Jump to content

ഐതിഹ്യമാല/കുളപ്പുറത്തു ഭീമൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുളപ്പുറത്തു ഭീമൻ


മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഈ മനു‌ഷ്യന്റെ സാക്ഷാൽ പേര് എന്തായിരുന്നു എന്ന് നിശ്ചയമില്ല. അത്ഭുതകർമ്മങ്ങൾ നിമിത്തം ജനങ്ങൾ കൊടുത്തിട്ടുള്ളതാണ്. കുളപ്പുറത്തു ഭീമന്റെ അത്ഭുതകർമ്മങ്ങൾ പറയുകയെന്നുവച്ചാൽ അവസാനമില്ലാതെയുണ്ട്. അവയിൽ ചിലതു മാത്രമേ ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നുള്ളു.

ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നുവെങ്കിലും ഒട്ടും വിരൂപനായിരുന്നില്ല "വ്യൂഢോരസ്കോവൃ‌ഷസ്കന്ധസ്സാലപ്രാംശുർമ്മഹാഭുജഃ" എന്നു കാളിദാസൻ ദിലീപരാജാവിനെ വർണ്ണിച്ചിട്ടുള്ളതു നമ്മുടെ ഭീമനും നല്ലപോലെ ചേരുമായിരുന്നു. എന്നാൽ നമ്മുടെ ഭീമനു ചെറുപ്പത്തിൽ മതിയാകത്തക്കവണ്ണമുള്ള ആഹാരം സ്വഗൃഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല. ഭീമനു ഭക്ഷണം സാധാരണ മനു‌ഷ്യരെപ്പോലെ ആയാൽ മതിയാവുകയില്ലെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. കാരണവർ മരിക്കുകയും തനിക്കു തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. ഈ പതിവ് അയാളുടെ പതിനാറാമത്തെ വയസ്സിൽ നിശ്ചയിച്ചതാണ്. അതിനെ പിന്നെ ഒരിക്കലും അയാൾ ഭേദപ്പെടുത്തിയിരുന്നുമില്ല. എന്നാൽ ഇത്രയും കൊണ്ട് അയാൾക്കു മതിയായിരുന്നു എന്ന് ആരും വിചാരിച്ചുപോകരുത് അയാൾ കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂർവ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാൾ നികത്തിപ്പോന്നത്. പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാൾ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തിൽ ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാൾ ചെയ്തിരുന്നത്. യൗവ്വനമായപ്പോൾ മാൻ, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകൾ കെട്ടി വലിയ ചെമ്പിലോ വാർപ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോൽ പൊളിച്ചാണ് അയാൾ തിന്നിരുന്നത്. അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകൽ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാൽക്കട്ടിൽ) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാൻ,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാൽക്കട്ടിലിൽ മലർന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാൾ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു.

നമ്മുടെ ഭീമൻ ഗംഭീരനായിരുന്നുവെങ്കിലും ഒരു വിനോദശീലനു മായിരുന്നു. അയാൾ മാനിനെയും പന്നിയെയും മറ്റും പിടിക്കാൻ കാട്ടിൽ പോകുമ്പോൾ ചില ദിവസങ്ങളിൽ നാലും അഞ്ചും പുലിക്കുട്ടികളെയും പിടിച്ചുകൊണ്ടു പോരും അവയെ വീട്ടിൽ കൊണ്ടുവന്നു പൂച്ചക്കുട്ടികളെപ്പോലെ വളർത്തി, ചില കളികൾ പഠിപ്പിച്ചു സർക്കസ്സുകാരെപ്പോലെ കളിപ്പിക്കുക പതിവായിരുന്നു. ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു വലിയ കടുവയെ കണ്ടു. അതിനെയും അയാൾ പിടിച്ചു വീട്ടിൽ കൊണ്ടു വന്നു. ശ്രീകൃ‌ഷ്ണൻ ഉരൽ വലിച്ചുകൊണ്ടു ചെന്ന വഴിയിൽ നിന്നിരുന്ന കകുഭദ്രുമങ്ങൾ പോലെ രണ്ടു മരങ്ങൾ അടുത്തടുത്തു കുളപ്പുറത്തു പുരയിടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ഭീമൻ ആ കടുവായെ ആ മരങ്ങളുടെ ഇടയ്ക്കു കയറ്റി ഒന്നമർത്തി അവിടെ നിറുത്തി. കടുവാകാലുകൾ നിലത്തു തൊടാതെയും വായ്പൊളിച്ചും നാക്കുനീട്ടിയും കണ്ണുകൾ മിഴിച്ചും മുൻപോട്ടും പുറകോട്ടും പോകാൻ നിവൃത്തിയില്ലാതെയും അവിടെ നിലായായി. അതിനാൽ ആ ദിക്കുകാർക്കു ജീവനോടു കൂടിയ കടുവയെ നിർഭയമായി അടുത്തു കാണുന്നതിന് അന്നു തരപ്പെട്ടു.

ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു കാട്ടുപോത്ത് അയാളെ വെട്ടാനായി ചാടിച്ചെന്നു. പൊത്തിനെ കണ്ടപ്പോൾ അയാൾക്കു സ്വൽപം ഭയമുണ്ടായി എങ്കിലും അയാൾ ധൈര്യസമേതം അതിന്റെ കൊമ്പുകളിൽപ്പിടിച്ചു തല കുനിച്ചു മോന്ത നിലത്തിട്ട് ഉരച്ചു തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ പോത്തിന്റെ മുൻവശത്തുണ്ടായിരുന്ന പലുകളെലാം രക്തപ്രാവാഹത്തോടുകൂടി നിലത്തു വീണു. ഭീമനെ കൊല്ലാനായി വന്ന പോത്തിന്റെ വിചാരം അപ്പൊൾ താൻ ചാകാതെ വല്ല പ്രകാരവും പോയിപ്പിഴച്ചാൽ മതിയെന്നായി. ആ സമയം ഭീമൻ പോത്തിനെ പുറകോട്ടൊന്നു തള്ളുകയും പോത്ത് അവിടെ മറിഞ്ഞു വീഴുകയും ആ തരത്തിനു ഭീമൻ ഓടി വീട്ടിലേക്കും പോത്ത് ഒരു വിധം എഴുന്നേറ്റ് കാട്ടിലേക്കും പോവുകയും ചെയ്തു.

ഭീമൻ ജീവിച്ചിരിന്ന കാലത്ത് കയ്യൂർ ദേശത്തും സമീപപ്രദേശങ്ങളിലും കച്ചവടസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ആ ദേശക്കാർക്ക് ഉപ്പ് എട്ടുപത്തു നാഴിക കിഴക്ക് ഈരാറ്റുപേട്ട എന്ന സ്ഥലത്തു പോയി വാങ്ങിക്കൊണ്ട് വരേണ്ടിയിരുന്നു. കുളപ്പുറത്തു വിട്ടിലേക്കു ഭീമൻ തന്നെ പോയി അഞ്ചാറു പറ ഉപ്പ് ഒരുമിച്ചു വാങ്ങിക്കൊണ്ടുപോരുകയാണ് പതിവ്. ഭീമൻ ഉപ്പുവാങ്ങാൻ പോകുന്ന സമയം അയൽ വീട്ടുകാരും അവരവർക്കു ആവശ്യമുള്ള ഉപ്പിനു വേണ്ടുന്ന പണവും പാത്രവും അയാളെ ഏൽപ്പിച്ചയയ്ക്കുക പതിവാണ്. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ ചാക്കു സുലഭമല്ലാതിരുന്നതിനാൽ ഉപ്പും മറ്റും വാങ്ങിക്കൊണ്ട് പോരുന്നതു നെപ്പട്ടിലായിരുന്നു. ഒരു നെപ്പട്ടിൽ ആറു പറ ഉപ്പുകൊള്ളും. അതിനാൽ ഒരു ചുമടുപ്പ് എന്നു പറഞ്ഞാൽ ആറു പറ ഉപ്പെന്നു കണക്കാക്കാം. ഒരിക്കൽ ഭീമൻ പോയി തനിക്കും അയൽ വിട്ടുകാർക്കും കൂടി ആറു ചുമടുപ്പു വാങ്ങിക്കെട്ടി മീതെയ്ക്കു മീതെയായി തലയിൽക്കയറ്റിക്കൊണ്ട് ഈരാറ്റുപേട്ടയിൽ നിന്നു സ്വദേശത്തേക്കു പുറപ്പെട്ടു. അങ്ങനെ ഏകദേശം നാലു നാഴിക ദൂരം പോയപ്പോൾ കുറേശ്ശേ മഴ ആരംഭിച്ചു. ഉപ്പു നനഞ്ഞാൽ നഷ്ടപ്പെട്ടുപോകുമല്ലോ അതു നനയ്ക്കാതെ കൊണ്ടു പോകാൻ എന്താണ് കശൗലമെന്നു വിചാരിച്ചു നോക്കിയപ്പോൾ വഴിക്കടുത്തുതന്നെ ഒരു വലിയ ആഞ്ഞിലിത്തടി കാമരം കേറ്റിയറുത്തി നടു പൊളിച്ചിട്ടു വച്ചിരിക്കുന്നതായി ക്കണ്ടു ഭീമൻ അതിലൊരു പൊളിപ്പെടിത്തു ചുമടുകളുടെ മീതെ വച്ചുകൊണ്ട് ഉപ്പു നനയ്ക്കാതെ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴേക്കും മഴ മറിയതിനാൽ അയാൾ ആ തടിയെടുത്ത് ഒരു മാവിന്മേൽ ചാരിവച്ചിട്ട് ചുമടുകൾ ഒരോന്നായി താഴെ ഇറക്കി വയ്ക്കുകയും അയൽക്കാർക്കു ള്ളതു കൊടുക്കുകയും തനിക്കുള്ളതു വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. പിന്നെ ഭീമൻ തന്റെ പുരപൊളിചു പണി കഴിചപ്പോൾ അന്നു മാവിന്മേൽ ചാരി വച്ചിരുന്ന തടികൂടി എടുത്തുപയോഗിച്ചു. ഇരുപത്തൊമ്പതുകോൽ പതിനാറുകണക്കിൽ പണിയിച്ച തായിപ്പുരയുടെ പടി (നെടിയതും കുറിയതും) നാലും ആ ഒരു പൊളിപ്പുകൊണ്ടു തീർന്നു. പടി ഒന്നേകാൽക്കോൽ ചതുരമായിരുന്നു. അതുകൊണ്ട് ആ തടിയുടെ വലിപ്പം എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആ പുരയും പടിയും കണ്ടിട്ടുള്ളവരിൽ പലർ ഇപ്പോഴും ആ ദേശത്തു ജീവിച്ചിരിക്കുന്നുണ്ട്.

