ഐതിഹ്യമാല/മുഴമംഗലത്തു നമ്പൂരി
←ശാസ്താംകോട്ടയും കുരങ്ങന്മാരും | ഐതിഹ്യമാല രചന: മുഴമംഗലത്തു നമ്പൂരി |
വയസ്ക്കരകുടുംബവും അവിടുത്തെ ശാസ്താവും→ |
ചിലർ മഴമംഗലത്തു നമ്പൂരിയെന്നും മറ്റു ചിലർ മഹിഷമംഗലത്തു നമ്പൂരിയെന്നും പറഞ്ഞുവരുന്ന മുഴമംഗലത്തു നമ്പൂരിയെ, അദ്ദേഹത്തിന് ആഭിജാത്യവും വേദശാസ്ത്രാദികളിലുള്ള അഭിജ്ഞതയും സ്വൽപം കുറവായിരുന്നതിനാൽ, ഒരു യാഗശാലയിൽനിന്നു ബഹിഷ്ക്കരിക്കുകയും അദ്ദേഹം അവിടെനിന്നു പരദേശത്തു പോയി ശ്രുതിസ്മൃത്യാദികളെല്ലാം പഠിച്ചു തിരിച്ചുവന്നതിന്റെശേഷം ഒരു യാഗസ്ഥലത്തു പോയി യാഗശാലയുടെ പുറത്തു നിൽക്കുകയും ആ സമയം അകത്തു വപ ഹോമിക്കുന്നതിനുള്ള മന്ത്രം പിഴച്ചു ചൊല്ലുന്നതായി കേട്ടു പെട്ടെന്നു യാഗശാലയ്ക്കകത്തു കടന്നു തന്റെ കയ്യിലുണ്ടായിരുന്ന വീശുപാള ഹോമകുണ്ഡത്തിന്റെ മീതെ പിടിച്ചുകൊണ്ടു "മംഗലം യാഗശാലയിൽ കടന്നാൽ പ്രായച്ഛിത്തം മതി; വപ പിഴച്ചാൽ പ്രായശ്ചിത്തമില്ല; യാഗം നിഷ്ഫലമായിപ്പോകും" എന്നു പറയുകയും പിന്നെ അദ്ദേഹം ആ മന്ത്രം ശരിയായി ചൊല്ലിക്കൊടുത്തു ഹോമം നടത്തുകയും അന്നു മുതൽ മറ്റുള്ള നമ്പൂരിമാർ യാഗമുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കൂടി ക്ഷണിച്ചു യാഗശാലയ്ക്കകത്ത് ഒരു മാന്യസ്ഥലത്തു പലക കൊടുത്തിരുത്തിത്തുടങ്ങുകയും ചെയ്തു എന്നും ഇപ്പോഴും യാഗമുള്ള സ്ഥലങ്ങളിലെല്ലാം ഒരു മാന്യസ്ഥലത്തു "മഴമംഗലത്തിന്" എന്നു പറഞ്ഞ് ഒരു പലക വയ്ക്കുക പതിവുണ്ടെന്നും മറ്റുമുള്ള കഥ പ്രസിദ്ധമാണല്ലോ.
മഴമംഗലത്തു നമ്പൂരി മേൽപ്പറഞ്ഞ പ്രകാരം സർവ്വമാന്യനായിത്തീർന്നതിന്റെ ശേഷം, ചില പോറ്റിമാരുടെ പൌരോഹിത്യം വഹിച്ചു കൊണ്ടു തിരുവിതാംകൂറിൽ തിരുവല്ല, ചെങ്ങന്നൂർ മുതലായ ദേശങ്ങളിൽ, കുറച്ചുകാലം താമസിച്ചിരുന്നു. അക്കാലത്തു ചെങ്ങന്നൂരു "വാഴമാവേലി" എന്നില്ലപ്പേരായ ഒരു പോറ്റിയുടെ മഠത്തിൽ നിത്യശ്രാദ്ധമുണ്ടുകൊണ്ട് അദ്ദേഹത്തിന് ഒരു കൊല്ലം താമസിക്കേണ്ടതായി വന്നു. അതിനിടയ്ക്ക് ഒരു ദിവസം വാഴമാവേലിപ്പോറ്റിയുടെ പുത്രനും പ്രധാനശിഷ്യനുമായ കൃഷ്ണൻ എന്ന ശൂദ്രയുവാവ് ഏകദേശം സന്ധ്യയാകാറായ സമയം ആ മഠത്തിന്റെ മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി നിന്നുകൊണ്ട് അമാവാസി നാൾ ചന്ദ്രനെക്കണ്ടാലുള്ള ഫലമെന്താണ് എന്ന് മുഴമംഗലത്തു നമ്പൂരിയോടു ചോദിച്ചു. അതിനുത്തരമായി നമ്പൂരി, "എനിക്ക് നിശ്ചയമില്ല" എന്നു പറഞ്ഞുകൊണ്ടു ചന്ദ്രനെക്കാണാനായി മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി. അപ്പോൾ ആ ശൂദ്രയുവാവ് കൈകൊട്ടിചിരിച്ചു അപ്പോഴാണു നമ്പൂരിക്കു കാര്യം മനസ്സിലായത്. ശ്രുതിസ്മൃതികളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ ഗന്ധംപോലുമുണ്ടായിരുന്നില്ല. പോറ്റി ജ്യോതിശ്ശാസ്ത്രത്തിൽ അതിനിപുണനായിരുന്നു. അദ്ദേഹം ആ പുത്രനെയും ആ ശാസ്ത്രം നല്ലപോലെ പഠിപ്പിച്ചിരുന്നു. നമ്പൂരി ആ വിഷയത്തിൽ അനഭിജ്ഞനായിരുന്നതിനാൽ അദ്ദേഹത്തെ പരിഹസിക്കാനായിട്ടാണ് ആ യുവാവ് അമാവാസിനാളത്തെ ചന്ദ്രദർശനഫലമെന്താണെന്നു ചോദിച്ചത്. അയാൾ ചിരിച്ചു തുടങ്ങിയപ്പോൾ മാത്രമേ നമ്പൂരിക്ക് ഈ കളവു മനസ്സിലായുള്ളു. കറുത്തവാവുനാൾ ചന്ദ്രനെക്കാണാനായി നോക്കിയതും വലിയ ഭോഷത്വമായിപ്പോയല്ലോ. ആകെപ്പാടെ നമ്പൂരി ഏറ്റവും വിഷണ്ണനായി. അപ്പോൾ അദ്ദേഹത്തിന് ഒരു വാശി തോന്നുകയും "ഇനി ജ്യോതിശ്ശാത്രം പഠിച്ച് ഈ വിഷയത്തിൽ ഇവനെ (പോറ്റിയുടെ പുത്രനെ) മടക്കിയല്ലാതെ മറ്റൊരു കാര്യമില്ല" എന്ന് അദ്ദേഹം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസംതന്നെ നമ്പൂരി തന്നെക്കൂടി ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണമെന്നും പോറ്റിയോടപേക്ഷിക്കുകയും പോറ്റി അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും ഒരു സന്മൂഹൂർത്തത്തത്തിൽ അദ്ദേഹം നമ്പൂരിയെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു.
നമ്പൂരി ഏറ്റവും ബുദ്ധിമാനും നല്ല വ്യുൽപന്നനുമായിരുന്നതിനാൽ ജ്യോതിശ്ശാസ്ത്രം പഠിക്കുന്നതിന് അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടോ കാലതാമസമോ വേണ്ടിവന്നില്ല. കുറച്ചു ദിവസത്തെ പരിശ്രമംകൊണ്ട് അദ്ദേഹം ആ വിഷയത്തിൽ അതിനിപുണനായിത്തീർന്നു എന്നു മാത്രമല്ല, അദ്ദേഹത്തിനു പോറ്റിയെക്കാൾ യുക്തിയും ബുദ്ധിയുമുണ്ടായിരുന്നതിനാൽ "തിരിയിൽനിന്നു' കൊളുത്തിയ പന്തം പോലെ" അദ്ദേഹം ആ വിഷയത്തിൽ ഗുരുവിനെക്കാളധികം പ്രകാശിച്ചു. പഴയ സമ്പ്രദായത്തിൽ വളരെ ക്രിയകൾ ചെയ്യേണ്ടതായ സംഗതികൾ നമ്പൂരി സ്വയമേവ എളുപ്പത്തിലുള്ള ചില വഴികൾ കണ്ടുപിടിക്കുകയും അതിലേക്കും പുതിയതായി ചില പ്രമാണങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും പോറ്റിക്കു നമ്പൂരിയെക്കുറിച്ചു വളരെ ബഹുമാനം തോന്നിത്തുടങ്ങി. പോറ്റിയുടെ പുത്രനു താൻ നമ്പൂരിയെ മുമ്പു പരിഹസിച്ചതിനു പകരം അദ്ദേഹം തന്നെ ജ്യോതിശ്ശാസ്ത്രവിഷയത്തിൽ എങ്ങനെയെങ്കിലും അവമാനിക്കാതെയിരിക്കയില്ലെന്നുള്ള വിചാരം നിമിത്തം മനസ്സിൽ ഭയം ജനിക്കുകയും ആ വിവരം അയാൾ അയാളുടെ പിതാവും ഗുരുവുമായ പോറ്റിയെ ഗ്രഹിപ്പിക്കുകയും ചെയ്തു.
പോറ്റിയുടെ സംവൽസരദീക്ഷ കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ഉടനെ നമ്പൂരി പോറ്റിക്കു ജ്യോതിശാസ്ത്രപഠനവും കഴിഞ്ഞു. ഗുരുദക്ഷിണ കഴിക്കാനായി നിശ്ചയിച്ച വിവരം പോറ്റിയോടു പറഞ്ഞു. അപ്പോൾ പോറ്റി "അങ്ങ് എനിക്കു ദക്ഷിണയായി ഒന്നും തരണമെന്നില്ല. എന്റെ പ്രിയപുത്രനെ അങ്ങ് അവമാനിക്കാതെയിരിക്കുകമാത്രം ചെയ്താൽ മതി. അതിലധികം സന്തോഷകരമായി എനിക്കു മറ്റൊന്നുമില്ല" എന്നു പറഞ്ഞു. ഉടനെ നമ്പൂരി, "എന്നാൽ ഞാൻ ഇത്ര പ്രയാസപ്പെട്ട് ഈ ശാസ്ത്രം പഠിച്ചതെന്തിനാണ്? എന്റെ പ്രയത്നത്തിന്റെ പ്രധാനോദ്ദേശ്യം ഇയ്യാളെ അവമാനിക്കയെന്നുള്ളതാണ്. അതിനാൽ അതിലേക്ക് അവിടുന്നു സദയം അനുവദിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു" എന്നു പറഞ്ഞു. ഇതിനുത്തരമായി പോറ്റി, "അങ്ങ് ഇത് പഠിച്ചത് ഈ ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം. എന്നാൽ ഞാൻ പഠിപ്പിച്ചത് അങ്ങയുടെ പഠിത്തം ജനോപകാരകരമായി വരണമെന്നു വിചാരിച്ചാണ്. അതിനാൽ അത് അങ്ങനെയാക്കിത്തീർക്കാനായിട്ടാണ് അങ്ങ് ശ്രമിക്കേണ്ടത്" എന്ന് പറഞ്ഞു. അപ്പോൾ നമ്പൂരി, "അതങ്ങനെയാവാം. എന്നാൽ അങ്ങയുടെ മകന്റെ പഠിത്തം ജനോപദ്രവകരമാകാതെയിരിക്കത്തക്കവിധത്തിലാക്കണമെന്നുകൂടി എനിക്കാഗ്രഹമുണ്ട്. അതിനെങ്കിലും അവിടുന്നനുവദിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പോറ്റി, "ഓഹോ; അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ല"എന്നു സമ്മതിച്ചു പറഞ്ഞു. ഉടനെ നമ്പൂരി,"എന്നാൽ അങ്ങയുടെ മകൻ ഗണിച്ചുണ്ടാക്കി, എഴുതിവച്ചിരിക്കുന്ന പഞ്ചാംഗത്തിൽ ചില അബദ്ധങ്ങളുണ്ട്. അവ ജനോപദ്രവകരങ്ങളായിത്തീരുന്നതാകയാൽ ആ പഞ്ചാംഗം ചുട്ടുകളയണമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "അതില്ല; അവന്റെ പഞ്ചാംഗത്തിൽ അബദ്ധമൊന്നും കാണാനിടയില്ല. അതു ഞാൻ കൂടി പരിശോധിച്ചിട്ടുള്ളതാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി,"ആരെല്ലാം പരിശോധിച്ചതായാലും ആ പഞ്ചാംഗത്തിലബദ്ധമുണ്ട്" എന്നു പറഞ്ഞു. "എന്താണബദ്ധം?" എന്നു പോറ്റി ചോദിച്ചതിനു നമ്പൂരി "മൂഹൂർത്തങ്ങൾക്ക് ഇടിമുഴക്കമുണ്ടാകും. അതു തന്നെ" എന്നുത്തരം പറഞ്ഞു.
