എന്റെ ദൈവം സ്വർഗ്ഗസിംഹാസനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ ദൈവം സ്വർഗ്ഗസിംഹാസനം (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

എന്റെ ദൈവം സ്വർഗ്ഗസിംഹാസനം തന്നിൽ
എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു

മാതാപിതാക്കളും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽപ്രായം മുതൽക്കിന്നേവരേയെന്നെ
പോറ്റിപ്പുലർത്തിയ ദൈവം മതി

ആരുംസഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ

നല്ലോരുതാതൻ പിതാവില്ലാത്തോർക്കവൻ
പെറ്റമ്മയെക്കവിഞ്ഞാർദ്രവാനും
വിധവയ്ക്കു നാഥനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്താവത്രെ!

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെമൃഗങ്ങളാറ്റിലെ മത്സ്യങ്ങ-
ളെല്ലാം സർവ്വേശനെ നോക്കിടുന്നു!

കോടാകോടിഗോളമെല്ലാം പടച്ചവ-
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദദായകൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ!

കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തീടും നാൾ
ശീഘ്രം വരുന്നെന്റെ കാന്തൻ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലംവാഴാൻ

ലോകം വെടിഞ്ഞെന്റെ സ്വർഗ്ഗീയ നാടിനെ
കാണ്മാൻ കൊതിച്ചുഞാൻ പാർത്തീടുന്നു
അന്യൻപരദേശി എന്നെന്റെമേലെഴു-
ത്തെന്നാൽ സർവ്വസ്വവും എന്റെതത്രെ