ഷിക്കണേ" എന്നു പറഞ്ഞു. അതുകേട്ടു മൂസ്സവർകൾ അവിടെ നില്ക്കുകയും നായർ ദീനത്തിന്റെ സ്വഭാവവും അതുവരെ ചെയ്ത ചികിത്സകളുടെ വിവരവുമെല്ലാം പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. നായർ പറഞ്ഞതെല്ലാം കേട്ടതിന്റെ ശേ‌ഷം മൂസ്സവർകൾ "പനി തുടങ്ങീട്ട് ആറു മാസമായെങ്കിൽ ഇനി കുളിക്കണം. വെള്ളം വെന്തു കരയ്ക്കുവെച്ചു തേച്ചുകുളിക്കുക. ഒരു പതിന്നാലു ദിവസം കുളിക്കുമ്പോൾ പനി മാറും. പിന്നെ മുങ്ങിക്കുളിയും വെറും കുളിയും തുടങ്ങാം. കുളിച്ചാൽ തല രണ്ടുമൂന്നു പ്രാവശ്യം നല്ലപോലെ തുവർത്തീട്ടു രാസ്നാദിപൊടി തിരുമ്മണം. അല്ലാതെയൊന്നും ഇനി ചെയ്യണമെന്നില്ല" എന്നു പറഞ്ഞിട്ടു മൂസ്സിന്റെ ഇല്ലത്തേക്കു പോയി. ആ നായർ മൂസ്സവർകൾ പറഞ്ഞതുപോലെ പതിന്നാലുദിവസം തേച്ചുകുളിച്ചപ്പോഴേക്കും പനിമാറി. പിന്നെ അയാൾ മുങ്ങിക്കുളിയും വെറുംകുളിയും തുടങ്ങി. ക്രമേണ അയാളുടെ ക്ഷീണവും മാറി അയാൾ പൂർവസഥിതിയെ പ്രാപിക്കുകയും ചെയ്തു.

13. ഒളശയിൽത്തന്നെ മറ്റൊരു വീട്ടിൽ ഒരിക്കൽ ഒരു വിശേ‌ഷമുണ്ടായി. ഒരു ദിവസം അവിടെയെല്ലാവരും അത്താഴം കഴിഞ്ഞ് അവരവരുടെ പതിവുസ്ഥലങ്ങളിൽ പോയി കിടന്നുറങ്ങി. ഒരു സ്ത്രീയും അവരുടെ രണ്ടുമൂന്നു കുട്ടികളുംകൂടി ഒരു മച്ചിട്ട മുറിക്കകത്തു വാതിലുകളെല്ലാമടച്ചു തഴുത് (സാക്ഷ) ഇട്ടിട്ടാണ് കിടന്നുറങ്ങിയത്. ഒരു നെരിപ്പോടിൽ ഉമിയും തീയുമിട്ട് ആ മുറിക്കകത്ത് വെച്ചിട്ടുമുണ്ടായിരുന്നു. നേരം വെളുത്തപ്പോൾ ശേ‌ഷമെല്ലാവരുമുണർന്നെണീറ്റിട്ടും ആ സ്ത്രീയും കുട്ടികളും ഉണരുകയും മുറിയുടെ വാതിൽ തുറക്കുയും ചെയ്തില്ല. അതിനാൽ ചിലർ ചെന്നു വാതിലിൽ മുട്ടി വിളിച്ചു. എന്നിട്ടും ആരും മിണ്ടിയില്ല. അപ്പോൾ എല്ലാവർക്കും പരിഭ്രമമായി. ഒടുക്കം വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോൾ ആ സ്ത്രീയും കുട്ടികളും ബോധരഹിതരായി കിടക്കുന്നതുകണ്ടു. ശ്വാസം നിന്നിട്ടില്ലായിരുന്നു. അതിനാൽ മരിച്ചിട്ടില്ലെന്നു തീർച്ചപ്പെടുത്തി. എങ്കിലും ഇങ്ങനെ വരാനുള്ള കാരണമെന്താണെന്നറിയാതെ ആദ്യം എല്ലാവരും ചിന്താപരവശരായി. അപ്പോൾ മുറിക്കകത്തു നെരിപ്പോടും തീയുമിരിക്കുന്നതു കണ്ടു. ഉമിത്തീയുടെ പുക മൂക്കിലും മറ്റുംകൂടി ശിരസ്സിൽ കയറിയതിനാലാണ് അങ്ങനെ വന്നതെന്നു തീർച്ചയാക്കി. ഉടനെ ചിലരോടി വയസ്ക്കരെയെത്തി. ആര്യൻ നാരായണൻ മൂസ്സവർകളെക്കണ്ടു വിവരമറിയിച്ചു. അപ്പോൾ മൂസ്സവർകൾ "മുറ്റത്തു നല്ലപോലെ വെയിൽ വരുന്ന സ്ഥലത്തു വല്ലതും വിരിച്ച് ആ സ്ത്രീയേയും കുട്ടികളേയുമെടുത്തു കിടത്തണം; കുറേക്കഴിയുമ്പോൾ അവരെണീറ്റ് പൊയ്ക്കൊള്ളും" എന്നു പറഞ്ഞു. വയസ്ക്കരെ വന്നിരുന്നവർ മടങ്ങിച്ചെന്ന് അപ്രകാരം ചെയ്തു. വെയിൽ മൂത്തുതുടങ്ങിയപ്പോൾ സ്ത്രീയും കുട്ടികളും പിടച്ചു തുടങ്ങി. ഏകദേശം മദ്ധ്യാഹ്നമായപ്പോൾ അവർ ഓരോരുത്തരായി എണീറ്റുതുടങ്ങി. പിന്നെ അവർക്കു കുറേശ്ശെ ക്ഷീണമുണ്ടായിരുന്നു. കുളിയും കഞ്ഞികുടിയും കഴിഞ്ഞപ്പോൾ അതും മാറി അവർക്കു സുഖമാവുകയും ചെയ്തു.

