ഐതിഹ്യമാല/കൈപ്പുഴ രാജ്ഞിയും പുളിംകുന്നുദേശവും
←കായംകുളം കൊച്ചുണ്ണി | ഐതിഹ്യമാല രചന: കൈപ്പുഴ രാജ്ഞിയും പുളിംങ്കുന്നുദേശവും |
ഒരന്തർജ്ജനത്തിന്റെ യുക്തി→ |
വടക്കുംകൂർ രാജവംശത്തിലെ ഒരു ശാഖക്കാർ ഒരു കാലത്തു ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കൈപ്പുഴ എന്ന സ്ഥലത്തു താമസിച്ചിരുന്നു. അവരെ അക്കാലത്തു സാധാരണമായി 'കൈപ്പുഴ തമ്പുരാക്കന്മാർ’ എന്നാണു പറഞ്ഞുവന്നിരുന്നത്. അവിടെ നിന്നു ഒരു തമ്പുരാട്ടിയെ ഒരമ്പലപ്പുഴ(ചെമ്പകശ്ശേരി)ത്തമ്പുരാൻ സംബന്ധം ചെയ്തു കൊണ്ടുപോയിരുന്നു. അമ്പലപ്പുഴ തമ്പുരാക്കന്മാർ ബ്രാഹ്മണരായിരുന്നുവല്ലോ. മലയാള ബ്രാഹ്മണരിൽ മൂത്തയാൾ മാത്രം സ്വജാതിയിൽ വിവാഹം ചെയ്യുകയും മറ്റുള്ളവരെല്ലാം ബ്രാഹ്മണരിൽ താണ ജാതിക്കാരുടെ സ്ത്രീകളെ സംബന്ധം ചെയ്യുകയാണല്ലോ പതിവ്. ഒരു കാലത്തു അമ്പലപ്പുഴെ ജ്യേഷ്ഠാനുജന്മാരായിട്ടു രണ്ടു തമ്പുരാക്കന്മാരുണ്ടായിരുന്നു. അവരിൽ രണ്ടാമനാണു കൈപ്പുഴ രാജ്ഞിയെ സംബന്ധം ചെയ്തു കൊണ്ടുപോയത്. എങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു മൂപ്പും രാജ്യാധിപത്യവും വർദ്ധിച്ചു. അക്കാലത്തു ആ തമ്പുരാൻ സ്വരാജ്യത്തിൽ 'പുളിങ്കുന്നു' എന്ന ദേശം തന്റെ പ്രിയതമയായ രാജ്ഞിക്കു ഇഷ്ടദാനമായി കൊടുത്തു. അവിടെ ഒരു ഭവനമുണ്ടാക്കി കൊടുത്ത് ആ രാജ്ഞിയേയും സന്താനങ്ങളേയും പാർപ്പിച്ചു. ആ തമ്പുരാന്റെ കാലം കഴിഞ്ഞിട്ടും ആ തമ്പുരാട്ടിയും മക്കളും അവിടെ തന്നെ താമസിച്ചിരുന്നു. ആ ദേശത്തെ നികുതി പിരിക്കാനുള്ള അധികാരം അവിടേയ്ക്കുണ്ടായിരുന്നതു കൂടാതെ അവിടുത്തെ ഭർത്താവായിരുന്ന തമ്പുരാൻ അവിടേയ്ക്കു ധാരാളം പണം കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ അവിടെ വേണ്ടതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കുട്ടിപ്പട്ടന്മാർ, ഭൃത്യന്മാർ, പരിചാരികമാർ, കാര്യസ്ഥന്മാർ മുതലായവരും ധാരാളമുണ്ടായിരുന്നു. ശമ്പളം കൊടുക്കാൻ വേണ്ടുന്ന മുതലുണ്ടെന്നു കണ്ടാൽ സേവിക്കാനാളുകൾ ധാരാളമുണ്ടാകുമല്ലോ. അതിനാൽ രാജ്ഞി യഥാപൂർവം വേണ്ടുന്ന പദവികളോടുകൂടിയാണു അവിടെ താമസ്സിച്ചിരുന്നത്.
ഇങ്ങിനെയിരിക്കുന്ന കാലത്താണു തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജാവുമായി യുദ്ധം ആരംഭിച്ചത്. ആ യുദ്ധത്തിൽ അമ്പലപ്പുഴ രാജാവ് പരാജിതനായിത്തീരുമെന്നു ഏകദേശം തീർച്ചയായപ്പോഴേക്കും, തിരുവതാംകൂർ മഹാരാജവിന്റെ സൈന്യം പുളിങ്കുന്നിലേക്കുകൂടിക്കടന്നു. വല്ല ഉപദ്രവവുമുണ്ടാക്കിയേക്കുമോ എന്നു വിചാരിച്ചു രാജ്ഞിയ്ക്കു പരിഭ്രമവും, ഭയവുമുണ്ടായി, 'ഏതായാലും ഇനി ഇവിടുത്തെ താമസം അത്ര ശുഭമായി വരുകയില്ല. കഴിയുന്ന വേഗത്തിൽ കൈപ്പുഴയ്ക്കു പോകണം' എന്നു രാജ്ഞി തീർച്ചപ്പെടുത്തുകയും ആ വിവരം കാര്യസ്ഥന്മാരെ ധരിപ്പിച്ചു വേണ്ടുന്നതെല്ലാം തയ്യാറാക്കുവാൻ ചട്ടം കെട്ടുകയും ചെയ്തു. അക്കാലത്തു പുളിങ്കുന്നിൽ വലിയ ധനവാന്മാരായ നായന്മാർ മുന്നൂറിൽപ്പരം വീട്ടുകാരുണ്ടായിരുന്നു. ഈ നായന്മാരല്ലാതെ സാമാന്യം പോലെ ആ ദിക്കിലാരുമുണ്ടായിരുന്നില്ലന്നു തന്നെ പറയാം. നസ്രാണിമാപ്പിളമാർ നാലോ അഞ്ചോ കുടുംബക്കാരുണ്ടായിരുന്നു വെങ്കിലും അവരെല്ലാം അന്നന്നു കൂലിവേല ചെയ്തു അഹോവൃത്തി കഴിക്കുന്ന അഗതികളായിരുന്നു. രാജ്ഞിക്കു രാജ്യാധിപത്യം കൂടിയുണ്ടായിരുന്നതിനാൽ അവിടെയുള്ള സകലജനങ്ങളും രാജ്ഞിയുടെ ആജ്ഞയിലുൾപ്പെട്ടാണു അവിടെ താമസിച്ചിരുന്നത്. രാജ്ഞിയുടെ ഭർത്താവായ രാജാവ് തീപ്പെട്ടുപോയതിന്റെ ശേഷവും ആ രാജപത്നിയെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആർക്കും കുറഞ്ഞിരുന്നില്ല. എങ്കിലും രാജ്ഞി യാത്ര നിശ്ചയിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, അക്കാലംവരെ അവർക്കു വേണ്ടി പ്രാണത്യാഗം ചെയ്വാൻ പോലും തയ്യാറായിരുന്ന ആ നായന്മാരുടെ ഭാവം മാറി. തങ്ങളുടെ രക്ഷാധികാരിണിയായിരുന്ന രാജ്ഞി ദേശംവിട്ടു പോകുന്നു എന്നു കേട്ടാൽ ഒന്നു ചെന്നു കാണണമെന്നോ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നോ തോന്നുന്നതു സ്വാഭാവികമാണല്ലോ. എന്നാൽ ആ ദിക്കിലുള്ള നായന്മാർക്കു ആ വക ലൗകിക വിചാരമൊന്നുമുണ്ടായില്ല. അവിടെ കൂടെത്താമസിച്ചിരുന്ന ഭൃത്യന്മാർ പോയി രണ്ടു വഞ്ചികൾ കൊണ്ടുവന്നു അവിടെയുണ്ടായിരുന്ന ഭരണി, പാത്രങ്ങൾ മുതലായ സാമാനങ്ങളെല്ലാം ഒരു വഞ്ചിയിലാക്കി. ഉടനെ പണ്ടങ്ങളും പണമായിട്ടുണ്ടായിരുന്നതെല്ലാം എടുത്തും കൊണ്ടു തന്റെ സന്താനങ്ങളോടു കൂടി രാജ്ഞി മറ്റെ വഞ്ചിയിലും ചെന്നു കയറി. അപ്പോഴേക്കും ഭൃത്യന്മാരും എവിടെയൊ പൊയ്ക്കളഞ്ഞു, പരിചാരക ന്മാർ, കുട്ടിപ്പട്ടന്മാർ മുതലായവരും ഭൃത്യന്മാർ പോയ പുറകെ പോയി. കിംബഹുനാ? രാജ്ഞിയും അവിടുത്തെ സന്താനങ്ങളും മാത്രം അവിടെ ശേഷിച്ചു. സഹായത്തിനുള്ള ആളുകളും വഞ്ചിക്കാരുമെല്ലാം വരുമെന്നു വിചാരിച്ചു അവർ വളരെ നേരം ആ വഞ്ചിയിൽ നോക്കിക്കൊണ്ടിരുന്നു. ആരെയും കണ്ടില്ല. നേരം വൈകിത്തുടങ്ങുകയും ചെയ്തു. അപ്പോൾ രാജ്ഞിയ്ക്കു ഭയവും വ്യസനവും വർദ്ധിച്ചുതുടങ്ങി. 'ഈശ്വരാ! ഇവരെല്ലാം കൂടി എന്നെ ചതിക്കുകയായിരിക്കുമോ'? എന്നു പറഞ്ഞു ആ രാജ്ഞി കുറേശ്ശേ കരഞ്ഞുതുടങ്ങി. അമ്മയുടെ മുഖഭാവം മാറിക്കണ്ടപ്പോൾ മക്കളെല്ലാം കൂട്ടത്തോടെ കരഞ്ഞു തുടങ്ങി. നാലു വയസ്സു മുതൽ പത്തു വയസ്സുവരെ പ്രായമായ മൂന്നാലു കുട്ടികളല്ലാതെ പ്രായം തികഞ്ഞവരായി ആ രാജ്ഞിയുടെ മക്കളിലാരുമുണ്ടായിരുന്നില്ല. രാജ്ഞി ഒരുവിധം തന്റെ വ്യസനത്തെ ഉള്ളിലൊതുക്കുകയും കുട്ടികളെ സമാധാനപ്പെടുത്തുകയും ചെയ്തിട്ട് തന്റെ മൂത്ത പുത്രനെ അവിടെ സമീപത്തുണ്ടായിരുന്ന നായർഗൃഹങ്ങളിലെല്ലാം പറഞ്ഞയച്ചു അവരെയൊക്കെ വിളിപ്പിച്ചു. അവരിൽ സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ യതൊരുത്തരും വന്നില്ല. എന്നുമാത്രമല്ല,ആ രാജകുമാരൻ ചെന്നു വിളിച്ചിട്ട് അവരാരും മിണ്ടിയതു പോലുമില്ല. പിന്നെ രാജ്ഞി ആ കുമാരനെത്തന്നെ ചില മാപ്പിളവീടുകളിൽ പറഞ്ഞയച്ചു. അവിടെയൊക്കെ ചെന്നു നോക്കിയിട്ടു ആരെയും കണ്ടതു പോലുമില്ല. ആ വിവരവും കുമാരൻ മടങ്ങിവന്നു പറഞ്ഞു. അപ്പോൾ രാജ്ഞി താൻ നിസ്സഹായയിത്തീർന്നുവെന്നു തീർച്ചയാക്കി. രാവിലെ ഊണുകഴിച്ചു വഞ്ചിയിൽ കയറിയ കുട്ടികളെല്ലാം വിശപ്പു കൊണ്ടു ക്ഷീണിച്ചു കരഞ്ഞു തുടങ്ങിയിരിക്കുന്നു. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. ‘ഇനി എന്തൊരു ഗതിയാണീശ്വരാ!’ ആകപ്പാടെ ആപത്തിലായല്ലോ എന്നു പറഞ്ഞു രാജ്ഞി വീണ്ടും കരഞ്ഞു തുടങ്ങി. അതു കണ്ടപ്പോൾ കുട്ടികളുടെ കരച്ചിൽ ഒന്നു കൂടി വർദ്ധിച്ചു.
ഇങ്ങിനെ അവരെല്ലാവരും കൂടി കരഞ്ഞുകൊണ്ടിരുന്നപ്പോൾ സ്വല്പം ദൂരെ കൂടി നാലു മാപ്പിളമാർ കടന്നു പോകുന്നതു കണ്ടിട്ട് രാജ്ഞി തന്റെ പുത്രനെക്കൊണ്ട് അവരെ വിളിപ്പിച്ചു. അവർ അടുത്തു വന്നപ്പോൾ രാജ്ഞിയെ കാണുകയും താണു തൊഴുതുകൊണ്ട് 'ഇപ്പോൾ ഇവിടെയിങ്ങനെയെഴുന്നള്ളിയിരിക്കുന്നതെന്താണു എന്നു ചോദിച്ചു. രാജ്ഞി സംഗതികളെല്ലാം പറഞ്ഞു അവരെ ധരിപ്പിച്ചതിന്റെ ശേഷം 'ഏതുവിധവും നിങ്ങൾ കഴിയുന്നതും വേഗത്തിൽ എന്നെയും എന്റെ കുട്ടികളെയും കൈപ്പുഴെ കൊണ്ടുചെന്നാക്കണം. അതിനു നിങ്ങൾക്കു എന്തു വേണമെങ്കിലും തരാം’ എന്നു പറഞ്ഞു. അതു കേട്ടു മാപ്പിളമാർ ‚‘ഒന്നും കല്പിച്ചു തന്നില്ലെങ്കിലും അവിടേയ്ക്കു വേണ്ടി എന്തും ചെയ്യാൻ അടിയങ്ങൾ തയ്യാറാണ്. വിശേഷിച്ചും ഈ സ്ഥിതിയിൽ അടിയങ്ങളാൽ കഴിയുന്നതു ചെയ്തില്ലങ്കിൽ പിന്നെ മനുഷ്യരായി ജീവിക്കുന്നതെന്തിനാണ്? അവിടുത്തെ ചോറാണു അടിയങ്ങൾ ഇതുവരെ തിന്നിട്ടുള്ളത്. അതു ചത്താലും മറക്കുകയില്ല. എന്നാൽ കല്പിച്ചു ഒരര നാഴിക ഒന്നു ക്ഷമിക്കണം. അടിയങ്ങൾ നേരം വെളുത്തപ്പോൾ കൂലിവേലയ്ക്കു വിടകൊണ്ടതാണ് . ഇന്നു കരിക്കാടി ആഹരിച്ചിട്ടില്ല. അതിനാൽ ക്ഷണത്തിൽ കുറച്ചു കരിക്കാടിവെള്ളം മൊന്തികൊണ്ടു വിടകൊള്ളാം. കല്പിച്ച കാര്യം അടിയങ്ങൾ ഏറ്റിരിക്കുന്നു. അതിനു യാതൊരു വ്യത്യാസവും വരുത്തുകയില്ല‛ എന്നു പറഞ്ഞു പോയി. ഉടനെ അവർ നാലു പേരും ആഹാരവും കഴിച്ചു വന്നു വഞ്ചികളിൽ ഈരണ്ടു പേർ കയറി. വഞ്ചി നീക്കാറായപ്പോൾ ശുദ്ധഹൃദയയായ ആ രാജ്ഞി വ്യസനാക്രാന്തയായി കരഞ്ഞുകൊണ്ട് 'എന്റീശ്വരാ! ഈ ദിക്കിലുള്ള നായന്മാരെല്ലാം നശിച്ചു പോണേ. മാപ്പിളമാരെല്ലാം സകലശ്രയസ്സുകളോടു കൂടിവർദ്ധിച്ചു വരികയും ചെയ്യണേ' എന്നു പറഞ്ഞിട്ടു ആപത്തൊന്നും കൂടാതെ തന്റെ പൂർവ്വഗൃഹത്തിൽ ചെന്നെത്താനായി ഈശ്വരനെ പ്രാർഥിച്ചു.
യാതൊരാപത്തിനും ഇടയാകാതെ പിറ്റേദിവസം അതിരാവിലെ വഞ്ചികൾ കൈപ്പുഴക്കടവിലടുത്തു. രാജ്ഞിയും മക്കളും കരയ്ക്കിറങ്ങി; രാജമന്ദിരത്തിലേക്കുപോയി. തലേദിവസം ഭക്ഷണം കഴിക്കാതെയിരുന്നതിനാൽ അവർക്കു വളരെ ക്ഷീണമുണ്ടായിരുന്നു. അതിനാൽ ഉടനെ അവർ കുറച്ചു ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും വഞ്ചിക്കാരായ മാപ്പിളമാരും കൈപ്പുഴ ഉണ്ടായിരുന്ന ഭൃത്യന്മാരും കൂടി സാമാനങ്ങളെല്ലാം ചുമന്നു കോയിക്കലാക്കി. രാജ്ഞി ആ മാപ്പിളമാർക്കു കേമമായി ഭക്ഷണം കൊടുപ്പിക്കുകയും അവർ വിചാരിച്ചിരുന്നതിൽ വളരെ അധികം പണവും സമ്മാനങ്ങളും കൊടുത്തു സന്തോഷിപ്പിച്ചയക്കുകയും ചെയ്തു.
രാജ്ഞി പുളിങ്കുന്നിൽനിന്നു പോയിട്ടു അധികം തമസിയാതെ തന്നെ തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യവും അതൊടു കൂടി പുളിങ്കുന്നും പിടിച്ചടക്കി സ്വരാജ്യത്തോടുചേർത്തു. ആ രാജ്ഞിയുടെ ശാപവും അനുഗ്രഹവും നിമിത്തം കാലക്രമേണ പുളിങ്കുന്നിലുണ്ടായിരുന്ന നായർകുടുംബങ്ങളെല്ലാം നശിക്കുകയും മാപ്പിളമാരെല്ലാം വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ പുളിങ്കുന്നെന്ന സ്ഥലത്തു നാലോ അഞ്ചോ നായർ കുടുംബങ്ങൾ മാത്രമേയുള്ളു. ആ കുടുംബക്കാരെല്ലാം നിത്യവൃത്തിക്കു പോലും വകയില്ലാതെ അഗതികളുമാണ്. അവിടെയിപ്പോൾ നസ്രാണി മാപ്പിളമാരുടെ വീടുകൾ മുന്നൂറിലധികമുണ്ട്. ആ വീട്ടുകാരിൽ മിക്കവരും വലിയ ധനവാന്മാരുമാണ്. പുളിങ്കുന്നിലുള്ള നായന്മാരുടെ അധഃപതനത്തിനും ആപത്തുകൾക്കും കാരണം കൈപ്പുഴ രാജ്ഞിയുടെ ശാപമാണെന്നു അടുത്ത കാലത്തു പാഴൂർ കണിയാരുടെ പ്രശ്നവിധിയുണ്ടായിട്ടുണ്ട്.