Jump to content

ഐതിഹ്യമാല/തിരുവട്ടാറ്റാദികേശവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഐതിഹ്യമാല/തിരുവട്ടാറ്റാധികേശവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തിരുവട്ടാറ്റാദികേശവൻ


മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊല്ലം 921-ൽ ആണല്ലോ കായങ്കുളം രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്തത്. അക്കാലത്തു കായങ്കുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെക്കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി 'അഴകപ്പാപിള്ള' എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു(നാഞ്ഞിനാട്ടു)പിള്ളയെ പാപ്പാനായി കല്പിച്ചു നിശ്ചയിച്ചു നിയമിക്കുകയും ചെയ്തു. ആ ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ‌‌‌ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വെച്ചൊഴിയുന്നതിനുമുമ്പ് ഒരിക്കൽ സ്വാമി ദർശനാർത്ഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളുകയുണ്ടായി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും "ആദികേശവാ" എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആ ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് 'തിരുവട്ടാറ്റാദികേശവൻ' എന്നു പ്രസിദ്ധനായിത്തീർന്നതും. ‌‌‌ മഹാരാജാവു തിരുമനസ്സുകൊണ്ട് ആനയെ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം അഴകപ്പാപിള്ളയെ തിരുമുമ്പാകെ വരുത്തി "ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം" എന്നു കൽപിക്കുകയും അഴകപ്പാപിള്ള അതിനെ സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ദിവസന്തോറും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുമ്പേ പള്ളിക്കുറുപ്പുണരുകയും ഉടനെ കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്തുലാത്തിക്കൊണ്ടിരിക്കുകയും പതിവായിരുന്നു. അതിനാൽ ആദികേശവനെ തിരുവന്തപുരത്തു കൊണ്ടുചെല്ലുന്നതും പതിഞ്ചാം തീയതി തോരും വെളുപ്പാൻകാലത്തു മൂന്നുമണിക്കായിരിക്കണമെന്നും അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് ഇന്ന സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നതിനാൽ അഴകപ്പാപിള്ള അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ‌‌‌ ആദികേശവൻ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരാനയായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടായിരുന്നിരിക്കാം അവനെ മാസത്തിലൊരിക്കലെങ്കിലും കണികാണണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നത്. കേശവന്റെ രണ്ടു കൊമ്പുകളും ഒരുപോലെ കൂർത്തു വളഞ്ഞവയും നല്ല ഭംഗിയുള്ളവയുമായിരുന്നു. അവയുടെ രണ്ടു വശങ്ങളിലും സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന വിധത്തിൽ ഓരോ രേഖകളുണ്ടായിരുന്നു. അവ കണ്ടാൽ അവന്റെ കൊമ്പുകളുടെ കീഴ്‌വശത്ത് അവയെപോലെതന്നെ രണ്ടു കൊമ്പുകൾ കൂടി ഉണ്ടാക്കിവെച്ചു ചേർത്തിണക്കിയിരിക്കയാണെന്നു തോന്നുമായിരിരുന്നു. അതിനാൽ ആദികേശവൻ ഒരു നാല്‌ക്കൊമ്പനാനയാണെന്നുകൂടി ജനങ്ങൾ പറഞ്ഞിരുന്നു. കേശവന്റെ പിൻവശത്തുനിന്നു നോക്കിയാൽ മൂന്നുകോലിൽ(ഒമ്പതടിയിൽ(അധികം))പൊക്കമില്ലെന്നു തോന്നുമായിരുന്നു. എങ്കിലും അവന്റെ മുമ്പിൽനിന്നു നോക്കിയാൽ അവന് അഞ്ചു കോലിൽ(പതിഞ്ചടിയിൽ)കുറയാതെ ഉയരമുണ്ടെന്നും ആർക്കും തോന്നുമായിരുന്നു. അവന്റെ തലയെടുപ്പും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും തുമ്പിക്കൈയിന്റെ മുഴുപ്പും ചെവികളുടെ വലിപ്പവും ഉടലിന്റെ തഴപ്പും നീളവും കഴുത്തിന്റെ വണ്ണവും കഴുത്തിനു താഴെ തൂങ്ങിക്കിടക്കുന്ന താടയുടെ ഇറക്കവും മറ്റും കണ്ടാൽ ഇവനെപ്പോലെ ഭംഗിയുള്ള ഒരാന മറ്റെങ്ങുമില്ലെന്നും ഇനിയുണ്ടാവുന്നകാര്യം അസാധ്യമാണെന്നും ആർക്കും തോന്നുമായിരുന്നു. ആദികേശവന്റെ കാലുകളുടെ വണ്ണവും അസാമാന്യമായിരുന്നു. അവന്റെ കാലടികളുടെ ചുറ്റളവ് നാല്പത്തെട്ട് അംഗുലം ഉണ്ടായിരുന്നു. അതുകൊണ്ടു കാലുകളുടെ വണ്ണം ഏകദേശം ഊഹിക്കാമല്ലോ. എന്തിനു വളരെ പറയുന്നു? "ആകപ്പാടെ ഒരാനച്ചന്തം" എന്നുള്ളത് ആദികേശവനെ സംബന്ധിച്ചു നല്ല ശരിയായിരുന്നു. എന്നാൽ അവനെ അസാമാന്യമായ ദേഹപുഷ്ടി മാത്രമല്ല ഉണ്ടായിരുന്നത്. അതിനു തക്കവണ്ണമുള്ള കായബലവുമുണ്ടായിരുന്നു. ബുദ്ധിശക്തിയും അങ്ങനെതന്നെ. കേശവൻ പിടിച്ചുവെയ്ക്കുന്ന തടിയും മറ്റും വേറെ നാലാനകൾകൂടി പിടിച്ചാൽ ഇളക്കാൻപോലും കഴിയുമായിരുന്നില്ല. അപ്രകാരം ഏതെങ്കിലും ഒരു കാര്യം അഴകപ്പാപിള്ള മനസ്സിൽ വിചാരിക്കുമ്പോഴേക്കും കേശവൻ ചെയ്തുകഴിയും മറ്റുള്ള പാപ്പാന്മാരേപ്പോലെ വടിയെടുക്കുക എന്നുള്ള കാര്യം അഴകപ്പാപിള്ളയ്ക്ക് ഒരിക്കലും വേണ്ടിവന്നിട്ടില്ല. അഴകപ്പാപിള്ള കേശവന്റെ പാപ്പാനായിത്തീർന്നതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ തമ്മിൽ നിസ്തുലങ്ങളായ സ്നേഹവിശ്വാസങ്ങൾ ഉണ്ടായിത്തീർന്നു. അതിന് അവർക്ക് ആജീവനാന്തം സ്വൽപംപോലും വ്യത്യാസം വരികയും ചെയ്തിരുന്നില്ല. ‌‌‌ രണ്ടുമൂന്നു പ്രാവശ്യം തിരുവന്തപുരത്തു പോയി മുഖം കാണിച്ച് വന്നപ്പോഴേക്കും കേശവന് അങ്ങോട്ടു പോകേണ്ടുന്ന ദിവസവും പോകാനുള്ള വഴിയും അവിടേയെത്തേണ്ടുന്ന സമയവും അവിടെച്ചെന്നാൽ നിൽക്കേണ്ടുന്ന സ്ഥലവും മറ്റും നല്ല നിശ്ചയമായി. വെളുപ്പാൻകാലത്തു മൂന്നു മണിക്ക് അവിടെയെത്തിയാലുടനെ അഴകപ്പാപിള്ള കേശവനെ നിശ്ചിതസ്ഥലത്തു നിർത്തിയിട്ടു മാറി മറഞ്ഞു നില്ക്കും തിരുമനസ്സിലേക്ക് ആദ്യം കേശവനെത്തന്നെ തൃക്കൺപാർക്കണമെന്നു നിർബന്ധമുണ്ടായിരുന്നുവലോ. അതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തിരുന്നത്. അഴകപ്പാപിള്ള മാറി നിന്നാലുടനെ കേശവൻ ഭക്തിദ്യോതകമായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് പുറത്തേക്കെഴുന്നള്ളും. അപ്പോൾ കേശവനു കൊടുക്കാനുള്ള പഴക്കുലകൾ, ശർക്കര, നാളികേരം, കരിമ്പ് മുതലായവയെല്ലാം അവിടെ തയ്യാറാക്കി വച്ചിരിക്കും. അവയിൽ ചിലതു തിരുമനസ്സുകൊണ്ടുതന്നെ തൃക്കൈകൊണ്ട് എടുത്ത് കേശവനു കൊടുക്കുകയും അവ കേശവൻ സാദരം വാങ്ങി തിന്നുകയും ചെയ്യും. അങ്ങനെ ഏതാനും ചിലതു തിന്നു കഴിയുമ്പോൾ എല്ലാമെടുത്തു കൊടുക്കുന്ന കാര്യം തിരുമനസ്സിലേക്കു ബുദ്ധിമുട്ടായിത്തീർന്നെങ്കിലോ എന്നു വിചാരിച്ചു കേശവൻ സ്വല്പം പിന്നോക്കം മാറി നിൽക്കും. അതു കാണുമ്പോൾ കുശാഗ്രബുദ്ധിയായിരുന്ന തിരുമനസ്സിലേക്ക് കേശവന്റെ അഭിപ്രായം മനസ്സിലാകും. ഉടനെ “എന്നാൽ എല്ലാമെടുത്തു തിന്നുകൊള്ളുക” എന്നു കല്പിക്കുകയും കേശവൻ എല്ലാമെടുത്ത് തിന്നുകയും ചെയ്യും. കേശവൻ എല്ലാം തിന്നുകഴിയുമ്പോൾ അഴകപ്പാപിള്ളയും കേശവന്റെ അടുക്കലെത്തും. ഉടനെ തിരുമനസ്സുകൊണ്ട് രണ്ടു മുണ്ടും അഞ്ചു രൂപയും അയാൾക്കും കല്പിച്ചു കൊടുക്കും. അതും കഴിഞ്ഞാൽ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകൾ കുത്തി തിരുമനസ്സിലെ തൃപ്പാദസന്നിധിയിൽ കുമ്പിട്ടു യാത്രയറിയിക്കുന്നതായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാലാവട്ടെ, അടുത്ത മാസത്തിലും വരണം” എന്നു കല്പിക്കുകയും കേശവൻ അതും സമ്മതിച്ച ഭാവത്തിൽ തലകുലുക്കിക്കൊണ്ട് നാലഞ്ചടി പിന്നോക്കം നടന്നു മാറീട്ടു തിരിഞ്ഞു നടന്നുപോവുകയും ചെയ്യും. ഇപ്രകാരമൊക്കെയായിരുന്നു കേശവന്റെ പതിവുകൾ.

‌‌‌അങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ തിരുവനന്തപുരത്തേക്കു പോകാനുള്ള ദിവസമടുത്തപ്പോൾ അഴകപ്പാപിള്ളയ്ക്കും ദേഹത്തിനു നല്ല സുഖമില്ലായിരുന്നു. അതിനാൽ അയാൾ കേശവന്റെയടുക്കൽ ചെന്ന്‌ അവന്റെ തുമ്പിക്കൈ പിടിച്ചു തലോടിക്കൊണ്ട് “കുട്ടാ! കേശവാ! നാളെയാണല്ലോ തിരുവനന്തപുരത്തേക്കു പോകേണ്ടത്. എനിക്കു ദേഹത്തിനു തീരെ സുഖമില്ലാതെയുമിരിക്കുന്നു. നിശ്ചിത ദിവസം അവിടെ ചെല്ലാഞ്ഞാൽ തിരുമനസ്സിലേക്ക് ഒട്ടും സുഖമാവുകയില്ല. അതിനാൽ ഇത്തവണ എന്റെ കുട്ടൻ തനിച്ചു പോയിവരണം. അങ്ങോട്ടു പോകാനുള്ള വഴിയും അവിടെ ചെന്നാലുള്ള പതിവുകളും മറ്റും നിനക്കു നിശ്ചയമുണ്ടല്ലോ” എന്നു പറഞ്ഞു. കേശവൻ അതു കേട്ടു സമ്മതിച്ചു തല കുലുക്കുകയും അടുത്ത ദിവസം അവൻ തനിച്ചു പോയി തിരുവനന്തപുരത്തെത്തി പതിവുപോലെ മുഖം കാണിക്കുകയും മറ്റും കഴിച്ചു മടങ്ങി വരികയും ചെയ്തു. ‌‌‌ ഇങ്ങനെയിരിക്കെ കൊല്ലം 933-ആമാണ്ടു മിഥുനമാസത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടു നീങ്ങി. ആ വർത്തമാനം ഉടനെ കേരളത്തിലെന്നല്ല വിദേശങ്ങളിൽപ്പോലും എല്ലാവരും അറിഞ്ഞു. എങ്കിലും അതറിഞ്ഞാൽ ആദികേശവനു ദുസ്സഹമായ ദുഃഖമുണ്ടാകുമെന്നു വിചാരിച്ച് അഴകപ്പാപിള്ള തൽക്കാലം അവനെ അതറിയിച്ചില്ല. എന്നാൽ അധികം താമസിയാതെ അവനത് അറിയേണ്ടതായി വരികയും ചെയ്തു.