14. മുൻസിപ്പു കോടതി വക്കീലായി വളരെക്കാലം കോട്ടയത്തുതാമസിച്ചിരുന്ന കഴിഞ്ഞുപോയ കുമാരമേനോൻ (ഇപ്പോൾ മധുരയിൽ പ്രാക്റ്റീസുചെയ്യുന്ന ബാരിസ്റ്റർ ഗോപാലമേനോൻ* അവർകളുടെ അച്ഛൻ)അവർകൾക്ക് ഒരിക്കൽ പൊക്കിളിൽ ഒരു നീരുണ്ടായി. അന്നു വയസ്ക്കരെ മൂസ്സവർകളും കുമാരമേനോനവർകളും തമ്മിൽ ചില കാരണവശാൽ നല്ല രസമില്ലാതെയിരിക്കുകയായിരുന്നതിനാൽ മേനോനവർകൾ മറ്റുചില വൈദ്യന്മാരെക്കൊണ്ടാണ് ചികിത്സിപ്പിച്ചത്. ആ നീരു പൊട്ടിയാൽ അപകടമാണെന്നും പൊട്ടിക്കാതെ കഴിക്കാമെന്നുമായിരുന്നു ആ വൈദ്യന്മാരുടെ അഭിപ്രായം. അതിനാലവർ നീരു പൊട്ടിക്കാതെ വറ്റിപ്പോകുന്ന തിനുള്ള ചികിത്സകളാണ് ചെയ്തത്. എങ്കിലും ക്രമേണ അതു പഴുത്ത് ഉരുണ്ടുകൂടിപൊട്ടുമെന്നുള്ള സ്ഥിതിയിലായി. അപ്പോഴേക്കും വേദന കലശലാവുകയാൽ മേനോൻ ഊണും ഉറക്കവുമില്ലാതെ ഏറ്റവും പരവശനായിത്തീർന്നു. ഈ സ്ഥിതി ആകപ്പാടെ കണ്ടപ്പോൾ വന്നതുപോലെത്തന്നെ വൈദ്യന്മാരെല്ലാം ഓരോരുത്തരായി പിന്മാറിത്തുടങ്ങുകയും വിളിച്ചാലും വരാതാവുകയും ചെയ്തു. ആ കൂട്ടത്തിൽ ഒടുക്കം ചികിത്സ മതിയാക്കിപ്പോയ വൈദ്യൻ ഒരു ദിവസം ആ രോഗിയുടെ സ്നേഹിതന്മാരോട്, "ഇനി ആർക്കും ആളയയ്ക്കണമെന്നില്ല. രോഗസ്ഥിതി കണ്ടറിഞ്ഞവരും ഒരു വിധം വിവരമുള്ളവരുമായ വൈദ്യന്മാരും ഇനി ഈ രോഗത്തിനു ചികിത്സിക്കാനായി വരികയില്ല. ഞാനും ഇതാ യാത്രയായിക്കഴിഞ്ഞു. നീരു രണ്ടു ദിവസത്തിനകം പൊട്ടും; അതോടുകൂടി കാര്യവും കഴിയും. മിസ്റ്റർ മേനോൻ സമർത്ഥനും നല്ലയാളുമായിരുന്നു. എന്തുചെയ്യാം? ഈശ്വരവിധിയെത്തടുക്കാൻ വൈദ്യന്മാരെന്നല്ല, ആരു വിചാരിച്ചാലും സാധിക്കയില്ലല്ലോ. നാം തമ്മിലുള്ള സ്നേഹംകൊണ്ട് ഞാൻ പരമാർത്ഥം പറഞ്ഞു എന്നേയുള്ളൂ. സംഗതി പരസ്യമാക്കണമെന്നില്ല" എന്നു പറഞ്ഞിട്ട് ഉടനെ ഇറങ്ങിപ്പോയി. വൈദ്യന്മാരെലാം ഉപേക്ഷിച്ചുപോയതിനുശേ‌ഷം മിസ്റ്റർ മേനോന്റെ സ്നേഹിതന്മാരിൽ ചിലർ വയസ്ക്കരെ വന്നു വിവരമെല്ലാം ആര്യൻ നാരായണൻ മൂസ്സവർകളുടെ അടുക്കൽ അറിയിക്കുകയും അവിടുന്നു ചെന്നു രോഗിയെ കണ്ടു വേണ്ടുന്ന ചികിത്സകൾ നിശ്ചയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപ്പോൾ മൂസ്സവർകൾ, "ഞാനൊരു ശത്രുവാണെന്നല്ലേ കുമാരമേനോൻ വിചാരിക്കുകയും പലരോടും പറയുകയും ചെയ്തിട്ടുള്ളത്? ആ സ്ഥിതിക്ക് ഞാൻവന്നു കണ്ടു വല്ലതും ചെയ്താൽ അയാൾ ഒരു സമയം മരിച്ചുപോവുകയാണെങ്കിൽ ഞാൻ കൊന്നു എന്നു ജനങ്ങൾ പറയുമല്ലോ. ആ അപവാദം വരുത്തിവയ്ക്കാതിരിക്കുകയല്ലേ നല്ലത്?" എന്നു ചോദിച്ചു.

വന്നവർ: മിസ്റ്റർ മേനോൻ മരിച്ചുപോവുകയാണെങ്കിൽ ഇവിടേക്ക് അപവാദമൊന്നും ഉണ്ടാകാൻ മാർഗ്ഗമില്ല. ഈ ദീനം ഭേദമായി അദ്ദേഹം ജീവിച്ചിരിക്കുകയില്ലെന്ന് ഇതുവരെ ചികിത്സിച്ച വൈദ്യന്മാരെല്ലാവരും അഭിപ്രായപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രണ്ടുമൂന്നു ദിവസത്തിനകം ആ നീരു പൊട്ടുമെന്നും അതോടുകൂടി മിസ്റ്റർ മേനോന്റെ കഥ കഴിയുമെന്നുമാണ് അവരുടെ എല്ലാവരുടേയും അഭിപ്രായം. പിന്നെ ഇവിടേക്ക് അപവാദത്തിനു വഴിയില്ലല്ലോ. ഇവിടുത്തേക്കൂടി ഒന്നു കാണിക്കാതെയിരുന്നാൽ അത് അടിയങ്ങൾക്ക് ഒരപവാദത്തിനു കാരണമാകുമല്ലോ എന്നു വിചാരിച്ചു മാത്രമാണ് അടിയങ്ങൾ വിടകൊണ്ടിരിക്കുന്നത്. അതിനാൽ സദയം എഴുന്നള്ളണം. വണ്ടി കൊണ്ടു വിടകൊണ്ടിട്ടുണ്ട്.

മൂസ്സവർകൾ: നീരു പൊട്ടിയാൽ മേനോൻ മരിക്കും എന്നാണല്ലോ അവരുടെയൊക്കെ അഭിപ്രായം?

വന്നവർ: ഇറാൻ, അങ്ങനെയാണ്.

