വനമാല/എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
അൻപിടെന്നരികത്തിലന്തി ജവമായ്
വന്നെത്തിടുന്നു വിഭോ!
വമ്പിച്ചോരിരുൾ മുത്തിടു,ന്നരികിൽ
വന്നൻപോടുമൻപീടു നീ;
കമ്പം ബാന്ധവർ തേടവേ, സുഖമശേഷം
കൈവെടിഞ്ഞീടവേ-
യെൻപോറ്റി! ഗതിയറ്റവർക്കു ഗതിയേ!-
യെൻമുൻപിലൻപീടു നീ.
ജീവൻതൻ ചെറുതാം ദിനം ഝടിതി
പാഞ്ഞന്തം ഗമിക്കുന്നിതാ
ഭൂവിൽ ഭൂതികൾ മങ്ങിടുന്നതിലെഴും
പ്രഖ്യാതി മായുന്നിതേ,
ഭാവങ്ങൾക്കു വികാരവും വിലയവും
താൻ കാണ്മതെല്ലാടവും,
ദേവാധീശ്വര! നിർവ്വികാര! തുണയാ-
യെൻമുമ്പിലൻപീടു നീ!
വന്നീടൊല്ല ഭയങ്കരാകൃതിയെഴും
രാജാധിരാജത്വമാർ-
ന്നെ,ന്നാൽ നന്മയുമൻപുമായ്, കരയുഗത്തിൽ
ശാന്തി കയ്യേന്തിയും,
എന്നല്ലശ്രുവൊടും വിപത്തി,ലലി-
വർത്ഥിച്ചാലെഴും ഹൃത്തൊടും
വന്നാമട്ടയി! ദീനബാന്ധവമണേ!-
യെൻമുമ്പിലൻപീടു നീ.
പോകും നാഴികതോറുമെന്നരികിൽ നീ-
യെത്താൻ കൊതിക്കുന്നു ഞാ-
നാകുന്നേതിനു മോഹശക്തിയെയകറ്റാൻ
നിൻകൃപയ്ക്കെന്നിയേ?
ഏകൻ നിന്നൊടു തുല്യനാരിവനു
നേതാ!വാവിഭോ! താങ്ങുമാ-
റാകാം ദുർദ്ദിനമോയിനിസ്സുദിനമോ-
യെന്മുമ്പിലൻപീടു നീ.
പേടിക്കാ രിപുതന്നെ ഞാനരികി-
ലാശിസ്സിന്നു നീ വാഴവേ
തേടാ കഷ്ടത ഭാരവും കദന-
മേകാ തെല്ലു കണ്ണീരുമേ!
കേടേകും യമദംഷ്ട്രയെങ്ങു! മൃതിയെങ്ങോ
നിൻ തദീയം ജയം?
മൂടുന്നെൻ മിഴി മുമ്പു നിന്നഭയഹസ്തം
പോക്കി നിൽക്കീശ! നീ.
നിന്നീടെൻ തിരുമേനിതാൻ മറയുമെൻ
കൺമുമ്പു കണ്ടീടുമാ-
റെന്നല്ലായിരുളുടെ മിന്നുകയെനി-
ക്കായ് ദ്യോവൂ കാട്ടീടുക
വന്നു സ്വർഗ്ഗമതിന്നുഷസ്സ,വനി മായാ-
ച്ഛായ മായുന്നുതേ-
യൊന്നായ് വാഴുകിലും, മരിക്കിലുമടു-
ത്തൻപീടുകെൻ പോറ്റി നീ
- 1909