പിന്നെ ഇടിമുഴക്കമുണ്ടാവുകയില്ലെന്നും ഉണ്ടാകുമെന്നും അവർ തമ്മിൽ വളരെ വാദിച്ചതിന്റെശേഷം എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കണമെന്നും പോറ്റിയും അങ്ങനെതന്നെ എന്നു നമ്പൂരിയും പറഞ്ഞു സമ്മതിച്ചു. അപ്രകാരം പോറ്റിയുടെ മകന്റെ മൂഹൂർത്തചാർത്തനുസരിച്ച് ഒരു ക്രിയ നടത്തുന്ന ഒരു സ്ഥലത്ത് പോറ്റിയും നമ്പൂരിയും ചെന്നുചേർന്നു. അപ്പോൾ വർഷകാലമല്ലായിരുന്നു. ഇടിമുഴക്കമുണ്ടാകുന്നതിനുള്ള ലക്ഷണമൊന്നും മുഹൂർത്തമാകുന്നതുവരെ കണ്ടിരുന്നുമില്ല. എങ്കിലും മുഹൂർത്തസമയമായപ്പോൾ പെട്ടെന്ന് ഒരിടിമുഴക്കമുണ്ടായി. അതു കേട്ട് അത്ഭുതപരവശനായ വാഴമാവേലിപ്പൊറ്റി "അമ്പാ! മുഴക്കമംഗലമേ" എന്നു പറഞ്ഞു. ഇതു നിമിത്തം നമ്പൂരിക്കു "മുഴക്കമംഗലം" എന്ന പേരു സിദ്ധിച്ചു. അദ്ദേഹത്തിന്റെ പുരാതനമായ ഇല്ലപ്പേരു "മംഗലം" കാലക്രമേണ എന്നു മാത്രമായിരുന്നു. മുഴക്കമംഗലമെന്നുള്ളതു മുഴമംഗലമെന്നായി. വടക്കരായ ചില നമ്പൂരിമാർ "മുഴാമംഗലം" എന്നും പറയാറുണ്ട്.
ഇടിമുഴക്കമുണ്ടായതിനാൽ ആ ക്രിയ മുടങ്ങുകയും അവിടെക്കൂടിയിരുന്നവരെല്ലാം കൂടി പോറ്റിയുടെ മകന് "അബദ്ധപഞ്ചാംഗക്കാരൻ" എന്നു പേരിടുകയും അങ്ങനെ മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹം പരിപൂർണ്ണമായി സാധിക്കുകയും ചെയ്തു. അനന്തരം മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹപ്രകാരം വാഴമാവേലിപ്പോറ്റി തന്റെ പുത്രൻ ഗണിച്ചുണ്ടാക്കിവച്ചിരുന്ന നൂറുസംവൽസരത്തെ പഞ്ചാംഗവും എടുത്തു ചുട്ടുകളയുകയും അതിനു പകരം പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കണമെന്നും നമ്പൂരിയോടാവശ്യപ്പെടുകയും നമ്പൂരി ഇടിമുഴക്കമുണ്ടാകാത്ത മൂഹൂർത്തങ്ങളോടുകൂടി ആയിരം സംവൽസരത്തെ പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ പഞ്ചാംഗം ഇപ്പോഴും വാഴമാവേലിപ്പോറ്റിയുടെ മഠത്തിലിരിക്കുന്നുണ്ടെന്നാണ് കേൾവി.
മുഴമംഗലത്തെ നമ്പൂരി ജനോപകരാർത്ഥമായി കാലദീപം മുതലായ ജ്യോൽസ്യഗ്രന്ഥങ്ങൾ കൂടാതെ ആശൗചം, പ്രായച്ഛിത്തം മുതലായ വയ്ക്കുള്ള അനേകം പ്രമാണഗ്രന്ഥങ്ങളും നൈഷധചമ്പു മുതലായ വളരെ ഭാഷാഗ്രന്ഥങ്ങളും ഭാണം, കൊടിയവിരഹം മുതലായ പല സംസ്കൃതഗ്രന്ഥങ്ങളുമുണ്ടാക്കിയിട്ടുണ്ട്. അവയിൽ പലതും അച്ചടിക്കുകയും വളരെ പ്രചാരം സിദ്ധിക്കുകയും ചെയ്തിട്ടുള്ളവയാകയാൽ അവയുടെ ഗുണപൗഷ്ക്കല്യത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല.
മുഴുമംഗലത്തു നമ്പൂതിരി സംസ്കൃതത്തിലും ഭാഷയിലും ഓരോ ആശൗചഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ട്. ആശൗചഗ്രന്ഥങ്ങൾ വേറെയും പല മഹാന്മാരുമുണ്ടാക്കീട്ടുണ്ടെങ്കിലും അവയിലൊന്നും മുഴമംഗലത്തു നമ്പൂതിരിയുടെ ആശൗചഗ്രന്ഥങ്ങളോളം സർവ്വസമ്മതത്വവും പ്രചാരവും സിദ്ധിച്ചിട്ടില്ല. ആകെപ്പാടെ നോക്കിയാൽ അദ്ദേഹം ഒരു സരസകവിയും നല്ല വിദ്വാനുമായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു.