Jump to content

ഐതിഹ്യമാല/കൊച്ചുനമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കൊച്ചുനമ്പൂരി


റ്റുമാനൂർ താലൂക്കിൽ ചേർന്ന കടുത്തുരുത്തി പ്രവൃത്തിയിൽ[1] തിരുവമ്പാടി എന്നദിക്കിൽ കൊച്ചുനമ്പൂരി എന്നൊരു സരസ്സൻ ഉണ്ടായിരുന്നു. ഇദ്ദേഹം ഒരു വലിയ വ്യുത്പന്നനല്ലായിരുന്നു എങ്കിലും കവിതാ വാസന സാമാന്യം ഉള്ള ആളായിരുന്നു. എന്നു മാത്രമല്ല നല്ല ഫലിതക്കാരനുമായിരുന്നു. ഈ ദിക്കുകളിലെ ലെ ശാസ്ത്രക്കളിയിൽ വിഡ്ഢി, വൃദ്ധ, പ്രാക്കൾ, ഓതിക്കോൻ നമ്പൂരി, മുതലായ വിനോദകരങ്ങളായ വേ‌ഷങ്ങൾ എല്ലാം പരി‌ഷ്കരിച്ചത് ഇദ്ദേഹമാണ്. അതാതു വേ‌ഷക്കാർക്കു ചേർന്നവയായ വാക്കുകളും പാട്ടുകളും ശ്ലോകങ്ങളും എല്ലാം നല്ല ഫലിതമയങ്ങളായിട്ട് ഇദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. ശാസ്ത്രക്കളിയിൽ ഇദ്ദേഹത്തിന്റെ പ്രധാന വേ‌ഷങ്ങൾ വിഡ്ഢിയുടേയും, പ്രാക്കളുടേയും ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തു ഏകദേശം ഇതുപോലെ തന്നെ ഫലിതക്കാരനായിട്ട് മഠത്തിൽ നമ്പൂരി എന്നൊരാളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനവേ‌ഷങ്ങൾ വൃദ്ധയുടേയും ഓതിക്കോൻ നമ്പൂരിയുടേയും ആയിരുന്നു. ഇവർ രണ്ടു പേരും കൂടിയുള്ള സംഭാ‌ഷണങ്ങൾ എല്ലാം ഫലിതമയങ്ങളും ഏറ്റവും സരസങ്ങളും ആയിരുന്നു. ഇവർക്കു രണ്ടുപേർക്കും അനന്യസാധാരണമായിട്ടുണ്ടായിരുന്ന ഒരു വിശേ‌ഷം തൽക്കാലോചിതങ്ങളായ ഫലിത വാക്കുകൾ അപ്പളപ്പോൾ പുത്തൻ പുത്തനായി തോന്നിവരുമെന്നുള്ളതാകുന്നു. വിഡ്ഢിയുടെ ഞാണിന്മേൽ കളിയുടെ വന്ദനശ്ലോകങ്ങളായി കൊച്ചുനമ്പൂരി ഉണ്ടാക്കീട്ടുള്ളവയിൽ ചിലതു താഴെ ചേർക്കുന്നു.

കച്ചോലം കച്ചമുണ്ടും കലവറമുരലും
കോലരക്കാലവട്ടം
പച്ചക്കായാണ്ടിയാട്ടം തൽമുടിവലിയാ-
നേടെ കൊമ്പും കരിമ്പും
പച്ചപ്പട്ടും വയമ്പും കുറുനിര ചിറകും
കത്തി തേച്ചോരു വേ‌ഷം
പിച്ചന്മാരിപ്രകാരം പറയുമവരെ ഞാൻ
നിച്ചലും കൈതൊഴുന്നേൻ.
1
തീണ്ടാനാരി കറപ്പു ജീരകമരം
തണ്ടിഞ്ചി പൂരാടവും
വെൺകൊറ്റക്കുടയും വിയർപ്പുതുണിയും
വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും
ധാന്വന്തരം പമ്പരം
ഇത്ഥം പേകൾ പറഞ്ഞുകൊണ്ടു വിലസും
ഭ്രാന്തായ തുഭ്യം നമഃ
2
അക്ഷീണം മദിരാശിതന്നിലുളവാം
വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാ-
ക്കമ്പിതപാലും ദ്രുതം
പക്ഷിപ്രൗഢനതെന്നപോലെ ഗമനം
ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേൽ
ക്കേറിക്കളിക്കും വിധൗ
3
അഖിലഭുവനമുണ്ണീ ഘോരയാം നക്രതുണ്ഡീ-
യനിലതനയനുണ്ണീ മാലകെട്ടുന്നൊരുണ്ണീ
ഹരനുടെ മകനുണ്ണീ നല്ലൊരോന്നിച്ചയുണ്ണീ-
യഴകൊടു നളനുണ്ണീ പാതു മാം കൊത്തലുണ്ണീ[2]

വൃദ്ധയുടെ കേശാദിപാദാന്തം വർണ്ണിക്കുന്നവയായ പാട്ടുകളിൽ ഒന്നു താഴെ ചേർക്കുന്നു.

(ശീതങ്കന്റെ മട്ട്)

ഞാണിൽക്കരേറിക്കളിക്കുന്നനേരത്തു
വീണുപോകാതിരുന്നീടാൻ ഗണേശനും
വാണിയും മൽഗുരുനാഥനും വ്യാസനും
പാണികൾ നീട്ടിയനുഗ്രഹിച്ചീടണം.
ചഞ്ചലം കൂടാതെ വൃദ്ധയാം നിന്നെയും
നെഞ്ചകം തന്നിൽ നിനയ്ക്കുന്നു സന്തതം,
അഞ്ചിതമാം നിന്റെ കേശാദിപാദവു-
മഞ്ചാതെ ചിത്തേ വിളങ്ങേണമെപ്പോഴും.
വെഞ്ചാമരം പോലെയുള്ള തവമുടി-
ക്കഞ്ചുവിരൽ നീളമുണ്ടതിലെപ്പോഴും
പഞ്ചാര കണ്ടാലുറുമ്പരിക്കുമ്പോലെ
സഞ്ചരിച്ചീടുന്നു മുട്ടയും പേനുമായ്.
തറ്റുടുത്തീടാൻ ഞൊറിയുന്നതുപോലെ
യറ്റമില്ലാതുണ്ടവയാൽ വിളങ്ങുന്ന
നെറ്റിത്തടത്തിന്റെ ജാത്യമോർത്തീടിലോ
മറ്റൊരു നാരിക്കുമീവണ്ണമില്ലഹോ!
കണ്ണിണതന്നുടെ ജാത്യങ്ങളൊക്കയും
വർണ്ണിച്ചു ചൊല്ലുവാനിന്നു തുടങ്ങിയാൽ
കുണ്ഡലിനാഥനായുള്ളോരനന്തനും
ദണ്ഡമാണങ്കിലുമൽപം പറഞ്ഞിടാം.
കണ്ണമ്പഴത്തിന്റെ തൊണ്ടുകളഞ്ഞിട്ടു
വെണ്ണനൈപോലങ്ങരച്ചിട്ടുരുട്ടീട്ടു
കണ്ണുകൾ രണ്ടിലും വെച്ചെന്നു തോന്നുമീ
കണ്ണു കാണൂന്ന ജനങ്ങൾക്കശേ‌ഷവും.
രണ്ടരച്ചോതന കൊള്ളുന്ന തോൽക്കുടം
രണ്ടു കമത്തിയ പോലെ കവിൾത്തടം
രണ്ടും പ്രകാശിപ്പതോർക്കുകിൽ ബ്രഹ്മാവു
പണ്ടിതുപോലെ ചമച്ചിതില്ലെങ്ങുമേ.
പാണ്ടു പിടിച്ചുള്ള ചുണ്ടും, പെരുച്ചാഴി
മാണ്ടിപോലുള്ളോരു വായിന്റെ ഭംഗിയും
മന്ദഹാസങ്ങളും കണ്ടാൽ തലേത്തട്ടി
വന്നു പിടിച്ചപോലാശു ഛർദ്ദിച്ചിടും
വേനൽക്കു കായ്ക്കുന്ന വെള്ളരിക്കായ്ക്കവ-
മാനം വരുത്തുന്ന..കൊങ്കതൻ യുഗ്മവും
പാതാളമൊക്കും വയറും നിനയ്ക്കിലാ
വേതാളവും തോറ്റുപോമെന്നു നിർണ്ണയം
ശേ‌ഷമനേകമുണ്ടിന്നു വാഴ്ത്തീടുവാൻ
ശേ‌ഷിയില്ലാഞ്ഞടങ്ങുന്നു മാലോകരേ!

