ഐതിഹ്യമാല/വട്ടപ്പറമ്പിൽ വലിയമ്മ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വട്ടപ്പറമ്പിൽ വലിയമ്മ


കാർത്തികപ്പള്ളി താലൂക്കിൽ ചേർന്ന കായംകുളം എന്ന പ്രദേശം തിരുവതാംകൂറിൽ ചേരുന്നതിനു മുൻപ് അതൊരു പ്രത്യേക രാജ്യമായി ഒരു രാജാവിനാൽ ഭരിക്കപ്പെട്ടിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. അവിടെ ഇപ്പോഴുള്ള 'പുതിയടത്തു' ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പിൽ എന്നു പ്രസിദ്ധമായിട്ട് ഒരു നായർ കുടുംബം ഉണ്ടായിരുന്നു. ഈ കുടുംബക്കാർക്കു കായംകുളത്തു രാജാവിന്റെ മന്ത്രിസ്ഥാനവും, ആയുധാഭ്യാസ വി‌ഷയത്തിൽ ഗുരുസ്ഥാനവും തന്നിമിത്തം സേനാനായകത്വവും ഉണ്ടായിരുന്നതു കൂടാതെ വിവാഹബന്ധത്താൽ ബന്ധുത്വവുമുണ്ടായിരുന്നു. ഇപ്രകാരം രാജാവിന്റെ ആശ്രയത്തിലും, സംരക്ഷണത്തിലുമിരുന്ന ആ കുടുംബത്തിലുൾപ്പെട്ട ഒരു ശാഖക്കാർ എന്തോ കാരണവശാൽ ആ രാജാവിന്റെ അപ്രീതിക്കു പാത്രീഭവിക്കുകയാൽ കൊല്ലം 850-ആമാണ്ടിടയ്ക്ക് അവിടെ നിന്നും പിരിഞ്ഞു പോകേണ്ടതായി വന്നു. പണ്ടേ തന്നെ ശൂരന്മാരും ധൈര്യശാലികളും യുദ്ധവിദഗ്ദ്ധന്മാരുമായിരുന്ന അവർ അവിടെ നിന്നും പിരിഞ്ഞുപോയി. എങ്കിലും ഏതാനും സൈന്യങ്ങളെ ശേഖരിച്ചുകൊണ്ട് കായംകുളത്തിനു സമീപം തന്നെ 'കീരിക്കാട്' എന്ന ദിക്കിൽ എതാനും സ്ഥലം സ്വാധീനപ്പെടുത്തുകയും, അവിടെ കോട്ട,കൊത്തളം മുതലായവയും ആ കോട്ടയ്ക്കകത്തു ഒരു ഭവനവും ചില പരദേവതാലയങ്ങളും മുതലായവ ഉണ്ടാക്കുകയും ചെയ്തു അനന്യാശ്രയമായും പൂർവ്വാധികം പ്രാബല്യത്തോടുകൂടിയും താമസിച്ചു. ശേ‌ഷമുള്ള ശാഖക്കാർ യഥാപൂർവ്വം കായംകുളത്തു രാജാവിനെ ആശ്രയിച്ചുതന്നെ കായംകുളത്തുള്ള ആദികുടുംബത്തിലും താമസിച്ചു വന്നു. കീരിക്കാട്ടേക്ക് മാറിത്താമസിച്ചവർ കായംകുളത്തു രാജാവിനെ ലേശം പോലും വക വയ്ക്കാതെ സ്വാതന്ത്ര്യത്തോടെയാണു താമസിച്ചിരുന്നത്. എങ്കിലും അവരുടെ പ്രാബല്യത്തേയും പരാക്രമത്തേയും സൈന്യബലത്തേയും കുറിച്ചു വിചാരിച്ചിട്ടും തന്റെ സൈനികന്മാർ അവരുടെ ശി‌ഷ്യരും വളരെക്കാലം അവരുടെ അധികാരത്തിൻ കീഴിൽ ഇരുന്നവരുമാകയാൽ അടുത്തുകൂടി വരുമ്പോൾ മറുഭാഗത്തു ചേർന്നു കളഞ്ഞെങ്കിൽ വലിയ ആപത്തായിത്തീരുമല്ലോ എന്നു ശങ്കിച്ചിട്ടും കായംകുളത്തു രാജാവിനു അവരോടെതിർക്കാൻ ധൈര്യമുണ്ടായില്ല. അതിനാൽ അവർ കാലക്രമേണ ഒരു നാടുവാഴിയുടെ സ്ഥിതിയിലായിത്തീർന്നു.

വട്ടപ്പറമ്പിൽ കുടുംബത്തിൽ നിന്നും പിരിഞ്ഞുപോയി താമസം കീരിക്കാട്ടാക്കിയതിന്റെ ശേ‌ഷംവും അവർ എഴുത്തുകുത്തുകളിലും മറ്റും ആ പുരാതനകുടുംബപ്പേർ തന്നെയാണു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ നടത്തി വരുന്നു. എങ്കിലും കീരിക്കാട്ടിലുള്ള ആ ഭവനം കോട്ടയ്ക്കകത്താകയാൽ ആ ദിക്കുകാർ ആ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി പേർ പറഞ്ഞു തുടങ്ങുകയും അതു ആ ദിക്കുകളിൽ ഒരു വിധം നടപ്പായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടങ്ങളിൽ ചിലർ അങ്ങിനെ പറഞ്ഞുവരുന്നുമുണ്ട്.

