ഐതിഹ്യമാല/കൈപ്പുഴത്തമ്പാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കൈപ്പുഴത്തമ്പാൻ


വൈദ്യം, മന്ത്രവാദം, ജ്യോതി‌ഷം, ഇന്ദ്രജാലം മുതലായ വിദ്യകളിൽ അദ്വിതീയനായിരുന്ന കൈപ്പുഴത്തമ്പാനെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ആയി മലയാളത്തിൽ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എങ്കിലും നമ്മുടെ മലയാളരാജ്യത്ത് മുമ്പുണ്ടായിരുന്ന അനേകം മഹാന്മാരുടെ കഥകൾ ഇപ്പോൾ വിസ്മൃതിപഥത്തിലകപ്പെട്ടു പോയിരിക്കുന്നപോലെ ഈ മഹാന്റെ ചരിത്രവും കാലാന്തരത്തിൽ പോയ്പോയേക്കാവുന്നതുകൊണ്ട് അങ്ങനെ വരാതിരിക്കാനായി അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ള ചില സംഗതികൾ ചുവടെ പ്രസ്താവിച്ചുകൊള്ളുന്നു.

കൈപ്പുഴത്തമ്പാന്റെ ഓമനപ്പേരു 'കുഞ്ചു' എന്നായിരുന്നതിനാൽ അദ്ദേഹത്തെ ചിലർ 'കുഞ്ചുത്തമ്പാനെ'ന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിനു അനേകം വിദ്യകളിൽ വൈദഗ്ദ്ധ്യമുണ്ടായിരുന്നു എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഇദ്ദേഹം ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായവ ഗ്രഹിച്ചത് വലിയ ഐന്ദ്രജാലികനെന്നു സുപ്രസിദ്ധനായിരുന്ന വട്ടപ്പറമ്പിൽ വലിയത്താന്റെ അടുക്കൽനിന്നാണ്. കോട്ടയത്ത് രാജാവിന്റെ ശി‌ഷ്യനും തിരുവതാംകൂർ അശ്വതിതിരുനാൾ തിരുമനസ്സിലെ ഗുരുവും വലിയ ഐന്ദ്രജാലികനും ആയിരുന്ന 'പീതാംബരയ്യൻ' എന്ന പാരദേശികബ്രാഹ്മണനെയും പത്മതീർത്ഥത്തിൽ വെള്ളത്തിനു മീതെ കച്ചവടസ്സാമാനങ്ങൾ നിരത്തി കച്ചവടം നടത്തിയ മഹേന്ദ്രജാലക്കാരായ പട്ടാണികളെയും വെള്ളത്തിൽ മുക്കിയും മറ്റും തോല്പിച്ചു തിരുവനന്തപുരത്തുനിന്നോടിച്ച മഹാനായിരുന്ന വലിയത്താന്റെ ശി‌ഷ്യനായിരുന്നുവെങ്കിലും തമ്പാൻ തിരിയിൽനിന്നും കൊളുത്തിയ പന്തം പോലെ മോടിവിദ്യയിൽ ഗുരുവിനേക്കാളധികം ശോഭിച്ചിരുന്നു. എങ്കിലും വലിയത്താന്റെ കാലം കഴിഞ്ഞതിന്റെ ശേ‌ഷമേ തമ്പാൻ തന്റെ വിദ്യകൾ അധികം പ്രകടിപ്പിച്ചു തുടങ്ങിയുള്ളൂ. വലിയത്താൻ കൊല്ലം 973-ാമാണ്ട് നാട് നീങ്ങിയ കാർത്തികതിരുനാൾ മഹാരാജാവ് തിരുമാനസ്സിലെക്കാലത്തും, തമ്പാൻ 1022-ആമാണ്ട് നാടുനീങ്ങിയ സ്വാതിതിരുനാൾ തിരുമനസ്സിലെക്കാലത്തുമാണ് ജീവിച്ചിരുന്നത്. തമ്പാന്റെ അത്ഭുതകർമ്മങ്ങളിൽ ചിലതു മാത്രമേ ഇവിടെ പറയുന്നുള്ളൂ.

1022-ആമാണ്ട് നാട് നീങ്ങിയ മഹാരാജാവു തിരുമനസ്സിലെക്കാലത്ത് ഒരിക്കൽ തമ്പാൻ തിരുവനന്തപുരത്തു ചെന്നിരുന്നു. തമ്പാൻ മുഖം കാണിക്കാനായി ചെന്നപ്പോൾ തിരുമനസ്സുകൊണ്ടു കരുവേലപ്പുര മാളികയിലാണ് എഴുന്നള്ളിയിരുന്നത്. തമ്പാൻ തിരുമുമ്പാകെ ചെന്നത് വലിയ വേനൽക്കാലത്ത് ഒരുദിവസം ഉച്ചതിരിഞ്ഞ സമയത്തായിരുന്നു. തമ്പാനെ കണ്ടപ്പോൾ കുശലപ്രശ്നാനന്തരം "തമ്പാനെ കണ്ടിട്ട് വളരെ നാളായി. തമ്പാൻ കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നിട്ട് വിദ്യയൊന്നും കാണിക്കാതെയാണല്ലോ പോയത്. ഈ പ്രാവശ്യം അങ്ങനെയായാൽ പോരാ. ഇന്നുതന്നെ എന്തെങ്കിലും ഒന്ന് കാണിക്കണം" എന്ന് കല്പിച്ചു.