ഇതു കൂടാതെ ‘പാലയപാലയ വൃദ്ധേ! നിന്റെ കോലം ഞാൻ കണ്ടുതൊഴുന്നേൻ’ എന്നു പല്ലവിയായി ഒരു കേശാദിപാദം കൂടിയുണ്ട്. വിസ്തരഭയത്താൽ അതിവിടെ പകർത്തുന്നില്ല.

കൊച്ചുനമ്പൂരി വിഡ്ഢി കെട്ടുമ്പോൾ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കഥകളിലുള്ള പല ഘട്ടങ്ങളേയും അനുകരിച്ചു പല ഫലിതങ്ങളും പ്രയോഗിക്കാറുണ്ട് അവയിൽ ചിലതു താഴെ ചേർക്കുന്നു. ഒരു പറയൻ തുള്ളലിൽ ഭസ്മധാരണത്തെക്കുറിച്ചു കുഞ്ചൻനമ്പ്യാരു പറഞ്ഞിട്ടുള്ളതിനു പകരം,

സൂര്യദേവനുദിക്കുമ്പോൾ
ജലം കൂട്ടിദ്ധരിയ്ക്കണം
മേപ്ടിയാനസ്തമിക്കുമ്പോൾ
മേപ്ടി കൂടാതെയും മേപ്ടി.

'നാളായണീചരിതം' പറയൻ തുള്ളലിൽ മുനിയും മുനിപത്നിയും കൂടി ഓരോ വേ‌ഷം ധരിച്ചുനടന്നതായി കുഞ്ചൻനമ്പ്യാർ വർണ്ണിച്ചിരിക്കുന്നതിന്റെ പകരം,

ആശാര്യായ് മുനിശ്രഷ്ഠൻ
ആശാർച്ച്യായ് മുനിപത്നി
മൂശാര്യായ് മുനിശ്രേഷ്ഠൻ
മൂശാർച്ച്യായ് മുനിപത്നി
കൊല്ലനായ് മുനിശ്രഷ്ഠൻ
കൊല്ലത്ത്യയായ് മുനിപത്നി
ഞാനായി മുനിശ്രഷ്ഠൻ (എന്റെ)
അമ്മയായ് മുനിപത്നി.

നാരദമഹർ‌ഷി ശ്രീകൃ‌ഷ്ണനെ കാണാനായിച്ചെന്ന സമയം പതിനാറായിരത്തെട്ട് ഭാര്യമാരുടെ ഗൃഹത്തിലും ഓരോവിധം ഭഗവാനെ കണ്ടതായി കുഞ്ചൻനമ്പ്യാർ ഒരു ഓട്ടൻതുള്ളലിൽ പറഞ്ഞിരിക്കുന്നതിനു പകരം,

ചതുരൻ കൃ‌ഷ്ണനും ഒരു സുന്ദരിയും
ചതുരംഗം വെക്കുന്നതു കണ്ടു
വട്ടൻ കൃ‌ഷ്ണനുമൊരു സുന്ദരിയും
വട്ടങ്കം വെക്കുന്നതു കണ്ടു
കോണൻ കൃ‌ഷ്ണനുമൊരുസുന്ദരിയും
കോണങ്കം വെക്കുന്നതു കണ്ടു.

പിന്നെ ഒരോട്ടൻ തുള്ളലിൽ കുഞ്ചൻനമ്പ്യാർ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളും ഓരോ വിധത്തിൽ വർണ്ണിച്ചിരിക്കുന്നു.