കൊല്ലം 681-ആമാണ്ടുമുതൽ 710-ആമാണ്ടുവരെ രാജ്യം വാണിരുന്ന വീര ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലാനന്തരം 904-ആമാണ്ട് സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യഭാരം കൈയേറ്റ കാലം വരെ ചില ഇടപ്രഭുക്കന്മാർ, മാടമ്പിമാർ, എട്ടുവീട്ടിൽപിള്ളമാർ, മുതലായ രാജ്യദ്രാഹികളുടെ അക്രമങ്ങളും ഉപദ്രവങ്ങളും നിമിത്തം തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ആൺവഴിതമ്പുരാക്കന്മാരും പെൺവഴിതമ്പുരാക്കന്മാരും പലപ്പോഴും തലസ്ഥാനം വിട്ട് ഒളിച്ചോടിപ്പോയി പല സ്ഥലങ്ങളിൽ ചെന്നു അജ്ഞാതവാസം ചെയ്യേണ്ടതായി വന്നിട്ടുണ്ടന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ കൂട്ടത്തിൽ ഒരു മഹാരാജ്ഞി ശത്രുഭയം നിമിത്തം പ്രാണരക്ഷാർഥം കുറച്ചുകാലം അരിപ്പാട്ടു 'കരിപ്പാലിൽ' കോയിക്കൽ എഴുന്നള്ളി താമസിച്ചിരുന്നു. 933-ആമാണ്ട് മുതൽ 73-ആമാണ്ടുവരെ തിരുവതാംകൂർ രാജ്യം യഥായോഗ്യം ഭരിച്ചു വാണിരുന്ന വിശ്വവിശ്രുതനായ കാർത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തരുളിയത് ആ മഹാരാജ്ഞിയിൽ നിന്നും അവിടെവച്ചുമായിരുന്നു. അങ്ങിനെ ആ മഹാരാജ്ഞി ആ രാജകുമാരനോടുകൂടി അവിടെ എഴുന്നള്ളി താമസിച്ചിരുന്നകാലത്തു കീരിക്കാട്ടു വട്ടപ്പറമ്പിൽ അന്നു മൂപ്പായിരുന്ന സ്ത്രീ കൂടെക്കൂടെ മഹാരാജ്ഞിയെ മുഖം കാണിക്കാനായി കരിപ്പാലിൽകോയിക്കൽ പൊയ്ക്കൊണ്ടിരുന്നു. അതിനാൽ ആ സ്ത്രീയും മഹാരാജ്ഞിയും തമ്മിൽ പരിചയമായി എന്നു മാത്രമല്ല പരസ്പരം മഹാരാജ്ഞീ തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ഒരു പ്രധാന അംഗമായിരുന്നുവെങ്കിലും കാലസ്ഥിതികൊണ്ടും ദേശാന്തരവാസം നിമിത്തവും മറ്റും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളുമുണ്ടായിരുന്നു. അക്കാലത്തു അതിനെല്ലാം പരിഹാരങ്ങളുണ്ടാക്കികൊടുത്തു സഹായിച്ചുകൊണ്ടിരുന്നതു വട്ടപ്പറമ്പിലെ ആ ഗുണവതിയും ബുദ്ധിശാലിനിയും ഔദാര്യനിധിയുമായ സ്ത്രീയായിരുന്നു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ മഹാരാജ്ഞിതിരുമനസ്സിലേക്ക് അന്നു അവിടെ കഴിച്ചുകൂട്ടാൻ കഴിയുമായിരുന്നോ എന്നുതന്നെ സംശയമാണ്. ആ സ്ത്രീ കൂടെക്കൂടെ ചെന്നു മുഖംകാണിക്കുകയും അവിടുത്തെ യോഗക്ഷേമങ്ങളെ അന്വേ‌ഷിക്കുകയും ചെല്ലുമ്പോളെല്ലാം കുറേശ്ശേ പണവും നിത്യോപയോഗ്യങ്ങളായ ചില സാധനങ്ങളും തിരുമുൽക്കാഴ്ച്ച വയ്ക്കുകയും പതിവായിരുന്നു.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം വട്ടപ്പറമ്പിലെ ആ മൂത്ത സ്ത്രീ തിരുമുമ്പാകെ ചെന്നിരുന്ന സമയം അന്നു മൂന്നു തിരുവയസ്സുമാത്രം പ്രായമായിരുന്ന രാജകുമാരൻ ആ സ്ത്രീയെക്കണ്ടിട്ടു ‚ഇതാരാണമ്മേ‛ എന്നു കൽപ്പിച്ചു ചോദിക്കുകയും അതിനു മറുപടിയായി മഹാരാജ്ഞി (ആ സ്ത്രീയ്ക്കു മഹാരാജ്ഞിയെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നതിനാൽ) ഇതു നിന്റെ വലിയമ്മയാണു എന്നു കൽപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആ രാജകുമാരൻ ആ സ്ത്രീയെ വലിയമ്മ എന്നു വിളിച്ചുവന്നു. അവിടുന്നു മഹാരാജാവായതിന്റെ ശേ‌ഷവും അങ്ങിനെ തന്നെ ക കൽപ്പിച്ചു വിളിച്ചു വന്നിരുന്നതിനാൽ വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരുന്ന സ്ത്രീകൾക്കു വലിയമ്മയെന്നുള്ളതു ഒരു സ്ഥാനപ്പേരായിരുന്നു. അതിനാൽ ഇപ്പോഴും അവരെ എല്ലാവരും അങ്ങിനെ തന്നെ വിളിച്ചുവരുന്നു

വട്ടപ്പറമ്പിൽ വലിയമ്മ എന്തെങ്കിലും തിരുമുൽക്കാഴ്ച വെയ്ക്കാനായി മഹാരാജ്ഞിയുടെ തിരുമുമ്പാകെ കൊണ്ടുചെന്നാൽ രാജകുമാരൻ ഓടിച്ചെന്നു തൃകൈയ്യിൽ വാങ്ങി അമ്മയുടെ അടുക്കൽ കൊണ്ടുചെന്നുകൊടുക്കുക പതിവായിരുന്നു. അതിനാൽ അവിടുന്നു തിരുമൂപ്പേറ്റതിന്റെ ശേ‌ഷവും വട്ടപ്പറമ്പിൽ കുടുംബത്തിലെ സ്ത്രീകൾ മുഖം കാണിക്കാനായി ചെല്ലുന്ന സമയങ്ങളിൽ കൊണ്ടുചെല്ലുന്ന കാഴ്ചദ്രവ്യം തൃകൈയ്യിൽ തന്നെ വാങ്ങുക പതിവായിരുന്നു. എന്നു മാത്രമല്ല തന്റെ പിൻവാഴ്ച്ചക്കാരും അങ്ങിനെ ചെയ്തുകൊള്ളണമെന്നു ഒരേർപ്പാട് കൽപ്പിച്ചു നിശ്ചയിക്കുകയും ചെയ്തു. ആ ഏർപ്പാട് ഇപ്പോഴും അങ്ങിനെതന്നെ നടന്നു വരുന്നുമുണ്ട്.

രാമവർമ്മരാജകുമാരനു അക്ഷരാഭ്യാസം ചെയ്യിക്കുന്നതിന് ആദ്യം ഗുരുസ്ഥാനം വഹിച്ചത് മഹാരാജ്ഞിതന്നെയാണ്. പിന്നീട് അതിനു വേണ്ടുന്ന ഏർപ്പാടുകൾ വട്ടപ്പറമ്പിൽ വലിയമ്മ ചെയ്തുകൊടുക്കുകയും ചെയ്തു. രാജകുമാരൻ അന്നു ഏകദേശം അനാഥസ്ഥിതിയിലാണ് താമസ്സിച്ചിരുന്നതെങ്കിലും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേരിൽ സാക്ഷാൽ വലിയമ്മയുടെ പേരിലെന്നപോലെ തന്നെ സ്നേഹബഹുമാനങ്ങളുണ്ടായിരുന്നു. അപ്രകാരം തന്നെ രാജകുമാരനെക്കുറിച്ചു പുത്രനിർവിശേ‌ഷമായ സ്നേഹവാത്സല്യം ആ വലിയമ്മയ്ക്കുമുണ്ടായിരുന്നു.

ഇങ്ങിനെയിരിക്കുന്ന കാലത്തു ഒരു ദിവസം വൈകുന്നേരം 'പെരുളാവൂർ അടിതിരി' എന്നു പ്രസിദ്ധനായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അരിപ്പാട്ടു ചെന്നു ചേർന്നു. അത്താഴം കഴിക്കുന്നതിന് എവിടെ കേറിയാൽ തരമാകും എന്നു അന്വേ‌ഷിച്ചപ്പോൾ കരിപ്പാലിൽ കോയിക്കൽ ചെന്നാൽ അത്താഴം കിട്ടുമെന്നും, അവിടെ അരിവെപ്പു ബ്രാഹ്മണരാണന്നും ആരോ പറയുകയാൽ അദ്ദേഹം അവിടെ ചെന്നുകയറി. ഔദാര്യനിധിയായിരുന്ന രാജകുമാരൻ ആ ബ്രാഹ്മണോത്തമനെ കണ്ടയുടനെ അത്താഴത്തിനു ക്ഷണിക്കുകയും കുളിയും മറ്റും കഴിഞ്ഞു വരുവാൻ കൽപ്പിച്ചയക്കുകയും ചെയ്തു, അടിതിരിപ്പാട്ടീന്നു കുളിയും സന്ധ്യാവന്ദനാദി നിത്യകർമാനുഷ്ഠാനങ്ങളും കഴിഞ്ഞു ചെന്നപ്പോഴേയ്ക്കും അത്താഴം കാലമായിരുന്നു. അത്താഴം കഴിഞ്ഞതിന്റെ ശേ‌ഷം ആ ബ്രാഹ്മണവര്യൻ എവിടെ നിന്നാണു വരുന്നതെന്നും എവിടെപ്പോകാനായിട്ടാണ് പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും രാജാവ് കൽപ്പിച്ചു ചോദിക്കുകയും, താൻ കുറച്ചു വടക്കുനിന്നാണു വരുന്നത് എന്നും തനിക്കു വിവാഹം കഴിച്ചുകൊടുക്കനുള്ള പ്രായം അതിക്രമിച്ചവരായി ഒൻപതു പെൺകിടാങ്ങൾ ഇരിക്കുന്നുണ്ടന്നും ദാരിദ്ര്യം നിമിത്തം ഒരു കന്യകയെയെങ്കിലും വിവാഹം കഴിച്ചു കൊടുപ്പാൻ താൻ ശക്തനല്ലെന്നും തിരുവനന്തപുരത്തു ചെന്നുമഹാരാജാവിനെ മുഖം കാണിച്ചു വിവരമറിയിച്ചാൽ വല്ലതും നിവൃത്തിയുണ്ടായെങ്കിലെന്നു വിചാരിച്ചു താൻ തിരുവനന്തപുരത്തേക്കായിട്ടാണു പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും ആ ബ്രാഹ്മണൻ പറയുകയും ചെയ്തു. അപ്പോൾ രാജകുമാരൻ ‚ഒൻപതു പെൺകിടാങ്ങളെ കൊടുക്കുന്നതിനു എത്ര പണം വേണ്ടിവരും?‛ എന്നു കൽപ്പിച്ചു ചോദിച്ചതിനു നമ്പൂരീ ‚ഒൻപതിനായിരം പണമുണ്ടങ്കിൽ ഒരുവിധം കഴിച്ചുകൂട്ടാമായിരുന്നു‛ എന്നു മറുപടി പറഞ്ഞു. (അക്കാലത്തു നമ്പൂരിമാർക്കു ഒരു പെൺകൊടയ്ക്ക് ആയിരം പണത്തിലധികം സ്ത്രീധനം കൊടുക്കേണ്ടിയിരുന്നില്ല.) ഉടനെ രാജകുമാരൻ ‚കാലത്തു തമ്മിൽ കണ്ടിട്ടേ പൊയ്ക്കളയാവൂ‛ എന്നരുളിച്ചെയ്തിട്ട് നമ്പൂരിയെ കിടക്കാൻ കല്പ്പിച്ചയച്ചു. അപ്പോൾ തന്നെ രാജകുമാരൻ ഈ വിവരങ്ങളെല്ലാം കാണിച്ചു ഒരു തിരുവെഴുത്ത് വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു എഴുതി ഒരു ഭൃത്യന്റെ പക്കൽ കൽപ്പിച്ചയച്ചു. വലിയമ്മ തിരുവെഴുത്തു കണ്ടയുടൻ ഒൻപതിനായിരം പണം ഒൻപതു കിഴിയാക്കിക്കെട്ടി ആ ഭൃത്യന്റെ കയ്യിൽ തന്നെ കൊടുത്തയച്ചു. ഭൃത്യൻ കൊണ്ടുവന്ന പണക്കിഴികൾ വാങ്ങി വെച്ചതിന്റെ ശേ‌ഷം രാജകുമാരൻ പള്ളിക്കുറിപ്പിനുഎഴുന്നുള്ളുകയും ചെയ്തു.

പിറ്റെ ദിവസം രാജകുമാരൻ രാവിലെ പള്ളിക്കുറിപ്പുണർന്നു പുറത്തെഴുന്നള്ളിയപ്പോഴേക്കും അടിതിരിപ്പാടും അവിടെയെത്തി. ഉടനെ രാജകുമാരൻ പണക്കിഴി ഒൻപതും എടുത്തുകൊണ്ടുവന്നു ആ ബ്രാഹ്മണന്റെ കയ്യിൽ കൊടുത്തിട്ടു ‚ഇതാ ഇവയിൽ ഒൻപതിനായിരം പണമുണ്ട്. ഇതിനായിട്ട് അങ്ങ് ഇനി തിരുവനന്തപുരം വരെ പോകണമെന്നില്ല‛ എന്നു കല്പ്പിച്ചു. അപ്പോൾ ആ ബ്രാഹ്മണോത്തമനു‚ ഇത്രമാത്രം ഔദാര്യമുള്ള ഈ ബാലൻ ആരാണ്?‛ എന്നു സംശയം തോന്നുകയും വിവരം രാജകുമാരനോട് തന്നെ ചോദിക്കുകയും, അവിടുന്നു വസ്തുതയെല്ലാം അരുളിചെയ്യുകയും ചെയ്തു. സംഗതികളെല്ലാം മനസ്സിലായപ്പോൾ അടിതിരിപ്പാട്ടിലേക്കുണ്ടായ സന്തോ‌ഷവും സന്താപവും, അത്ഭുതവും, ബഹുമാനവും, വാത്സല്യവുമെല്ലാം സീമാതീതങ്ങളായിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ ആ ബ്രാഹ്മണോത്തമൻ പുളകാവൃതശരീരനായി ആനന്ദാശ്രു പൊഴിച്ചുകൊണ്ട് രണ്ടു കയ്യും രാജകുമാരന്റെ ശിരസ്സിൽ വെച്ചിട്ട് സഗൽഗദം ‚അവിടേക്കു ഈ കഷ്ടപ്പാടുകളെല്ലാം തീർന്നു വളരെക്കാലം നിർബാധമായി രാജഭോഗങ്ങളനുഭവിച്ചു സുഖമായി വാണരുളുവാൻ സർവേശ്വരൻ സഹായിക്കട്ടെ എന്നനുഗ്രഹിച്ചു. അനന്തരം അദ്ദേഹം യാത്രയറിയിച്ചുകൊണ്ട് സസന്തോ‌ഷം സ്വദേശത്തേക്കു തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ഈ സംഗതി നടന്നകാലത്തു നമ്മുടെ കൊച്ചു തമ്പുരാനു കഷ്ടിച്ചു ഒൻപതു തിരുവയസ്സു മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളു. തദനന്തരം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഹാരാജ്ഞി പുത്രസമേതം അരിപ്പാട്ട് എഴുന്നള്ളി താമസിക്കുന്നുണ്ടെന്ന വിവരം എട്ടുവീടന്മാർ, മാടമ്പിമാർ മുതലായ രാജ്യദ്രാഹികൾക്ക് അറിവു കിട്ടുകയാൽ ഇവരെ സംഹരിക്കാനായി അവർ ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നുവെന്നു ചാരന്മാർ മുഖാന്തിരം മഹാരാജ്ഞി അറിഞ്ഞു. അപ്പോൾ അവിടേക്ക് ഉണ്ടായ ഭയവും വ്യസനവും പരിഭ്രമവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. ഉടനെ അവിടുന്നു വട്ടപ്പറമ്പിലേക്ക് ആളയച്ചു വലിയമ്മയെ വരുത്തി, വിവരമെല്ലാം കൽപ്പിച്ചു. വലിയമ്മ ഇതുകേട്ടിട്ട് ‚ഇതു നിമിത്തം അവിടുന്നു ഒട്ടും വ്യസനിക്കുകയും പരിഭ്രമിക്കുകയും വേണ്ട. ഇതിനു സമാധാനം അടിയൻ ഉണ്ടാക്കികൊള്ളാം. ഏതായാലും ഇനി ഇവിടെ എഴുന്നള്ളി താമസിച്ചാൽ ആപത്തുണ്ടായേക്കും. അതിനാൽ ഉടനെ എഴുന്നള്ളത്തിനു തയ്യാറാകണം‛ എന്നു തിരുമനസ്സറിയിച്ച ശേ‌ഷം അക്കാലത്തു ദേശാധിപത്യവും, അഭ്യാസബലവും സൈന്യബലവും, പ്രാബല്യവും ധാരളമുണ്ടായിരുന്ന മാമ്പള്ളി(വഞ്ഞിപ്പുഴ)ത്തമ്പുരാന്റെ പേർക്കു സകലവിവരത്തിനും ഒരു എഴുത്തെഴുതിക്കൊടുത്തിട്ട് ഒരു ഭൃത്യനെ മുൻകൂട്ടി ചെങ്ങന്നൂർക്ക് ഓടിക്കുകയും കരിപ്പാലിൽ കോയിക്കലുണ്ടായിരുന്ന പാത്രങ്ങൾ മുതലായവ സമീപത്തു തന്നെ വിശ്വാസമുള്ള ഒരു സ്ഥലത്താക്കി സൂക്ഷിക്കുകയും കീരിക്കാട്ടേക്ക് ആളെ അയച്ചു എതാനും സൈനികന്മാരേയും, ഭൃത്യന്മാരേയും ഒരു മേനാവും (ഡോലി) വരുത്തുകയും ചെയ്തു. അപ്പോഴേക്കും മഹാരാജ്ഞിയും കൊച്ചുതമ്പുരാനും അമൃതേത്തും മറ്റും കഴിച്ചു എഴുന്നള്ളത്തിനു തയ്യാറായി. ഉടനെ വലിയമ്മയും ഊണു കഴിക്കുകയും ഭൃത്യന്മാർ മുതലായവരെ ഊണു കഴിപ്പിക്കുകയും ചെയ്തിട്ട് ക്ഷണത്തിൽ യാത്ര പുറപ്പെട്ടു. മഹാരാജ്ഞിയും കുമാരനും വലിയമ്മയും മേനാവിലും, ശേ‌ഷമുള്ളവർ കാൽനടയായിട്ടുമാണൂ പുറപ്പെട്ടത്. അങ്ങിനെ ചെങ്ങന്നൂർക്കു ഒട്ടു സമീപം 'ബുധനൂർ' എന്ന ദിക്കിലുള്ള വലിയപാടത്തു എത്തിയപ്പോഴേക്കു പിള്ളമാരും മാടമ്പിമാരും വിവരമറിഞ്ഞു പിന്നാലെ അവിടെയെത്തി ആ ദേശക്കാരായ ചില ദുഷ്ടന്മാരെകൂടി കൂട്ടുപിടിച്ചുകൊണ്ട് കല്ലും, കട്ടയും കൊടിയുമായി അടുത്തുകൂടി. ശത്രുക്കൾ അടുത്തുവരുന്നു എന്നു കണ്ടപ്പോൾ വലിയമ്മ മഹാരാജ്ഞിയേയും രാജകുമാരനേയും മേനാവിൽ നിന്നു താഴെയിറക്കി ഒരു ദാസിയുടെയും ചെറുക്കന്റെയും നിലയിൽ മേനാവിന്റെ പിന്നാലെ നടത്തുകയും, വലിയമ്മ മേനാവിൽ തന്നെ വാതിലടച്ചിരിക്കുകയും ഭൃത്യന്മാരോടും മറ്റും വേഗത്തിൽ നടക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. ശത്രുക്കൾക്കു സംഘബലം അധികമുണ്ടായിരുന്നതിനാൽ അവരോടെതിരിടാൻ പോകേണ്ടന്നും മേനാവിന്റെ ചുറ്റും ചേർന്നു നടന്നു കൊണ്ടാൽ മതിയെന്നും സൈനികന്മാരോടു പറഞ്ഞു ചട്ടം കെട്ടി.അപ്പോഴേക്കും ശത്രുക്കൾ അടുത്തുവന്നു ഏറു തുടങ്ങി. മഹാരാജ്ഞിയും രാജകുമാരനും മേനാവിനകത്താണ് എന്നു വിചാരിച്ച് അവർ അധികമെറിഞ്ഞത് മേനാവിന്റെ നേരെയും മേനാവു ചുമക്കുന്നവരുടെ നേരെയും സൈനികരുടെ നേരെയുമായിരുന്നു. പാവപ്പെട്ടവരായ ഭൃത്യസ്ത്രീയും ചെറുക്കനുമാണന്നു വിചാരിച്ചു മഹാരാജ്ഞിയേയും കുമാര നേയും അവർ അധികമുപദ്രവിച്ചില്ല. അതു വലിയമ്മയുടെ കശൗലത്തിന്റെ ഫലമാണന്നു പറയണമെന്നില്ലല്ലോ. ഭൃത്യന്മാർക്കും, സൈനികർക്കും ധാരാളം ഏറുകൊണ്ടുവെന്നാലും അവർ ഓടിക്കളയാതെ ധൈര്യത്തോടു കൂടി അതെല്ലാം സഹിച്ചു മേനാവിന്റെ കൂടെത്തന്നെ നടന്നു. എങ്കിലും മേനാവിന്റെ വാതിൽ പൊളിഞ്ഞു ചില ഏറുകൾ വലിയമ്മയ്ക്കും കൊള്ളാതെയിരുന്നില്ല. അതു വരുമെന്നു വലിയമ്മ മുമ്പേ തന്നെ വിചാരിച്ചിരുന്നു. തനിക്കു എന്തെല്ലാം ഉപദ്രവങ്ങൾ പറ്റിയാലും മഹാരാജ്ഞിയേയും, കുമാരനേയും രക്ഷിക്കണമെന്നു മാത്രമേ അവർവിചാരിച്ചിരുന്നുള്ളു.