തമ്പാൻ: തിരുമുമ്പാകെ കാണിക്കാൻ തക്കവിദ്യയൊന്നും അടിയൻ ഗ്രഹിച്ചിട്ടില്ല. പഠിച്ചിട്ടുള്ളതെല്ലാം പലപ്പോഴായി ഇവിടെ കാണിക്കുകയും കല്പിച്ചു തൃക്കൺപാർക്കുകയും ചെയ്തിട്ടുണ്ട്. ഇനി കാണിക്കാനൊന്നുമില്ല.

തിരുമനസ്സുകൊണ്ട്: ഉപായമൊന്നും പറയേണ്ടാ. പുതിയതായിട്ട് എന്തെങ്കിലും ഒരു വിദ്യ ഇന്ന് കാണിക്കണം.

തമ്പാൻ: നിർബന്ധമാണെങ്കിൽ കൂടാതെ കഴിയുകയില്ലല്ലോ. വല്ലതും നോക്കാം. വെയിലിന്റെ ചൂടല്പം കുറയട്ടെ. ഉഷ്ണം കലശലായിരിക്കുന്നു.

തിരുമനസ്സുകൊണ്ട്: ഉഷ്ണ ത്തിന്റെ കാര്യം ഒന്നും പറയാനില്ല. ഏതാനും ദിവസമായിട്ട് ഞാൻ വളരെ ക്ഷീണിക്കുന്നുണ്ട്. ഇയ്യിടെയെ ങ്ങാനും മഴയ്ക്ക് യോഗമുണ്ടോ? തമ്പാൻ ജ്യോത്സ്യൻ ആയതുകൊണ്ട് അതും അറിയാമല്ലോ. ബുധശുക്രന്മാരിപ്പോൾ എവിടെ ആണ്?

തമ്പാൻ: ബുധശുക്രന്മാർ എവിടെയെങ്കിലും ആകട്ടെ. ഇന്നൊരു മഴയ്ക്ക് യോഗമുണ്ട്.

തിരുമനസ്സുകൊണ്ട്: ഇന്നോ? അതബദ്ധം തന്നെ. ഇന്ന് മഴയുണ്ടാവാനുള്ള ലക്ഷണം ഒന്നും കാണുന്നില്ലല്ലോ.

തമ്പാൻ: മഴയ്ക്ക് ലക്ഷണം ഒന്നും വേണമെന്നില്ല. അതിനു വരാൻ തോന്നിയാൽ ഇങ്ങോട്ട് വന്നേയ്ക്കും. അത്ര ഉള്ളൂ. "അവർ‌ഷണം ചാപ്യതിവർ‌ഷണഞ്ച ദേവോ ന ജാനാതി കുതോ മനു‌ഷ്യഃ" എന്നുണ്ടല്ലോ.

തിരുമനസ്സുകൊണ്ട്: എന്നാൽ തമ്പാൻ എങ്ങനെ തീർച്ചയാക്കി? തമ്പാൻ ദേവന്മാരെക്കാൾ ദിവ്യജ്ഞാനം ഉള്ള ആളാണോ?

തമ്പാൻ: തിരുമനസ്സിലെ അടുക്കൽ തർക്കിക്കാൻ അടിയൻ ശക്തനല്ല. ഇന്ന് മഴയുണ്ടാകുമെന്നുള്ള കാര്യം തീർച്ചയാണ്.

തിരുമനസ്സുകൊണ്ട്: ഇന്ന് മഴയുണ്ടാകുന്നപക്ഷം തമ്പാന് തക്കതായ ഒരു സമ്മാനം തരാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.

ഇത്രയും സംഭാ‌ഷണം കഴിഞ്ഞപ്പോഴേയ്ക്കും അതികലശലായി മഴക്കാറ് കണ്ടു തുടങ്ങി. ഇടിയും മിന്നലും അതിനെ തുടർന്ന് ഉടനെ "തമ്പാൻ പറഞ്ഞത് പോലെ മഴ ഉണ്ടായേക്കുമെന്നു തന്നെയാണ് തോന്നുന്നത്. നല്ല തണുത്ത കാറ്റ് വന്നുതുടങ്ങിയതുകൊണ്ട് ഇപ്പോൾത്തന്നെ ഉഷ്ണ ത്തിന് വളരെ കുറവുണ്ട്. വരാന്തയിൽ ഇരുന്നാൽ നല്ലപോലെ കാറ്റ് കൊള്ളാമല്ലോ" എന്നു കല്പിച്ചുകൊണ്ട് വടക്കേ വരാന്തയിലെഴുന്നള്ളിയിരുന്നു. അപ്പോഴേയ്ക്കു അതിഭയങ്കരമായ ഇടിയും മഴയും തുടങ്ങി കഴിഞ്ഞു. ഒരുമാത്ര കഴിഞ്ഞപ്പോഴേയ്ക്കും വെള്ളം പൊങ്ങിത്തുടങ്ങി. പത്മതീർത്ഥം നിറഞ്ഞുകവിഞ്ഞു വെള്ളം നാല് പുറത്തേയ്ക്കും ഒഴുകി തുടങ്ങുകയും പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതിൽക്കകവും അടുത്തുള്ള ഗൃഹങ്ങളും കരുവേലപ്പുരമാളികയുടെ താഴെയുമെല്ലാം വെള്ളം കൊണ്ട് നിറയുകയും ചെയ്തു. ഗംഭീരാശയനായ തിരുമനസ്സുകൊണ്ടു ആകപ്പാടെ പരിഭ്രമിച്ചു വശായി. അടുക്കൽ നിന്നിരുന്ന തമ്പാനോട് "ഇനി എന്താ നിവൃത്തി? വെള്ളം ഈ മാളികവരെ പൊങ്ങുക ആണെങ്കിൽ പിന്നെ എന്താ ചെയ്ക?" എന്ന് കല്പിച്ചു ചോദിച്ചു. "എന്തോ ഒന്നും അറിഞ്ഞു കൂടാ. എല്ലാം പത്മനാഭനു തന്നെ അറിയാം" എന്നായിരുന്നു തമ്പാന്റെ മറുപടി. ഇത്രയും പറഞ്ഞു തീർന്നപ്പോഴെയ്ക്കും വെള്ളം പൊങ്ങിപ്പൊങ്ങി കരുവേലപ്പുരയുടെ വരാന്തയിലേക്ക് കയറിത്തുടങ്ങി. മാത്രക്കുമുൻപേ അവിടെ വെള്ളം മുട്ടോളം ആയി. തിരുമനസ്സുകൊണ്ടു പരിഭ്രമം കലശലായി. ഉടനെ കഥ കഴിയുമെന്നു കല്പിച്ചു തീർച്ചയാക്കി. ഭക്തിപൂർവ്വം പത്മനാഭനെ സ്മരിച്ചുകൊണ്ട് അവിടുന്ന് എണീറ്റുനിന്നു. അപ്പോൾ പതിനെട്ടു തണ്ടുവച്ച ഒരു ബോട്ട് വടക്കുനിന്നു അതിവേഗത്തിൽ വരുന്നതായി കല്പിച്ചു കണ്ടു. ആ ബോട്ട് നേരെ വന്നു കരുവേലപുര മാളികയുടെ വരാന്തയോട് ചേർന്നടുക്കുകയും ബോട്ടിലുണ്ടായിരുന്നവർ "വേഗത്തിൽ ബോട്ടിലേക്ക് എഴുന്നള്ളണം. താമസിച്ചാൽ ആപത്തുണ്ടാകും" എന്ന് വിളിച്ചറിയിക്കുകയും ചെയ്തു. ഉടനെ "എന്നാൽ വരൂ തമ്പാനെ! നമുക്ക് എവിടെയെങ്കിലും പോയി ജീവനെ രക്ഷിക്കാം" എന്ന് കല്പിച്ചുകൊണ്ട് വരാന്തയിൽ നിന്നും ബോട്ടിലേക്ക് തൃക്കാലെടുത്തു വയ്ക്കാൻ ഭാവിച്ചപ്പോൾ തമ്പാൻ തൃക്കൈ പിടിച്ചു പുറകോട്ടു വലിച്ചു കൊണ്ട്, "എന്താണ് കല്പിച്ചു ചെയ്യാൻ ഭാവിക്കുന്നത്?" എന്നു ചോദിച്ചു. "ബോട്ടിൽ കയറാഞ്ഞാലോ?" എന്നു തിരുമനസ്സുകൊണ്ടും "ബോട്ടെവിടെ" എന്നു തമ്പാനും പരസ്പരം ചോദ്യമായി. ഉടനെ കല്പിച്ചുനോക്കിയപ്പോൾ അവിടെ ബോട്ടും വെള്ളവും മഴയും മഴക്കാറും ഇടിയും മിന്നലും ഒന്നും ഉണ്ടായിരുന്നില്ല. യഥാപൂർവ്വം നല്ല വെയിൽ മാത്രമുണ്ടായിരുന്നു. അപ്പോഴാണ് ഇതെല്ലാം തമ്പാന്റെ ഇന്ദ്രജാലവിദ്യയായിരുന്നു എന്ന് തിരുമനസ്സിലേക്കു ബോധ്യമായത്. ഉടനെ ഒന്നാംതരത്തിൽ രണ്ടു വീരശൃംഖല വരുത്തി തമ്പാന്റെ രണ്ടു കൈക്കും കല്പിച്ചിടുവിച്ചു "തമ്പാന്റെ വിദ്യ കുറച്ചധികമായിപ്പോയി. ഇത്രയും വേണ്ടായിരുന്നു. ഞാൻ വല്ലാതെ പരിഭ്രമിച്ചുപോയി. എങ്കിലും സന്തോ‌ഷമായി. എന്നാൽ ഇതുകൊണ്ട് മതിയായില്ല. ഇത് ഞാൻ മാത്രമല്ലേ കണ്ടുള്ളൂ? നാളെ ഉച്ചയ്ക്ക് എല്ലാവർക്കും കാണാൻ സൗകര്യമുള്ള സ്ഥലത്തുവച്ച് പരസ്യമായിട്ടുകൂടി ചില വിദ്യകൾ കാണിക്കണം" എന്ന് കല്പിക്കുകയും തമ്പാൻ അങ്ങനെയാവാമെന്നു സമ്മതിക്കുകയും ചെയ്തു.

പിറ്റേദിവസം തമ്പാന്റെ ജാലവിദ്യാ പ്രദർശനം ഉണ്ടെന്നു കേട്ട് അവിടെ അസംഖ്യം ആളുകൾ കൂടി. മഹാരാജാവ് തിരുമനസ്സുകൊണ്ടു കരുവേലപ്പുര മാളികയിൽ എഴുന്നള്ളിയിരിക്കുകയും ചെയ്തു. അപ്പോൾ തമ്പാൻ എല്ലാവരും കാൺകെ മെതിയടിയിൽ കയറി വെള്ളത്തിന്റെ മീതെ നടന്നു പത്മതീർത്ഥക്കുളത്തിന്റെ മധ്യഭാഗത്ത് ചെന്ന് അവിടെ ഒരു കരിമ്പടം വിരിച്ചു അതിൽ അനേകം കച്ചവടസ്സാമാനങ്ങൾ നിരത്തി വച്ചു കൊണ്ടിരുന്നു. അവിടെയിരുന്നുകൊണ്ട് തമ്പാൻ പല വിദ്യകൾ കാണിച്ചു. അവയെല്ലാം കണ്ടു തിരുമനസ്സുകൊണ്ടും കാഴ്ചക്കാരായ ഇതരജനങ്ങളും ഏറ്റവും വിസ്മയിച്ചു. തമ്പാൻ കുറച്ചു ദിവസം തിരുവനന്തപുരത്തു താമസിച്ചിട്ട് മടങ്ങിപ്പോവുകയും ചെയ്തു. തമ്പാൻ യാത്ര അറിയിച്ചപ്പോൾ പതിവുള്ള സമ്മാനവും യാത്രചെലവുവകയ്ക്ക് ആയിരം പണവും കല്പ്പിച്ചു കൊടുത്ത് "തമ്പാൻ താമസിയാതെ ഇനിയും വരണം" എന്ന് കല്പിക്കുകയും ചെയ്തു.

തമ്പാൻ പിന്നെയൊരിക്കൽ തിരുവനന്തപുരത്തു ചെന്നപ്പോഴും വിദ്യ വല്ലതും കാണിക്കണമെന്ന് തിരുമനസ്സുകൊണ്ടു നിർബന്ധപൂർവ്വം കൽപ്പിക്കയാൽ അങ്ങനെയാകാമെന്നു സമ്മതിച്ച്, വലിയകൊട്ടാരത്തിന്റെ മുറ്റത്ത് ഒരു വലിയ കരിമ്പടം വിരിച്ചു അവിടെയിരുന്നുകൊണ്ട് ചില വിദ്യകൾ കാണിക്കാനായി ഭാവിച്ചു. അപ്പോൾ മേൽബ്ഭാഗത്തുനിന്ന് ഒരു നൂലിറങ്ങി വന്നു. അതിന്റെ അറ്റത്ത് ഒരെഴുത്തും ഉണ്ടായിരുന്നു. അത് വന്നു തമ്പാന്റെ തലയ്ക്കു മീതെ ആയപ്പോൾ അവിടെ നിന്നു. ഉടനെ തമ്പാൻ ആ എഴുത്തെടുത്തു വായിച്ചു നോക്കീട്ട് അടുക്കൽത്തന്നെ എഴുന്നള്ളിയിരിക്കുന്ന തിരുമനസ്സിലെ അടുക്കൽ "എനിക്ക് ഇനിയിപ്പോൾ ഇവിടെ താമസിക്കാൻ നിവൃത്തിയില്ല. ദേവേന്ദ്രന്റെ ഒരെഴുത്ത് വന്നിരിക്കുന്നു. അതിനാൽ ദേവലോകത്ത് പോയി തിരിച്ചു വന്നിട്ട് വല്ലതും വിദ്യ കാണിക്കാം" എന്നറിയിക്കുകയും ആ എഴുത്ത് തൃക്കൈയിൽ കൊടുക്കുകയും ചെയ്തു. ആ എഴുത്ത് ദേവനാഗരാക്ഷരത്തിൽ ഗീർവ്വാണഭാ‌ഷയിൽ എഴുതപ്പെട്ടതായിരുന്നു. അതിലെ സംഗതിയുടെ ചുരുക്കം, ദേവലോകത്ത് അതിഭയങ്കരമായ ദേവാസുരയുദ്ധം ആരംഭിച്ചിരിക്കുന്നു എന്നും അതിനാൽ ദേവേന്ദ്രനെ സഹായിക്കുവാനായി തമ്പാൻ ക്ഷണത്തിൽ ചെല്ലണമെന്നുമായിരുന്നു. അതിൽ തമ്പാന്റെ പേർക്കുള്ള മേൽവിലാസവും ദേവേന്ദ്രന്റെ പേരും ഒപ്പും മുദ്രയുമുണ്ടായിരുന്നു. തിരുമനസ്സുകൊണ്ടു ആ എഴുത്ത് തൃക്കൺപാർത്തുകൊണ്ടിരുന്നപ്പോൾ തമ്പാൻ ആ നൂലിന്മേൽ പിടിച്ചു കൊണ്ട് മേലോട്ടു പൊങ്ങിപ്പോവുകയും ക്ഷണനേരം കൊണ്ട് അദ്ദേഹം അദൃശ്യനായിത്തീരുകയും ചെയ്തു. അപ്പോൾ തിരുമനസ്സുകൊണ്ടും അവിടെ കൂടിയിരുന്നവരുമെല്ലാം അത്ഭുതപരവശന്മാരായിത്തീർന്നു. ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോൾ ആ സ്ഥലത്ത് മഴപെയ്യുന്നത് പോലെ മേൽഭാഗത്തുനിന്നും രക്തം വീണുതുടങ്ങി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ദേഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ചില ശിരസ്സുകളും കൈകളും കാലുകളും തലയില്ലാത്ത ചില മൃതശരീരങ്ങളും മീതേക്ക് മീതെ വന്നു വീണു അവിടം നിറഞ്ഞു. ആ കൂട്ടത്തിൽ അനേകം ആനകളുടെയും കുതിരകളുടെയും ശവങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെ ചിലതൊക്കെ കൂടി കണ്ടുതുടങ്ങിയപ്പോൾ എല്ലാവർക്കും ആശ്ചര്യത്തോടു കൂടി വല്ലാതെ ഒരു ഭയം കൂടി ഉണ്ടായിത്തീർന്നു. ഒടുക്കം രക്തപ്രവാഹത്തോടു കൂടി തമ്പാന്റെ തലയും അവിടെ വന്നു വീണു. അത് കണ്ടപ്പോൾ ഇതെല്ലാം തമ്പാന്റെ വിദ്യയാണെന്ന് നല്ല നിശ്ചയമുണ്ടായിരുന്ന തിരുമനസ്സിലെ തിരുവുള്ളത്തിലും സ്വല്പമൊരു വികാരഭേദം ഉണ്ടായിപ്പോയി. ഇതെല്ലാം കണ്ടുകൊണ്ടു ഒരു മറയുടെ ഉള്ളിൽ നിന്നിരുന്ന അമ്മച്ചി തമ്പാന്റെ തലകൂടി കണ്ടപ്പോൾ മൂർച്ഛിച്ചു വീണുപോയി. ഉടനെ തിരുമനസ്സുകൊണ്ടു അതറിഞ്ഞു എണീറ്റ് അങ്ങോട്ട് എഴുന്നള്ളാൻ ആയി തിരിഞ്ഞപ്പോൾ തമ്പാൻ തിരുമനസ്സിലെ പുറകിൽ നിന്നുകൊണ്ട് "ഇനി പരിഭ്രമിക്കാനും പേടിക്കാനുമൊന്നുമില്ല. ഇന്നത്തെ കളി കഴിഞ്ഞു" എന്ന് പറഞ്ഞു. തിരുമനസ്സുകൊണ്ടു തിരിഞ്ഞുനോക്കിയപ്പോൾ ആ മുറ്റത്ത് തമ്പാനെയല്ലാതെ മറ്റൊന്നും കാണ്മാനുണ്ടായിരുന്നില്ല. ആ പ്രാവശ്യവും തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു തമ്പാന് അനേകം സമ്മാനങ്ങൾ കല്പിച്ചു കൊടുക്കുകയുണ്ടായി. ഈ വിദ്യ തമ്പാനൊരിക്കൽ തന്റെ അമ്മയെ കാണിക്കാനായി സ്വഗൃഹത്തിൽ വച്ചും കാണിച്ചിട്ടുണ്ട്.