മെച്ചമേറും കൊച്ചിതന്നിലഴിമുഖമൊന്നു
പിച്ചാത്തിപിടിയിന്മേലെ വ്യാളീമുഖമൊന്നു
പത്മനാഭനാറാടുന്ന ശംഖുമുഖമൊന്നു
ഏറ്റുമാനൂർ സന്ധ്യവേല നല്ല മുഖമൊന്നു
മധുരഞ്ചിറയിരവിയുടെ മുതലമുഖമൊന്നു
ചാരവും കരിയും തേച്ചൊരെന്റെ മുഖമൊന്നു.

വേറെ ഒരു തുള്ളൽകഥയിൽ ശ്രീപരമേശ്വരന്റെ ശിരസ്സിൽ ഗംഗാദേവിയുടെ മുഖം കണ്ടിട്ടു ശ്രീപാർവതിയുടെ ചോദ്യവും ഭഗവാന്റെ സമാധാനവും മംഗളാർഥം കുഞ്ചൻനമ്പ്യാർ വർണ്ണിച്ചിരിക്കുന്നതിനു പകരം,

എന്നുടെ തലയിൽ മരത്തങ്കോടൻ
തന്നുടെ മൂക്കും മുഞ്ഞിയുമഴകൊടു
കണ്ടൂ കയർത്തെന്നമ്മയൊരുനാൾ
കുണ്ഠിതമോടെ ചോദ്യം ചെയ്തു.
മകനേ! നിന്നുടെ തലയിൽ പല പല
വികൃതികൾ കാണ്മതിതെന്തൊരു വസ്തു?
ഞാനുരചെയ്തേൻ തലയിൽ പ്രാക്കടെ-
യാനനമായ കിരീടമിതെന്ന്
ദുഷ്ടാ! കപടമുരയ്ക്കരുതെന്നോടു
പൊട്ടക്കിണറിത കാണാകുന്നു.
മൂത്തു നരച്ചൊരു നിന്നൊടു കപടമ-
തോർത്തുരചെയ്തിട്ടെന്തൊരു കാര്യം?
പൊട്ടക്കിണറല്ലമ്മേ! പ്രാക്കടെ
വട്ടക്കണ്മിഴിയാണറിയേണം.
കോമളമാകിയ നിൻ തലയിൽ ര-
ണ്ടാമകൾ കാണ്മാനെന്തവകാശം?
ആമകളല്ല കവിൾത്തടമാണതു
മാമകജനനീ! ബോധിച്ചാലും
പ്രാക്കടമുഖമതിൽ മാക്കാന്തവള ക-
രേറി വസിപ്പതിനെന്തവകാശം
മാക്കാനല്ലതു രമ്യമതാകും
മൂക്കാണെന്നു ധരിച്ചീടേണം
ധവളിമയോടെ തെളുതെളെ വിലസും
കവടികൾ കാണ്മാനെന്തവകാശം
കവടികളല്ലതു പ്രാക്കടെ ദന്തം
കവടികൾ പോലെ വിളങ്ങീടുന്നു.
കമ്പിളി തന്നുടെ ചരടുകളനവധി
സംപ്രതി കാണ്മാനെന്തവകാശം?
കമ്പിളിയല്ലിതു പ്രാക്കടെ നല്ലൊരു
ചെമ്പന്മീശകളേന്നറിയേണം.
ഇത്ഥം കപടഗിരം ഗിരിസുതയൊടു
സത്വരമോതും ഗിരിശ നമസ്തേ.

ഇപ്രകാരം കൊച്ചു നമ്പൂരിയുടെ, വിഡ്ഢിയുടെ, നേരമ്പോക്കുകൾ പറഞ്ഞാലവസാനം ഇല്ലാതെ ഉണ്ട്. വിസ്തരഭയത്താൽ അവയെല്ലാം ഇവിടെ ചേർക്കണമെന്നു വിചാരിക്കുന്നില്ല. ഇനി അദ്ദേഹം പ്രാക്കളുടെ വേ‌ഷം കെട്ടുമ്പോളുള്ള നേരമ്പോക്കുകളിൽ ചിലതു പറഞ്ഞുകൊള്ളുന്നു.

മരത്തങ്കോടൻ എന്നും ഘോരൻ എന്നുംകൂടെ പേരുള്ള പ്രാക്കൾ ഒരു മത്സ്യച്ചുമടും ആയി അരങ്ങത്തു വന്നാൽ മത്സ്യങ്ങളെ വർണ്ണിച്ചു ചൊല്ലുന്നതിനായി അനേകം ശ്ലോകങ്ങൾ അദ്ദേഹം ഉണ്ടാക്കീട്ടുള്ളവയിൽ ചിലതു താഴെ ചേർക്കുന്നു.

അംഭോധിക്കുള്ളിൽ വാഴും ജലജപരി‌ഷകൾ-
ക്കൊക്കയും തമ്പുരാനാം
വൻപൻ കുമ്പ്ളാച്ചിമീനെപ്പരിചൊടു വല ത-
തന്നിലുള്ളിലാക്കിപിടിച്ചു
തുമ്പപ്പൂ നെയ്യിൽ മൂപ്പിച്ചതുമിതുമൊരുപോ-
ലങ്ങു നിത്യം ഭുജിച്ചാ
ലെൺപത്തെണ്ണായിരത്താണ്ടവനിയിലതിമോ-
ദേന ജീവിച്ചിരിക്കും
1
മച്ചിപ്പെണ്ണൂ കുറിച്ചിമീനതു പിടി-
ച്ചുപ്പിൽ പചിച്ചിച്ഛയാ
മെച്ചം വെച്ചു പുളിച്ചുകച്ചതിൽ വെളി-
ച്ചെണ്ണാം തുളിച്ചാദരാൽ
പച്ചപ്പാള പൊളിച്ചു വെച്ചതിനക-
ത്തേറ്റം ഭുജിച്ചീടുകിൽ
കൊച്ചുണ്ടാമൊരുമിച്ചൊരൻപതു തടി-
ച്ചുച്ചൈസ്തരം നിശ്ചയം
2
പരലെന്നുള്ള മത്സ്യത്തെപ്പുലർകാലേ പിടിച്ചുടൻ
മലരിൽച്ചേർത്തു സേവിച്ചാൽ പരലോകം ഗമിച്ചിടാം
3
ചാളയെന്നുള്ള മത്സ്യത്തെ പാളക്കീറ്റിൽ പൊതിഞ്ഞുടൻ
തോളത്തിട്ടങ്ങു കൊട്ടീടിൽ താളമുണ്ടായ്വരും ദൃഢം
4

സരസകവികുലാഗ്രേസരൻ ആയിരുന്ന വെണ്മണി മഹൻ നമ്പൂരിപ്പാടും ഈ കൊച്ചുനമ്പൂരിപ്പാടും തമ്മിൽ വളരെ സ്നേഹമായിരുന്നു എന്നു മാത്രമല്ലാ, കൊച്ചുനമ്പൂരിയുടെ കവിതാരീതി മഹൻനമ്പൂരിപ്പാട്ടിലേക്കു വളരെ ബോധിച്ചിട്ടുമുണ്ടായിരുന്നു. അതിനാൽ ഒരിക്കൽ നമ്പൂരിപ്പാട് 'മധുരാപുരിരാജചരിതം' എന്നൊരു പുസ്തകം ഉണ്ടാക്കാനാരംഭിക്കുകയും കുറെ ആയപ്പോൾ അദ്ദേഹത്തിനു സഹജമായിട്ടുള്ള മടി നിമിത്തം അതു മുഴുവനാക്കാനായി കൊച്ചുനമ്പൂരിയുടെ പേർക്കു എഴുത്തോടു കൂടി അയച്ചുകൊടുക്കുകയും ചെയ്തു, ആ എഴുത്തിൽ എട്ടു ശ്ലോകങ്ങളുണ്ടായിരുന്നു. എങ്കിലും മുഴുവൻ തോന്നാത്തതിനാൽ തോന്നുന്ന രണ്ടു ശ്ലോകം താഴെ ചേർക്കുന്നു.

ക്ഷീരത്തിൽ സിത ചേർത്തപോലെ മധുരി-
ച്ചീടുന്ന പദ്യങ്ങളെ-
ച്ചാരുത്വത്തോടുതിർത്തിടും കവികളിൽ
കാർന്നോരതാകും ഭവാൻ
ഏറെത്തന്നെ മനസ്സിരുത്തി മുഴുവൻ
തീർക്കേണമെന്തെങ്കിലും
പാരിൽത്തന്നെ കിടയായിടും കവിയെവൻ
ചേർത്തോർത്തു തീർത്തീടുവാൻ?
കൊച്ചുനമ്പൂരിക്കായി കൊച്ചനാം വെണ്മണിദ്വിജൻ
പിച്ചുകൊണ്ടു കുറിച്ചിന്നേൽപ്പിച്ചീടുന്നേതിനൊക്കെയും.

ആ എഴുത്തിനു മറുപടിയായി കൊച്ചുനമ്പൂരി അയച്ച ശ്ലോകങ്ങളെയും ഇവിടെ എഴുതുന്നു.

വിപ്രാഗ്രസര! വെണ്മണിദ്വിജ! ഭവാ-
നെൻ കൈയിൽ വന്നെത്തുവാ-
നുൾപ്പൂവിൽ ബഹുമോദമോടെഴുതിയോ-
രാപ്പദ്യമിന്നൊക്കെയും
സ്വല്പം താമസമെന്നിയേ ഗുണനിധേ!
വന്നെത്തി വായിച്ചു ഞാൻ
മുപ്പാരിൽപ്പുരുകീർത്തി ചേർത്തധിവസി-
ച്ചീടുന്ന ഭാഗ്യാംബുധേ!
1
പാരാവാരമതിങ്കലുള്ള തിരപോൽ
വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാർന്ന പദ്യനിരകൊ-
ണ്ടീരേഴുലോകത്തിലും
പാരം കീർത്തി നിറച്ചീടുന്ന ധരണി-
ദേവാഗ്രഗണ്യാ! ഭവാൻ
പാരാതങ്ങു ചമച്ച രാജചരിത
ശ്ലോകങ്ങളും കണ്ടു ഞാൻ
2
വെള്ളോലതന്നിൽ വിലസും തവ പദ്യമോർത്തി-
ട്ടുള്ളിൽ ജനിച്ച പരിതോ‌ഷമശേ‌ഷമിപ്പോൾ
പൊള്ളല്ലുരയ്ക്കുവതിനോർക്കിൽ മുരാന്തകന്റെ
പള്ളിക്കിടക്കയുമൊടുക്കമബദ്ധമാകും.
3
ഉൾദണ്ഡം തീർന്നുതീർക്കും തവ സരസകവി-
ത്വങ്ങൾവർണ്ണിച്ചുകേട്ടാ-
ലുദ്ദണ്ഡന്നും ക്ഷണത്തിൽ പരിഭവമകതാ-
രിങ്കലങ്ങങ്കുരിക്കും.
അദ്ദണ്ഡംപോലെതന്നേ വരുമതിസരസൻ
കുഞ്ചനും വീരനായോ-
രദ്ദണ്ഡിക്കും നിതാന്തം പ്രിയവചനമുര-
യ്ക്കുന്നതല്ലന്തണേന്ദ്ര!
4
ചൊല്ലേറും മധുരാപുരീശചരിതം
മല്ലാക്ഷി കേട്ടീടുവാ-
നുല്ലാസേന ചമച്ചു നല്ല സരസ
ശ്ലോകങ്ങളാക്കിബ്ഭവാൻ
കല്യാണാലയ! ശിഷ്ടമുള്ളതഹമി-
ന്നാഹന്ത? തീർത്തീടുവാ-
നല്ലോ പദ്യമയച്ചതായതു നിന-
ച്ചല്ലൽപ്പെടുന്നേനഹം.
5
ചൊല്ലേറിടുന്ന തവ പദ്യമതിന്റെ ശി‌ഷടം
ചൊല്ലുന്നതിന്നു മടിയാതെ തുടർന്നുവെങ്കിൽ
വല്ലാതെകണ്ടു വലയും ബഹുമിശ്രമാകു-
മെല്ലാം ജനങ്ങൾ പരിഹാസമതും തകർക്കും.
6
കേടറ്റ തങ്കമണിമാലകൾ തന്റെ മദ്ധ്യേ
മാടോടുകൊണ്ടു ചിലമാലകൾ തീർത്തു കോർത്താൽ
മൂഢത്വമെന്നു പറയും, ഗരുഡൻ പറന്നാൽ
മാടപ്പിറാവുമതുപോലെ പറന്നുപോമോ?
7
കവികുലജനമെല്ലാം സർവ്വദാ കൈവണങ്ങും
ധവളമണിയതാകും ധാത്രിദേവോത്തമന്റെ
ചെവിയിലിതു ധരിപ്പിച്ചിടേണം കൂട്ടി വായി-
ച്ചിവ സകലമതിനായ് ബാലവിപ്രൻ കുറിച്ചേൻ.
8

ഇപ്രകാരം വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കയച്ചതായിട്ടും മറ്റനേകം സംഗതിവശാലും കൊച്ചുനമ്പൂരിഅസംഖ്യം ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ട്. പലവിധത്തിലുള്ള പാട്ടുകൾ സങ്കീർത്തങ്ങൾ മുതലായവയും ഉണ്ടാക്കീട്ടുണ്ട്. സമസ്യകൾ പൂരിപ്പിച്ചിട്ടുള്ളതിനു സംഖ്യയില്ല. അദ്ദേഹം പൂരപ്പിച്ചിട്ടുള്ള നാലു സമസ്യകളെ പൂരണങ്ങളോടുകൂടി താഴെചേർക്കുന്നു.

വെളുത്ത ചോറെങ്കിലുമി ഷ്ടഹീനൻ
വിളിച്ചു തന്നാലതിനില്ല സൗഖ്യം
വിളക്കു കാണാനൃതുവായ നാരി
കുളിച്ചു കോപ്പിട്ടു വരുന്ന പോലെ‌
1
ഹംസം വാഹനമായവന്റെ ലിഖിതം
കഷ്ടം! മഹാദുഃഖദം
സംസാരാംബുധിതന്നിൽ വീണു കരുണാ-
രാശേ! വലഞ്ഞേനഹം
കംസൻ തന്നുടെ വൈരിയാം മധുരിപോർ-
ന്നാമത്രയം സർവ്വദാ
സംസാരിപ്പതിനെങ്കിലും വഴി വഴ-
ക്കെന്ന്യേ വരുത്തീടണം
2
ചെറുപ്പകാലത്തു തനൂരുഹങ്ങൾ
കറുത്തിരുന്നായതിലർദ്ധമിപ്പോൾ
വെളുത്തതോർത്താലിനി മേലിലെല്ലാം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.
3
ഓണത്തിനും വി‌ഷുവിനും തിരുവാതിരയ്ക്കും
പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
വാണീവരൻ മമ ശിരസ്സിൽ വരച്ചതോർത്താൽ
പ്രാണൻ ത്യജിക്കിലതു തന്നെ ഗുണം മഹാത്മൻ!
4

മേല്പ്പറഞ്ഞ സമസ്യകൾ വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലേതാണെന്നു ചിലർ പറയുന്നുണ്ട്. മൂന്നാം സമസ്യ നമ്പൂരിപ്പാട്ടീന്നു തന്നെ പൂരിപ്പിച്ചിട്ടുള്ളതും കേട്ടിട്ടുണ്ട്. താരതമ്യവിവേചനത്തിനായി ആ പൂരണവും ഇവിടെ ചേർക്കുന്നു.

കുളിർത്ത ചെന്താമര തന്നകത്തെ-
ദ്ദളത്തിനൊക്കും മിഴിമാർമണേ! കേൾ
തളത്തിൽ നിന്നിങ്ങനെതന്നെ നേരം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

കൊച്ചു നമ്പൂരി ഈശ്വരസ്തോത്രങ്ങളായിട്ടും സദാചാരങ്ങളായിട്ടും അനേകം ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ട്. സ്ഥലച്ചുരുക്കത്താലവയും ഇവിടെ ചേർക്കാൻ നിവൃത്തിയില്ല. പരൽപേരിൻപ്രകാരം അക്ഷരനിർണയം ചെയ്തു അർത്ഥം മനസിലാക്കേണ്ടതായ ഒരു ശ്ലോകം താഴെ ചേർക്കുന്നു.

എൺപത്തൊന്നതു[3] ദൂരെ വിട്ടു പതിനേ-
ഴൻപൊടുകൈകൊണ്ടുതാ-
നൻപത്തൊന്നവതാരബാലകനെഴും
മുപ്പത്തിമൂന്നെപ്പോഴും
സമ്പത്തെന്നു ദൃടന്മീകരിച്ചതെഴുനൂ-
റ്റഞ്ചിൽ സ്മരിച്ചീടിലി-
ങ്ങൻപത്തൊന്നതു ദൂരെയാക്കിയറുപ-
ത്തഞ്ചിൽ സുഖിക്കാമെടോ!

വെണ്മണി മഹൻനമ്പൂരിപ്പാടുണ്ടാക്കിയ മധുരാപുരിരാജചരിതം ആരും മുഴുവനാക്കീട്ടില്ല. നമ്പൂരിപ്പാട്ടീന്നു ഇരുപത്തഞ്ചു ശ്ലോകമുണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുണ്ട്. കൊച്ചു നമ്പൂരിക്കയച്ചതായ ഒരു പദ്യം കൊണ്ടതു സ്പഷ്ടമാകുന്നുണ്ട്. ആ ശ്ലോകം താഴെ എഴുതുന്നു.

പഞ്ചാരപ്പൊടിയൊടു പാരമിടയും
ത്വൽ പദ്യമിപ്പോൾ ഭവാ-
നഞ്ചാറല്ല കൊടുത്തയച്ചതിരുപ
ത്തഞ്ചും സഖേ! സാദരം
എഞ്ചാരത്തിഹ വന്നനേരമധുനാ
വാങ്ങിച്ചു വായിച്ചു ഞാൻ
നെഞ്ചാകെത്തെളിവായി മന്ദമെഴുനേ-
റ്റഞ്ചാറു ചാടീടിനേൻ.

മേൽപ്പറഞ്ഞ സംഗതികൊണ്ടു കൊച്ചു നമ്പൂരിയുടെ കവിതാരീതി വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലേക്കു ഏറ്റവും ബോധിച്ചതായിരുന്നുന്നു സ്പഷ്ടമാകുന്നുണ്ട് ഇപ്രകാരം സരസകവിയായ അദ്ദേഹം കൊല്ലം ഒരായിരത്തി അൻപതാമാണ്ട് മീനമാസത്തിൽ ചരമഗതിയെ പ്രാപിച്ചു.

കുറിപ്പുകൾ

[തിരുത്തുക]

1.^ വില്ലേജ്

2.^ ഈ ശ്ലോകം ‘അഖിലഭുവനമുണ്ണീ വെണ്ണയും പാലുമുണ്ണീ’ എന്നുള്ള ശ്രീകൃ‌ഷ്ണവന്ദനയായിട്ടുള്ള പഴയ സങ്കീർത്തനശ്ലോകത്തെ അനുകരിച്ചുണ്ടാക്കിയിട്ടുള്ളതാകുന്നു. കഥകളിയിൽ നളന്റെ വേ‌ഷം കെട്ടാൻ പ്രസിദ്ധനായിരുന്ന ഒരാളാണ് നളനുണ്ണി.

3.^ എൻപത്തൊന്നു - വ്യാജം; പതിനേഴ് - സത്യം; അമ്പത്തൊന്നു - കൃ‌ഷ്ണ; മുപ്പത്തിമൂന്നു – ലീല; എഴുന്നൂറ്റഞ്ചു – മനസ്സ്; അമ്പത്തൊന്നു - കാമം; അറുപത്തഞ്ചു - മോക്ഷം.