ഇങ്ങിനെ ഒരു വിധം ചെങ്ങനൂരിന്റെ അതിർത്തിയിലെത്തിയപ്പോഴേക്കും വഞ്ഞിപ്പുഴ തമ്പുരാനും സൈന്യസമേതം അവിടെ വന്നു ചേർന്നു. തമ്പുരാനെയും സൈന്യങ്ങളേയും കണ്ടപ്പോഴേക്കും രാജ്യദ്രാഹികളായ ദുഷ്ടന്മാരെല്ലാം ഭയവിഹല്വന്മാരായി ഓടി ഒളിച്ചു. പിന്നെ മഹാരാജ്ഞിയേയും രാജകുമാരനേയും കൂടി മേനാവിൽ കയറ്റി എല്ലാവരും കൂടി വഞ്ഞിപ്പുഴ മഠത്തിൽ ചെന്നു ചേർന്നു. വട്ടപ്പറമ്പിൽ വലിയമ്മ അവിടെ മൂന്നു ദിവസം താമസിച്ചതിന്റെ ശേ‌ഷം മഹാരാജ്ഞിയേയും രാജകുമാരനേയും വഞ്ഞിപ്പുഴ തമ്പുരാന്റെ അടുക്കൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ട് യാത്രയുമറിയിച്ചു പരിവാര സമേതം സ്വദേശത്തേക്കു മടങ്ങിപ്പോരുകയും ചെയ്തു. അതിന്റെ ശേ‌ഷം കുറഞ്ഞൊരു ദിവസം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന വലിയരാമവർമ്മമഹാരാജാവ് തിരുമനസ്സിലേയ്ക്കു ശീലായ്മ കലശലായിരിക്കുന്നതായി കേൾക്കുകുകയാൽ വഞ്ഞിപ്പുഴ തമ്പുരാൻ മഹാരാജ്ഞിയെ പുത്രസമേതം യാതൊരാപത്തിനും ഇടയാകതെ തിരുവനന്തപുരത്തു കൊണ്ടുചെന്നാക്കുകയും പിന്നെ അധികം താമസിയാതെ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങുകയും രാജകേസരിയെന്നു പ്രസിദ്ധനും വീരനും ശൂരനുമായിരുന്ന സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജ്യദ്രാഹികളുടെ വംശത്തെ നമാവശേ‌ഷമാക്കിത്തീർക്കുകയും രാജ്യത്തു ക്ഷേമവും സമാധാനവും വർദ്ധിപ്പിക്കുകയും ചെയ്തു. അതിനാൽ അന്തച്ഛിദ്രങ്ങളും കലഹങ്ങളും കലാപങ്ങളും ശമിച്ചു. മഹാരാജകുടുംബത്തിലെ അംഗങ്ങളെല്ലാം പിന്നീടു നിർബാധമായും നിർഭയമായും സസുഖം വസിച്ചു.

ഇത്രയും പറഞ്ഞുകൊണ്ട് വട്ടപ്പറമ്പിൽ വലിയമ്മയുടെ ബുദ്ധിസാമർഥ്യം, ഔദാര്യം, ധീരത, തൽക്കാലോചിതകർത്തവ്യജ്ഞാനം, രാജഭക്തി മുതലായ സത്ഗുണങ്ങൾ എത്രമാത്രമുണ്ടായിരുന്നു എന്നു സ്പഷ്ടമായല്ലോ. ഇനി വട്ടപ്പറമ്പിൽ കുടുംബത്തെകുറിച്ചു തിരുവതാംകൂർ മഹാരാജാക്കന്മാർക്കു പ്രത്യേകമൊരു പ്രതിപത്തിയും കാരുണ്യവും ഉണ്ടാകുവാനുള്ള ചില കാരണങ്ങൾ കൂടി ഈ ഉപന്യാസം അവസാനിപ്പിക്കുന്നതിനു മുൻപായി പറയേണ്ടിയിരിക്കുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കായംകുളം രാജ്യം പിടിച്ചടക്കണമെന്നു നിശ്ചയിച്ചതിന്റെ ശേ‌ഷം താൻ ഇന്നപ്രകാരം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരണമെന്നു വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു സ്വകാര്യമായി ഒരു തിരുവെഴുത്തയക്കുകയും അങ്ങിനെ ചെയ്തുകൊള്ളാമെന്നു സമ്മതിച്ചു വലിയമ്മ മറുപടി അയച്ചുകൊടുക്കുകയും അപ്രകാരംമഹാരാജാവും രാമയ്യൻ ദളവയും യുദ്ധത്തിനായി സൈന്യസമേതം കായംകുളത്തെത്തിയ സമയം വലിയമ്മ അവിടെയുണ്ടായിരുന്ന സൈന്യങ്ങളെയെല്ലാം തന്റെ സഹോദരീപുത്രനോടുകൂടി അയച്ചു, കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. കായംകുളത്തു രാജാവ് തോറ്റോടുകയും മാർത്താണ്ഡവർമ്മ മഹാരാജാവ് ജയിക്കുകയും അതോടുകൂടി യുദ്ധം അവസാനിക്കുകയും ചെയ്തതിന്റെ ശേ‌ഷം രാമയ്യൻദളവയും വട്ടപ്പറമ്പിലുണ്ണിത്താനും (വട്ടപ്പറമ്പിലെ പുരു‌ഷന്മാർക്കു 'ഉണ്ണിത്താൻ' എന്ന സ്ഥാനപ്പേര് കായംകുളത്തു രാജാവ് കൊടുത്തതാണ്) കൂടി കോട്ടയ്ക്കകത്തു കടന്ന് ഓരോന്നും കണ്ടും കാണിച്ചും സഞ്ചരിച്ചുകൊണ്ടിരുന്ന മദ്ധ്യേ വിജിതനായി കായംകുളത്തു രാജാവിന്റെ ഒരു ഭടൻ ഒരു സ്ഥലത്തു ഒളിച്ചു നിന്നുകൊണ്ട് ഉണ്ണിത്താനെ ലക്ഷ്യമാക്കി വി‌ഷലിപ്തമായ ഒരു ശരം പ്രയോഗിച്ചു. അതു കൊണ്ടയുടനെ ഉണ്ണിത്താൻ നിലത്തു പതിക്കുകയും സ്വൽപ്പനേരത്തിനിടയിൽ കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ മാർത്താണ്ഡവർമ്മ മഹാരാജാവിനുണ്ടായ വ്യസനം സീമാതീതമായിരുന്നു. ഈ വർത്തമാനം കേൾക്കുമ്പോൾ ഉണ്ണിത്താന്റെ അമ്മയ്ക്കും വലിയമ്മയ്ക്കും ഉണ്ടാകുന്ന ദുഖം എത്രമാത്രമായിരിക്കുമെന്നും അവരെ ഏതുപ്രകാരം സമാധാനപ്പെടുത്തുന്നു എന്നും വിചാരിച്ചിട്ടാണ് അവിടേക്കു അധികം വ്യസനമുണ്ടായത്. ഉണ്ണിത്താന്റെ അമ്മയ്ക്കു