കൈപ്പുഴത്തമ്പാൻ ഒരിക്കൽ പന്തളത്ത് ചെന്നിരുന്നു. തമ്പാനെ കണ്ടപ്പോൾ അവിടത്തെ വലിയതമ്പുരാൻ "തമ്പാനെയും തമ്പാന്റെ വിദ്യകളും കണ്ടിട്ട് വളരെക്കാലമായി. ഇന്ന് നേരം വൈകിയല്ലോ. അതു കൊണ്ട് നാളെ മതി. എന്തെങ്കിലും ഒരു വിദ്യ കാണിക്കണം" എന്ന് കല്പിച്ചു. "പ്രായാധിക്യംകൊണ്ട് വിദ്യകളൊക്കെ ഇയ്യിടെ നിറുത്തിവച്ചിരിക്കുകയാണ്. ഇനി അതിനൊക്കെ പുറപ്പെട്ടാൽ ഒന്നും ശരിയാവുകയില്ല" എന്ന് തമ്പാൻ മറുപടി പറഞ്ഞപ്പോൾ "ഉപായമൊന്നും പറയേണ്ടാ. ഏതെങ്കിലും ഒന്ന് കാണിക്കാതെ തമ്പാനെ ഞാനിവിടെ നിന്നും വിട്ടയക്കുകയില്ല" എന്ന് വലിയതമ്പുരാൻ വീണ്ടും കല്പിച്ചു. അതിനു ശേ‌ഷമായി തമ്പാൻ ഒന്നും പറഞ്ഞില്ല. തമ്പാൻ അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം രാവിലെ വലിയതമ്പുരാനും തമ്പാനും കൂടി കുളിക്കാനായി പുഴക്കടവിലേക്ക് പോയി. കടവിൽ ചെന്ന് രണ്ടുപേരും പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ തമ്പാൻ "ഈ ആറ്റിൽ മുതലയുണ്ടോ?" എന്ന് ചോദിച്ചു. "വെള്ളം പൊങ്ങിക്കിടക്കുമ്പോൾ ചില കാലം മുതല വരാറുണ്ട്. കുളിക്കാൻ പോലും വെള്ളം കഷ്ടിയായിരിക്കുന്ന ഈ വേനൽക്കാലത്ത് ഇവിടെയെങ്ങാനും മുതല വരികയില്ല. ആറ്റിൽ പലസ്ഥലങ്ങളിൽ ഇടമുറിഞ്ഞിട്ടുള്ളതിനാൽ ഇപ്പോൾ മുതലയ്ക്ക് കയറിവരാൻ നിവൃത്തിയുമില്ല" എന്ന് വലിയതമ്പുരാൻ കല്പിച്ചു. അപ്പോഴേയ്ക്കും ഒരു വലിയ മുതല അവരുടെ മുൻപിലായി വന്നു പൊങ്ങി. അപ്പോൾ തമ്പാൻ, "ഇവിടെ മുതലയില്ലെന്നു കല്പിച്ചിട്ടു ഇതാ മുതല വന്നല്ലോ" എന്ന് പറഞ്ഞു. മുതല നേരെ ഇവരുടെ അടുക്കലേക്കു തന്നെ വന്നു. മുതലയെക്കണ്ട് പേടിച്ചു വലിയതമ്പുരാൻ എണീറ്റു. തമ്പാൻ അവിടെത്തന്നെ ഇരുന്നു. മുതല തമ്പാനെ തട്ടി വെള്ളത്തിലിട്ടു കടിച്ചെടുത്തും കൊണ്ടുപോയി. അപ്പോൾ തമ്പാൻ വലിയതമ്പുരാന്റെ നേരെ നോക്കി കൊണ്ട് "മുതലയുണ്ടോ എന്നു ചോദിച്ചിട്ട് ഇല്ലെന്നല്ലേ അവിടുന്ന് പറഞ്ഞത്? ഇങ്ങനെ ഭോ‌ഷ്ക് പറഞ്ഞു എന്നെ മുതലയ്ക്ക് ഇരയാക്കിത്തീർത്തത് കഷ്ടമായിപ്പോയി. ഇത് അവിടേക്ക് ചേർന്ന പ്രവൃത്തിയല്ല" എന്നു പറഞ്ഞു. അപ്പോഴേക്കും മുതല തമ്പാനെയും കൊണ്ട് കുറെ അകലെ പോയി താണു. വലിയ തമ്പുരാൻ ആകപ്പാടെ ഏറ്റവും വി‌ഷണ്ണൻ ആയിത്തീർന്നു. ഉടനെ കരയ്ക്കു കയറി നിന്നുകൊണ്ട് ഭൃത്യന്മാരെയും മറ്റും വിളിച്ചു വരുത്തി വിവരം കല്പിച്ചു. അപ്പോഴേക്കും കർണ്ണാകർണ്ണികയാ ഈ വർത്തമാനം അറിഞ്ഞു വലക്കാരും മറ്റുമായി അവിടെ അസംഖ്യം ആളുകൾ കൂടിക്കഴിഞ്ഞു. വല വീശിയും ആളുകൾ ഇറങ്ങിത്തപ്പിയും മറ്റും ആറ്റിൽ എല്ലാം പല വിധത്തിൽ പരിശോധനകൾ നടത്തി. ഒരു ഫലവും ഉണ്ടായില്ല. തമ്പാനെ എന്നല്ല, മുതലയെ പോലും അവിടെയെങ്ങും കണ്ടില്ല. നേരമുച്ചയായപ്പോൾ ഇച്ഛാഭംഗത്തോടുകൂടി എല്ലാവരും പിരിഞ്ഞു. വലിയ വി‌ഷാദത്തോടുകൂടി വലിയ തമ്പുരാൻ നീരാട്ടുകുളി കഴിച്ചു അമ്പലത്തിലേക്ക് എഴുന്നള്ളി. വലിയ തമ്പുരാൻ എഴുന്നള്ളി ദർശനം കഴിക്കാതെ നടയടച്ചു പോകുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ചു ശാന്തിക്കാരൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അപ്പോൾ വലിയമ്പലത്തിൽ ജപിച്ചുകൊണ്ടിരുന്ന കൈപ്പുഴത്തമ്പാൻ, "ഇന്ന് നീരാട്ടു കുളിക്ക് ഇത്ര അമാന്തം പറ്റിയതെന്താണ്?" എന്നു ചോദിച്ചു. തമ്പാനെ കണ്ടപ്പോൾ അത്ഭുതപരവശൻ ആയിത്തീർന്ന വലിയതമ്പുരാൻ "തമ്പാനിവിടെ എത്തിയിരിക്കുന്നുവോ? ഇത് അറിഞ്ഞെങ്കിൽ കുളിക്കാൻ ഞാനിത്രയും അമാന്തിക്കുകയില്ലായിരുന്നു. തമ്പാനെന്നെ ചതിക്കുകയാണല്ലോ ചെയ്തത്" എന്നു കല്പിച്ചു. "വിദ്യ വലതും കാണിക്കണമെന്ന് അവിടുന്ന് നിർബന്ധിച്ചിട്ടല്ലേ ഇത്രയും കാണിച്ചത്? ഇത് ശരിയാണോ" എന്നു തമ്പാനും ചോദിച്ചു.

അനന്തരം രണ്ടുപേരും സ്വാമിദർശനം കഴിച്ചു കോയിക്കലേക്ക് പോയി ഊണും കഴിച്ചു. അപ്പോൾ തന്നെ തമ്പാൻ യാത്രയാവുകയാൽ അവിടെ നിന്നും തമ്പാന് അനേക സമ്മാനങ്ങൾ കൊടുത്തയച്ചു. ഇത്രയും പറഞ്ഞത് കൊണ്ട് തന്നെ കൈപ്പുഴത്തമ്പാന് ഇന്ദ്രജാലവിദ്യയിൽ അനിതരസാധാരണമായ നൈപുണ്യമുണ്ടായിരുന്നുവെന്നു സ്പഷ്ടമായിട്ടുണ്ടല്ലോ. അതിനാൽ ഇനി ഈ ഭാഗം അധികം വിസ്തരിക്കുന്നില്ല. തമ്പാൻ ജ്യോതി‌ഷത്തിലും അതി സമർത്ഥനായിരുന്നു എന്നുള്ളതിലേക്ക് ദൃഷ്ടാന്തമായി ഒരു സംഗതി കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്ന് വിചാരിക്കുന്നു.

ഒരിക്കൽ തമ്പാൻ തിരുവനന്തപുരത്ത് ചെന്ന് മുഖം കാണിച്ച സമയം "തമ്പാൻ വലിയ ജ്യോത്സ്യൻ ആണെന്നാണല്ലോ ജനങ്ങൾ പറയുന്നത് അതിനാൽ ഞാൻ എന്ന് ഏതു സമയത്ത് മരിക്കുമെന്ന് ഒന്നെഴുതി തരണം" എന്ന് കല്പിച്ചു. "ഇതനാവശ്യമാണ്. മരണ ദിവസം മുൻകൂട്ടി അറിഞ്ഞാൽ ആർക്കും വ്യസനവും പരിഭ്രമവും ഉണ്ടാകും. അതിനാൽ അതറിയാതിരിക്കുകയാണ് നല്ലത്" എന്ന് തമ്പാൻ തിരുമനസ്സറിയിച്ചു. "അതൊന്നും സാരമില്ല. ഇതൊന്നു നിശ്ചയമായിട്ടു എഴുതിത്തരണം" എന്നു വീണ്ടും നിർബന്ധപൂർവം കല്പിക്കുകയാൽ ഇന്നയാണ്ട്, ഇന്ന മാസം, ഇത്രാം തീയതി, ഇന്ന സമയത്ത് നാട് നീങ്ങും എന്ന് തമ്പാൻ എഴുതിക്കൊടുത്തു. ഉടനെ "തമ്പാനെന്നാണ് മരിക്കുന്നതെന്നു" കല്പിച്ചു ചോദിച്ചു. "അത് ഇതിനു രണ്ടു കൊല്ലം മുൻപാണ്" എന്നറിയിച്ചപ്പോൾ "എന്നാൽ അതുകൂടി വിവരമായി ഒന്നെഴുതിത്തരണം" എന്നു കല്പിക്കുകയും തമ്പാൻ എഴുതിക്കൊടുക്കുകയും ചെയ്തു. ഇതു കഴിഞ്ഞിട്ട് ഏതാനും കൊല്ലങ്ങൾക്കു ശേ‌ഷമായിരുന്നു തമ്പാന്റെ മരണം.

തമ്പാൻ മരിക്കുന്ന ദിവസമടുത്തപ്പോൾ സംസ്കാരത്തിന് വേണ്ടുന്ന ചന്ദനമുട്ടി, പട്ടു മുതലായവയും പിണ്ഡമടിയന്തരത്തിനു വേണ്ടു ന്ന പണവും കൊടുത്തു കല്പിച്ച് ആളുകളെ അയച്ചു. ഇവയെല്ലാം കൊണ്ട് തമ്പാന്റെ കോവിലകത്തിന് സമീപം എവിടെയെങ്കിലും പോയി ഗൂഢമായി താമസിക്കുകയും ആ സമയത്ത് തമ്പാൻ മരിച്ചുവെങ്കിൽ ഇതെല്ലാം തമ്പാന്റെ അനന്തരവനെ ഏല്പിച്ചു തിരിയെ വന്നു വിവരം അറിയിക്കുകയും, തമ്പാൻ മരിച്ചില്ല എങ്കിൽ എല്ലാം തിരികെ കൊണ്ടുപോരികയും ചെയ്യണമെന്നു കല്പിക്കുകയും ചെയ്തിരുന്നു. കല്പിച്ചതുപോലെ ആ ആളുകൾ പോയി തമ്പാന്റെ കോവിലകത്തിന് സമീപമൊരു സ്ഥലത്ത് താമസിച്ചു. മരിക്കാനുള്ള സമയമായപ്പോൾ തമ്പാൻ മുണ്ടും മറ്റും മാറ്റിയുടുത്ത് കാലും മുഖവും കഴുകി ഭസ്മം, ചന്ദനം, ഗോപി മുതലായവ ധരിച്ചു. സുഗന്ധപു‌ഷ്പങ്ങൾ ചൂടി തയ്യാറായതിന്റെ ശേ‌ഷം അനന്തരവനെ വിളിച്ചു പുല്ലും മണലും വിരിക്കാൻ പറഞ്ഞു വിരിപ്പിച്ചു അതിന്മേൽ കിടന്നു. നാരായണനാമം ജപിച്ചുകൊണ്ടുമരിച്ചു. അതുവരെ തമ്പാന് യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ല. തമ്പാൻ മരിച്ചപ്പോഴേക്കും കല്പിച്ചയച്ച ആളുകൾ അവിടെയെത്തി. കല്പിച്ചു കൊടുത്തയച്ചിരുന്നത് എല്ലാം തമ്പാന്റെ അനന്തരവനെ ഏല്പിച്ചിട്ട് തിരിച്ചു വന്നു വിവരം തിരുമനസ്സ് അറിയിച്ചു. നിശ്ചിത സമയത്തുതന്നെ തമ്പാൻ മരിച്ചു എന്നറിഞ്ഞപ്പോൾ തിരുമനസ്സിലേക്കു വല്ലാതെ ഒരാധി ഉണ്ടായി. പിന്നെ നാട് നീങ്ങുന്നത് വരെ അവിടെയ്ക്കു ബുദ്ധിക്കു നല്ല തന്റേടമില്ലായിരുന്നുവെന്നാണ് കേൾവി. തമ്പാൻ കുറിച്ചുകൊടുത്തിരുന്ന സമയത്ത് തന്നെ നാടു നീങ്ങുകയും ചെയ്തു.

ഈ ഒരു സംഗതി കൊണ്ട് തന്നെ തമ്പാൻ വലിയ ജ്യോത്സ്യനായിരുന്നുവെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ. ഇങ്ങനെ അദ്ദേഹത്തിന്റെ വൈദ്യം, മന്ത്രവാദം മുതലായവയെക്കുറിച്ചും അനേകം കഥകൾ പറയാനുണ്ട്. അതെല്ലാം ഇനി വേറൊരു അവസരത്തിലാവാമെന്നു വിചാരിച്ചു ഇപ്പോൾ വിരമിക്കുന്നു.