ഐതിഹ്യമാല/അദ്ധ്യാത്മരാമായണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
അധ്യാത്മരാമായണം


ശ്രീവാല്മീകിമഹർ‌ഷിയാൽ ഉണ്ടാക്കപ്പെട്ട ഗായത്രീരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം മുതലായവപോലെ അധ്യാത്മരാമായണം ഒരു ഋഷിപ്രോക്തമായിട്ടുള്ളതല്ലെന്നാണ് വിചാരിക്കുന്നത്. അധ്യാത്മരാമായണത്തിന്റെ കവിതാരീതിയും മറ്റും കൊണ്ട് ഇത് മറ്റുള്ള രാമായണങ്ങളോടു വളരെ വ്യത്യാസപ്പെട്ടുമാണിരിക്കുന്നത്. ഋഷിപ്രോക്തങ്ങളായിട്ടുള്ള രാമായണങ്ങളിൽ ശ്രീരാമൻ വി‌ഷ്ണുഭഗവാന്റെ ഒരവതാരമാണെന്നുതന്നെയാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ നീതിമാനും ധീരോദാത്തനുമായ ഒരു രാജാവായിട്ടേ വെച്ചിട്ടുള്ളൂ. അധ്യാത്മരാമായണകർത്താവ് ശ്രീരാമനെ ഒരു ഈശ്വരനായിട്ടുതന്നെയാണ് വർണിച്ചു കഥ വിസ്തരിക്കുന്നത്. ഈ വ്യത്യാസങ്ങളെക്കൊണ്ട് അധ്യാത്മരാമായണം ഋഷിപ്രോക്തമല്ലെന്നുള്ള വാദം വാസ്തവം തന്നെയാവാം. എന്നാൾ ഈ ഗ്രന്ഥമുണ്ടാക്കിയതിനെക്കുറിച്ച് പഴമക്കാർ പറഞ്ഞുപോരുന്നത് താഴെ പറയുന്നു.

വി‌ഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് രാമായണം ഉണ്ടാക്കിയത്. തന്റെ രാമായണത്തിൽ മറ്റുള്ള രാമായണങ്ങളെക്കാൾ ഭക്തിരസം ഉള്ളതിനാൽ ഇതിനെ ജനങ്ങൾ അധികം ആദരിക്കുകയും തന്നിമിത്തം ഇതിന് അധികം പ്രചാരം വരികയും ചെയ്യുമെന്നാണ് അദ്ദേഹം ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, ഗ്രന്ഥം തീർന്നപ്പോൾ ഉണ്ടായ അനുഭവം വളരെ വ്യത്യാസപ്പെട്ടതായിരുന്നു. തന്റെ ഗ്രന്ഥം ഒന്നു നോക്കണമെന്നും പറഞ്ഞു പല യോഗ്യന്മാരേയും അദ്ദേഹം സമീപിച്ചെങ്കിലും ആരും അതിനെ ലേശം പോലും ആദരിച്ചില്ല എന്നു മാത്രമല്ല, "ഋഷിപ്രോക്തങ്ങളായ പല രാമായണങ്ങളും ഉള്ളപ്പോൾ ഈ വിഢ്യാൻ ഇതിനായി പുറപ്പെട്ടത് അത്ഭുതം തന്നെ. ഇതാരെങ്കിലും നോക്കുമോ" എന്നും മറ്റും പറഞ്ഞു ചിലർ പരിഹസിക്കാനും തുടങ്ങി. ഗ്രന്ഥത്തെ ആരും സ്വീകരിച്ചില്ലെന്നു മാത്രമല്ല, കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങളുടെ പരിഹാസം അദ്ദേഹത്തിനു സഹിക്കവഹിയാതെ ആയിത്തീരുകയും അദ്ദേഹം സ്വദേശം വിട്ടുപോവുകയും ചെയ്തു.

അങ്ങനെ അലഞ്ഞുനടന്ന് ഈ ബ്രാഹ്മണൻ ഒരു ദിവസം മനു‌ഷ്യസഞ്ചാരം ഇല്ലാത്തതായ ഒരു കൊടുങ്കാട്ടിൽ ചെന്നുചേർന്നു. നേരവും വൈകി. മനു‌ഷ്യാധിവാസമുള്ള സ്ഥലത്ത് എത്തുന്നതിന് അവിടെ നിന്നും വളരെ ദൂരമുള്ളതിനാൽ ആ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടുകയെന്നു തീർച്ചപ്പെടുത്തി. ആ വനാന്തരങ്ങളിൽക്കൂടിയുള്ള ഊടുവഴിയുടെ അടുക്കലായിട്ട് ഒരു കുളവും ആൽത്തറയും കണ്ടു. കുളത്തിലിറങ്ങി കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച് ആ ആൽത്തറയിൽ തന്റെ രാമായണഗ്രന്ഥവും തലയ്ക്കുവെച്ചു കിടന്നു. വിശപ്പും ദാഹവും വഴി നടന്നിട്ടുള്ള ക്ഷീണവും എല്ലാംകൂടി കിടന്ന ഉടനെ അദ്ദേഹം ഉറങ്ങിത്തുടങ്ങുകയും ചെയ്തു.

പാതിരാത്രി കഴിഞ്ഞപ്പോൾ അവിടെ തേജോമയനായ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ട് "ആരാണിവിടെ വന്നു കിടക്കുന്നത്?" എന്നു ചോദിച്ചു. ഉടനെ ബ്രാഹ്മണൻ എണീറ്റിരുന്നു. അതിന്റെ ശേ‌ഷം താഴെ വരുന്നപ്രകാരം അവർ സംഭാ‌ഷണം തുടങ്ങി.

ദിവ്യൻ: ഹേ! അങ്ങാരാണ്? ഇവിടെ വന്നു കിടക്കുന്നതെന്തിനായിട്ടാണ്?

ബ്രാഹ്മണൻ: ഞാൻ ഒരു ബ്രാഹ്മണനാണ്. ഓരോരോ ദേശങ്ങളിൽ സഞ്ചരിച്ച് ഇന്നു ദൈവഗത്യാ ഇവിടെ വന്നുചേർന്നു. മനു‌ഷ്യരുള്ള ദിക്കിൽ എത്തുന്നതിനു നേരം മതിയാകാതെ വന്നതിനാൽ ഇവിടെത്തന്നെ കിടന്നു എന്നേ ഉള്ളൂ.

ദിവ്യൻ: അങ്ങയുടെ അടുക്കൽ ഇരിക്കുന്ന ഗ്രന്ഥം ഏതാണ്?

ബ്രാഹ്മണൻ: അതു ഞാൻ പറഞ്ഞാൽ അവിടുന്ന് എന്നെ പരിഹസിക്കും. അതുകൊണ്ട് ഞാൻപറയുകയില്ല.

ദിവ്യൻ: ഐഃ, അതൊന്നുമില്ല, കേൾക്കട്ടെ. പറയൂ.

ഇപ്രകാരം ആ ദിവ്യപുരു‌ഷന്റെ വാക്കു കേട്ടിട്ടു ബ്രാഹ്മണൻ ആ ഗ്രന്ഥം ഇന്നതാണെന്നും അതുനിമിത്തം തനിക്കുണ്ടായ ആക്ഷേപങ്ങളും എല്ലാം പറഞ്ഞുകേൾപ്പിച്ചു. ഉടനെ ആ ദിവ്യപുരുഷൻ ബ്രാഹ്മണനോടു പറഞ്ഞു.

"ഇതിനെക്കുറിച്ച് അവിടുന്ന് ഒട്ടും വ്യസനിക്കേണ്ട. ഞാൻ ഒരു കൗശലം പറഞ്ഞുതരാം. അതുപോലെ ചെയ്താൽ അങ്ങയുടെ ഈ ഗ്രന്ഥത്തെ എല്ലാവരും ആദരിക്കുന്നതിനും തന്നിമിത്തം ഗ്രന്ഥത്തിനു പ്രചാരം സിദ്ധിക്കുന്നതിനും ഇടവരും. എന്തെന്നാൽ ഈ വരുന്ന ശിവരാത്രിനാൾ അങ്ങ് ഈ ഗ്രന്ഥവുംകൊണ്ട് ഗോകർണ്ണത്തു പോകണം. നേരം വൈകാറാകുമ്പോൾ കിഴക്കേ നടയിൽ പോയി നിന്നാൽ അസംഖ്യം ജനങ്ങൾ വരുന്ന കൂട്ടത്തിൽ തോജോമയനായ ഒരു ബ്രാഹ്മണൻ വരുന്നതുകാണാം. അദ്ദേഹത്തിന്റെ പിന്നാലെ നാലു പട്ടികൾ കൂടെ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ കൈയിൽ ഈ ഗ്രന്ഥം കൊണ്ടുചെന്നു കൊടുത്തു വിവരം പറയണം. എന്നാൽ അദ്ദേഹം ഇതിലേക്കു നിവൃത്തിയുണ്ടാക്കിത്തരും. ഇതാരു പറഞ്ഞുതന്നു എന്നു ചോദിച്ചാൽ ഒന്നും പറയുകയുമരുത്." ഇപ്രകാരം പറഞ്ഞ് ആ ദിവ്യപുരുഷൻ ഉടനെ അന്തർദ്ധാനം ചെയ്തു.

ഈ ഉപദേശം കേട്ട് ആ ബ്രാഹ്മണന് ഏറ്റവും സന്തോ‌ഷമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. അരുണോദയമായപ്പോൾ അവിടെനിന്നു പുറപ്പെട്ടു. പിന്നെ ഓരോരോ ദേശങ്ങളിൽ സഞ്ചരിച്ച് ക്രമേണ ശിവരാത്രി ആയപ്പോഴേക്കും ഗോകർണ്ണത്തു ചെന്നുചേർന്നു. നേരം വൈകാറായപ്പോൾ മുമ്പ് ആ ദിവ്യപുരുഷൻ പറഞ്ഞിരുന്നതുപോലെ ഒരു ബ്രാഹ്മണൻ വരുന്നത് കണ്ട്, ഗ്രന്ഥം അദ്ദേഹത്തിന്റെ കൈയിൽ കൊണ്ടുചെന്നു കൊടുത്തു വിവരമെല്ലാം പറഞ്ഞു. ആ ബ്രാഹ്മണൻ, "ഇത് എന്റെ കൈയിൽ കൊണ്ടുതരുന്നതിന് അങ്ങോടാരാണ് പറഞ്ഞത്?" എന്നു ചോദിച്ചു. ഗ്രന്ഥകർത്താവായ ബ്രാഹ്മണൻ ഒന്നും മിണ്ടാതെ നിന്നു. അപ്പോൾ ആ ബ്രാഹ്മണൻ "ആട്ടെ ഇപ്പോൾ പറയണമെന്നില്ല, കാര്യമൊക്കെ എനിക്കു മനസ്സിലായി. അങ്ങയ്ക്ക് ഈ ഉപായം പറഞ്ഞുതന്ന ആൾ ഒരു ഗന്ധർവനാണ്. അവൻ ഇപ്രകാരം വ്യാജോപദേശം ചെയ്തതിനാൽ ഞാൻ അവനെ ശപിക്കുന്നു. അവൻ ഒരു ശൂദ്രനായി ഭൂമിയിങ്കൽ ജനിക്കാൻ സംഗതി വരട്ടെ." ഇപ്രകാരം ശപിച്ചതിനു ശേ‌ഷം കൈയിലുണ്ടായിരുന്ന കമണ്ഡലുവിങ്കൽ നിന്നു കുറെ വെള്ളമെടുത്തു ഗ്രന്ഥത്തിന്മേൽ തളിച്ചു ഗ്രന്ഥകർത്താവായ ബ്രാഹ്മണന്റെ കയ്യിൽ കൊടുത്തിട്ട് "ഇനി ഈ ഗ്രന്ഥം നിമിത്തം അങ്ങയ്ക്കു വളരെ ബഹുമാനം ഉണ്ടാകുന്നതിനും സംഗതിയാകും" എന്നു പറഞ്ഞു ക്ഷേത്രത്തിലേക്കു കടന്നുപോവുകയും ചെയ്തു.

അതിന്റെ ശേ‌ഷം അധ്യാത്മരാമായണത്തെ എല്ലാവരും ആദരിച്ച് പാരായണത്തിന് ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ഋഷിപ്രോക്തങ്ങളായ രാമായണങ്ങളെക്കാൾ അതിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.

അധ്യാത്മരാമായണകർത്താവായ ബ്രാഹ്മണന് ആ ഉപായം പറഞ്ഞുകൊടുത്ത ഗന്ധർവനാണ് പിന്നെ ശൂദ്രനായി ഭൂമിയിങ്കൽ "തുഞ്ചത്തെഴുത്തച്ഛൻ" എന്നുള്ള നാമധേയത്തോടുകൂടി അവതരിച്ചത്. എഴുത്തച്ഛന് അധ്യാത്മരാമായണത്തോടു മറ്റുള്ള രാമായണങ്ങളേക്കാളധികം പ്രതിപത്തി ഉണ്ടാകുന്നതിനും തന്റെ കിളിപ്പാട്ടുതർജമയ്ക്ക് ഈ മൂലത്തെ സ്വീകരിക്കുന്നതിനും ഉള്ള കാരണവും മേല്പറഞ്ഞപ്രകാരം അദ്ദേഹത്തിനോടുള്ള പൂർവസംബന്ധമാകുന്നു.

ഗോകർണ്ണത്തു ശിവരാത്രിനാൾ നാലു പട്ടികളോടുകൂടി വന്ന ആ ബ്രാഹ്മണൻ സാക്ഷാൽ വേദവ്യാസനായിരുന്നു. ആ നാലു പട്ടികൾ നാലു വേദങ്ങളും ആയിരുന്നു. അധ്യാത്മരാമായണം മൂലം ഉണ്ടാക്കിയത് സാക്ഷാൽ വരരുചിയാണെന്നു ചിലർ പറയുന്നുണ്ട്.