യുദ്ധവിദഗ്ദ്ധനും ധീരനും സുന്ദരനും യുവാവുമായിരുന്ന ആ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സംഗതികളാകപ്പാടെ വിചാരിച്ചിട്ട് മഹാരാജാവ് അത്യന്തം വി‌ഷണ്ണനായിതീർന്നു. ഏതുവിധവും ആ മാതാവിനെ സമാധാനപ്പെടുത്തണമല്ലോ എന്നു വിചാരിച്ചു മഹാരാജാവും രാമയ്യൻ ദളവയും കൂടി അവിടെ നിന്നു പുറപ്പെട്ടു കീരിക്കാട്ടു വട്ടപ്പറമ്പിലെത്തി അപ്പോഴേക്കും നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നതിനാൽ അവിടെ എല്ലാവരും കിടന്നു ഊറക്കമായിരുന്നു. ഉണ്ണിത്താന്റെ അമ്മ മാത്രം തന്റെ പുത്രൻ തിരിച്ചു വന്നില്ലല്ലോ എന്നുള്ള വിചാരം നിമിത്തം ഉറങ്ങീട്ടില്ലായിരുന്നു. മഹാരാജാവ് മുറ്റത്തെഴുന്നള്ളിനിന്നുകൊണ്ട് 'അമ്മേ! അമ്മേ! എന്നു വിളിച്ചു. അതു കേട്ട് ഉണ്ണിത്താന്റെ അമ്മ തന്റെ പുത്രനാണ് വിളിക്കുന്നതെന്നു വിചാരിച്ചു സന്തോ‌ഷത്തോടുകൂടി വാതിൽ തുറന്നു ഒരു വിളക്കുമായി പുറത്തു വന്നു. അപ്പോൾ കണ്ടതു അപരിചിതന്മാരായ രണ്ടു പേരെ ആകയാൽ ആ അമ്മ ‚എന്റെ മകനെവിടെ?‛ എന്നു ചോദിച്ചു. അതിനു മറുപടിയായി തിരുമനസ്സുകൊണ്ട് ‚ഇന്നു മുതൽ നിങ്ങളുടെ മകൻ ഞാനാണ്. നിങ്ങൾ പ്രസവിച്ച മകനെ ഇനി ജീവനോടു കൂടി കാണ്മാൻ നിങ്ങൾക്കു സാധിക്കില്ല‛ എന്നു കകൽപ്പിച്ചു. ഇതു കേട്ട് ആ സാധ്വി ഇടിവെട്ടിയമരം പോലെ കുറച്ചു നേരം നിശ്ചേഷ്ടയായി നിന്നുപോയി. എങ്കിലും ബുദ്ധിശാലിനിയായ ആ വിദു‌ഷി ഉടനെ ധൈര്യത്തെ അവലംബിച്ചു മനസ്സിനെ ഉറപ്പിച്ചുകൊണ്ട് ‚അങ്ങ് ആരാണ്? എന്റെ മകനു എന്തൊരാപത്താണു പറ്റിയത്?‛ എന്നു വീണ്ടും ചോദിച്ചു. ഉടനെ മഹാരാജാവ് തിരുമനസ്സുകൊണ്ട് താൻ ആരാണെന്നും ഉണ്ണിത്താനു പ്രാണഹാനി സംഭവിക്കുവാനുണ്ടായ കാരണമിന്നതെന്നും കൽപ്പിച്ചു കേൾപ്പിക്കുകയും വിവരമെല്ലാം അറിഞ്ഞപ്പോൾ വീണ്ടും ദുഖാർത്തയായി ഭവിച്ച ആ സാധുസ്ത്രീയെ പലവിധത്തിലുള്ള സ്വാന്തനവാക്കുകൾ കൊണ്ട് ഒരു വിധം സമാശ്വസിപ്പിക്കയും ചെയ്തിട്ടു തിരിച്ചെഴുന്നള്ളുകയും ചെയ്തു. കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് ഒരു സ്ത്രീയെ വലിയമ്മയെന്നു വിളിച്ചതുകൊണ്ട് വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരിക്കുന്ന സ്ത്രീകൾക്കെല്ലാം വലിയമ്മ എന്ന സ്ഥാനം സിദ്ധിദമായതുപോലെ മാർത്താണ്ഡവർമ മഹാരാജാവു തിരുമനസ്സു കൊണ്ട് ആ ഒരു സ്ത്രീയെ അമ്മേ! എന്നു കല്പ്പിച്ചു വിളിച്ചതു നിമിത്തം ആ കുടുംബത്തിലുള്ള സ്ത്രീകൾക്കെല്ലാം അമ്മയെന്നുള്ള സ്ഥാനം സിദ്ധിച്ചു. ഇപ്പോഴും അവിടെയുള്ള സ്ത്രീകളെയെല്ലാം എല്ലാവരും അങ്ങനെതന്നെയാണു പറഞ്ഞുവരുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവു നാടുനീങ്ങതുവരെ ആ സ്ത്രീയെ സ്വമാതാവിനെയെന്നപോലെ തന്നെ അത്യന്തം സ്നേഹബഹുമാനങ്ങളോടുകൂടി ആദരിച്ചിരുന്നു എന്നു മാത്രമല്ല, ആ കുടുംബത്തേക്കു അസംഖ്യം വസ്തുവകകളും പല സ്ഥാന മാനങ്ങളും കൽപ്പിച്ചു കൊടുക്കുകയും ചെയ്തു. വട്ടപ്പറമ്പിൽ കുടുംബത്തിലെ പുരു‌ഷന്മാർക്കു മുമ്പിനാലെ ഉണ്ടായിരുന്ന ഉണ്ണിത്താൻ എന്ന പേർ ഭേദപ്പെടുത്തി 'വലിയത്താൻ' എന്ന സ്ഥാനം കല്പ്പിച്ചുകൊടുത്തതും മാർത്താണ്ഡവർമ്മ മഹാരാജാവാണ്. മഹാരാജ്ഞിയെന്നു വിചാരിച്ചു വട്ടപ്പറമ്പിൽ വലിയമ്മയെ ബുധനൂർ പാടത്തുവച്ചുകല്ലെറിഞ്ഞ തദ്ദേശവാസികളായ ദുഷ്ടന്മാരെ ആ മഹാരാജാവ് പിടിച്ചുവരുത്തി യഥാന്യായം ശിക്ഷിക്കുകയും, അവർക്കു ആ പാടത്തുണ്ടായിരുന്ന വസ്തുക്കളെല്ലാം 'ദ്രോഹപാട്ടം' എന്ന ഇനത്തിൽ ചേർത്തു കണ്ടുകെട്ടി സർക്കാരിലേക്ക് എടുക്കുകയും ചെയ്തു. വട്ടപ്പറമ്പിലെ ഒരു വലിയത്താൻ (മേൽപറഞ്ഞ വലിയമ്മയുടെ ഒരു ദൗഹിത്രിപുത്രനെന്നാണു കേട്ടിരിക്കുന്നത്) ഒരിക്കൽ ദേശസഞ്ചാരത്തിനായി പോവുകയും മൂകാംബി, കുടജാദ്രി മുതലായ സ്ഥലങ്ങളിൽ ദർശനം നടത്തി വടക്കു കോട്ടയത്തു വന്നുചേരുകയും കോട്ടയത്തു രാജാവിനെ കണ്ടു പരിചയമാവുകയും അദ്ദേഹത്തിന്റെ അടുക്കൽ നിന്നു ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ മോടിവിദ്യകൾ അഭ്യസിച്ചു അതിൽ അദ്വിതീയനായിത്തീരുകയും ചെയ്തതിന്റെ ശേ‌ഷം തിരുനെൽവേലി മാർഗ്ഗം തിരുവനന്തപുരത്തു വന്നുചേർന്നുവെന്നും അന്നു നാടുവാണിരുന്ന കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സിലെ മുഖം കാണിക്കുകയും മഹാരാജാവ് സസന്തോ‌ഷം സൽക്കരിച്ചു വലിയത്താനെ കുറച്ചു ദിവസം തിരുവനന്തപുരത്തു താമസിപ്പിക്കുകയും ചെയ്തുവെന്നും അക്കാലത്തു മോടിവിദ്യയിൽ ഏറ്റവും പ്രസിദ്ധനായി തിരുവനന്തപുരത്തുണ്ടായിരുന്ന 'പീതാംബരയ്യൻ' എന്ന പാരദേശികനെ വലിയത്താൻ തോൽപ്പിച്ചോടിച്ചുവെന്നും പത്മതീർത്ഥ മദ്ധ്യത്തിൽ കച്ചവടസാമാനങ്ങൾ നിരത്തി തങ്ങളുടെ സാമർഥ്യത്തെ കാണിച്ച ഊറ്റക്കാരും ഐന്ദ്രജാലികന്മാരുമായ പട്ടാണികളെയും ഈ വലിയത്താൻ വെള്ളത്തിൽ മുക്കി മടക്കിവിട്ടുവെന്നും വലിയത്താന്റെ ഈ വക പ്രയോഗങ്ങൾ കണ്ടു മഹാരാജാവ് വലരെ സന്തോ‌ഷിക്കുകയും, വിസ്മയിക്കുകയും വലിയ ത്താന്റെ രണ്ടു കൈയ്ക്കും വീരശ്രംഖലയും മറ്റനേകം സമ്മാനങ്ങളും കൽപ്പിച്ചു കൊടുത്ത് സന്തോ‌ഷിപ്പിച്ചയക്കുകയും ചെയ്തുവെന്നും പ്രസിദ്ധവിദ്വാനും മഹാകവിയുമായിരുന്ന അശ്വതിതിരുനാൾ ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ട് കുറച്ചുകാലം കൃ‌ഷ്ണപുരത്തെഴുന്നള്ളി താമസിച്ചു ഈ വലിയത്താന്റടുക്കൽനിന്നു മോടിവിദ്യകളഭ്യസിക്കയുണ്ടായിട്ടുണ്ടെന്നും മറ്റും ചില കഥകളും കേട്ടിട്ടുണ്ട്. വട്ടപ്പറമ്പിൽ കുടുംബക്കാരും തിരുവതാംകൂർ മഹാരാജകുടുംബവുമായി ഇപ്രകാരമുള്ള അടുപ്പങ്ങളെല്ലാമുണ്ടാവാൻ പ്രധാന കാരണഭൂത ആ വലിയമ്മയാണന്നുള്ളത് സ്പഷ്ടമാണല്ലോ. ഐതിഹ്യങ്ങൾ മിക്കവാറും കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തിയും ഓരോരുത്തർ നിർമിക്കുന്ന കള്ളക്കഥകളെ കൂട്ടിച്ചേർത്തും പറഞ്ഞും എഴുതിക്കൂട്ടിയുണ്ടാക്കുന്നവയാണന്നാണല്ലോ സാധാരണ ജന ങ്ങളുടെ വിശ്വാസം. എന്നാൽ ഈ ഉപന്യാസത്തിൽ പറയപ്പെട്ടിട്ടുള്ള മിക്ക സംഗതികളും വട്ടപ്പറമ്പിൽ ഇപ്പോഴുമിരിപ്പുള്ള പുരാതനരേഖാപ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയിട്ടുള്ളവയാണന്നും ഇതിലേക്കു വേറേയും ലക്ഷ്യങ്ങൾ കാണുന്നുണ്ടെന്നും അതിനാൽ ഈ ഐതിഹ്യങ്ങളെപ്പറ്റി അവിശ്വസിക്കാൻ യാതൊരു കാരണവുമില്ലന്നും വായനക്കാരെ അറിയിച്ചുകൊള്ളുന്നു. കീരിക്കാട്ടു വട്ടപ്പറമ്പിൽ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി ഒരു പേർ ഇപ്പോഴും ആ ദിക്കുകാരിൽ ചിലർ പറഞ്ഞു വരുന്നതും അവിടെ കോട്ട, കിടങ്ങ് മുതലായവയുടെ നഷ്ടാവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതും ആ ഭവനത്തിൽ ഏറ്റവും പഴക്കമുള്ള വലിയ തോക്കുകൾ വാളുകൾ, ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ ഇപ്പോഴും കാണപ്പെടുന്നതും ഇതിലേക്കു ഉത്തമ ലക്ഷ്യങ്ങളാണല്ലോ. തിരുവതാംകൂർ മഹാരാജാക്കന്മാർക്കു വട്ടപ്പറമ്പിൽ കുടുംബത്തോടുള്ള പ്രത്യേകപ്രതിപത്തി ഇപ്പോഴും നിലനിന്നു പോരുന്നു ണ്ടെന്നുള്ളതിനു പല ദൃഷ്ടാന്തങ്ങളുണ്ട്. ഇവർക്കു ബഹുമാനസൂചകമായി രണ്ടു വെള്ളിവില്ലക്കാരെ കൽപ്പിച്ചനുവദിച്ചിട്ടുള്ളതു ഇന്നും നിറുത്തൽ ചെയ്തിട്ടില്ലാത്തതുതന്നെ ഒരു മുഖ്യലക്ഷണമാണല്ലോ. കാർത്തിക തിരുനാൾതിരുമനസ്സുകൊണ്ടും, മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു ഓരോ തിരുവെഴുത്തുകൾ അയച്ചതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ തിരുവെഴുത്തുകൾ വട്ടപ്പറമ്പിലെ പഴയ രേഖാപ്രമാണങ്ങളുടെ ശേഖരത്തിൽ അവർ സബഹുമാനം സൂക്ഷിച്ചു വച്ചിരുന്നു. 1045-ആമാണ്ടിടയ്ക്കു ദിവാനായിരുന്ന സർ ടി. മാധരായരവർകൾ ഒരു തിരുവതാംകൂർ ചരിത്രമെഴുതുന്നതിലേക്കായി വട്ടപ്പറമ്പിലുള്ള പഴയ രേഖാപ്രമാണങ്ങൾ കാണണമെന്ന് ആവശ്യപ്പെടുകയും, വലിയത്താനവർകൾ അവ കാണിച്ചു കൊടുക്കുകയും ചിലതെല്ലാം മാധവരായരവർകളുടെ ആവശ്യപ്രകാരം കൊടുത്തകൂട്ടത്തിൽ ആ തിരുവെഴുത്തുകളും കൊടുക്കുകയും ചെയ്തു. ആ പ്രമാണങ്ങളൊന്നും തിരിയെ കൊടുത്തിട്ടില്ല. എങ്കിലും അവയുടെ ശരിപ്പകർപ്പുകൾ ഇപ്പോഴും വട്ടപ്പറമ്പിൽ കാണുന്നുണ്ട്.

1085-ആമാണ്ട് വട്ടപ്പറമ്പിലെ അന്നത്തെ വലിയമ്മ തിരുവനന്തപുരത്തു ചെന്നു തന്റെ കുടുംബസംഗതികളെപ്പറ്റി ഒരു സങ്കടഹർജി വിശാഖംതിരുനാൾ തിരുമനസ്സിലെ സന്നിധിയിൽ സമർപ്പിക്കുകയും തിരുമനസ്സുകൊണ്ട് ആ ഹർജി തൃക്കൈയിൽത്തന്നെ കൽപ്പിച്ചു വാങ്ങുകയും ഉടൻ തന്നെ താഴെ കാണുന്ന അർത്ഥത്തിൽ അറിവെഴുതി തുല്യം ചാർത്തി സർവാധികാര്യക്കാരെ ഏൽപ്പിക്കുകയുംചെയ്തു.

ഇതു വട്ടപ്പറമ്പിൽ വലിയമ്മയുടെ ഒരു ഹർജിയാണ്. ഇവർ വളരെ മാന്യതയോടും ഐശ്വര്യത്തോടുമിരിക്കുന്ന ഒരു കുടുംബക്കാരാകുന്നു. ഈ ഹർജി ദിവാൻജിയുടെ പൂർണ്ണമായും ശീഘ്രതയിലുമുള്ള ആലോചനക്കായി ഒരു സാധനത്തോടുകൂടി അയക്കണം. അമ്മ ഇവിടെ താമസിക്കുന്നു. അവരെ ആവശ്യത്തിലധികം താമസിപ്പിക്കരുത്.‛ എന്നു രാമവർമ്മ.

ഇത് മഹാരജാവ് തിരുമനസ്സിലെ പ്രീതിയും കാരുണ്യവും ഇവരുടെ പേരിൽ എത്രമാത്രമുണ്ടന്നുള്ളതിനു ഒരു ദൃഷ്ടാന്തമാണല്ലോ. ഇനി വട്ടപ്പറമ്പു കുടുംബത്തിന്റെ താൽക്കാലികസ്ഥിതികൂടി സ്വൽപ്പം പറയേണ്ടിയിരിക്കുന്നു.

കായംകുളത്തു താമസിച്ചിരുന്ന ശാഖക്കാർ കായംകുളം തിരുവതാംകൂറിൽ ചേർന്നിട്ടു അധികം താമസിയാതെ തന്നെ നാമാവശേ‌ഷമായിതീർന്നു. അവിടെ ഇപ്പോൾ അവരുടെ ചില പരദേവതാ ക്ഷേത്രങ്ങളും മറ്റും അല്ലാതെ പഴയ ഭവനം പോലും കാണ്മാനില്ല. കീരിക്കാട്ടുള്ള ഭവനത്തിൽ കൊല്ലം 1000-ആമാണ്ടായപ്പോഴേക്കും ഒരു വലിയമ്മ മാത്രമായിത്തീർന്നു. അവർ വയോവൃദ്ധയായിത്തീരുകയും, അവർക്കു സന്തതിയില്ലാതിരിക്കുകയും ചെയ്യുകയാൽ വിവരം മഹാരാജാവിങ്കൽ തിരുമനസ്സറിയിച്ചു അവിടുത്തെ അനുവാദപ്രകാരം 1034-ആമാണ്ട് പന്തളത്തു തോട്ടത്തിൽ ഉണ്ണിത്താന്മാരുടെ ഭവനത്തിൽ നിന്നു കുടുംബമടക്കം ദത്തെടുത്ത് വട്ടപ്പറമ്പിൽ കുടുംബത്തിൽ അവകാശപ്പെടുത്തി. ആ ദത്തിൽ ഉൾപ്പെട്ടവരായി ഒരമ്മയും മൂന്നു സ്ത്രീസന്താനങ്ങളും രണ്ടു പുരു‌ഷസന്താനങ്ങളും ഉണ്ടായിരുന്നു. ആ മൂന്നു സ്ത്രീകളിൽ ഒരു സ്ത്രീ പന്തളത്തും, ഒരു സ്ത്രീ കീരിക്കാട്ട് വട്ടപ്പറമ്പിലും, താമസിക്കുകയും ഒരു സ്ത്രീയെ 1068-ആമാണ്ടു തീപ്പെട്ടുപോയ നെടുമ്പ്രത്തു കോയിക്കൽ വലിയ തമ്പുരാൻ അവർകൾ പട്ടും പരിവട്ടവുമിട്ട് അവിടുത്തെ പ്രണയിനിയാക്കി സ്വീകരിച്ചു അവർക്കു വേണ്ടുന്ന വസ്തുവകകളും ഗൃഹവും പുരയിടങ്ങളുമെല്ലാം കൊടുത്തു തിരുവല്ലായിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു. കീരിക്കാട്ടു വട്ടപറമ്പിൽ ഒടുക്കം ശേ‌ഷിച്ച വലിയമ്മ 1059-ആമാണ്ട് കർക്കടകമാസം 18-ആം തീയതി ചരമഗതിയെ പ്രാപിച്ചുപോയി. ഇപ്പോൾ പന്തളത്തുള്ള തോട്ടത്തിൽ ഭവനത്തിലും കീരിക്കട്ടു വട്ടപ്പറമ്പിലും തിരുവല്ലാ വട്ടപ്പറമ്പിലുമായി താമസിച്ചു വരുന്ന മൂന്നു ശാഖക്കാരും നേരെ ജ്യേ‌ഷ്ഠത്തിയനുജത്തിമാരുടെ സന്താനങ്ങളാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.