മീനച്ചിൽ മുതലായ സ്ഥലങ്ങളിൽ പ്രധാനമായി നെൽ കൃ‌ഷി ചെയ്യുന്നതു മലകളിലാണല്ലോ. മലകളിൽ നെൽകൃ‌ഷി ചെയ്യുന്നതു പത്തും പന്ത്രണ്ടും കൊല്ലങ്ങൾ കൂടുമ്പോൾ മാത്രമേ പതിവുള്ളൂ. അതിനാൽ ഒരു സ്ഥലത്തു വലിയ മരങ്ങളും കാടുകളും നിറഞ്ഞിരിക്കും. വിതയ്ക്കുന്ന കാലത്തിനു രണ്ടുമൂന്നു മാസം മുൻപേ ഉടമസ്ഥന്മാർ ആ മരങ്ങളും കാടുകളുമെല്ലാം കൂലിക്കാരെക്കൊണ്ടു വെട്ടിച്ചിടും. അതിന് ഉഴവുവെട്ട് എന്നാണ് പേർ പറഞ്ഞുവരുന്നത്. ആ മരങ്ങളും കാടുകളുമെല്ലാം ഉണങ്ങിക്കഴിയുമ്പോൾ ഉടമസ്ഥന്മാർ കൂലിക്കാരെയും ആനകളെയും കൊണ്ട് ആ സ്ഥലത്തു ചെന്ന് വേലിക്കാവശ്യമുള്ള തടികൾ പിടിച്ചു വിതയ്ക്കാനുള്ള സ്ഥലത്തിന്റെ നാലരികുകളിലും വെയ്പിക്കുകയും അധികമുള്ള തടികൾ പിടിപ്പിച്ചു കൃ‌ഷിസ്ഥലത്തിനു പുറത്താക്കുകയും ഉണങ്ങിക്കിടക്കുന്ന കാടുകളും മറ്റും തീയിട്ടു ചുടുകയും ചെയ്യും. അതിന് ഉഴവു ചുടുക എന്നണ് കൃ‌ഷിക്കാർ പറയുന്നത്. ഇത്രയും കഴിഞ്ഞാൽപ്പിന്നെ നിലം ഉഴുതും കിളച്ചും കല്ലും കട്ടകളും പെറുക്കിമാറ്റിയും പുല്ലും മറ്റും പറിച്ചും പെറുക്കിയും കളഞ്ഞും വെടിപ്പാക്കും. അതിന് ഉഴവൊരുക്കുക എന്നാണ് പറയുന്നത് ഈ പണികളിൽ പ്രധാനമായതും പ്രയാസമേറിയതും ഉഴവു ചുടുക എന്നുള്ളതാണ്.

എന്നാൽ അതിനു നമ്മുടെ ഭീമന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഭീമൻ ഉഴവുചുടാൻ പോകുമ്പോൾ അയാൾക്കു സഹായത്തിനു കൂലിക്കാരും ആനകളും ഒന്നും വേണ്ടാ. അയാൾ ആ ജോലി മുഴുവനും തീർത്തു തിരിയെ വീട്ടിൽ വന്നിട്ടില്ലാതെ കഞ്ഞിയും ചോറുമൊന്നും കഴിക്കാറില്ല. ആ ജോലിക്കിടയിൽ അയാൾ കാച്ചിലും കിഴങ്ങും ചേനയും മറ്റും ധാരാളമായി ചുട്ടുതിന്നും. മലയിലേക്കു പോകുന്ന സമയം തന്നെ ചുട്ടുതീറ്റിക്കുള്ള സാമാനങ്ങൾ കൂടി അയാൾ കൊണ്ടുപോകും; അങ്ങനെയാണ് പതിവ്. ഭീമൻ ഉഴവുസ്ഥലത്തു ചെന്നാലുടനെ വേലിക്ക് ആവശ്യമുള്ള തടികൾ പെറുക്കിയെടുത്തു നാലരികുകളിലും അടുക്കി വയ്ക്കും. പിന്നെ ഒരു തടി കയിലെടുത്ത് അതുകൊണ്ട് ശേ‌ഷമുള്ള തടികൾ നാലു വശത്തേക്കും തോണ്ടി എറിയും ആ തടികൾ ചുറ്റുമുള്ള അയൽ വസ്തുക്കളിൽ ചെന്നുവീഴും. അതിനാൽ ഭീമൻ ഉഴവുചുടുന്ന സ്ഥലത്തിനു സമീപം ചുറ്റുമുള്ള വസ്തുക്കളിൽ ആരും കൃ‌ഷി നടത്താറില്ല. ഭീമൻ തോണ്ടിയെറിയുന്ന തടികൾ ആനകളെക്കൊണ്ടല്ലാതെ മാറ്റാൻ സാധിക്കുകയില്ലല്ലോ. അതിനുള്ള പ്രയാസം കൊണ്ടാണ് അയൽവസ്തുക്കളുടെ ഉടമസ്ഥന്മാർ കൃ‌ഷി വേണ്ടെന്നു വയ്ക്കുന്നത്. തടികളെല്ലാം മാറ്റിക്കഴിഞ്ഞാൽപ്പിന്നെ ഭീമൻ ഉണങ്ങിക്കിടക്കുന്ന കാടിനു തീവയ്ക്കും ആ തീയിലിട്ടാണ് അയാൾ കാച്ചിൽ, കിഴങ്ങു മുതലായവ ചുട്ടു തിന്നുന്നത്. ആ സമയം മുയൽ പന്നി മുതലായവയെയും അനായാസേന ലഭിച്ചാൽ അയാൾ ഉപേക്ഷിക്കാറില്ല. അവയെയും അയാൾ ചുട്ടു തിന്നുക തന്നെ ചെയ്യും. ഇപ്രകാരമെല്ലാമായിരുന്നു ഭീമന്റെ ഉഴവുചുടൽ.