മൂസ്സവർകൾ: എന്നാൽ എന്റെ അഭിപ്രായമങ്ങനെയല്ല ആ നീരു പുറത്തേക്കു പൊട്ടുകയാണെങ്കിൽ വൈ‌ഷമ്യമില്ല. പുറത്തേക്കു പൊട്ടാതെ അകത്തേക്കു പൊട്ടുകയാണെങ്കിൽ ദുർഘടമാകും എന്നാണ് എനിക്കു തോന്നുന്നത്. ഏതെങ്കിലും നിങ്ങൾക്കൊക്കെ നിർബന്ധമാണെങ്കിൽ ഞാൻ വരാം. എനിക്കു കുമാരമേനോനോടു വിരോധമൊന്നുമില്ല.

എന്നു പറഞ്ഞ് മൂസ്സവർകൾ അപ്പോൾത്തന്നെ വണ്ടിയിൽക്കയറി അവരോടുകൂടിപ്പോയി. രോഗിയുടെ അടുക്കലെത്തി നീരു കണ്ടയുടനെ മൂസ്സവർകൾ ഒരു പച്ചമരുന്നു പച്ചവെള്ളത്തിലരച്ചു നീരിനിടാൻ പറഞ്ഞു. ആ മരുന്നിട്ട് ഒരു നാഴിക കഴിഞ്ഞപ്പോൾ നീരു പൊട്ടുകയും ചോരയും ചലവും കൂടി ഏകദേശം ഒരിടങ്ങഴിയോളം ഒലിച്ചുപോവുകയും ചെയ്തു. അപ്പോൾത്തന്നെ വേദന മാറുകയാൽ മിസ്റ്റർ മേനോൻ കുറേശ്ശെ കഞ്ഞി കുടിച്ചുതുടങ്ങി. പിന്നെ മൂസ്സവർകൾ മടങ്ങി ഇല്ലത്തു വന്നതിന്റെശേ‌ഷം ഒരു ക‌ഷായത്തിനു കുറിച്ചുകൊടുത്തു. ആ ക‌ഷായം മൂന്നു മാസം സേവിച്ചപ്പോൾ മിസ്റ്റർ മേനോന്റെ ദീനവും ക്ഷീണവുമെല്ലാം മാറി യഥാപൂർവം അദ്ദേഹം കോടതിയിൽ പോയിത്തുടങ്ങുകയും പിന്നെ വളരെക്കാലം സസുഖം ജീവിച്ചിരിക്കുകയും ചെയ്തു. ഇതു കോട്ടയത്തും അടുത്ത പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്കും മേനോന്റെ ബന്ധുമിത്രാദികളായ ദൂരസ്ഥന്മാർക്കും ഏറ്റവും അത്ഭുതകരവും സന്തോ‌ഷപ്രദവുമായ ഒരു കാര്യമായിരുന്നു.

15. പള്ളത്തുകാരൻ മിസ്റ്റർ പി. എം. ചാക്കോ ബി.എ. കോട്ടയത്തു സി.എം.എസ്. കോളേജിൽ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു കാലിന്റെ പെരുവിരലിൽ ചെറുതായിട്ട് ഒരു കുരുവുണ്ടായി. അതിന്റെ വേദന കലശലായിത്തീരുകയാൽ മി. ചാക്കോ ഒരിഗ്ലീഷു വൈദ്യനെക്കൊണ്ട് ആ കുരു കീറിച്ചു. *അപ്പാത്തിക്കിരി കീറി മരുന്നുവെച്ചു കെട്ടിക്കഴിഞ്ഞപ്പോൾ വേദന പൂർവ്വാധികം കലശലായി. നീരും വന്നുതുടങ്ങി. കുരു വീണ്ടും കുത്തിമൂടി വീർത്തുതുടങ്ങുകയും ചെയ്തു. മി. ചാക്കോയ്ക്ക് ഇരിക്കാനും കിടക്കാനും ഉണ്ണാനുമുറങ്ങാനുമൊന്നും വയ്യാതെയായി.രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കാലി ന്മേൽ വലിയ മന്തുപോലെ നീരുവന്നുവീർത്തു. അപ്പാത്തിക്കിരി പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ടും വേദനയും നീരും കുറഞ്ഞില്ല. ഒടുക്കം ഇത് അസാദ്ധ്യമെന്നു തീർച്ചയാക്കി പിന്മാറി. അതിന്റെ ശേ‌ഷം ചിലർ കൂടി മി.ചാക്കോയെ ഒരു മഞ്ചലിലാക്കി എടുപ്പിച്ചു വയസ്ക്കരെ കൊണ്ടുവന്നു വിവരങ്ങളെല്ലാം ആര്യൻ നാരായണൻ മൂസ്സവർകളുടെ അടുക്കലറിയിച്ചു. മൂസ്സവർകൾ വിവരമെല്ലാം കേൾക്കുകയും നീരും മറ്റും നോക്കിക്കാണുകയും ചെയ്തതിന്റെ ശേ‌ഷം "ഒരു കോഴിമുട്ടയും ഒരു പാത്രത്തിൽ കുറച്ചു പചവെള്ളവും കൊണ്ടുവരണം" എന്നു പറഞ്ഞിട്ട് തെക്കെ പറമ്പിലേക്കുപോയി. മി. ചാക്കോ, "പൊന്നുതിരുമേനീ! അടിയനെ രക്ഷിക്കണേ! അല്ലെങ്കിൽ അടിയന്റെ പ്രാണനിപ്പോൾ പോകുമേ" എന്നു പറഞ്ഞു കരഞ്ഞുകൊണ്ടു മഞ്ചലിൽ കിടന്നു. മൂസ്സവർകൾ പറഞ്ഞതു കേട്ട ക്ഷണത്തിന് ഒരാൾ ഓടിപ്പോയി ഒരു കോഴിമുട്ടയും ഒരു പാത്രത്തിൽ വെള്ളവും കൊണ്ടുവന്നു. അപ്പോഴേക്കും ഒരു പച്ചമരുന്നു പറിച്ചു കൈക്കകത്തുവെച്ചു തിരുമ്മിക്കൊണ്ട് മൂസ്സവർകളും മടങ്ങിവന്നു.

