ഉൽക്കണ്ഠ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉൽക്കണ്ഠ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 133 ]

ഉൽക്കണ്ഠ

അന്ധകാരത്തിന്നടിത്തട്ടിലാരുടെ
ചെന്താരടികളെപ്പുൽകുന്നു ഞാൻ സദാ,
ആരുടെ പാരജസ്സു മിന്നാമിനു—
ങ്ങായിപ്പറന്നു തെളിയുന്നിരുളിലും.
നിശ്ശബ്ദതതന്റെ നിശ്ചലതന്ത്രിയിൽ
നിത്യവും കേൾക്കുന്ന സംഗീതമേതുതാൻ
യാമിനിതന്നിലത്താരാകുമാരികൾ
യാതൊന്നുതാനേറ്റുപാടുന്നു നിത്യവും;
പ്രേമവിവശഹൃദയബാഷ്പത്തിനാ—
ലേതൊരു കല്പവൃക്ഷം തഴയ്ക്കയാം?
ആവശ്യമുള്ളോർക്കദൃശ്യനായ് നിന്നീടു—
മാ വശ്യരൂപമൊന്നെന്നടുത്തെത്തുകിൽ!..

ഇല്ലായ്മതന്നിൽ നിന്നുണ്ടായിവന്നൊര—
ക്കല്യാണരൂപിയെക്കണ്ടു കൈകൂപ്പുവാൻ
എൻ കരംതന്നിലെ ശൂന്യമാം ജീവിത—
ത്തങ്കച്ചഷകം തിരിച്ചുകൊടുക്കുവാൻ.
എന്നുള്ളിലെന്നും ചല്രകടിച്ചാർക്കുന്ന
പൊന്നിങ്കിളിയെ പുറത്തയച്ചീടുവാൻ.
നീടുറ്റ രാഗപരവശയാകുമീ
നീഹാരനീർക്കണം നീരാവിയാകുവാൻ.
ആനന്ദദീപം കൊളുത്തി, യുലകിലീ

[ 134 ]

ഞാനെന്ന പാഴ്നിഴൽ മായ്ച്ചുകളയുവാൻ;
എത്രദിനകരമണ്ഡലം മേലിലു-
മസ്തശൈലത്തിൽ തടഞ്ഞുതകരണം?...

മൽപ്രാണവായുവിൽ സൗരഭംപൂശുമാ-
പ്പൊൽപ്പുതുപ്പൂവിന്റെ പുഞ്ചിരി കാണുവാൻ,
ക്ഷാളനം ചെയ്കയാണെൻ കൺകൾ മാനസ-
നനാളമുരുകിവരുന്ന ബാഷ്പത്തിനാൽ.
കാലമിടയ്ക്കിടയ്ക്കാഞ്ഞടിച്ചേറ്റുന്ന
കാളാംബുദത്താലിരുളുന്നു പിന്നെയും!
മർമ്മരംമൂളുന്നു പത്രങ്ങൾ നിശ്ചലം
കർമ്മപ്രവാഹത്തെ നോക്കി നിന്നീടവേ,
ഏകാന്തതയിലിരുന്നു ഞാൻ നാഥന്റെ
നാകസംഗീതം ശ്രവിക്കാനൊരുങ്ങവേ,
ഭഞ്ജിക്കയാണെന്റെ ശാന്തതയേറുമീ
നെഞ്ഞിടി, ഞാനിതടക്കുന്നതെങ്ങനെ?...

നീളെപ്പടർന്നുപിടിക്കും നിശീഥമാം
ചോലവൃക്ഷത്തിന്റെ തുഞ്ചത്തദൃശ്യമായ്
വ്രീളാസമന്വിതം മോഹനാകാരയാം
നാളെയാം പൂമൊട്ടൊളിച്ചുകളിക്കുകിൽ
സാന്ത്വം തിരയാൽത്തകർക്കുമിസ്സിന്ധുവിൽ
ശാന്തിതൻ തല്പവും സജ്ജമാണെപ്പോഴും!
പൂന്തെന്നൽപോലുമിളകാത്ത വേദിയിൽ
പൂന്തിങ്കൾ ശൈത്യംകലരുമാ മെത്തയിൽ
നിത്യതതന്നിൽനിന്നുൾഗമിച്ചീടുന്ന
നിസ്തുലഗാനം നുകർന്നനുകർന്നലം
ആമോദഭാരാൽ തകരുവാൻ ഞാനുമെൻ-
പ്രേമോദയത്തെ പ്രതീക്ഷിച്ചിരിക്കയാം!

"https://ml.wikisource.org/w/index.php?title=ഉൽക്കണ്ഠ&oldid=63077" എന്ന താളിൽനിന്ന് ശേഖരിച്ചത്