അടുത്തുള്ള പൂഞ്ഞാർ എന്ന സ്ഥലത്ത് ഒരു വീട്ടുകാർ ഒരു കിണർ കുഴിപ്പിച്ചു. കുഴിച്ചു കുഴിച്ച് അടിയിൽ ച്ചെന്നപ്പോൾ അവിടെ ഒരു വലിയ പാറ കാണപ്പെട്ടു. ആ പാറയുടെ അടിയിൽ ധാരാളം വെള്ളവുമുണ്ടായിരുന്നു. എങ്കിലും ആ പാറ എടുത്തു മാറ്റാതെ വെള്ളം കോരിയെടുക്കാൻ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിനു മീതെ ആ പാറ ഒരടപ്പുപോലെ യാണ് കിടന്നിരുന്നത്. അതിനാൽ ആ പാറ എടുത്തു മറ്റുന്നതിനായി വലിയ വടങ്ങളും ചങ്ങലകളുമിട്ടു കെട്ടി അനേകമാളുകൾ കൂടി പിടിക്കുകയും ആനകളെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തു നോക്കീട്ടും ആ പാറ ഇളക്കാൻപോലും സാധിച്ചില്ല. ഒടുക്കം ആ വീട്ടുകാർ ഈ കാര്യം നമ്മുടെ ഭീമനെക്കൊണ്ട് കഴിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു സദ്യയ്ക്കു വട്ടം കൂട്ടി. ഭീമനെ ക്ഷണിച്ചുവരുത്തി കേമമായി ഭക്ഷണം കഴിപ്പിച്ചു ഭീമൻ ഊണും കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വീട്ടുകാർ അയാളോടു "കൈകഴുകുവാൻ വെള്ളം കിണറ്റിലാണ് വെള്ളം കോരിയെടുത്തു കൈ കഴുകിക്കൊള്ളണം" എന്നു പറഞ്ഞ്, ഒരു പാളയും കയറും എടുത്തുകൊടുത്തു. ഭീമൻ പാളയും കയറും ഇടത്തുകൈകൊണ്ട് എടുത്തുകൊണ്ടുപോയി. കിണറ്റിൽ നോക്കിയപ്പോൾ അതിൽ ഒരു വലിയ പാറയും അതിന്മേൽ ചില വടങ്ങളും ചങ്ങലകളുമിട്ടു കെട്ടിയിരിക്കുന്നതു കണ്ടു. ഉടനെ അയാൾ പാളയും കയറും അവിടെ വെച്ചിട്ട് ഇടത്തുകൈകൊണ്ടു തന്നെ വടങ്ങളിൽ പിടിച്ചുവലിച്ചു നി‌ഷ്പ്രയാസം പാറ കരയ്ക്കെടുത്തിടുകയും പാളയും കയറുമെടുത്തു വെള്ളംകോരി കൈകഴുകുകയും ചെയ്തു. ഇതു കണ്ടിട്ട് ആ വീട്ടുകാർക്കും അന്യന്മാർക്കുമുണ്ടായ സന്തോ‌ഷവും വിസ്മയവും സീമാതീതമായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

നമ്മുടെ ഭീമൻ പൂഞ്ഞാറ്റിൽത്തമ്പുരാക്കന്മരുടെ ഒരു ഇഷ്ടനായിരുന്നു. അയാൾ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം കൂടെക്കൂടെ അവിടെപ്പോവുകയും മനു‌ഷ്യർക്കു ദുസ്സാധ്യങ്ങളായ അനേകം കാര്യങ്ങൾ സാധിച്ചുകൊടുക്കുകയും തമ്പുരാക്കന്മാർ സന്തോ‌ഷിച്ച് ഇയാൾക്ക് ചില സമ്മാനങ്ങൾ കൊടുക്കുകയും സാധാരണമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുള്ളവയിൽ ഒരു സംഗതി മാത്രം താഴെ കുറിക്കുന്നു.

ഒരിക്കൽ പാണ്ടിക്കാരായ മറവരും മുഹമ്മദീയരും കുടി പൂഞ്ഞാർ ദേശത്തെ ആക്രമിക്കുവാൻ വരുന്നതായിക്കേട്ടു പൂഞ്ഞാറ്റിൽ വലിയ തമ്പുരാൻ ആ വിവരം കുളപ്പുറത്തു ഭീമനെ അറിയിച്ചു. ഉടനെ ഭീമൻ ആളയച്ചു തന്റെ സ്നേഹിതനായ മന്ദത്തുപണിക്കരെയും കുളപ്പുറത്തു വരുത്തി. പണിക്കർ കുളപ്പുറത്ത് ഭീമനോളം തന്നെ ദേഹപുഷ്ടിയും കായബലവുമുള്ള ആളല്ലായിരുന്നുവെങ്കിലും ഒരു ചെറിയ ഭീമൻ തന്നെയായിരുന്നു. അയാൾക്കു കാലത്തെ കഞ്ഞിക്കു പന്ത്രണ്ടേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കുമേ പതിവുണ്ടായിരുന്നുള്ളൂ. അവർ തമ്മിൽ ആലോചിച്ച് ഉടനെ പൂഞ്ഞാറ്റിലേക്ക് പോകണമെന്നു തീർച്ചപ്പെടുത്തീട്ടു രണ്ടു പേരും കൂടി ഉണ്ണാനിരുന്നു. ഊണ് ഏകദേശം പകുതിയായപ്പോൾ ഒരാൾ ഓടിവന്നു"മറവരും മുഹമ്മദീയരും വന്നടുത്തിരിക്കുന്നു. ഉടനെ വരണമെന്നു തമ്പുരാൻ കൽപിചിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ട് "എന്നാലിനി പോയിവന്നിട്ട് ഊണു മുഴുവനാക്കാം" എന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് കൈകഴുകി. അപ്പോൾ തക്കതായ ആയുധമൊന്നും കാണാഞ്ഞിട്ടു രണ്ടുപേരും ഓരോ കൊന്നത്തെങ്ങു ചുവടോടെ പറിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. ഭീമനും പണിക്കരും കൊന്നത്തെങ്ങുമായി ചെല്ലുന്നതു കണ്ടപ്പോൾത്തന്നെ മറവരും മുഹമ്മദീയരും പേടിച്ചോടി പമ്പകടന്നൊളിച്ചു. ഊണു മുഴുവനാക്കണമല്ലോ എന്നു വിചാരുച്ചു ഭീമനും പണിക്കരും അപ്പോൾത്തന്നെ തിരിച്ചു പോരുകയും ചെയ്തു.

ഈ സംഗതി നടന്നത് ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു. ഇവർ അങ്ങോട്ടു പോയപ്പോൾ വെള്ളം ആറു നിറഞ്ഞിരുന്നതേയുള്ളൂ ഇവർ ഇങ്ങോട്ടു വന്നപ്പോഴേക്ക് ആ വെള്ളം കരകവിഞ്ഞൊഴുകി ഇരുകരയിലും സാധാരണമനു‌ഷ്യർക്കു നിലയില്ലാതെയായിരുന്നു. എങ്കിലും ഭീമന് അരയോളവും പണിക്കർക്കു മുലയോളവും മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അവർ ആ വെള്ളത്തിൽക്കൂടിയാണ് നടന്നുപോയത്. അവർ അങ്ങനെ പോന്നപ്പോൾ ഒരു വീട്ടിന്റെ ഇറയത്ത് ഒരു പത്തായമിരിക്കുന്നത് കണ്ടു ആ വിട്ടിനകത്തും വെള്ളം കയറിയിരുന്നതിനാൽ അവിടെപ്പാർത്തിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിപ്പോയിരുന്നതുകോണ്ട് ആ വീടു കേവലം നിർജ്നജമായിരുന്നു; പത്തായവും ഇളകിപ്പോകാറായിരുന്നു. ആർക്കും ഉപയോഗപ്പെടാതെ വെറുതെ പോകേണ്ടാ എന്നു വിചാരിച്ച് ഭീമൻ അതെടുത്തു തലയിൽവച്ചുകൊണ്ടു നടന്നു. സ്വഗൃഹത്തിലെത്തി പത്തായം താഴെ ഇറക്കി വച്ചു. അതിലുണ്ടായിരുന്ന നെല്ല് വാരിയിട്ട് അളന്നുനോക്കീട്ടു നൂറുപറയുണ്ടായിരുന്നു. നെല്ലു തിരിയെ പത്തായത്തിൽത്തന്നെ ആക്കിക്കഴിഞ്ഞപ്പോഴേക്കും പണിക്കരും അവിടെയെത്തി.

പിന്നെ രണ്ടുപേരും കൂടി പകുതിയാക്കി വച്ചിരുന്ന ഭക്ഷണം മുഴുവനാക്കുകയും പണിക്കർ അപ്പോൾത്തന്നെ യാത്ര പറഞ്ഞ് അയാളുടെ വീട്ടിലേക്ക് പോകയും ഭീമൻ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു.

നമ്മുടെ ഭീമന്റെ കഥകൾ ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയം നിമിത്തം അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ നമ്മുടെ കഥാനായകൻ ഒരസാമാന്യമനു‌ഷ്യനായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നമ്മുടെ ഭീമന് ഈശ്വരഭക്തി, സത്യം മുതലായ സൽഗുണങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. "ബ്രാഹ്മേ മുഹുർത്ത ഉത്തി‌ഷ്ഠേൽസ്വസ്ഥേ രക്ഷാർത്ഥമായു‌ഷഃ" എന്നുള്ള പ്രമാണത്തെ അയാൾ ആജീവനാന്തം ശരിയായി ആചരിച്ചിരുന്നു. അതിനാൽ അയാൾ നൂറു വയസ്സു തികഞ്ഞതിന്റെ ശേ‌ഷമാണ് ചരമഗതിയെ പ്രാപിച്ചത്. അതും അനായസേന തന്നെയായിരുന്നു. നമ്മുടെ കഥാനായകനു രോഗപീഡ നിമിത്തവും മറ്റും ഒരു ദിവസം പോലും കിടന്നു കഷ്ടപ്പെടേണ്ടതായി വന്നില്ല.

ഭീമൻ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പ്രതം (പരേതാത്മാവ്) ആ വീട്ടുകാരെയും മറ്റും അസാമാന്യമായി ഉപദ്രവിചുകൊണ്ടിരുന്നു. അത് അയാളുടെ അപരക്രിയകൾ ആരും വേണ്ടതുപോലെ ചെയ്യാഞ്ഞിട്ടായിരിക്കാം.

"ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ "

എന്നുണ്ടല്ലോ ആ ഉപദ്രവം ഈ പ്രതത്തിന്റേതാണെന്നും മറ്റും അറിയാതെതന്നെ വളരെക്കാലം കഴിഞ്ഞു. ക്രമേണ ആ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ഈ അടുത്ത കാലത്തു പ്രശ്നംവെപ്പിച്ചു നോക്കിക്കികയും അപ്പോൾ അത് ഈ ഭീമന്റെ ഉപദ്രവമാണെന്നും ഭീമൻ സാധാരണ മനു‌ഷ്യനല്ലായിരുന്നുവെന്നും അയാൾ ദേവാംശമായിട്ടുള്ള ഒരു അവതാരപുരു‌ഷനായിരുന്നുവെന്നും അയാളുടെ വിഗ്രഹമുണ്ടാക്കിച്ചു പ്രതത്തെ ആ വിഗ്രഹത്തിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ കഴിപ്പിക്കുകയും ആണ്ടുതോറും മുടങ്ങാതെ പൂജ നടത്തിക്കുകയും ചെയ്തല്ലാതെ ഉപദ്രവം നീങ്ങുകയില്ലെന്നും കാണുകയാൽ ആ വീട്ടുകാർ അപ്രകാരമൊക്കെ ചെയ്യിച്ചു പൂജ ആണ്ടുതോറും ഇപ്പോഴും നടത്തിവരുന്നുണ്ട്. പ്രതി‌ഷ്ഠ കുളപ്പുറത്തുപുരയിടത്തിന്റെ കന്നിപദത്തിൽ ദ്രകാളിമറ്റപ്പിള്ളി നമ്പൂതിരിപ്പാട്ടിലേക്കൊണ്ടാണ് നടത്തിച്ചത്. പ്രതി‌ഷ്ഠ കഴിഞ്ഞതിൽപ്പിന്നെ ഭീമന്റെ ഉപദ്രവം ആ വീട്ടിലെന്നല്ല ആ ദേശത്തു തന്നെ എങ്ങും ഉണ്ടാകാറില്ല. പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹം കണ്ടാൽ ഭീമന്റേതാണെന്നുതന്നെ തോന്നും. അതിന്റെ സ്ഥല്യൗം അത്രയ്ക്കു മാത്രമുണ്ട്. അവിടെ സാന്നിദ്ധ്യത്തിനും ഒട്ടും കുറവില്ല. ചില കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി പലരും ഭീമനു വഴിപാടുകൾ കഴിക്കുകയും ചിലർക്കു ചിലതു സാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ സാധാരണ വഴിപാടു കരിക്കും പഴവും നിവേദിക്കുകയാണ്. ചിലർ അപ്പം, അട, കൊഴുക്കട്ട മുതലായവ ഉണ്ടാക്കിച്ചു നിവേദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് അരി ഒന്നേകാലിടങ്ങഴി മുതൽ മുപ്പത്തറേകാലിടങ്ങഴി വരെ നടപ്പുണ്ട്. അവിടെ പ്രതി‌ഷ്ഠ ഒരു മേടമാസം പതിനാലാം തീയതിയായിരുന്നതിനാൽ ആണ്ടുതോറും വിശേ‌ഷദിവസമായി ആചരിച്ചുവരുന്നത് ആ ദിവസമാണ്.