അവിടുന്ന് ആ കോഴിമുട്ട പൊട്ടിച്ച് കൈയിലുണ്ടായിരുന്ന പച്ചമരുന്നു കശക്കിപ്പിഴിഞ്ഞ് രണ്ടുതുള്ളി നീരും ആ വെള്ളത്തിലൊഴിച്ചിട്ട് ആ വെള്ളമെടുത്തുവെച്ചു കാലിന്റെ പെരുവിരലിന്മേൽ പിലാവിലകൊണ്ടു ധാരകോരുവാൻ പറഞ്ഞു. ഉടനെ ഒരാൾ ഒരു പിലാവില കുത്തിയെടുത്തു ധാരകോരിത്തുടങ്ങി. ഒരു കാൽ നാഴികനേരം ധാരകോരിയപ്പോഴേക്കും മി. ചാക്കോ ഉറക്കമായി. അപ്പോൾ മൂസ്സവർകൾ "ഇനി മഞ്ചലിന് ഇളക്കം തട്ടാതെ എടുത്തു വീട്ടിൽ കൊണ്ടുപോയി, ഉറക്കത്തിനു വിഘ്നം വരാതെ മഞ്ചൽ ഒരു സ്ഥലത്തു വയ്ക്കണം. ഉണരുമ്പോൾ കഞ്ഞി കൊടുക്കണം. അപ്പോഴത്തെ സ്ഥിതി അറിഞ്ഞുകൊണ്ടു ഒരാൾ ഇങ്ങോട്ടു വന്നാൽ പിന്നെ വേണ്ടതു പറഞ്ഞയയ്ക്കാം" എന്നു പറഞ്ഞു. മി. ചാക്കോയെ കൊണ്ടുവന്നിരുന്നവർ അപ്രകാരം തന്നെ ചെയ്തു. അഞ്ചാറു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വീണ്ടും വയസ്ക്കരെ വന്ന് മി. ചാക്കോ ഏകദേശം പത്തു നാഴിക നേരം ഉറങ്ങിയെന്നും ഉണർന്നപ്പോഴേക്കും വേദന നിശ്ശേ‌ഷം മാറിയിരുന്നതിനാൽ കഞ്ഞി ധാരാളം കുടിച്ചുവെന്നും അറിയിച്ചു. ഉടനെ മൂസ്സവർകൾ ഒരു മരുന്നു കാലിന്മേൽ അരച്ചിടുന്നതിനും ഒരു ക‌ഷായത്തിനും കുറിച്ചുകൊടുത്തു. ആ മരുന്നു മൂന്നു ദിവസം അരച്ചിട്ടപ്പോൾ കാലിന്മേലുണ്ടായിരുന്ന നീർ അശേ‌ഷം പോയി. പതിനാലു ദിവസം ക‌ഷായം സേവിച്ചപ്പോൾ വ്രണമുണങ്ങി. മിസ്റ്റർ ചാക്കോ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

16. കോട്ടയം ഡിവി‌ഷൻ അസിസ്റ്റന്റും ഒന്നാംക്ലാസ്സു മജിസ്ട്രറ്റുമായിരുന്ന മിസ്റ്റർ കുഞ്ഞുകൃ‌ഷ്ണപ്പണിക്കർ ബി.എ.ബി.എൽ. ഒരു വായുക്ഷോഭക്കാരനായിരുന്നു. അദ്ദേഹം ഉദ്യോഗമായി ആലപ്പുഴ മുതലായ സ്ഥലങ്ങളിൽ താമസിച്ചിരുന്ന കാലത്ത് ഓരോ വൈദ്യന്മാരുടെ വിധിപ്രകാരമുള്ള ചികിത്സകൾകായി പ്രതിവത്സരം മുന്നൂറ്, നാന്നൂറ് രൂപാവീതം ചെലവു ചെയ്തുകൊണ്ടിരുന്നു. എങ്കിലും ആണ്ടിൽ ആറുമാസം വീതമെങ്കിലും സുഖമായിരിക്കുന്നതിനും കച്ചേരിയിൽ പോയി ജോലി നോക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. കോട്ടയത്തു സ്ഥലം മാറിവന്നയുടനെ അദ്ദേഹം വയസ്ക്കരെ വന്ന് ആര്യൻ നാരായണൻ മൂസ്സവർകളെ കണ്ടു ദീനസ്ഥിതിയെല്ലാമറിയിച്ചു. ഉടനെ മൂസ്സവർകൾ ഒരുപൊടിക്കു കുറിച്ചുകൊടുത്തു. ആ പൊടിയുണ്ടാക്കി പതിവായി സേവിക്കുന്നതിനു മി. പണിക്കർക്കു പ്രതിമാസം രണ്ടണ മാത്രമേ ചെലവായിരുന്നുള്ളൂ. ഒരു ദിവസം പോലും സുഖക്കേടായിട്ടു കച്ചേരിക്കു പോകുവാൻ നിവൃത്തിയില്ലാതെ വന്നിരുന്നുമില്ല. മി. പണിക്കർ നല്ല ഊർജ്ജസ്വലതയോടും ഔർജ്ജിത്യത്തോടുംകൂടി അരോഗദൃഢഗാത്രനെന്നപോലെ തന്നെയാണ് കോട്ടയത്തു താമസിച്ചിരുന്നത്.

17. കണ്ണന്തോട്ടത്തു (കെ.പി.) ശങ്കരമേനോൻ ബി.എ.ബി.എൽ. അവർകൾ ഹൈക്കോടതി വക്കീലായി മദ്രാസിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഒരു ശാസംമുട്ടലുണ്ടായി. ശ്വാസംമുട്ടലെന്നു വച്ചാൽ അതു സാധാരണമായിട്ടുള്ള വിധത്തിലൊന്നുമല്ലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു ശ്വാസം നിന്നുപോവുകയും സംസാരിക്കാൻ വയ്യാതെയാവുകയുമായിരുന്നു അദ്ദേഹത്തിന്റെ ദീനം. ഇതു നിമിത്തം വക്കീൽപണി ഉപേക്ഷിച്ച് കോട്ടയത്തുവന്ന് ആര്യൻ നാരായണൻ മൂസ്സവർകളെ കണ്ടു ദീനസ്ഥിതിയെല്ലാമറിയിക്കുകയും മൂസ്സവർകളുടെ ചികിത്സയിൽ ഏതാനും മാസം കോട്ടയത്തു താമസിക്കുകയും ചെയ്തു. ആ ചികിത്സ നിമിത്തം സ്വസ്ഥശരീരനായിത്തീർന്നതുകൊണ്ടാണ് ശങ്കരമേനോനവർകൾക്കു നാഗരുകോവിലിലും കൊല്ലത്തും ഡിസ്ട്രിക്ട് ജഡ്ജിയായും കോട്ടയത്തു ദിവാൻ പേ‌ഷ്കാരായും ഒടുക്കം ഹൈക്കോർട്ടു ജഡ്ജിയായുമിരിക്കുന്നതിനു സാധിച്ചത്.

ഇങ്ങനെ ആര്യൻ നാരായണൻ മൂസ്സവർകളുടെ ചികിത്സാനൈപുണ്യത്തെയും കൈപ്പുണ്യത്തെയും മറ്റും കുറിച്ച് ഇനിയും വളരെപ്പറയുവാനുണ്ട്. അവ ഇനിയൊരവസരത്തിലായിക്കൊള്ളാമെന്നു വിചാരിച്ച് ഇപ്പോൾ ചുരുക്കുന്നു.

ആര്യൻ നാരായണൻ മൂസ്സവർകൾ ആസന്നമരണന്മാരായ രോഗികളെ കാണാൻ പോവുക പതിവില്ല. പോകാതെയിരിക്കാൻ നിവൃത്തിയില്ലാതെ വന്നാൽ പോയിക്കണ്ടു തൽക്കാലം വല്ലതുമൊന്നു ചെയ്യുകയോ പറയുകയോ ചെയ്തിട്ട് ഉടനെ മടങ്ങിപ്പോരും. അങ്ങനെയാണു പതിവ്.

1. കൊല്ലം മുപ്പത്താറാമാണ്ടു നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലേക്കു ശീലായ്മയായപ്പോൾ അച്ഛൻ മൂസ്സവർകളെ കൊണ്ടുപോകുന്നതിനായി കല്പനപ്രകാരം തിരുവനന്തപുരത്തുനിന്നു ചില ഹരിക്കാരന്മാരും മറ്റും വയസ്ക്കരെ വന്നിരുന്നു. ശീലായ്മയുടെ വിവരങ്ങൾ കേട്ടപ്പോൾത്തന്നെ സുഖമാകുന്ന കാര്യം അസാദ്ധ്യമാണെന്ന് അച്ഛൻ മൂസ്സവർകളും മകൻ (ആര്യൻ നാരായണൻ) മൂസ്സവർകളും നിശ്ചയിചു. എങ്കിലും കല്പനപ്രകാരം ആളുകൾ വന്നിരിക്കുന്ന സ്ഥിതിക്ക് ആരും പോകാതെയിരിക്കുന്നതു ശരിയല്ലെന്നു വിചാരിച്ച് അച്ഛൻ മൂസ്സവർകൾ ആര്യൻ നാരായണൻ മൂസ്സവർകളെ പറഞ്ഞയച്ചു. മൂസ്സവർകൾ തിരുവനന്തപുരത്തെത്തി തിരുമനസ്സിലെക്കണ്ടയുടനെ ഒരു ഗുളിക കൊടുത്ത് അതു ജീരകവെള്ളത്തിൽക്കലക്കിച്ചു തിരുമനസ്സിലേക്കു കൊടുപ്പിച്ചു. ആ ഗുളിക സേവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ തിരുമനസ്സുകൊണ്ട് എണീറ്റിരിക്കുകയും കുറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തിട്ട് മൂസ്സവർകളോട്, "എനിക്കിപ്പോൾ വളരെ സുഖംതോന്നുന്നുണ്ട്. എന്റെ സുഖക്കേടു നല്ലപോലെ ഭേദമാക്കീട്ടേ മൂസ്സു പോകാവൂ" എന്നു കല്പിചു. അപ്പോൾ മൂസ്സവർകൾ, "ഒരു ശ്രാദ്ധമൂട്ടാനുണ്ട്. അതു ഞാനും അമ്മയുംകൂടി ഊട്ടേണ്ടതാണ്. ഇന്നുതന്നെ പോയെങ്കിലേ അതിനവിടെ എത്താൻ സാധിക്കൂ. ശ്രാദ്ധം കഴിഞ്ഞാലന്നുതന്നെ പുറപ്പെട്ടു വന്നുകൊള്ളാം. പിന്നെ ശീലായ്മ ഭേദമാകുന്നതുവരെ ഇവിടെ താമസിക്കുകയും ചെയ്യാം. അതിനാൽ ഒന്നുപോയിവരുന്നതിനു കല്പനയുണ്ടാവണം" എന്നറിയിച്ചു. തിരുമനസ്സിലേക്ക് ഇതത്ര സമ്മതമായില്ല. എങ്കിലും ശ്രാദ്ധം മുട്ടിക്കാൻ പാടില്ലല്ലോ എന്നു വിചാരിച്ച് അങ്ങനെ കല്പിച്ചനുവദിച്ചു. പിന്നെ മൂസ്സവർകൾ അടുത്ത രാജ്യാവകാശിയായിരുന്ന ആയില്യം തിരുനാൾ മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു യാത്രയറിയിച്ച സമയം "അമ്മാമന്റെ ശീലായ്മ എങ്ങനെയിരിക്കുന്നു?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടിയായിട്ട് മൂസ്സവർകൾ, "ശീലായ്മ ഒരു വിധം നല്ലപോലെയുണ്ട്. കല്പിചു എപ്പോഴും അവിടുത്തെ അടുക്കൽത്തന്നെ ഉണ്ടായിരുന്നാൽക്കൊള്ളാം" എന്നറിയിച്ചിട്ട് അന്നുതന്നെ മടങ്ങിപ്പോന്നു. മൂസ്സവർകൾ കോട്ടയത്തെത്തുന്നതിനുമുമ്പുതന്നെ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള അടിയന്തിരം (ഉത്തരവ്) അഞ്ചൽമാർഗ്ഗം കോട്ടയത്തെത്തി.

2. മൂസ്സവർകൾ 1076-ആമാണ്ടു കന്നിമാസത്തിൽ ശ്രീമൂലം തിരുനാൾ സംബന്ധിച്ചു തിരുവനന്തപുരത്തു പോയിരുന്നപ്പോൾ തിരുനാൾ ദിവസം അശ്വതിതിരുനാൾ ബി.എ. തിരുമനസ്സിലെ മുഖം കാണിക്കാൻ പോയിരുന്നു. മൂസ്സവർകളെ കണ്ടപ്പോൾ തിരുമനസ്സുകൊണ്ട്, "എനിക്കു നാലഞ്ചു ദിവസമായിട്ടു നല്ല സുഖമില്ലാതെയിരിക്കുകയാണ്. എന്ന് അമ്മയുടെ ശ്രാദ്ധവും ഇന്നലെ ഒരിക്കലൂണുമായിരുന്നതിനാൽ രണ്ടു ദിവസവും മുങ്ങിക്കുളിച്ചു. അതുകൊണ്ടായിരിക്കാം ഇന്നു തലവേദനയുണ്ട്. സംസാരിക്കാൻ പ്രയാസം. ഞാൻകുറച്ചു കിടക്കട്ടെ" എന്നു കല്പിച്ചു. "തലവേദനയുണ്ടെങ്കിൽ സംസാരിക്കാതെയിരിക്കുകയാണ് വേണ്ടത്" എന്നറിയിച്ചിട്ടു മൂസ്സവർകൾ അപ്പോൾത്തന്നെ മടങ്ങിപ്പോന്നു.