‌‌‌അടുത്ത മാസത്തിലും അഴകപ്പാപിള്ള പതിവുപോലെ പതിനഞ്ചാം തീയതി വെളുപ്പാൻ‌കാലത്തു മൂന്നു മണിക്കു കേശവനേയുംകൊണ്ട് തിരുവനന്തപുരത്തെത്തി. അവനെ പതിവു സ്ഥലത്തു നിർത്തുകയും കേശവൻ പതിവുപോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മൂന്നു മണിക്ക് പള്ളിക്കുറുപ്പുണരാറില്ല. നാലുമണിക്കാണ് അവിടുന്നു പള്ളിക്കുറുപ്പുണരുക പതിവ്. എന്നാൽ കേശവൻ ശബ്ദം പുറപ്പെടുവിച്ചപ്പോൾ നല്ല പള്ളിക്കുറുപ്പായിരിന്നു. ആ ശബ്ദം കേട്ടു തിരുമനസ്സുകൊണ്ടു വല്ലാതെ ഞെട്ടിയുണരുകയും അതെന്തു ശബ്ദമാണു കേട്ടത്? ഒരാനയുടെ ശബ്ദം പോലെയാണല്ലോ കേട്ടത്. ഈ അസമയത്ത് അനാവശ്യമായി ഇവിടെ ആനയെ കൊണ്ടുവന്നതാരാണ്? അതിനെ അവിടെനിന്നും ക്ഷണത്തിൽ കൊണ്ടുപോകട്ടെ” എന്നു കോപത്തോടുകൂടി ഉച്ചത്തിൽ കല്പിക്കുകയും ചെയ്തു. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ആ കല്പന കേട്ടു കേശവൻ വല്ലാതെ പരിഭ്രമിച്ച് അഴകപ്പാപിള്ളയെ താങ്ങിയെടുത്തു തലയിൽ വച്ചുകൊണ്ട് അവിടെനിന്ന് ഒരോട്ടം വച്ചുകൊടുത്തു. നെയ്യാറ്റിൻ‌കര ചെന്നിട്ടേ അവൻ നിൽക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തുള്ളു. അവിടെയെത്തി അഴകപ്പാപിള്ളയെ താഴെയിറക്കി നിർത്തിയപ്പോൾ അയാൾ “എന്റെ കേശവാ! നിന്റെ പരിഭ്രമം സ്വല്പമധികമായപ്പോയി. നമ്മുടെ തമ്പുരാനല്ലാ ആ കല്പിച്ചത്. നമ്മുടെ തമ്പുരാൻ കഴിഞ്ഞ മാസത്തിൽ നാടുനീങ്ങിപ്പോയി. ആ കല്പിച്ചത് ഇപ്പോൾ നാടു വാഴുന്ന രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടാണ്. അവിടേക്കു നിന്റെ പതിവൊന്നും നിശ്ചയമില്ല” എന്നു പറഞ്ഞു. “നമ്മുടെ തമ്പുരാൻ നാടുനീങ്ങിപ്പോയി” എന്നു കേട്ടപ്പോൾ കേശവൻ അത്യന്തം സങ്കടത്തോടുകൂടി കണ്ണീരൊലിപ്പിച്ചുകൊണ്ട് ഉറക്കെ മൂന്നു നിലവിളിച്ചിട്ട് പിന്നെയും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിന്നു. അപ്പോൾ അഴകപ്പാപിള്ള “ഇപ്പോൾ നാടുവാഴുന്ന തമ്പുരാനും നമ്മുടെ തമ്പുരാൻ‌തന്നെയാണ്. പരിചയം വരുമ്പോൾ ഈ തമ്പുരാനും മറ്റേ തമ്പുരാനെപ്പോലെ നിന്നെക്കുറിച്ചു വിചാരിച്ചു തുടങ്ങും. അതുകൊണ്ട് നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തു ചെന്ന് മുഖം കാണിക്കണം” എന്നു പറഞ്ഞു. അഴകപ്പാപിള്ള ഈ പറഞ്ഞത് കേശവൻ കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അഴകപ്പാപിള്ളയുടെ വാക്കിനെ കേശവൻ അതിനുമുമ്പൊരിക്കലും ആദരിക്കാതെയിരുന്നിട്ടില്ല.

കേശവൻ തിരുവനന്തപുരത്തുനിന്ന് ഓടിപ്പോയതിന്റെ ശേഷം നേരം വെളുത്തപ്പോൾ ചില സേവന്മാർ തിരുമനസ്സിലെ സന്നിധിയിൽ ചെന്ന്, “നാടു നീങ്ങിപ്പോയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഒരാനയെ തിരുവാട്ടാറ്റു നടയ്ക്കിരുത്തുകയും ആ ആനയ്ക്ക് ആദികേശവൻ എന്നു കല്പിച്ചു പേരു വിളിക്കുകയും ചെയ്തിട്ടുണ്ട്. ആ ആനയെ കല്പനപ്രകാരം എല്ലാ മാസങ്ങളിലും പതിനഞ്ചാം തീയതി തോറും വെളുപ്പാൻ‌കാലത്തു മൂന്നു മണിക്ക് ഇവിടെ കൊണ്ടു വരികയും ഇവിടെയെത്തിയാലുടനെ കേശവൻ താൻ വന്നിരിക്കുന്നു എന്നറിയിക്കുന്നതിനായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും അതു കേട്ടാലുടനെ തിരുമനസ്സുകൊണ്ടു പുറത്തെഴുന്നള്ളി കേശവൻ പഴക്കുലകളും ശർക്കരയും നാളികേരവും കരിമ്പും മറ്റും തൃക്കൈകൊണ്ടുതന്നെ എടുത്തു കൊടുക്കുകയും കേശവൻ അവയെ വാങ്ങിത്തിന്നുകയും പതിവായിരുന്നു. ആ പതിവനുസരിച്ച് ഇവിടെ കൊണ്ടുവരപ്പെട്ട കേശവന്റെ ശബ്ദമാണ് ഇന്നു വെളുപ്പാൻ‌കാലത്ത് ഇവിടെ കേൾക്കപ്പെട്ടത്. പതിവുപോലെയല്ലാതെ കോപത്തോടുകൂടി ഉറക്കെ അരുളിച്ചെയ്തതു കേട്ട് കേശവൻ ഭയപ്പെട്ട് അപ്പോൾത്തന്നെ ഇവിടെനിന്ന് ഓടിപ്പോയി. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് നാടുനീങ്ങിപ്പോയി എന്നുള്ള കഥ കേശവൻ അറിഞ്ഞിരിക്കയില്ല” എന്നറിയിച്ചു. അതു കേട്ടിട്ടു തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ വരുത്തണം” എന്നു കല്പിക്കുകയും ചില ഉദ്യോഗസ്ഥന്മാർ ഉടനേ ഓടിപ്പോയി നെയ്യാറ്റിൻ‌കരച്ചെന്നു കല്പനയുടെ വിവരം അഴകപ്പാപിള്ളയെ ഗ്രഹിപ്പിക്കുകയും ചെയ്തു. അഴകപ്പാപിള്ള വിവരമൊക്കെ പറഞ്ഞുനോക്കീട്ടും കേശവന് ഒരിളക്കമുണ്ടായില്ല. അതിനാൽ ആ ഉദ്യോഗസ്ഥന്മാർ മടങ്ങിച്ചെന്ന് ആ വിവരം തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. തിരുമനസ്സുകൊണ്ട് അടുത്ത ദിവസം കല്പിച്ച് ആളുകളെ അയച്ചു. അന്നും ഫലമുണ്ടായില്ല. അങ്ങനെ ആറും ദിവസം കഴിഞ്ഞു. ഏഴാം ദിവസം തിരുമനസ്സുകൊണ്ട് “കേശവൻ ഇങ്ങോട്ടു വരികയില്ലെങ്കിൽ ഞാനങ്ങോട്ടു വരാം. അങ്ങനെയായാലും എനിക്കു കേശവനെ കാണണം” എന്നു കല്പിച്ചയച്ചു. തിരുമനസ്സിലെ ആളുകൾ നെയ്യാറ്റിൻ‌കരയെത്തി ആ കല്പിച്ച വിവരം പറഞ്ഞപ്പോൾ അഴകപ്പാപിള്ള കേശവനോട് “കല്പിച്ചയച്ചതു കേട്ടില്ലേ? നീയങ്ങോട്ടു ചെല്ലാതെ തിരുമനസ്സുകൊണ്ട് ഇങ്ങോട്ടെഴുന്നള്ളാനിടയാകുന്നതു കഷ്ടമാണ്. നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തെത്തി മുഖം കാണിക്കണം” എന്നു പറഞ്ഞു. കേശവൻ അതു കേട്ടിട്ടു സമ്മതിച്ചു തല കുലുക്കുകയും ഒരു അനുസരണ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ അഴകപ്പാപിള്ള “എന്നാൽ പോകാം” എന്നു പറഞ്ഞു നടന്നു തുടങ്ങി. പിന്നാലെ കേശവനും പോയി. കേശവനു ക്ഷീണംകൊണ്ടു നടക്കാൻ വളരെ പ്രയാസമുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയെന്നു കേട്ട ദിവസം മുതൽ അന്നുവരെ ആറു ദിവസം കേശവൻ കുറേശ്ശെ വെള്ളം കുടിച്ചതല്ലാതെ യാതൊന്നും തിന്നിരുന്നില്ല. ആ ആറു ദിവസവും നെയ്യാറ്റിൻകരക്കാരിൽ പലരും കേശവനു പഴക്കുലകളും മറ്റും ധാരാളം കൊണ്ടുചെന്നു കൊടുത്തിരുന്നു. എങ്കിലും അവൻ അവയിലൊന്നും തൊടുകപോലും ചെയ്തിരുന്നില്ല. പിന്നെ അവനു ക്ഷീണം വന്നത് ഒരത്ഭുതമല്ലല്ലോ. കേശവൻ ഒന്നും തിന്നാതെയിരുന്നതുകൊണ്ട് അഴകപ്പാ പിള്ളയും സാമാന്യം പോലെ ഭക്ഷണം കഴിച്ചിരുന്നില്ല. എങ്കിലും അവർ രണ്ടുപേരും ഒരുവിധം നടന്ന് അന്നുതന്നെ തിരുവനന്തപുരത്തു തിരുമനസ്സിലെ തിരുമുമ്പാകെ എത്തി. അവിടെ തിരുമനസ്സുകൊണ്ടു മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലെപ്പോലെതന്നെ കേശവനു കൊടുക്കുന്നതിനായി പഴക്കുലകളും മറ്റും ധാരാളം ശേഖരിച്ചു വച്ചിരുന്നു. തിരുമനസ്സുകൊണ്ടു തൃക്കൈകൊണ്ട് അവയിൽ ചിലതെടുത്തു കേശവന്റെ നേരെ നീട്ടി. കേശവൻ അവയിലൊന്നും വാങ്ങാതെ സ്വല്പം പിന്നോക്കം മാറി നിന്നു. അപ്പോൾ അഴകപ്പാപിള്ള “കേശവൻ നനഞ്ഞിട്ട് ഇന്ന് ഏഴു ദിവസമായി. നനയാതെ തിരുമേനിയെ തൊടുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചാണ് അവൻ പിന്മാറിയത്” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ കൊണ്ടുപോയി നനച്ചു കൊണ്ടുവരണം” എന്നു കല്പിക്കുകയും അഴകപ്പാപിള്ള കേശവനെ ഉടനെ കരമനയാറ്റിൽ കൊണ്ടുപോയി നനച്ചുകൊണ്ടുവരികയും ചെയ്തു. പിന്നെ തിരുമനസ്സുകൊണ്ടു കല്പിച്ചു കൊടുത്ത പഴക്കുലകൾ മുതലായവയെല്ലാം കേശവൻ സാദരം മേടിച്ചു തിന്നു. എങ്കിലും അതും കണ്ണീരൊലിപ്പിച്ചുകൊണ്ടും ദുഃഖഭാവത്തോടുകൂടിയുമായിരുന്നു. കേശവൻ അവയെല്ലാം തിന്നു കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അഴകപ്പാപിള്ളയ്ക്ക് പതിവുള്ള മുണ്ടും പണവും അയാൾക്കും കല്പിച്ചു കൊടുത്തു. ഉടനെ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകുത്തി തിരുമനസ്സിലെ തിരുമുമ്പിൽ കുമ്പിടുകയും എഴുന്നേറ്റു നിന്നുകൊണ്ട് ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോഴും അഴകപ്പാപിള്ള “കേശവൻ യാത്ര അറിയിക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് അവന്റെ പതിവ്” എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “കേശവൻ മുൻപതിവുപോലെ മാസംതോറും ഇവിടെ വരണം. എന്നാലതു വെളുപ്പാൻ കാലത്തു മൂന്നുമണിക്കു വേണമെന്നില്ല. നാലുമണിക്കായാൽ മതി” എന്നു കല്പിക്കുകയും അതു സമ്മതിച്ചതായി കേശവൻ തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും അഴകപ്പാപിള്ളയോടുകൂടി അപ്പോൾത്തന്നെ അവിടുന്നു പോവുകയും അന്നു രാത്രിയിൽത്തന്നെ തിരുവട്ടാറ്റ് എത്തുകയും ചെയ്തു. ‌‌‌ ആദികേശവനെ അമ്പാരിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കുമ്പോൾ അവന്റെ കഴുത്തിൽക്കെട്ടുന്നതു മൂന്നിഴകൾ (വരികൾ) ഉള്ള ഒരു മണിമാലയാണ് പതിവ്. ആ ഓരോ വരികളിലും മുപ്പത്താറു മണികൾ വീതവും ആ മുപ്പത്താറു മണികൾക്കും കൂടി രണ്ടര തുലാം കനവുമുണ്ടായിരുന്നു. അപ്പോൾ മൂന്നു വരികൾക്കുംകൂടി ഏഴരത്തുലാം വരുമല്ലോ. ആ മണിമാല കേശവന്റെ കഴുത്തിൽ വരുമ്പോൾ അവന്റെ തല ഒന്നുകൂടി ഉയരും. അപ്പോൾ അവന്റെ ഭംഗിയും കാന്തിയും ഇരട്ടിക്കുകയും ചെയ്യും.

‌‌‌മറ്റുള്ള ആനകൾക്കു പിടിച്ചിളക്കാൻപോലും വയ്യാതെകണ്ടുള്ള വലിയ തടികൾ കേശവനെക്കൊണ്ടു പിടിപ്പിച്ച് ഉദ്ദിഷ്ടസ്ഥലത്ത് ആക്കിച്ചു കൊടുക്കണമെന്നു പലരും അഴകപ്പാപിള്ളയോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ തടിയുടെ വലിപ്പവും പിടിച്ചുകൊണ്ടുപോകാനുള്ള ദൂരവും അറിഞ്ഞാൽ അഴകപ്പാപിള്ള അവനോട് ഇതിന് ഇത്ര പണം ആദികേശവസ്വാമിക്ക് നട്യ്ക്കു വെയ്ക്കുകയും ഇത്ര പണം തനിക്കു തരികയും കേശവനു തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതം കൊടുക്കുകയും ചെയ്യണമെന്നു പറയും. തടിയുടെ ഉടമസ്ഥൻ അവയെല്ലാം സമ്മതിച്ചാൽ അഴകപ്പാപിള്ള കേശവനോട് “കേശവാ! ഈ മനുഷ്യൻ ഒരു തടി പിടിച്ചു വെച്ചു കൊടുക്കണമെന്നു പറയുന്നു. ആ തടിക്ക് ഇത്ര വണ്ണവും ഇത്ര നീളവുമുണ്ട്. അതു പിടിച്ച് ഇത്ര നാഴിക ദൂരം കൊണ്ടുപോകണം. അതിന് ആദികേശവസ്വാമിക്ക് ഇത്ര പണം നടയ്ക്കു വെയ്ക്കുകയും എനിക്ക് ഇത്ര പണവും നിനക്ക് തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതവും തരികയും ചെയ്യാമെന്ന് ഈ മനുഷ്യൻ സമ്മതിച്ചിട്ടുണ്ട്. അതിനാൽ എന്റെ കുട്ടൻ ചെന്ന് ആ തടിപിടിച്ചുവെച്ചു കൊടുക്കണം” എന്നു പറയും. അഴകപ്പാപിള്ള കൂടെ ചെല്ലണമെന്നും മറ്റുമില്ല. വഴികാണിച്ചുകൊടുക്കാൻ ആരെങ്കിലും ഒരാൾ ചെന്നാൽ മതി. കേശവൻ അറിയുന്ന സ്ഥലമാണെങ്കിൽ അതും വേണമെന്നില്ല. ഇന്ന സ്ഥലത്തു കിടക്കുന്ന തടി പിടിച്ച് ഇന്ന സ്ഥലത്തു കൊണ്ടുചെന്നു വെച്ചുകൊടുക്കണമെന്ന് അഴകപ്പാപിള്ള പറയുകമാത്രം ചെയ്താൽ മതി. എന്നാൽ തടിയുടെ ഉടമസ്ഥൻ നെറികേടു പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ കേശവന്റെ വിധം മാറും. സ്ഥലത്തു ചെന്നു നോക്കുമ്പോൾ തടിയുടെ വണ്ണമോ നീളമോ പറഞ്ഞിരുന്നതിലധികമുണ്ടെന്നു കണ്ടാൽ കേശവൻ അതു തൊടുകപോലും ചെയ്യാതെ മടങ്ങിപ്പോരും. അപ്രകാരംതന്നെ തടി പിടിച്ചുകൊണ്ടു പോയാൽ വഴിയുടെ ദൂരം പറഞ്ഞിരുന്നതിലധികമായാൽ കേശവൻ ആ തടി തിരികെ പിടിച്ച് അതു മുമ്പു കിടന്നിരുന്ന സ്ഥലത്തുനിന്നു രണ്ടോ നാലോ നാഴികകൂടി ദൂരത്തു കൊണ്ടുചെന്നു വേറെ ഒരാനയ്ക്കും പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ദുർഘടമായ ഒരു സ്ഥലത്താക്കും. അങ്ങനെയൊക്കെയായിരുന്നു കേശവന്റെ പതിവ്. അങ്ങനെ കൊണ്ടുചെന്നിടുന്ന തടി പിന്നെ അഴകപ്പാപിള്ള പറഞ്ഞാലും കേശവൻ തൊടുകപോലും ചെയ്യുകയില്ല. അഥവാ ആ തടി കേശവൻ പിന്നെ പിടിക്കണമെങ്കിൽ തടിയുടെ ഉടമസ്ഥൻ വ്യാജം പറഞ്ഞതിന്റെ പ്രായശ്ചിത്തമായി ധാരാളം ശർക്കരയും നെയ്യും നാളികേരവും കദളിപ്പഴവും ചേർത്ത് ഒരു പന്തിരുന്നാഴി പായസം വെയ്പിച്ച് ആദികേശവസ്വാമിക്കു നിവേദിപ്പിച്ചിട്ട് അതും മുമ്പു സമ്മതിച്ചിരുന്ന സാധനങ്ങളും കേശവനും പണം അഴകപ്പാപിള്ളയ്ക്കും കൊടുക്കുകയും ആദികേശവസ്വാമിക്കുള്ള പണം നട്യ്ക്കുവെയ്ക്കുകയും ചെയ്താൽ കേശവൻ ചെന്ന് ആ തടി പിടിച്ച് ഉദ്ദിഷ്ടസ്ഥലത്തു കൊണ്ടുചെന്നു വെച്ചു കൊടുക്കും. അങ്ങനെയല്ലാതെ കൌശലമൊന്നും കേശവനോട് പറ്റിയിരുന്നില്ല.

‌‌‌കേശവനും അഴകപ്പാപിള്ളയ്ക്കും എൺപത്തഞ്ചു വയസ്സു തികയുന്നതുവരെ ഇപ്രകാരമെല്ലാം നടന്നിരുന്നു. അതിനുശേഷം അഴക്പ്പാപിള്ളയ്ക്കു ക്ഷീണംകൊണ്ട് എഴുന്നേറ്റു നടക്കാൻ പോലും വയ്യാതെയായി. എങ്കിലും കേശവന് അത്രയും ക്ഷീണം ബാധിച്ചില്ല. അതിനാൽ കേശവനെക്കൊണ്ടു ക്ഷേത്രത്തിൽ ആവശ്യമുള്ള ദിവസങ്ങളിൽ പാപ്പാനോടുകൂടാതെതന്നെ കേശവൻ തനിച്ചു പോയി അടിയന്തിരങ്ങൾ യഥാക്രമം നടത്തിപ്പോന്നിരുന്നു. കേശവനെ നടയ്ക്കിരുത്തിയതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും ആ ക്ഷേത്രത്തിലെ ചട്ടവട്ടങ്ങളെല്ലാം അവനു നല്ല നിശ്ചയമായി. അതിനാൽ പാപ്പാൻ കൂടെയില്ലെങ്കിലും കാര്യങ്ങൾക്കു കുഴപ്പമില്ലായിരുന്നു. ‌‌‌ അഴകപ്പാപിള്ള ക്ഷീണാധിക്യം നിമിത്തം കിടപ്പിലായതിന്റെ ശേഷം അധിക ദിവസം കഷ്ടപ്പെട്ടില്ല. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം വെളുപ്പാൻ കാലത്ത് ആ ഭാഗ്യവാൻ അനായാസേന ചരമഗതിയെ പ്രാപിച്ചു. അപ്പോൾ ആ വീട്ടിൽ അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിലും പിഴിച്ചിലുമൊക്കെയുണ്ടായി. അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി. ഉടനെ സർക്കാറുദ്യോഗസ്ഥന്മാരും മറ്റനേകം ജനങ്ങളും അവിടെ വന്നു കൂടുകയും അഴകപ്പാപിള്ളയുടെ സംസ്കാരകർമ്മം യഥാവിധി നടത്തിക്കുകയും ചെയ്തതിന്റെ ശേഷം ആ പറമ്പിൽത്തന്നെ ഒരു വലിയ കുഴി കുഴിച്ച് കേശവന്റെ മൃതശരീരം അതിലിട്ടു മൂടിക്കുകയും ചെയ്തു. അഴകപ്പാപിള്ളയുടേ പരിചയം സിദ്ധിച്ചതിന്റെ ശേഷം തനിക്ക് ഇനി മറ്റൊരു പാപ്പാനുണ്ടാകാനിടയാകരുതെന്നുള്ള വിചാരം കേശവനു സാമാന്യത്തിലധികമുണ്ടായിരുന്നു. അപ്രകാരം തന്നെ കേശവന്റെ കാലം കഴിഞ്ഞിട്ടു മറ്റൊരാനയുടെ പാപ്പാനാകാനിടയാകരുതെന്നുള്ള വിചാരം അഴകപ്പാപിള്ളയ്ക്കുമുണ്ടായിരുന്നു. ആ ഭാഗ്യവാന്മാർ വിചാരിച്ചിരുന്നതുപോലെതന്നെ അവരുടെ കാലം കഴിഞ്ഞുകൂടി. വളരെക്കാലം ആദികേശവസ്വാമിയെ സേവിച്ചുകൊണ്ടു തൽ‌സന്നിധിയിൽത്തന്നെ താമസിച്ചിരുന്ന അവർക്ക് അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ.

‌‌‌