തിരുനാളിനു പോയാൽ തിരുനാൾ കഴിഞ്ഞിട്ട് നാലഞ്ചുദിവസംകൂടി താമസിച്ചിട്ടേ മൂസ്സവർകൾ മടങ്ങിപ്പോരുക പതിവുള്ളൂ. ആ പ്രാവശ്യം തിരുനാൾ കഴിഞ്ഞിട്ടു പിറ്റേദിവസം രാവിലെ മൂസ്സവർകൾ "നമുക്ക് ഇന്നുതന്നെ പോകണം" എന്നു കൂടെയുണ്ടായിരുന്നവരിൽ ചിലരോട് പറയുകയും അന്നുച്ചയ്ക്കു വലിയ കൊട്ടാരത്തിൽപ്പോയി യാത്രയറിയിക്കുകയും അത്താഴം കഴിഞ്ഞു വള്ളംകയറിപ്പോരികയും ചെയ്തു. പതിവിനു വിരോധമായി ഇത്ര ബദ്ധപ്പെട്ടു പോന്നതിന്റെ കാരണമെന്തെന്നു കൂടെയുണ്ടായിരുന്നവർക്കാർക്കും തൽക്കാലം മനസ്സിലായില്ല. തിരുവനന്തപുരത്തുനിന്നും വള്ളം നീങ്ങി ഒന്നുരണ്ടു നാഴിക പോന്നപ്പോൾ മൂസ്സവർകൾ, "ഏതെങ്കിലും പോന്നുവല്ലോ. അശ്വതിതിരുനാൾ തിരുമനസ്സിലേക്കു നല്ല സുഖമില്ലാതെയാണിരിക്കുന്നത്. ഈ അവസരത്തിൽ അവിടെത്താമസിക്കാതെ കഴിക്കണമെന്നു വിചാരിച്ചാണ് ഇന്നുതന്നെ പോന്നത്" എന്നു പറഞ്ഞു. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരു നമ്പൂരി "ശീലായ്മ കലശലാണോ" എന്നു ചോദിച്ചു. അതിനുത്തരമായി മൂസ്സവർകൾ "അതൊന്നുമല്ല. സാരമില്ലെന്നാണ് അവിടുന്നു കല്പിച്ചത്. എങ്കിലും പന്തിയില്ലെന്നാണ് എനിക്കു തോന്നിയത്" എന്നു പറഞ്ഞു. സംഗതി അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. മൂസ്സവർകളുടെ വള്ളം കോട്ടയത്തെത്തിയതിന്റെ തലേദിവസംതന്നെ തിരുമനസ്സുകൊണ്ട് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള അടിയന്തിരക്കമ്പി കോട്ടയത്തെത്തി.

3. ഒരിക്കൽ മാവേലിക്കരക്കൊട്ടാരത്തിൽ ഒരു തമ്പുരാട്ടിക്കു ശീലായ്മയായിട്ട് ആര്യൻ നാരായണൻ മൂസ്സവർകളെ കൊണ്ടുപോകാനായി എഴുത്തും വള്ളവും കൊണ്ട് ആളുകൾ വന്നിരുന്നു. എഴുത്ത് അനന്തപുരത്തു കൊട്ടാരത്തിൽ മൂത്തകോയിത്തമ്പുരാനവർകളുടെ (കേരളവർമ്മ വലിയ കോയിത്തമ്പുരാൻ സി.എസ്. ഐ. തിരുമനസ്സിലെ ജ്യേ‌ഷ്ഠന്റെ)യായിരുന്നു. അതിൽ പറഞ്ഞിരുന്നത് "ഇവിടെ ഒരു തമ്പുരാട്ടിക്കു നല്ല സുഖമില്ലാതെയിരിക്കുന്നു. ഞാൻ ഇപ്പോൾ ഇവിടെ യുണ്ട്. എങ്കിലും ചികിത്സയൊന്നും നിശ്ചയിച്ചിട്ടില്ല. മൂസ്സുകൂടി വന്നിട്ട് ആലോചിച്ചു നിശ്ചയിക്കാമെന്നു വിചാരിക്കുന്നു. അതിനാൽ ഇവിടെ നിന്നയയ്ക്കുന്ന ഈ വള്ളത്തിൽത്തന്നെ മൂസ്സ് ഉടനെ പുറപ്പെട്ടു വന്നുചേരേണ്ടിയിരിക്കുന്നു. ഒട്ടും അമാന്തിക്കയില്ലല്ലോ" എന്നായിരുന്നു. മൂത്ത കോയിത്തമ്പുരാനവർകൾ ഒരു വൈദ്യനും വിദ്വാനും മാന്യനുമായിരുന്നുവെന്നു മാത്രമല്ല, മൂസ്സവർകളുടെ ഒരാപ്തമിത്രവുമായിരുന്നു. സുഖക്കേടു മാവേലിക്കരക്കൊട്ടാരത്തിലെ തമ്പുരാട്ടിക്കുമായിരുന്നുവല്ലോ. ഇങ്ങനെ പല കാരണങ്ങൾകൊണ്ടും മൂസ്സവർകൾ ആ എഴുത്തിൻപ്രകാരം ഉടനെ പോകേണ്ടതായിരുന്നു എങ്കിലും എന്തോ അവിടുന്നു പോയില്ല. "രാമനൊന്നു പോയി നോക്കിവരൂ. വേണമെങ്കിൽ ഞാൻപിന്നെപ്പോകാം" എന്നു പറഞ്ഞ് അവിടുത്തെക്കൂടെത്താമസിച്ചിരുന്ന രാമവാര്യരവർകളെ പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. രാമവാര്യരവർകൾ മാവേലിക്കര നിന്ന് അയച്ചിരുന്ന വള്ളത്തിൽത്തന്നെ കയറിപ്പോവുകയും പിറ്റേദിവസംതന്നെ മടങ്ങിവരുകയും ചെയ്തു. രാമവാര്യരവർകളെ കണ്ടയുടനെ മൂസ്സവർകൾ, "രാമൻ അവിടെ എത്തിയതിൽപ്പിന്നെയോ, അതിനുമുമ്പുതന്നെ കഴിഞ്ഞുവോ?" എന്നു ചോദിച്ചു. അതിനു രാമവാര്യരവർകളുടെ മറുപടി, "അടിയൻ അവിടെയെത്തി ഒരു നാഴിക കഴിഞ്ഞപ്പോൾ നിലത്തിറക്കി" എന്നായിരുന്നു. ഇങ്ങനെ മൂസ്സവർകളുടെ ദിവ്യത്വങ്ങളും പറഞ്ഞാലവസാനിക്കാത്തവണ്ണമുണ്ട്. രോഗിയെക്കാണാതേയും ദീനസ്ഥിതി ആരും പറയാതേയും മരണം നിശ്ചയിക്കുവാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.

4. തിരുവിതാംകൂർ ഇളയതമ്പുരാനായിരുന്ന ചതയം തിരുനാൾ തിരുമനസ്സിലേക്കു ശീലായ്മയായപ്പോൾ ആര്യൻ നാരായണൻമൂസ്സവർകളെ കൊണ്ടുചെല്ലുന്നതിനു അന്നു കോട്ടയത്തു ഡിവി‌ഷൻ അസിസ്റ്റന്റും ഒന്നാം ക്ലാസ്സു മജിസ്ട്രറ്റുമായിരുന്ന കുഞ്ഞുകൃ‌ഷ്ണപ്പണിക്കരവർകളുടെ പേർക്കു വടക്കെക്കൊട്ടാരം (ഇളയ തമ്പുരാന്റെ കൊട്ടാരം) കാര്യക്കാർ എഴുതിയയയ്ക്കുകയാൽ മിസ്റ്റർ പണിക്കർ വയസ്ക്കരെ വന്നു വിവരമറിയിച്ചു. അപ്പോൾ മൂസ്സവർകൾ "ഇന്നു വലിയ മഴയായിരിക്കുന്നുവല്ലോ. നാളെയോ മറ്റോ ആവട്ടെ" എന്നു പറഞ്ഞു. പിറ്റേദിവസത്തേക്കു പണിക്കരവർകൾ ഒരു ബോട്ടു വയസ്ക്കരക്കടവിൽ ഹാജരാക്കി. മിസ്റ്റർ പണിക്കർ നിർബന്ധപൂർവം അപേക്ഷിചുകൊണ്ടും മൂസ്സവർകൾ "നാളെയാവട്ടെ", "മറ്റന്നാളാവട്ടെ" എന്നിങ്ങനെ അവധി പറഞ്ഞുകൊണ്ടുമിരുന്നു. അങ്ങനെ നാലു ദിവസം കഴിഞ്ഞപ്പോഴേക്കും മിസ്റ്റർ പണിക്കർക്കു സാമാന്യത്തിലധികം മു‌ഷിഞ്ഞു. പരിഭവത്തോടുകൂടി മൂസ്സവർകളുടെ അടുക്കൽ ചിലതൊക്കെപ്പറഞ്ഞിട്ട് വയസ്ക്കരെനിന്ന് ഇറങ്ങിപ്പോവുകയും ബോട്ട് അതിന്റെ ഉടമസ്ഥനെ തിരിയെ ഏല്പിക്കുകയും ചെയ്തു. അഞ്ചാം ദിവസം ഉച്ചതിരിഞ്ഞപ്പോൾ ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ടു നാടു നീങ്ങിയിരിക്കുന്നു എന്നുള്ള കമ്പി മിസ്റ്റർ പണിക്കർക്കു കിട്ടി. ആ കമ്പിവർത്തമാനമെഴുതിയിരുന്ന കടലാസ്സും കൊണ്ട് പണിക്കരവർകൾ ഉടനെ വയസ്ക്കരെയെത്തി നാടുനീങ്ങിയ വർത്തമാനമറിയിച്ച ശേ‌ഷം "എഴുന്നള്ളത്തു പുറപ്പെടാതിരുന്നതു വളരെ നന്നായി. ഇങ്ങനെ വരുമെന്നറിഞ്ഞിരുന്നുവെങ്കിൽ അടിയൻ തിരുമനസ്സിലെ അടുക്കൽ അത്ര നിർബന്ധിക്കയില്ലായിരുന്നു. ഇവിടുത്തെ അമാന്തം കണ്ടിട്ട് അടിയനു വല്ലാത്ത സങ്കടമോ കുറച്ചു ദേ‌ഷ്യമോ ഏതാണ്ടൊക്കെ ഉണ്ടായി. അടിയന്റെ സങ്കടം സഹിക്കവയ്യാതെയായിട്ട് ഏതാണ്ടൊക്കെ അക്രമമായി അറിയിക്കുകയും ചെയ്തുപോയി. അതൊക്കെ ഇവിടെ ക്ഷമിക്കണം. അടിയന്റെ കഥയില്ലായ്മകൊണ്ടു വന്നുപോയ തെറ്റിന് അടിയൻ മാപ്പുചോദിച്ചുകൊള്ളുന്നു. ഇങ്ങനെ സംഭവിക്കുമെന്നു വിചാരിച്ചിട്ടായിരിക്കുമല്ലോ അടിയൻ നിർബന്ധിച്ചിട്ടും തിരുമനസ്സുകൊണ്ട് യാത്ര പുറപ്പെടാതെയിരുന്നത്. ഇവിടെ ഇതൊക്കെ മുൻകൂട്ടി നിശ്ചയിക്കുന്നതെങ്ങനെയാണാവോ" എന്നു പറഞ്ഞു. മൂസ്സവർകൾ, "നാലഞ്ചു ദിവസമായിട്ടു സദാ മഴതന്നെയായിരുന്നുവല്ലോ. ഇങ്ങനെ ഇടവിടാതെ കണ്ടുള്ള മഴ കണ്ടാൽ എങ്ങോട്ടും യാത്ര പുറപ്പെടരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ പുറപ്പെടാതെയിരുന്നത്. അലാതെ യാതൊന്നുംകൊണ്ടുമല്ല" എന്നു മറുപടിയും പറഞ്ഞു.

പരസ്പരം സ്പർദ്ധയുള്ളവരായ മറ്റുള്ള അഷ്ടവൈദ്യന്മാർക്കും ആര്യൻ നാരായണൻ മൂസ്സവർകളെക്കുറിച്ചു വളരെ ബഹുമാനമുണ്ടായിരുന്നു. ഇതിലേക്കു താഴെപ്പറയുന്ന സംഗതി ഒരു ദൃഷ്ടാന്തമാണ്.

ഒരിക്കൽ ഒരമ്മത്തമ്പുരാൻ തിരുമനസ്സിലേക്കു ശീലായ്മയാവുകയാൽ ചികിത്സയ്ക്കായി അന്നത്തെ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് അഷ്ടവൈദ്യന്മാരിൽ മിക്കവരെയും തൃപ്പൂണിത്തുറെ വരുത്തിയിരുന്നു. അവരെല്ലാവരുംകൂടിയാലോചിചാണ് ചികിത്സ നടത്തിയിരുന്നത്. അങ്ങനെ അവരവിടെ താമസിച്ചിരുന്നപ്പോൾ ഒരു ദിവസം വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് അവരോടെലാവരോടുംകൂടി "അഷ്ടവൈദ്യന്മാരിൽ ചികിത്സാവി‌ഷയത്തിൽ അധികം യോഗ്യതയുള്ളതാർക്കാണ്?" എന്നു കല്പിച്ചു ചോദിച്ചു. കുറച്ചുനേരത്തേക്ക് ഇതിന് ആരും മറുപടിയൊന്നും പറഞ്ഞില്ല പിന്നെ തൃശ്ശിവപേരൂർ തൈക്കാട്ട് അച്ഛൻ മൂസ്സവർകൾ (ഇപ്പോഴത്തെ മൂസ്സവർകളുടെ അച്ഛൻ) "ഇത് ഏറ്റവും അപകടമായിട്ടുള്ളഒരു ചോദ്യമാണ്. ഇതിന് ഇതിലാരും ഉത്തരം പറയുമെന്നു തോന്നുന്നില്ല. എല്ലാവരേയുംകാൾ സമർത്ഥൻ താനാണെന്നുള്ള വിചാരം എല്ലാവർക്കുമുണ്ടായിരിക്കും. എന്നാൽ അതു സ്പഷ്ടമായിപ്പറയാൻ ആർക്കും ധൈര്യമുണ്ടായിരിക്കുകയുമില്ല. പിന്നെയെങ്ങനെയാണ് ഇതിനുത്തരം പറയുന്നത്? കല്പിച്ചു ചോദിച്ചതിന് ആരും ഉത്തരം പറയാതെയിരിക്കുന്നത് ന്യായവുമല്ല. അതിനാൽ എന്റെ അഭിപ്രായം ഞാനിവിടെ ഉണർത്തിക്കാം. എല്ലാവർക്കും എല്ലാവി‌ഷയങ്ങളിലും ഒരുപോലെ യോഗ്യതയുണ്ടായിരിക്കുകയില്ല. ഓരോരുത്തർക്ക് ഓരോ വി‌ഷയത്തിലായിരിക്കും യോഗ്യത. അഷ്ടാംഗഹൃദയത്തിന്റെ അർത്ഥം പറയുന്നതിനു സമർത്ഥൻ കുട്ടഞ്ചേരി അപ്ഫൻതന്നെയാണ്. ആ വി‌ഷയത്തിൽ അദ്ദേഹത്തോളം യോഗ്യതയുള്ളവർ ഞങ്ങളുടെ കൂട്ടത്തിൽ വേറെ ആരുമില്ല. രോഗം നിശ്ചയിക്കുന്നതിന് ആലത്തൂർ നമ്പിയോളം യോഗ്യത മറ്റാർക്കും ഇല്ല. ചികിത്സ ചെയ്യുന്നതിന് അധികം യോഗ്യൻ പിലാമന്തോൾ മൂസ്സാണ്. അദ്ദേഹം ചികിത്സിച്ചാൽ ഭേദമാകുന്ന രോഗങ്ങളെല്ലാം ഭേദമാകും. ഇനി എന്റെ യോഗ്യതകൂടി പറഞ്ഞേക്കാം. മരണലക്ഷണം കണ്ടു നിശ്ചയിക്കുന്നതിന് എന്നോളം സാമർത്ഥ്യം മറ്റാർക്കുമെല്ലെന്നാണ് എന്റെ അഭിമാനം. ഒരാറു മാസത്തിനകം മരിക്കുന്ന ഒരാളെക്കണ്ടാൽ അയാൾ ഇന്ന ദിവസം മരിക്കുമെന്നു ഞാൻ തീർച്ചയായിപ്പറയാം. അതു തെറ്റുകയുമില്ല. എന്നാൽ ഈ വക യോഗ്യതകളെല്ലാം പൂർണ്ണമായിത്തികഞ്ഞിട്ടുള്ള ഒരാൾ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അദ്ദേഹം ഇപ്പോൾ ഇവിടെ വന്നിട്ടില്ല. ആ മഹാൻ വയസ്ക്കര ആര്യൻ നാരായണൻ മൂസ്സാണ്. അദ്ദേഹം വിചാരിച്ചാൽ ഭേദമാകാത്ത രോഗവും ഭേദമാക്കാൻ കഴിയും. അങ്ങനെ യൊരാൾ ഞങ്ങളുടെ കൂട്ടത്തിൽ അദ്ദേഹമല്ലാതെ വേറെ ആരുമില്ല" എന്നു പറയുകയും അതു ശരിയാണെന്ന് അവിടെയുണ്ടായിരുന്നവരെല്ലാം സമ്മതിക്കുകയും ചെയ്തു.

ആര്യൻ നാരായണൻ മൂസ്സവർകൾക്കു ചികിത്സാവി‌ഷയത്തിലും മറ്റുമുണ്ടായിരുന്ന യോഗ്യതകൾ എന്നെക്കാളധികം കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞിട്ടുള്ളവരിൽ പലരും ഇപ്പോഴും ജീവിച്ചിരിപ്പുള്ളതിനാൽ ഞാനീ പറഞ്ഞിട്ടുള്ളതിൽ അല്പം പോലും അതിശയോക്തിയില്ലെന്നും മൂസ്സവർകൾ എന്റെ ഗുരുനാഥനായിരുന്നതുകൊണ്ട് ഞാൻ വെറുതെ പ്രശംസിക്കുകയല്ലെന്നുമുള്ള വാസ്തവം അവർക്കറിയാവുന്നതാണ്. മൂസ്സവർകളെ സംബന്ധിച്ചു ഞാൻ പറഞ്ഞിട്ടുള്ളവ കൂടാതെ വേറെയും പല സംഗതികളറിയാവുന്നവർ ഇപ്പോഴും പലരുമുണ്ടായിരിക്കാനിടയുള്ളതുകൊണ്ട് അവർക്കറിയാവുന്നവയെല്ലാം എഴുതി പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാമെന്നുള്ള അപേക്ഷയോടുകൂടി ഞാൻ ഇപ്പോൾ വിരമിക്കുന്നു.